യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ ‘4.6 ലക്ഷം കോടി രൂപ’യുടെ ശേഖരം

യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ ‘4.6 ലക്ഷം കോടി രൂപ’യുടെ ശേഖരം

കൊച്ചി: കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചു​ഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം ഈ സ്ഥാപനങ്ങളിലുണ്ട്.

കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകൾ (എൻബിഎഫ്സി) നിലവിൽ കൈവശം വച്ചിരിക്കുന്നത് 381 ടൺ സ്വർണം. 4.6 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. സംസ്ഥാനത്തെ എൻബിഎഫ്സികൾ ഇപ്പോൾ ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളേക്കാൾ സ്വർണം കൈവശം വച്ചിട്ടുണ്ട്.

സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി കൂടി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ, (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.

സ്വർണം മലയാളിയുടെ സമ്പാദ്യ ശീലത്തിന്റെ ഭാ​ഗമായിട്ട് പതിറ്റാണ്ടുകളായി. ഒപ്പം പദവിയുടെ അടയാളമായും മലയാളി സ്വർണം ധരിക്കുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് അതിവേ​ഗം വളരുന്ന ശക്തമായ സാമ്പത്തിക അടിത്തറയുള്ള വ്യവസായമായും സ്വർണ വായ്പാ രം​ഗം അതോടെ കേരളത്തിൽ വേരൂന്നി.

അടിയന്തര ആവശ്യങ്ങൾക്ക് മലയാളികൾ ആദ്യം തന്നെ സമീപിക്കുക സ്വർണ വായ്പകളെയാണെന്നു ഇൻഡൽ മണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറയുന്നു. മകന്റെ കോളജ് പഠനം, വീട് നിർമാണം, വർക്ക്ഷോപ്പിലേക്ക് യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ധനകാര്യ സ്ഥാപനങ്ങളെ സ്വർണവുമായി സമീപിക്കുന്നു. സ്വർണത്തിന്റെ വില വർധന വായ്പകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ സ്വർണാഭരണങ്ങൾ തന്നെ വായ്പയായി വയ്ക്കുമ്പോൾ സ്വർണം കൂടുതൽ വിപണിയിലേക്ക് തിരിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച ഗ്രാമിന് 12,202 രൂപയും പവന് 81,000 രൂപയുമായിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യം റെക്കോർഡ് ഉയരങ്ങളിലെത്തി. സുരക്ഷിതമല്ലാത്ത വായ്പ നൽകൽ, വായ്പകൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആർ‌ബി‌ഐ കർശനമാക്കിയത് എൻബിഎഫ്സികൾക്ക് ചെറിയ തിരിച്ചടിയാണ്. വായ്പാ പ്രതിസന്ധിയുണ്ടെന്നു മോഹനൻ സമ്മതിക്കുന്നു. സ്വർണ വായ്പകൾ ആ വിടവ് നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത് ചെറുകിട വായ്പാ സംഘങ്ങളേയും ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ 37 ശതമാനം മാത്രമാണ് സംഘടിത കമ്പനികളിൽ നിന്നുള്ളത്. 63 ശതമാനവും അസംഘടിത മേഖലകളിൽ നിന്നാണ്. പണയക്കടകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പണമിടപാടുകാർ എന്നിവർ. നിയന്ത്രണങ്ങൾ അസംഘടിത വിപണിയെയാണ് പരോക്ഷമായി സഹായിക്കുന്നത്. ഇടനിലക്കാർ ഒറ്റ ദിവസത്തേക്ക് മാത്രമായി സ്വർണം പുറത്തിറക്കി വീണ്ടും പണയം വച്ച് ആർബിഐ നിയന്ത്രണങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.

അതേസമയം വില കൂടിയതോടെ ഉപഭോക്താക്കൾ കൂടുതൽ വായ്പകളെടുക്കുന്നില്ലെന്നു മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർ​ഗീസ് പറയുന്നു. വായ്പാ കാലാവധി ഒരു വർഷമാണെങ്കിലും മിക്ക ഉപഭോക്താക്കളും അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ സ്വർണം തിരിച്ചെടുക്കുന്നുണ്ട്. അവർ അത്യാവശ്യ ​ഘട്ടങ്ങളിൽ വായ്പ എടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം പൂർത്തിയായാൽ ഉപഭോക്താക്കൾ വായ്പ തിരിച്ചടച്ച് സ്വർണം എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആ​ഗോളതലത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോ​ഗമുള്ള രാജ്യങ്ങളിലൊന്നാണ്. വായ്പാ വിപണിയിൽ ഇന്ത്യയൊട്ടാകെ ഏതാണ്ട് 2,950 മുതൽ 3,350 ടൺ വരെ സ്വർണം ഈടായി സ്വീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യ ആണ് ഈ സ്വർണ വായ്പാ സംസ്കാരത്തിന്റെ രാജ്യത്തെ നിർണായക കേന്ദ്രം.

ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ജാ​ഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎ ഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം. കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

ഗ്യാസ് സ്റ്റൗവിന് മുകളില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ്, മണിക്കൂറുകളോളം മുള്‍മുനയില്‍

മലപ്പുറം: റാന്നിയില്‍ ലോഡ്ജ് മുറിയിലെ അടുക്കളയില്‍ അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ്. സല്‍മാ നസീറും മകന്‍ രാജാ നസീറും വാടകയ്ക്ക് താമസിക്കുന്ന റാന്നി അങ്ങാടി പേട്ട ജംങ്ഷനു സമീപമുള്ള ശാസ്താംകോവില്‍ ലോഡ്ജ് മുറിയിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പാത്രങ്ങള്‍ക്കിടയില്‍ പത്തി വിടര്‍ത്തി നിന്ന അഞ്ചര അടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ഒരു മണിക്കൂറോളം ഭീതി പരത്തി.

മൂര്‍ഖനെ കണ്ടതിന് പിന്നാലെ ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടിയെ വിവരം അറിയിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ എത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. മാത്തുക്കുട്ടിയുടെ ഇടപെടല്‍ കാരണം വലിയൊരു അപകടം ഒഴിവായി. പമ്പാനദിയില്‍ വലിയ തോടിന്റെ തീരമായതിനാല്‍ പെരുമ്പാമ്പുകളും മൂര്‍ഖന്‍ പാമ്പുകളും പ്രദേശവാസികള്‍ക്ക് ഭീതി ഉണ്ടാക്കുന്നു.

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവ്, പി എസ് സി നിയമനം നടത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിൽ ഒഴിവ്, പി എസ് സി നിയമനം നടത്തുന്നു; ഇപ്പോൾ അപേക്ഷിക്കാം

സംസ്ഥാനത്തൊട്ടാകെ നിയമനം നടത്തുന്നതിനാണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, പൊലിസിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഹയര്‍ സെക്കൻഡറി സ്കൂള്‍ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ അദ്ധ്യാപക തസ്തികയിലേക്ക്പ ട്ടികവർഗ വിഭാഗത്തിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ മൂന്ന് വരെ ഓൺലൈനായിഅപേക്ഷ സമർപ്പിക്കാം.

പൊലിസ് കോൺസ്റ്റബിൾ
പൊലിസ് ബാൻഡ് യൂണിറ്റിൽ ബാൻഡ്/ബ്യൂഗ്ലർ/ഡ്രമ്മർ എന്നീ തസ്തികകളിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകളുണ്ട്.

യോഗ്യത

പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസ്സായിരിക്കണം.

സംസ്ഥാന/കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്ട്രേഷനുള്ള ഒരു സ്ഥാപനം/ബാൻഡ് ട്രൂപ്പിൽ നിന്ന് പൊലിസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യതകൾ: എല്ലാ ഉദ്യോഗാർത്ഥികളും ശാരീരിക ക്ഷമതയുള്ളവരും നിർദ്ദിഷ്ട ശാരീരിക അളവുകൾ ഉള്ളവരുമായിരിക്കണം.

ശമ്പള സ്കെയിൽ : 31,100 – 66,800 രൂപ

ഒഴിവുകളുടെ എണ്ണം : സംസ്ഥാനതലം – 108

നിയമനരീതി : നേരിട്ടുളള നിയമനം

പ്രായപരിധി : 18 മുതൽ 26 വയസ്സ് വരെ; 02.01.1999 നും 01.01.2007-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

തൃശൂര്‍: സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം.

തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.

ഇന്ന് വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യൂട്ടേണ്‍ അടച്ചുകെട്ടുകയായിരുന്നു.