‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

‘ക്ഷേത്രത്തിനു മുന്നിലെ യുടേണ്‍ അടച്ചു’; ചുറ്റിക കൊണ്ട് ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് അനില്‍ അക്കര

തൃശൂര്‍: സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ച് തൃശൂര്‍- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത് മുന്‍ എംഎല്‍എ അനില്‍ അക്കര. മുതുവറ ക്ഷേത്രത്തിന് മുന്നില്‍ ഉണ്ടായിരുന്ന യു ടേണ്‍ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര്‍ തല്ലിപ്പൊളിച്ച് അനില്‍ അക്കരയുടെ പ്രകോപനം.

തൃശ്ശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില്‍ അമല ആശുപത്രി വരെ പോയി യൂടേണ്‍ എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അനില്‍ അക്കരയുടെ നടപടി.

ഇന്ന് വാഹനത്തില്‍ അതുവഴി എത്തിയ അനില്‍ അക്കര ഡിവൈഡര്‍ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റികകൊണ്ട് യുട്ടേണ്‍ തല്ലി തകര്‍ക്കുകയായിരുന്നു. വിഷയത്തില്‍ ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ അനില്‍ അക്കര നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും യൂട്ടേണ്‍ അടച്ചുകെട്ടുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് താഴ്ന്നത് . ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,480 രൂപയാണ്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപ.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും തുടരുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ഈ മാസം നാലിന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. പത്തുദിവസത്തിനിടെ 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതല്‍ വീണ്ടും വില ഉയര്‍ന്ന് 90,000ന് മുകളില്‍ എത്തിയിരുന്നു. പിന്നീട് വില വീണ്ടും താഴുകയായിരുന്നു.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറും പ്രതി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് സമീര്‍. സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയുമാണ് മറ്റു പ്രതികള്‍.

സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് സംവിധായകര്‍ പിടിയിലായത്. ലഹരി ഉപയോഗം സമീര്‍ താഹിറിന്റെ അറിവോടെയാണെന്നാണ് എക്‌സൈസ് പറയുന്നത്. ഏപ്രിലിലാണ് ഹൈബ്രിഡ് കഞ്ചാവ് സമീറിന്റെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത്. കേസില്‍ നാലു പ്രതികളാണുള്ളത്.കേസുമായി ബന്ധപ്പെട്ട് സമീര്‍ താഹിറിനെ എക്‌സൈസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്നയാളാണ് ലഹരി എത്തിച്ചു നല്‍കിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്ന് എക്‌സൈസ് സൂചിപ്പിക്കുന്നു.

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക്. ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ ഹാജരാക്കുക. ദ്വാരപാലക പാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ്. കേസിലെ ഏഴാം പ്രതിയാണ് ബൈജു.

2019 ജൂലൈ 19 ന് സ്വര്‍ണപ്പാളി ഇളക്കിയെടുക്കുമ്പോള്‍ ബോധപൂര്‍വം സന്നിധാനത്തു നിന്നും ബൈജു വിട്ടുനിന്നുവെന്ന് എസ്‌ഐടി കണ്ടെത്തി. ദ്വാരപാലകപാളികള്‍ അഴിച്ചുകൊണ്ടുപോകുമ്പോള്‍ അത് തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലായിരിക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആ രണ്ടു ദിവസവും ബൈജു സന്നിധാനത്ത് ഹാജരായിരുന്നില്ലെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

മേല്‍നോട്ട ചുമതല വഹിക്കുന്നതില്‍ തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജു ഗുരുതര വീഴ്ചയാണ് വരുത്തിയത്. കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടല്‍ സംബന്ധിച്ചു വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം. 2019ല്‍ കെ എസ് ബൈജു ജോലിയില്‍ നിന്ന് വിരമിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനും പ്രത്യേക അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു

പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു

കൊല്ലം: പ്രശസ്ത കാഥികൻ ഇരവിപുരം ഭാസി അന്തരിച്ചു. കഥാപ്രസംഗ കലയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണ്. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്. കേരള കാഥിക പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറിയായും ഇരവിപുരം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.

കൊല്ലം എസ്എൻ കോളജിലെ പഠനകാലത്ത് (1957-62) ഇരവിപുരം ഭാസി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതേസമയം തന്നെ സം​ഗീതമത്സരങ്ങളിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു. കോളജ് ആർട്സ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു. 1959-ൽ ഡൽഹിയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിൽ ഗാനമത്സരത്തിലും പങ്കെടുത്തു.

ഇടവാ മുസ്ലീം ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി നിയമനം ലഭിച്ചെങ്കിലും, ആ ജോലി ഉപേക്ഷിച്ചാണ് ഇരവിപുരം ഭാസി പൂർണ്ണമായി കഥാപ്രസംഗ രംഗത്തേക്ക് തിരിയുന്നത്. ഇപ്റ്റയുടെ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) ആദ്യകാല സംഘാടകനും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. നിരവധി കഥകൾ ഇരവിപുരം ഭാസി വേദിയിലെത്തിച്ചു. എം എൻ സത്യാർത്ഥി ബംഗാളിയിൽ നിന്ന് മൊഴിമാറ്റം ചെയ്ത ‘പൊയ്മുഖം’ എന്ന കഥാപ്രസംഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ ആയിരുന്നു. ശാന്തിനികേതനം, കതിരുകാണാക്കിളി, ദമയന്തി, യാഗം, സേതുബന്ധനം, പൊയ്മുഖങ്ങൾ, ഉഷ്ണമേഖല എന്നിവ ഇരവിപുരം ഭാസി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, ഭാരതരത്നം (നെഹ്രുവിൻ്റെ ജീവചരിത്രം), മഴു (എബ്രഹാം ലിങ്കൻ്റെ ജീവചരിത്രം) തുടങ്ങിയ ജീവചരിത്ര കഥകളും അദ്ദേഹം അവതരിപ്പിച്ചു. സംഗീത നാടക അക്കാദമി അവാർഡിന് പുറമേ, പ്രഥമ കല്ലട വി വി കുട്ടി അവാർഡ്, ആർ പി പുത്തൂർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇരവിപുരം ഭാസിക്ക് ലഭിച്ചിട്ടുണ്ട്.

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

പ്രണയപ്പക: പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: തിരുവല്ലയില്‍ കവിത എന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിവീഴ്ത്തിയശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തത്തിന് പുറമേ, 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് അഡീഷണല്‍ ജില്ലാ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 12ന് തിരുവല്ലയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഇടറോഡില്‍ വെച്ച് രാവിലെ 9.11 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം.

തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സഹപാഠികളായിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കവിത മരിച്ചത്.