യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ

വിതുര: ലഹരി കേസിൽപെട്ടതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കമ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് അംഗസംഘം അറസ്റ്റിൽ വിതുര കല്ലാർ മാമൂട്ടിൽ ജയകൃഷ്ണൻ, മേമല തള്ളച്ചിറ റോഡരികത്ത് ഭവനിൽ സന്ദീപ്, കോട്ടയത്തറ ജിനേഷ് ഭവനിൽ ജിനേഷ്, കല്ലാർ നജീബ് മനസിലിൽ നിജാസ്, ഇഞ്ച് പൊരി പൂവത്താനത്തിൽ വീട്ടിൽ ജിജു എന്നിവരാണ് അറസ്റ്റിൽ ആയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മേമല നിരപ്പിൽ അരുൺ ഭവനിൽ അരുണിൺ (27), സംഭവത്തിൽ ഗുരുതരപരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ 30ന് ആയിരുന്നു സംഭവം. അപകടമകരമായ വേഗത്തിൽ വിതുര ടൗണിലൂടെ അമിത വേഗത്തിൽ പാഞ്ഞ കാർ ശിവൻ കോവിൽ ജംഗ്ഷനിൽ നാട്ടുകാർ തടഞ്ഞ് വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചംഗ സംഘത്തെ പോലീസിൽ ഏൽപ്പിച്ചിരുന്നു.

നാട്ടുകാരുടെ കൂട്ടത്തിൽ അരുണും ഉണ്ടായിരുന്നു. പോലീസിൻറെ പരിശോധനയിൽ നിന്നും ചെറിയ പാക്കറ്റിൽ കഞ്ചാവും ലഹരി സ്റ്റാമ്പും കാറിൽ നിന്നും കണ്ടെത്തി പിന്നാലെ ഇവർക്കെതിരെ കേസെടുത്തു. പ്രതികൾക്ക് അന്നുതന്നെ സ്റ്റേഷൻ ജാമ്യം കിട്ടിയെങ്കിലും കാർ 10 ദിവസത്തിനുശേഷം ശനിയാഴ്ചയാണ് വിട്ടുകൊടുത്തത്.

ഇന്നലെ ഇതേ കാറിൽ പെട്രോൾ പമ്പിൽ വന്ന പ്രതികൾ അരുണിയേയും സുഹൃത്തിനെയും കാണുകയും കേസിൽപ്പെട്ടതിന്റെ വൈരാഗ്യത്തിൽ അസഭ്യം പറയുകയും ചെയ്തു. പിന്നാലെ ഇവർ ഈഞ്ചപ്പുലി ജംഗ്ഷനിൽ കണ്ടുമുട്ടുകയും അരുണിനെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. കാറിൽ കയറി രക്ഷപ്പെട്ട സംഘത്തെ പിന്നീട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജയകൃഷ്ണനും ആനന്ദിനും എതിരെ വിതുര പോലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്.

ഇരട്ട ന്യൂനമർദ്ദം, മഴ ശക്തിപ്പെടും

ഇരട്ട ന്യൂനമർദ്ദം, മഴ ശക്തിപ്പെടും

ബംഗാൾ ഉൾക്കടലിന് മുകളിലും ജാർഖണ്ഡിന് മുകളിലും ന്യൂനമർദ്ദം രൂപപ്പെട്ടതിൻ്റെ ഫലമായി സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത. 14, 15 തീയതികളിൽ കേരളത്തിൽ പരക്കെയും, ഇടുക്കി ഉൾപ്പെടെയുള്ള കിഴക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം.

പൊലീസ് യൂണിഫോം വാങ്ങാനുള്ള 7 ലക്ഷം ഓൺലൈൻ ​ഗെയിം കളിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

പൊലീസ് യൂണിഫോം വാങ്ങാനുള്ള 7 ലക്ഷം ഓൺലൈൻ ​ഗെയിം കളിച്ച കൊല്ലം സ്വദേശി അറസ്റ്റിൽ

പൊലീസ് റിക്രൂട്ട് ട്രെയ്നികളിൽ നിന്ന് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമായി പിരിച്ചെടുത്ത ഏഴ് ലക്ഷം രൂപ ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ച സംഭവത്തിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നിയായ കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണൻ (25) ആണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

പേരൂർക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടി ലാഭം പ്രതീക്ഷിച്ചാണ് യൂണിഫോമിനായി പിരിച്ച തുക ഓൺലൈൻ ബെറ്റിങ് ഗെയിമിൽ നിക്ഷേപിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ റിക്രൂട്ട് ട്രെയ്നികൾക്കായി രൂപീകരിച്ച ഏഴംഗ യൂണിഫോം കമ്മിറ്റിയിൽ അംഗമായിരുന്നു ശംഭു. എന്നാൽ പിരിച്ചെടുത്ത തുക ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടയ്ക്കാതിരുന്നതോടെ സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. നേരത്തെ ഐആർബിയിൽ ജോലി ചെയ്തിരുന്നപ്പോഴും ശംഭു സമാന രീതിയിൽ പണം തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രാജിവെച്ച ശേഷമാണ് ഇയാൾ കെഎപി 3 ബറ്റാലിയനിൽ പ്രവേശിച്ചത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

മാല പൊട്ടിച്ച് കടക്കാൻ ശ്രമം; സ്‌കൂട്ടറിന് പിന്നിൽ തൂങ്ങിക്കിടന്ന് യുവതി, കള്ളനെ പിടികൂടിയത് സാഹസികമായി

മാല പൊട്ടിച്ച് കടക്കാൻ ശ്രമം; സ്‌കൂട്ടറിന് പിന്നിൽ തൂങ്ങിക്കിടന്ന് യുവതി, കള്ളനെ പിടികൂടിയത് സാഹസികമായി

മാല മോഷ്‌ടിച്ച കള്ളനെ അതിസാഹസികമായി പിടികൂടി യുവതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആലപ്പുഴ കൃഷ്‌ണപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചുകയറിയ മോഷ്‌ടാവ് ജീവനക്കാരിയായ രജനിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പിന്നാലെ ഓടിയ രജനി സ്‌കൂട്ടറിന്റെ പിന്നിൽ പിടിച്ചുനിർത്തി കള്ളനെ പിടികൂടുകയായിരുന്നു. ഭരണിക്കാവ് സ്വദേശി നെൽസണാണ് പിടിയിലായത്.

ആർആർ ബിൽഡിംഗ് ഡിസൈനേഴ്‌സ് എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പ്ലാൻ വരയ്‌ക്കുന്നതുമായി ബന്ധപ്പെട്ട സംശയം ചോദിക്കാനെന്ന പേരിലാണ് നെൽസൺ സ്ഥാപനത്തിലെത്തിയത്. സംസാരത്തിനിടെ കയ്യിലുണ്ടായിരുന്ന സ്‌ക്രൂഡ്രൈവ‌ർ എടുത്ത് ഇയാൾ രജനിക്ക് നേരെ വീശുകയായിരുന്നു.

സ്‌ക്രൂഡ്രൈവ‌ർ പിടിച്ചുവാങ്ങുന്നതിനിടെ രജനിയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ മാല പൊട്ടിച്ച ശേഷം ഇയാൾ ഓടി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പുറകേ ഓടിയ രജനി സ്റ്റാർട്ടായ സ്‌കൂട്ടറിന്റെ പുറകിൽ പിടിച്ചുതൂങ്ങി.തുടർന്ന് രജനിയെ വലിച്ചുകൊണ്ട് സ്‌കൂട്ടർ മുന്നോട്ടുപോയി. രജനിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി സ്‌കൂട്ടർ തടയുകയായിരുന്നു. പരിശോധിച്ചപ്പോൾ നെൽസൺന്റെ കൈവശം മറ്റൊരു മാലയും ഉണ്ടായിരുന്നു. ഇത് ഇയാൾ കൊല്ലത്ത് നിന്നും മോഷ്‌ടിച്ചതാണെന്ന് സമ്മതിച്ചു. കായംകുളം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് റിമാൻഡ് ചെയ്യുമെന്നാണ് വിവരം.

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അച്ഛനുമായി ഒത്തുതീർപ്പുണ്ടാക്കാൻ അമ്മയ്ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ അച്ഛനെതിരെ നൽകിയ കേസ് ഒത്തുതീർപ്പാക്കാൻ അമ്മയ്ക്ക് നിയമപരമായി അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റവിചാരണ തടസ്സപ്പെടുത്താൻ മാതാപിതാക്കൾ നടത്തുന്ന യാതൊരുവിധ ഒത്തുതീർപ്പുകൾക്കും നിയമപരമായ അംഗീകാരം നൽകാനാകില്ല. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണവും വിചാരണയും നടത്താനുള്ള സർക്കാരിന്റെ ബാധ്യതയെ മറികടക്കാൻ ഇത്തരം സ്വകാര്യ കരാറുകൾക്ക് സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൃശൂർ ചാലക്കുടി സ്വദേശിയായ അമ്പതുകാരൻ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ പ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മകൾ നൽകിയ മൊഴിയിൽ അച്ഛൻ നടത്തിയത് അതിക്രൂരമായ കുറ്റകൃത്യമാണെന്ന് വ്യക്തമാകുന്നുണ്ട്. മുൻപ് സമർപ്പിച്ച ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം, കേസിന് ആസ്പദമായ പരാതി നൽകിയ അമ്മ തന്നെ കേസ് ഒത്തുതീർപ്പാക്കാൻ മുന്നോട്ടുവരികയായിരുന്നു. മകളുടെ താല്പര്യങ്ങളും ഭാവി ജീവിതവും പൂർണ്ണമായി വിസ്മരിച്ചാണ് മാതാവ് ഇത്തരമൊരു നീക്കം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

പതിനേഴുകാരിയായ മകളെ പ്രതി പലതവണ അനാവശ്യമായി സ്പർശിക്കുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിൽ ഏപ്രിൽ 17-നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ആദ്യ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അച്ഛനും അമ്മയും തമ്മിൽ വിഷയം ഒത്തുതീർപ്പാക്കിയെന്നും പ്രതിക്ക് ജാമ്യം നൽകുന്നതിൽ വിരോധമില്ലെന്ന് അമ്മ വ്യക്തമാക്കിയെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് വിചാരണയുമായി മുന്നോട്ടുപോകാൻ താല്പര്യമില്ലെന്നും അച്ഛന് ജാമ്യം നൽകുന്നതിൽ മകൾക്ക് എതിർപ്പില്ലെന്നും വ്യക്തമാക്കി അമ്മ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ഒഴുക്ക്; ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു

സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ഒഴുക്ക്; ഒറ്റയടിക്ക് 760 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒറ്റയടിക്ക് പവന് 760 രൂപയാണ് വര്‍ധിച്ചത്. 1,13,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് വര്‍ധിച്ചത്. 14,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 960 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് വില തിരിച്ചുകയറുകയായിരുന്നു.

അമേരിക്കന്‍ വിലക്കയറ്റ കണക്കുകള്‍ ഇന്ന് വരാനിരിക്കുകയാണ്. വിലക്കയറ്റ കണക്കുകളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബറില്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത കുറവാണ് എന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന് തുണയായത്. ഇതിന് പുറമേ അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.