by Midhun HP News | Oct 15, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ വാദം തള്ളി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്. സ്‌കൂള്‍ യൂണിഫോം ധരിച്ച് കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാമെന്ന് പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ പറഞ്ഞു. മുന്‍ നിലപാടില്‍ നിന്നും ഒരു മാറ്റവുമില്ല. കുട്ടിയുടെ അവകാശത്തിന് മുകളിലാണ് സ്‌കൂളിന്റെ അവകാശം. സ്‌കൂള്‍ യൂണിഫോം ധരിച്ച് സ്‌കൂളിലെത്താമെന്ന് കുട്ടിയും രക്ഷിതാവും സമ്മതിച്ചതാണ്. പിന്നീട് മന്ത്രി പ്രതികരണവുമായി എത്തിയത് ശരിയായില്ലെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കുന്നു.
സ്‌കൂള്‍ നിയമം തടുക്കാന്‍ മന്ത്രിക്ക് അവകാശമില്ല. സ്‌കൂളിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുട്ടി ഇവിടെ തന്നെ തുടര്‍ന്ന് പഠിക്കണമെന്നാണ് തങ്ങളുടെയെല്ലാം ആഗ്രഹം. കുട്ടിയുടെ മാതാപിതാക്കള്‍ ആഹ്രഹിക്കുന്നുണ്ടെങ്കില്‍ കുട്ടി ഈ സ്‌കൂളില്‍ തന്നെ പഠിക്കും. കുട്ടിയുടെ അവകാശ ലംഘനത്തേക്കാള്‍ സ്ഥാപനത്തിന്റെ അവകാശത്തെക്കുറിച്ച് 2018 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കപ്പെടേണ്ടത്.
കഴിഞ്ഞ കാലങ്ങളിൽ സ്‌കൂള്‍ എങ്ങനെയാണോ പ്രവര്‍ത്തിച്ചിരുന്നത് അതുപോലെ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നാണ് പിടിഎ ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഇളവു ചെയ്യേണ്ട കാര്യമില്ല. മന്ത്രി ഇതൊക്കെ പറയുന്നതിനു മുമ്പേ കാര്യങ്ങള്‍ ആലോചിക്കേണ്ടേ. മന്ത്രിയെ വിജയിപ്പിക്കുന്നത് ജനങ്ങളാണ്. സ്‌കൂള്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊള്ളാമെന്ന് കുട്ടിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതാണ്. പിന്നെ മന്ത്രിക്ക് ഇതിലെന്താണ് കാര്യമെന്നും ജോഷി കൈതവളപ്പില്‍ ചോദിച്ചു.
ശിരോവസ്ത്ര വിവാദത്തില്‍ സ്‌കൂളിന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടിയോ രക്ഷിതാവോ ശിരോവസ്ത്രം വേണ്ടെന്ന് പറയുന്നതുവരെ ശിരോവസ്ത്രം ധരിച്ച് ക്ലാസിലിരുന്ന് പഠിക്കാന്‍ കുട്ടിക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. ആ അവകാശമൊന്നും ചെറുതാണെങ്കിലും വലുതാണെങ്കിലും നിഷേധിക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.


കുട്ടി ഇന്നു ക്ലാസില്‍ എത്തിയില്ല
മേലാല്‍ സ്‌കൂളില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്കൂൾ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശിരോവസ്ത്രം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ടു ദിവസത്തെ അവധിക്കു ശേഷം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ ഇന്ന് വീണ്ടും തുറന്നു. പരാതിക്കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നു ക്ലാസില്‍ എത്തിയില്ല. സ്‌കൂളിലേക്ക് പ്രകടനം ഉണ്ടായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്.
by Midhun HP News | Oct 15, 2025 | Latest News, കേരളം
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍വര്‍ധന. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ മുന്നേറ്റത്തോടെ വന്‍തിരിച്ചുവരവ് ആണ് രൂപ നടത്തിയത്. 88.25 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഇന്നലെ റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. എണ്ണ വില കുറഞ്ഞതും ഡോളര്‍ ദുര്‍ബലമായതുമാണ് രൂപയ്ക്ക് തുണയായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് രൂപയ്ക്ക് വിനയായത്. വിദേശ നിക്ഷേപകര്‍ 1,508 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടപ്പെട്ട രേഖപ്പെടുത്തിയ ഓഹരി വിപണി ഇന്ന് തിരിച്ചുകയറി. സെന്‍സെക്‌സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതാണ് വിപണിയെ ബാധിച്ചത്. ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.


by Midhun HP News | Oct 15, 2025 | Latest News, കേരളം
കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 400 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 94,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 11,815 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില മാറി മറിഞ്ഞത്.രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കുതിക്കുകയായിരുന്നു. എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
by Midhun HP News | Oct 15, 2025 | Latest News, കേരളം
പാലക്കാട്: അഗളിയില്‍ വന്‍ കഞ്ചാവ് വേട്ട. അറുപത് സെന്റ് സ്ഥലത്ത് പതിനായിരത്തോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. സത്യക്കല്ല് മലയുടെ താഴ് വരയിലാണ് വലിയ തോട്ടം കണ്ടെത്തിയത്. പാലക്കാട് ലഹരി വിരുദ്ധ സേനയും പുതൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോട്ടം കണ്ടെത്തിയത്. വാണിജ്യാടിസ്ഥാനത്തില്‍ കഞ്ചാവ് കൃഷി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു സംയുക്ത ഓപ്പറേഷന്‍.
പൊലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പുതൂരിലേത് എന്നാണ് റിപ്പോര്‍ട്ട്. പെട്ടെന്ന് ആര്‍ക്കും കടന്നുചെല്ലാന്‍ കഴിയാത്ത പ്രദേശമായതിനാലാണ് സത്യക്കല്ല് മലയുടെ പ്രദേശം കൃഷിക്ക് തിരഞ്ഞെടുത്തത് എന്നാണ് വിലയിരുത്തല്‍. കാട്ടിലൂടെ അഞ്ച് കിലോമീറ്ററോളം നടന്നാണ് കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്.
എടിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാട് എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഓപ്പറേഷന്‍. മൂന്ന് മാസത്തോളം പ്രായമായ ചെടികളാണ് കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ ഉദ്യോഗസ്ഥര്‍ തീയിട്ട് നശിപ്പിച്ചു. അട്ടപ്പാടിക്ക് പുറത്തുള്ളവരാണ് കൃഷിക്ക് പിന്നില്‍ എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആരാണ് കൃഷി നടത്തിയത് എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


by Midhun HP News | Oct 15, 2025 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ 5 യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഇന്നലെ രാത്രിയും പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചു. പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മര്‍ദ്ദനമേറ്റിരുന്നു.
സംഘര്‍ഷത്തില്‍ രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ ദിവസത്തെ സംഘര്‍ഷം, പിന്നീട് സ്‌ഫോടക വസ്തു എറിഞ്ഞു എന്നിങ്ങനെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ഫോടക വസ്തു എറിഞ്ഞത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ യുഡിഎഫ് കടുത്ത പ്രതിഷേധത്തിലാണ്. നാളെ മുതല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. സംഘര്‍ഷത്തില്‍ എല്‍ഡിഎഫ് ഇന്ന് പേരാമ്പ്രയില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി, രാഷ്ട്രീയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധൃതി പിടിച്ച് പൊലീസ് അറസ്റ്റിലേക്ക് കടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.


by Midhun HP News | Oct 15, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരളത്തിൽ വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) രണ്ടു ദിവസത്തിനകം എത്തിയേക്കുമെന്നാണ് പ്രവചനം.
സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെയും മറ്റന്നാളും എട്ടു ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും അതിശക്ത മഴ മുന്നറിയിപ്പുണ്ട്.


ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (15/10/2025) മുതല്‍ 18/10/2025 വരെയും; കര്‍ണാടക തീരത്ത് 17, 18 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്ധ്രപ്രദേശ് തീരങ്ങളില്‍ എന്നിവിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
Recent Comments