by Midhun HP News | Sep 26, 2025 | Latest News, കേരളം
പാലക്കാട്: പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
ഇന്നലെ വൈകീട്ടാണ് സംഭവം. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഗളി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.



by Midhun HP News | Sep 26, 2025 | Latest News, കേരളം
തൃശൂര്‍: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയെ തള്ളി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് രംഗത്തു വന്നിരുന്നു. കേരളത്തില്‍ എയിംസ് വേണമെന്നാണ് ബിജെപി നിലപാട്. ഏത് ജില്ലയില്‍ ആണെങ്കിലും സ്വാഗതം ചെയ്യും. തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് പോയിക്കോട്ടെ എന്ന സുരേഷ് ഗോപിയുടെ നിലപാടിനോട് യോജിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള നിലപാട് ബിജെപിക്ക് ഇല്ലെന്നും എം ടി രമേശ് പറഞ്ഞിരുന്നു.

എയിംസ് എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്. മാനദണ്ഡങ്ങളനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നത്. എയിംസ് കേരളത്തിനാണാവശ്യം. ഒരു ജില്ലയിലെ ആളുകള്‍ക്കല്ല, കേരളത്തിനാണ് എയിംസ് നല്‍കുന്നത്. തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കില്‍ തമിഴ്‌നാട്ടിലേക്കു പോയിക്കോട്ടെ എന്നെല്ലാം സുരേഷ് ഗോപി പറഞ്ഞത് വ്യക്തിപരമാണ്. അത്തരം അഭിപ്രായം ബിജെപിക്കില്ല. എയിംസ് കേരളത്തില്‍ വരണമെന്ന് സംസ്ഥാന സര്‍ക്കാരിനു യാതൊരു താല്‍പര്യവുമില്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.

by Midhun HP News | Sep 26, 2025 | Latest News, കേരളം
കൊല്‍ക്കത്ത:പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയെ പ്രത്യക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിങ്കപ്പൂരില്‍ സുബീന്‍ കയറിയ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് ജ്യോതി ഗോസ്വാമി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല.
സെപ്റ്റംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗായകന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് ഉറപ്പാക്കാന്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമായിരുന്നു സംസ്‌കാരം. എന്നാല്‍ പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുന്നത്.
നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്ത, സുബീന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മ എന്നിവരുടെ വീടുകളിലും അന്വേഷണസംഘം പരിശോധന നടത്തി. അന്വേഷണസംഘം മഹന്തയുടെ വീട്ടിലെത്തിയപ്പോള്‍ രണ്ട് സഹായികള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. സിദ്ധാര്‍ഥ് ശര്‍മയുടെ അപ്പാര്‍ട്ടുമെന്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. സുബീന്റെ മരണശേഷം ശര്‍മയുടെ വീട്ടുകാരെ ആരെയും കാണാനില്ലെന്ന് പ്രദേശവാസികളും പറയുന്നു.

സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നിലധികം സൂചനകളുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഗായകന്റെ മരണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ഡിജിപി എംപി ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.


by Midhun HP News | Sep 26, 2025 | Latest News, കേരളം
കൊച്ചി: രണ്ടു ദിവസത്തിനിടെ 920 രൂപ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി 84,000ന് മുകളില്‍ എത്തി. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. 84,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 10,530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്റ്റംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 84,840 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോഴും വില ഉയര്‍ന്ന് നില്‍ക്കാന്‍ പ്രധാന കാരണം.



by Midhun HP News | Sep 26, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം. ഇന്നലെ രാത്രി മുഴുവന്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ പെയ്തിട്ടും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കാന്‍ വൈകിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പലയിടത്തും സ്‌കൂള്‍ ബസ്സുകള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് അവധി പ്രഖ്യാപനം വന്നതാണ് ആക്ഷേപം.
രാവിലെ വിദ്യാഭ്യാസമന്ത്രി കലക്ടറുമായി സംസാരിച്ച ശേഷമാണ് അവധി പ്രഖ്യാപിച്ചത്. മന്ത്രി സാമൂഹിക മാധ്യമത്തില്‍ കലക്ടര്‍ അവധി പ്രഖ്യാപിച്ചെന്ന് അറിയിച്ചതിന് പിന്നാലെയാണ് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ അവധി സംബന്ധിച്ച കുറിപ്പിട്ടത്. മന്ത്രിയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ… ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു… സ്‌കൂളില്‍ കുട്ടികള്‍ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു… രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടര്‍ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി’. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുന്‍പ് അപ്‌ഡേറ്റ്’. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നെല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ട് എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’.

‘നാട്ടിലെ അവസ്ഥ മനസിലാക്കാന്‍ മന്ത്രി പറഞ്ഞു തരേണ്ടി വരുന്നു കഷ്ടം മാഡം സാധാരണക്കാരുടെ വിഷയങ്ങള്‍ ഏറെയുള്ള ജില്ലയാണ് നമ്മുടെ ജില്ല. വി ശിവന്‍കുട്ടി അണ്ണന്റെ ഫെയ്‌സ്ബുക്കില്‍ വന്നതിനു പിന്നാ സഹീബ ഉറക്കത്തില്‍ നിന്ന് ഏണീറ്റ് പോസ്റ്റ് ഇട്ടത്’- എന്നിങ്ങനെ പോകുന്നു കലക്ടറുടെ പോസ്റ്റിന് താഴത്തെ കമന്റുകള്‍.

രാവിലെ ആറോ മുക്കാലോടെയാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കലക്ടറുടെ അറിയിപ്പില്‍ പറയുന്നു. കനത്ത മഴയില്‍ നഗരത്തിലെ തമ്പാനൂരില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയിയിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി.

by Midhun HP News | Sep 26, 2025 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് ചെങ്കളയില്‍ ഡ്യൂട്ടിക്കിടെ വാഹാനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. ചെറുവത്തൂര്‍ സ്വദേശി സജീഷ് ആണ് മരിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് മയക്കുമരുന്ന് പരിശോധനയക്ക് പോകുന്നതിനിടെ സ്വകാര്യ കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് സജീഷ്. ഒപ്പമുണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുഭാഷിനും അപകടത്തില്‍ പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതവേഗത്തിലെത്തിയ കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.



Recent Comments