by Midhun HP News | Sep 20, 2025 | Latest News, കേരളം
പാലക്കാട്: ചന്ദ്രനഗറില്‍നിന്നും കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ തൃശൂരില്‍ വച്ചാണ് റെയില്‍വേ പൊലീസ് കണ്ടെത്തിയത്. പാലക്കാട് ലയണ്‍സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹര്‍ജിത് പത്മനാഭനെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്.


തൃശൂരില്‍ നിന്നും ബംഗളുരുവിലെത്തിയ കുട്ടി അവിടെ നിന്നും ട്രെയിന്‍ മാര്‍ഗം എറണാകുളത്തേക്ക് മടങ്ങി. പിന്നീട് എറണാകുളത്തുനിന്നും തൃശൂരിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടി ബംഗളൂരുവിലെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെയും എത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടി സ്‌കൂളിലെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

by Midhun HP News | Sep 20, 2025 | Latest News, കേരളം
ശബരിമല: ശബരിമല സര്‍വധര്‍മ സമഭാവനയുടെ പ്രതീകമാണെന്നും അവിടുത്തെ മതാതീത ആത്മീയത അത്യപൂര്‍വതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘കല്ലും മുള്ളും കാലുക്കുമെത്ത’ എന്ന് ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകള്‍ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് ‘തത്വമസി’ എന്ന ഉപനിഷദ് വചനമാണ്. ഛാന്ദോക്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുള്‍ ‘അതു നീ തന്നെ’ എന്നതാണ്. ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോള്‍ അന്യരില്ല എന്നുകൂടിയാണ് അര്‍ഥമെന്നും പിണറായി പറഞ്ഞു.

‘അന്യരിലേക്കു കൂടി ഞാന്‍ എന്ന സങ്കല്‍പം ചേര്‍ന്നുനില്‍ക്കുകയാണ്. ഇങ്ങനെ അന്യരെക്കൂടി ഉള്‍ക്കൊള്ളുകയും, അന്യനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്യുമ്പോള്‍ അന്യത എന്നത് ഇല്ലാതാവുകയാണ്. അപരന്‍ എന്നൊരാള്‍ ഇല്ലാതാവുകയാണ്. എല്ലാവരും ഒന്ന് എന്ന ബോധം തെളിയുകയാണ്. അതു തെളിയിക്കുക എന്നതാണ് ശബരിമലയുടെ സന്ദേശം’.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹര്‍ഷിയുമൊക്കെ നമുക്കു തെളിയിച്ചുതന്ന തത്വമാണിത്. ഇതിന്റെ പ്രഘോഷണം നടത്തുന്ന ലോകത്തെ തന്നെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല. അവിടെ അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്നത് ‘ഹരിവരാസനം’ ആണെന്ന് എല്ലാവര്‍ക്കുമറിയാം. ആ കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്ററാണ്. അത് ആലപിച്ചതാകട്ടെ ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.
സന്നിധാനത്തിലേക്കുള്ള യാത്രാമദ്ധ്യേ അയ്യപ്പഭക്തന്മാര്‍ തൊഴുതുനീങ്ങുന്നത് വാവര്‍ നടയിലൂടെയാണ്. വാവര്‍ ആകട്ടെ ഇസ്ലാമാണ്. മധ്യകേരളത്തില്‍ നിന്ന് മല ചവിട്ടാന്‍ പോകുന്ന അയ്യപ്പഭക്തര്‍ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സര്‍വധര്‍മ സമഭാവനയുടെ പ്രതീകമായിനില്‍ക്കുന്ന എത്ര ദേവാലയങ്ങളുണ്ട് ലോകത്തില്‍ അങ്ങനെ ആലോചിക്കുമ്പോഴാണ് ശബരിമലയ്ക്കുള്ള പ്രത്യേകത കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയെന്നും പിണറായി പറഞ്ഞു.


by Midhun HP News | Sep 20, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം പിന്‍വാങ്ങുന്നതിന് മുന്‍പ് ഒരിക്കല്‍ കൂടി മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ പത്തുദിവസത്തിനുള്ളില്‍ മൂന്ന് ന്യൂനമര്‍ദത്തിന് സാധ്യത. 25നു ശേഷം മഴ വീണ്ടും വ്യാപകമാകുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, സൊമാലിയന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Sep 20, 2025 | Latest News, കേരളം
ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. രാവിലെ 9.30ന് തുടങ്ങുന്ന സംഗമത്തില്‍ മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്നാട്ടില്‍നിന്നുള്ള മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മന്ത്രിമാരും പങ്കെടുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

റവന്യു(ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം സമീപനരേഖ അവതരിപ്പിക്കും. തുടര്‍ന്ന് സമാന്തര ചര്‍ച്ച. പകല്‍ 12 മുതല്‍ വിവിധ വേദികളില്‍ ശബരിമല മാസ്റ്റര്‍പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ട്, ശബരിമലയിലെ ആള്‍ക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്നീ വിഷയങ്ങളില്‍ ഒരേസമയം ചര്‍ച്ചനടക്കും. പകല്‍ രണ്ടുമുതല്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീതപരിപാടി. 3.20ന് ചര്‍ച്ചകളുടെ സമാഹരണവും തുടര്‍ന്ന് പ്രധാനവേദിയില്‍ സമാപനസമ്മേളനവും. ശേഷം പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനം ഒരുക്കിയിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നടക്കം 3000 പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. ഇവര്‍ക്കൊപ്പം മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ 500 പേരും പങ്കെടുക്കും. എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പാസ് മുഖേനെയാണ് പ്രവേശനം.

by Midhun HP News | Sep 20, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 82080 എന്ന നിലയിലേക്കും വില ഉയര്‍ന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി വിലയില്‍ ഇടിവ് നേരിട്ടെങ്കിലും വെള്ളിയാഴ്ച വീണ്ടും ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വര്‍ധനയോടെ ഈ മാസത്തെ ഉയര്‍ന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.


by Midhun HP News | Sep 20, 2025 | Latest News, കേരളം
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ 53 കാരനെ സഹോദരന്‍ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വര്‍ഗീസ് എന്ന ബാബുവാണ് മരിച്ചത്. ജേഷ്ഠ സഹോദരന്‍ രാജുവാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെ വര്‍ഗീസിന്റെ വീട്ടില്‍ എത്തിയായിരുന്നു രാജു ആക്രമണം നടത്തിയത്. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക വ്യവസായിയായ വര്‍ഗീസില്‍ നിന്നും മദ്യപാനിയായ രാജു പലപ്പോഴും പണം ആവശ്യപ്പെടാറുണ്ടായിരുന്നു. ഇത്തരത്തില്‍ ഇന്നലെയും സംഭവം ഉണ്ടായി. ഇതിന് പിന്നാലെയാണ് രാത്രി വീട്ടിലെത്തിയ രാജു വര്‍ഗീസിനെ ആക്രമിച്ചത്.

വര്‍ഗീസ് രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് രാജു വീട്ടിലെത്തിയത്. പിന്നാലെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പരിക്കേറ്റ വര്‍ഗീസിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആക്രമണം നടത്തിയ രാജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Recent Comments