by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊച്ചിയിൽ ബസ് ഡ്രൈവർ ബസ് കാത്തു നിന്നയാളെ ആക്രമിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലൈറ്റ് ഡിം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയായിരുന്നു ആക്രമണം. ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സൂര്യ കണക്ട് എന്ന ബസിലെ ഡ്രൈവറാണ് ബസ് കാത്തു നിന്നയാളെ ആക്രമിച്ചത്. മർദ്ദനത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു.

എറണാകുളം കളമശ്ശേരിയിൽ വച്ചാണ് സംഭവം. ബസ് കാത്തു നിന്നയാളെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് ഡ്രൈവർ ലിവർ എടുത്ത് ഇയാളെ അടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ബസ് തടഞ്ഞു. ഡ്രൈവറെ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബസിനും ചുറ്റും കൂടി.

തുടർന്ന് ബസിന് നേരെ നാട്ടുകാർ ആക്രമണം നടത്തി. സംഭവം കൈവിട്ടതോടെ കളമശ്ശേരി പൊലീസും സ്ഥലത്തെത്തി. ആദ്യം ബൈക്ക് യാത്രക്കാരനെയാണ് ഡ്രൈവർ ആക്രമിച്ചതെന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാൽ എഫ്ഐആറിലാണ് ആക്രമിച്ചത് ബസ് കാത്തിരുന്ന ആളെയാമെന്ന് രേഖപ്പെടുത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊച്ചി: പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സമാഹരിച്ച് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഇന്‍ഫോപാര്‍ക്ക് പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (ഐപിഒ) കടക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാഥാര്‍ഥ്യമായാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേരള സര്‍ക്കാര്‍ സ്ഥാപനമായി ഇത് മാറും. മൂന്ന്, നാല് ഘട്ട വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഐപിഒയുമായി മുന്നോട്ട് പോകാനാണ് ഇന്‍ഫോപാര്‍ക്ക് ലക്ഷ്യമിടുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കകം ഐപിഒ അവതരിപ്പിക്കാനാണ് ഇന്‍ഫോപാര്‍ക്ക് പദ്ധതിയിടുന്നത്. ഐപിഒ റോഡ് മാപ്പിന്റെ ഭാഗമായി, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇതുവരെ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയായാണ് പ്രവര്‍ത്തിച്ചുവരുന്നത്. എന്നിരുന്നാലും, ഭാവി സംരംഭങ്ങള്‍ക്ക് ആവശ്യമായ വഴക്കം ഈ ഘടന ഞങ്ങള്‍ക്ക് നല്‍കുന്നില്ല. ഐടി പാര്‍ക്കുകള്‍ ചാരിറ്റബിള്‍ സൊസൈറ്റികളല്ല എന്ന നിലപാട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) പോലും വളരെക്കാലമായി സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍, ഇന്‍ഫോപാര്‍ക്കിനെ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് അടിയന്തര നടപടി. കൂടാതെ, സംയുക്ത സംരംഭങ്ങളില്‍ പ്രവേശിക്കുന്നതിന് ഒരു കമ്പനി ഘടന ആവശ്യമാണ്. ഭാവിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, അതിന് ഒരു കോര്‍പ്പറേറ്റ് ഘടന ആവശ്യമായി വരും. ഒരു കോര്‍പ്പറേറ്റ് ഘടനയിലേക്കുള്ള മാറ്റം നികുതിയില്‍ അനുകൂല സാഹചര്യം ഒരുക്കും.’ – ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.
‘അതേസമയം, ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനം പ്രതീക്ഷിക്കുന്ന 300 ഏക്കറിനപ്പുറം വളരും. ഇതിന് ഏകദേശം 500 ഏക്കര്‍ ഭൂമി ഏറ്റെടുത്തേക്കാം. 2030 ഓടെ മൂന്നാം ഘട്ട വികസനത്തിന്റെ പകുതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ട്രാക്കോ കേബിള്‍ കമ്പനിയുടെ ഭൂമിയില്‍ വരുന്ന നാലാം ഘട്ട വികസനം പ്രാരംഭത്തിലുള്ള തടസങ്ങളില്‍ നിന്ന് പുറത്തുകടക്കും. മൂന്നാം ഘട്ടത്തിന്റെ കാര്യത്തില്‍, ഭൂമി പൂളിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു,’- ഇന്‍ഫോപാര്‍ക്ക് വൃത്തങ്ങള്‍ പറഞ്ഞു.

ഐപിഒ ഇന്‍ഫോപാര്‍ക്കിന് ഗുണം ചെയ്യുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എംഡി സി ജെ ജോര്‍ജ് പറഞ്ഞു. ”ഭാവിയില്‍ അത്തരം പദ്ധതികള്‍ ഉണ്ടെങ്കില്‍ അത് ഐടി പാര്‍ക്കിന്റെ വികസനത്തിനുള്ള ഫണ്ട് സ്വരൂപിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, വിപണി ശ്രദ്ധ നേടുന്നതിന്, സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 50 ശതമാനത്തില്‍ താഴെയാക്കി നിര്‍ത്തേണ്ടി വരും”- അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തികവര്‍ഷത്തില്‍ ഇന്‍ഫോപാര്‍ക്കിന്റെ ലാഭം 20.74 കോടിയാണ്. മുന്‍ സാമ്പത്തികവര്‍ഷം ഇത് 13.15 കോടി രൂപയായിരുന്നു. ക്രിസില്‍ റേറ്റിങ് അനുസരിച്ച് ഇന്‍ഫോപാര്‍ക്കിന് സ്റ്റേബിള്‍ റേറ്റിങ് ആണ് ഉള്ളത്. 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇന്‍ഫോപാര്‍ക്കില്‍ 582ലധികം കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. 70000ല്‍ പരം ഐടി പ്രൊഫഷണലുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. 9.2 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 560 രൂപ കുറഞ്ഞ സ്വര്‍ണവില നേരിയ വര്‍ധനയോടെ തിരിച്ചുകയറി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 81,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ ഉയര്‍ന്നു. 10,205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെയും ബുധനാഴ്ചയുമാണ് വില കുറഞ്ഞത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 82,080 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനയാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

by Midhun HP News | Sep 19, 2025 | Latest News, കേരളം
പാലിയേക്കരയിലെ ടോള്‍ പിരിവിന് ഉപാധികളോടെ അനുമതി നല്‍കാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച പുറപ്പെടുവിക്കും. ടോൾ പിരിവിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരുമെന്നും കോടതി വ്യക്തമാക്കി.
കർശന നിബന്ധനകളോടെയാകും ടോൾ പിരിവിന് അനുമതി നൽകുക എന്ന് കോടതി വ്യക്തമാക്കി. നിബന്ധനകൾ തിങ്കളാഴ്ച പുറപ്പെടുവിക്കുന്ന ഉത്തരവിനൊപ്പം വ്യക്തമാക്കും. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി പരിശോധന തുടരണം. കൃത്യമായ ഇടവേളകളില്‍ കമ്മിറ്റി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ടോൾ കമ്പനി ആവശ്യപ്പെട്ടു. ഒന്നര മാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വരുമാനം നിലച്ചുവെന്നും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെന്നും ടോൾ കമ്പനി വാദിച്ചു.ടോൾ പിരിവിന് അനുമതി തടയുന്നത് ശരിയല്ലന്ന് കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചു. തുടർന്നാണ് ഉപാധികളോടെ അനുമതി നൽകാൻ കോടതി തീരുമാനിച്ചത്. ഇടപ്പള്ളി മണ്ണത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞ് കഴിഞ്ഞ മാസം അഞ്ചിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയപാത അതോറിറ്റിയും , ടോൾ കമ്പനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി കളക്ടറും മോണിറ്ററിംഗ് കമ്മറ്റിയും റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി നിലപാട് പുനപരിശോധിക്കാൻ തയ്യാറായത്. കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിക്കും കോടതിയിൽ നിന്നും നിരന്തരം വിമർശനം കേൾക്കേണ്ടി വന്ന കേസ് കൂടിയാണിത്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനം സെപ്റ്റംബര്‍ 27 ന്. മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കൊല്ലം അമൃതപുരിയില്‍ നിരവധി ആത്മീയവും ജീവകാരുണ്യവുമായ പരിപാടികളോടെ ആഘോഷിക്കും.
ജന്മദിനത്തില്‍ രാവിലെ 5 മണിക്ക് 108 ഗണപതി ഹോമങ്ങളോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് ഗുരുപാദ പൂജ, അമ്മയുടെ ജന്മദിന സന്ദേശം, ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനകള്‍, ഭജനകള്‍, സത്സംഗം, സാംസ്‌കാരിക പരിപാടികള്‍, പ്രസാദ വിതരണം എന്നിവ നടക്കും. ഇന്ത്യയിലുടനീളമുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാര്‍ഷിക അമൃതകീര്‍ത്തി പുരസ്‌കാരത്തിന്റെ സമര്‍പ്പണമാണ് മറ്റൊരു പ്രധാന പരിപാടി. 1,23,456 രൂപ ക്യാഷ് അവാര്‍ഡും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത സരസ്വതി ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

50-ലധികം നിരാലംബരായ യുവതീയുവാക്കളുടെ സമൂഹ വിവാഹമാണ് മറ്റൊരു പ്രധാന സവിശേഷത. ആശ്രമത്തില്‍ നിന്നുള്ള പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടക്കും. ജന്മദിനത്തോടനുബന്ധിച്ച്, മാതാ അമൃതാനന്ദമയി മഠം നിരവധി ജീവകാരുണ്യ, സേവന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

by Midhun HP News | Sep 19, 2025 | Latest News, കേരളം
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.
സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തും. പ്രതികൂല കാലാവസ്ഥയാണെങ്കില്‍ റോഡ് മാര്‍ഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.
Recent Comments