by Midhun HP News | Sep 17, 2025 | Latest News, കേരളം
കൊച്ചി: ശബരിമല സന്നിധാനത്തിലെ സ്വര്‍ണപ്പാളി പൊതിഞ്ഞ ദ്വാരപാലക ശില്‍പ്പങ്ങളുടെയും പീഠത്തിലെയും തൂക്കത്തിലെ കുറവില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. നാലു കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്വേഷണവുമായി സഹകരിക്കണമെന്നും, എല്ലാ രേഖകളും ഉടന്‍ തന്നെ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പെട്രോളോ മറ്റോ ആണെങ്കില്‍ ആവിയായി പോകാമെന്ന് വിചാരിക്കാം. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളുടെ ഭാരം എങ്ങനെ കുറയുമെന്ന് കോടതി ചോദിച്ചു. ഇക്കാര്യം നിസ്സാരമായി കാണാനാകില്ലെന്ന് ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കകം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ദേവസ്വം ചീഫ് വിജലന്‍സ് ഓഫീസര്‍ക്ക് ഇടക്കാല ഉത്തരവില്‍ നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സത്യം വെളിച്ചം കാണട്ടെയെന്ന് കോടതി നിരീക്ഷിച്ചു. 1999 ല്‍ ദ്വാരപാലക ശില്പങ്ങള്‍ സ്വര്‍ണം പൊതിഞ്ഞതായി രേഖകളുണ്ട്. പിന്നെ എന്തിനാണ് 2019 ല്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ കൊണ്ടുപോയതെന്നും കോടതി നേരത്തെ ആരാഞ്ഞിരുന്നു.
ദ്വാരപാലക ശില്പങ്ങളും സ്വര്‍ണപ്പാളികളും പീഠവും 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42. 8 കിലോ ഉണ്ടായിരുന്നു. ഇത് അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചശേഷം 38. 258 കിലോയായി കുറഞ്ഞു. ഇതിലാണ് ഹൈക്കോടതി വ്യക്തത തേടിയത്. സ്വര്‍ണപ്പാളികള്‍ക്ക് 25 കിലോ 400 ഗ്രാം ഭാരവും, രണ്ട് പീഠങ്ങള്‍ക്ക് 17 കിലോ 400 ഗ്രാം ഭാരം എന്നിങ്ങനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കിയ രേഖകളിലുള്ളത്. ചെന്നൈയിലെ അറ്റകുറ്റപ്പണിക്ക് ശേഷം സ്വര്‍ണ്ണപ്പാളികള്‍ ഒന്നര മാസത്തിന് ശേഷമാണ് തിരിച്ചെത്തിക്കുന്നത്.
അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി വിളിച്ചു വരുത്തിയിരുന്നു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ തേടിയത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയില്‍ എത്തിക്കുമ്പോള്‍ ദേവസ്വം ഉദ്യോഗസ്ഥരാരും അനുഗമിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് തിരുവാഭരണം കമ്മീഷണര്‍ തൂക്കം രേഖപ്പെടുത്തിയപ്പോഴാണ് നാലു കിലോയുടെ കുറവ് രേഖപ്പെടുത്തുന്നത്. ദ്വാരപാലകശില്പം പൊതിയാനായി രണ്ടു സെറ്റ് സ്വര്‍ണ പാളികള്‍ സ്‌ട്രോങ്ങ് റൂമില്‍ ഉണ്ടോയെന്നും, രണ്ടാമതൊരു സെറ്റ് ഉണ്ടെങ്കില്‍ അതേപ്പറ്റി കോടതിയെ അറിയിക്കാനും ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വർണ്ണപീഠം നിർമ്മിച്ച് നൽകി: സ്പോൺസർ
അതിനിടെ, ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വെളിപ്പെടുത്തിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ് പീഠം തയ്യാറാക്കിയത്. ആദ്യമുണ്ടായിരുന്ന പീഠങ്ങളുടെ നിറം മങ്ങിയപ്പോഴാണ് പുതിയത് നിര്‍മിച്ചു നൽകിയത്. അളവിൽ വ്യത്യാസം ഉണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായി നൽകിയതിനാൽ തിരികെ ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമില്‍ ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍, പീഠം എവിടെയെന്നതില്‍ ഇപ്പോൾ വ്യക്തതയില്ല. വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി.
by Midhun HP News | Sep 17, 2025 | Latest News, കേരളം
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്താകെ ഭീഷണിയാകുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ സർക്കാർ സമ്മതിച്ചു.
12 മണി മുതൽ രണ്ടു മണിക്കൂർ ആണ് ചർച്ച. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം 19 പേരാണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിൽ അധികൃതർക്കു വീഴ്‌ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
by Midhun HP News | Sep 17, 2025 | Latest News, കേരളം
കൊച്ചി: കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന ഇ-സിം കാര്‍ഡ് ആക്ടിവേഷന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍. ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ കൈവശപ്പെടുത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതിയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ വിളിച്ച് നിലവിലുള്ള ഫിസിക്കല്‍ സിം കാര്‍ഡ് സിം ഇ-സിമ്മായി (എംബഡഡ് സിം) മാറ്റാമെന്ന് അറിയിക്കും. സമ്മതിക്കുന്നവരോട് ഇ-സിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ നിലവിലുള്ള സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവര്‍ത്തനക്ഷമമാകും. ഇരകളുടെ നമ്പര്‍ തട്ടിപ്പ്കാരുടെ ഡിവൈസിലേക്ക് മാറ്റുന്നതോടെ കോളുകളും സന്ദേശങ്ങളും ഒടിപിയും നേരിട്ട് അവരിലേക്ക് പോകും.
ഈ ഒടിപികള്‍ ഉപയോഗിച്ച് ഇടപാടുകള്‍ അംഗീകരിക്കാനും പാസ് വേഡുകള്‍ റീ-സെറ്റ് ചെയ്യാനും പണം കൈക്കലാക്കാനും സാധിക്കും. കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കും.
പുതുതലമുറ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡിജിറ്റല്‍ സിം ആണ് ഇ-സിം(എംബെഡഡ് സിം). ഒരു സിം സ്ലോട്ട് മാത്രമുള്ള ഫോണില്‍ രണ്ട് ഫോണ്‍ നമ്പരുകള്‍ ഉപയോഗിക്കുന്നവര്‍ അതിലൊന്ന് ഇ-സിം ആക്കാന്‍ കഴിയും. എന്നാല്‍ ഇ-സിം സേവനങ്ങള്‍ക്ക് സേവനദാതാക്കളുടെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ മാത്രം ഉപയോഗിക്കണമെന്നും മൊബൈല്‍ നെറ്റ്വര്‍ക്ക് നഷ്ടമായാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈബര്‍ പൊലീസ് അറിയിച്ചു.
by Midhun HP News | Sep 17, 2025 | Latest News, കേരളം
തൃശൂര്‍: കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്. അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, കൊടുങ്ങല്ലൂരില്‍ നടത്തിയ കലുങ്ക് ചര്‍ച്ചയ്ക്കിടെ സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. നേരത്തെ കലുങ്ക് ചര്‍ച്ചയ്ക്കിടെ കൊച്ചുവേലായുധനെന്ന വയോധികന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
”കലുങ്ക് ചര്‍ച്ചയുമായി 14 ജില്ലകളിലേക്കും പോകുന്നുണ്ട്. ഇത് തടയാന്‍ ആര്‍ക്കും സാധിക്കില്ല. ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അവകാശമാണിത്. ഇതു തടയാന്‍ ആര്‍ക്കും കഴിയില്ല. ഇങ്ങനെ അവിടെയും ഇവിടെയും കിടക്കുന്ന ചില കൈപ്പിഴകളൊക്കെ ചൂണ്ടിക്കാണിച്ച് ഈ തീപ്പന്തം, ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട. അത് നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത് ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കുമുണ്ട്.”
”ഇയാള്‍ സിനിമയില്‍ നിന്നും ഇതുവരെ ഇറങ്ങിയിട്ടില്ലെന്നാണ് ചിലര്‍ പറയുന്നത്. ജനം കയ്യടിച്ച് നൂറുദിവസം ആ സിനിമ ഓടിയിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ആവശ്യം അതാണ്. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ സൗകര്യമില്ല. ആ വേലായുധന്‍ ചേട്ടന് ഒരു വീടു കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യമാണത്. ഇനിയും ഇതുപോലുള്ള വേലായുധന്‍ ചേട്ടന്മാരെ അങ്ങോട്ട് അയക്കും. സിപിഎം തയ്യാറെടുത്തിരുന്നോളൂ. വീടില്ലാത്തവരുടെ ഒരു ലിസ്റ്റ് പ്രഖ്യാപിക്കാം. സിപിഎം തുടര്‍ന്നും ആര്‍ജ്ജവം കാണിക്കണം, ചങ്കൂറ്റം കാണിക്കണം”. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ചേര്‍പ്പില്‍ നടന്ന കലുങ്ക് ചര്‍ച്ചയ്ക്കിടെയാണ് കൊച്ചു വേലായുധന്റെ നിവേദനം സുരേഷ് ഗോപി നിരസിച്ചത്. തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി നിവേദനം സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്നത്. ഇതു വിവാദമാകുകയും ചെയ്തു. കേന്ദ്രമന്ത്രി നിവേദനം നിരസിച്ചതിന് പിന്നാലെ സിപിഎം കൊച്ചുവേലായുധനെ സന്ദര്‍ശിക്കുകയും വീടു നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
by Midhun HP News | Sep 17, 2025 | Latest News, കേരളം
കല്‍പ്പറ്റ: വനിതാ ബീറ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണ വിധേയനായ വനംവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ കെ കെ രതീഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി എന്‍ അന്‍ജന്‍കുമാര്‍ ആണ് നടപടിയെടുത്തത്. പരാതിയില്‍നിന്ന് പിന്മാറാന്‍ യുവതിയെ രതീഷ് കുമാര്‍ പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തു വന്നിരുന്നു.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. ബഹളം വെച്ച് പുറത്തിറങ്ങിയാണ് യുവതി രക്ഷപ്പെട്ടത്.
സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനുശേഷമാണ് തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ വനിതാ ഓഫിസറോട് ഫോണില്‍ ആവശ്യപ്പെട്ടത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് ആക്ഷേപം.
by Midhun HP News | Sep 17, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോര്‍ അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments