by Midhun HP News | Sep 17, 2025 | Latest News, കേരളം
കൊല്ലം: നിലമേല്‍ വേക്കലിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി.
കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 22 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവറും ഒരു കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തട്ടത്തുമല – വട്ടപ്പാറ റോഡില്‍ വെച്ചാണ് അപകടം ഉണ്ടായത്. കയറ്റത്തില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അപകടത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് നേരിട്ട് ഹാജരാകാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
by Midhun HP News | Sep 16, 2025 | Latest News, കേരളം
ഇന്ത്യൻ റെയിൽവേയിലെ സെക്ഷൻ കൺട്രോളർ തസ്തികയിലെ 368 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാം. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 14. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം.
20 മുതൽ 33 വയസ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ഉണ്ടാകും. സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷിക്കാൻ മുൻ പരിചയം ആവശ്യമില്ല. നിയമനം ലഭിക്കുന്നവർക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (CPC) ലെവൽ 6-ൽ പെടുന്ന ശമ്പളവും ആനൂകൂല്യങ്ങളും ലഭിക്കും. ഈ തസ്തികയുടെ പ്രാരംഭ അടിസ്ഥാന ശമ്പളം 35,400 രൂപയാണ്.
കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സി ബി റ്റി), കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സി ബി എ റ്റി),ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരിശോധന തുടങ്ങിയ ക്രമത്തിലാകും തെരഞ്ഞെടുപ്പ് പ്രക്രിയ. കാഴ്ച്ചാ പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.rrbapply.gov.in/ സന്ദർശിക്കുക.
by Midhun HP News | Sep 16, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും സജീവമാകാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മഴ ലഭിച്ചിരുന്നു.
മഴയോടൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍:
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കൊച്ചി: ഒരുകാര്‍ നമ്പറിന് 3,20,000 രൂപയോ? കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്.
നടന്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത വാശിയേറിയ ലേലം നടന്നത്. ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നമ്പര്‍ സ്വന്തമാക്കണമെന്ന ആഗ്രഹമാകാം ഇഷ്ട നമ്പര്‍ നേടാന്‍ ആന്റണി പെരുമ്പാവൂരിനെ ലക്ഷങ്ങള്‍ മുടക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.
അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ XC 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്പറും 2255 ആയിരുന്നു.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കാസര്‍കോട്: ബന്തടുക്കയില്‍ പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ദേവികയെയാണ് (16) ഇന്ന് രാവിലെ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്കയിലെ സവിതയുടെ മകളാണ്. കിടപ്പുമുറിയില്‍ സാരിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയ്ക്കുള്ള കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
by Midhun HP News | Sep 16, 2025 | Latest News, കേരളം
കൊല്ലം: കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുരൈ സ്വദേശിനിയായ മേരി സ്‌കോളാസ്റ്റിക്ക (33)ആണ് മരിച്ചത്. കന്യാസ്ത്രീയുടെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. കൊല്ലം ടൗണിലുള്ള ആരാധന മഠത്തിലാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ട കന്യാസ്ത്രീയെ മഠത്തിലുണ്ടായിരുന്നവര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Recent Comments