by Midhun HP News | Sep 12, 2025 | Latest News, കേരളം
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്ത നിലയില്‍.പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ് ജോസ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഒരു മാസം മുന്‍പ് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ പുല്‍പ്പള്ളിയിലെ തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ ജോസ് നെല്ലേടം ഉള്‍പ്പടെയുള്ളവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോസ് നെല്ലേടത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ വീടിന് സമീപത്തെ കുളത്തില്‍ ചാടിയ നിലയിലാണ് കണ്ടത്. കൈ ഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. അയല്‍പ്പക്കക്കാര്‍ കുളത്തില്‍നിന്നെടുത്ത് പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മാസങ്ങളായി മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ് ശക്തമാണ്. മുള്ളന്‍കൊല്ലി രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് കനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെ തുടര്‍ന്ന് പോര് കലാപമായി. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടകവസ്തുക്കളും കര്‍ണാടക മദ്യവും കൊണ്ടുവച്ച് പൊലീസിന് രഹസ്യവിവരം നല്‍കി പിടിപ്പിക്കുകയായിരുന്നു.
ഇതില്‍ ജോസ് നെല്ലേടം ആരോപണ വിധേയനായിരുന്നു. സ്ഫോടക വസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടില്‍ കൊണ്ടുവച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന നിരപരാധിയാണെന്ന് കണ്ട് തങ്കച്ചനെ ജയിലില്‍നിന്ന് വിട്ടയച്ചു. ജയില്‍ മോചിതനായ തങ്കച്ചന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രംഗത്തത്തിയിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ജയിച്ചയാളാണ് ജോല് നെല്ലേടം. പിന്നീട് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ്. വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കെട്ടിത്താഴ്ത്തിയ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വിജിലിന്റെ മൃതദേഹം പ്രദേശത്തെ ചതുപ്പില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.
2019 മാര്‍ച്ച് 24 നാണ് വിജിലിനെ കാണാതാകുന്നത്. അന്നേദിവസം വിജില്‍ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം സരോവരത്തെ സ്ഥലത്തെത്തിയിരുന്നു. അവര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന സ്ഥലമാണിത്. ഇവിടെ വെച്ച് ഇവര്‍ നാലുപേരും ചേര്‍ന്ന് എംഡിഎംഎ കുത്തിവെച്ചു. ഇതിനുശേഷം സ്ഥലത്ത് തളര്‍ന്നു കിടന്ന് ഉറങ്ങിയെന്നാണ് സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്.
പിന്നീട് ഉണര്‍ന്നപ്പോള്‍ വിജില്‍ മാത്രം എഴുന്നേറ്റില്ല. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വിജില്‍ മരിച്ചതായി മനസ്സിലാക്കി. പരിഭ്രമിച്ച് അവിടെ നിന്നും സ്ഥലംവിട്ടു. പിന്നീട് രണ്ടു ദിവസത്തിന് ശേഷം വീണ്ടും അവിടെയെത്തുകയും വിജിലിന്റെ മൃതദേഹം സ്ഥലത്തു ത്‌നനെ കെട്ടിത്താഴ്ത്തുകയും ചെയ്തുവെന്നാണ് പൊലീസിന്റെ പിടിയിലായ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്.
കഴിഞ്ഞ മാസം തുടങ്ങിയ തിരച്ചിലിനൊടുവിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പരിശോധന നിര്‍ത്തിവെച്ചിരുന്നു. പ്രദേശത്തെ വെള്ളക്കെട്ടാണ് തിരച്ചിലിന് പ്രതിബന്ധമായത്. കഴിഞ്ഞ ദിവസം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. കഴിഞ്ഞദിവസം വിജിലിന്റേതെന്ന് സംശയിക്കുന്ന ഷൂ ലഭിച്ചിരുന്നു. ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ വിജിലിന്റേതാണോ എന്നുറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
തൃശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറിക്ക് പതിനായിരം രൂപ കിട്ടുമെന്നും പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ എത്തിയാല്‍ ഒരുലക്ഷം രൂപവരെയാകുമെന്നും പറയുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം മണ്ണൂത്തി ഏരിയാ കമ്മിറ്റി അംഗവുമായ നിബിന്‍ ശ്രിനിവാസനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
‘സിപിഐമ്മിന്റെ ജില്ലാ ലീഡര്‍ഷിപ്പിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ ഒരുഘട്ടം കഴിഞ്ഞാല്‍ അവരുടെ ലെവല്‍ മാറും. ഞാന്‍ എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയായപ്പോള്‍ പിരിവ് നടത്തിയാല്‍ മാക്‌സിമം അയ്യായിരം കിട്ടുമായിരുന്നു. ജില്ലാ ഭാരവാഹിയായാല്‍ അത് ഇരുപത്തി അയ്യായിരമാകും. അത് ഒരു ലക്ഷമാകും. അവരൊക്കെ അവരുവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്‍മാരാണ്. കണ്ണേട്ടന് ഒക്കെ കോടാനുകോടികളുടെ സ്വത്തുണ്ട്. തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയ ആളാണ് ഇന്നുകാണുന്ന കോടികളുടെ സ്വത്ത് ഉണ്ടാക്കിയത്’- പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. മുന്‍ മന്ത്രി എസി മൊയ്തീന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പര്‍ ക്ലാസ് ഡീല്‍ ആണെന്നാണ് പറയുന്നത്.
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ശബ്ദരേഖയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയില്‍ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്. നിബിനും ശരത് പ്രസാദും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്.
by Midhun HP News | Sep 12, 2025 | Latest News, കേരളം
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകല്‍ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള ക്വാട്ടേഴ്സിലേക്ക് പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ്് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണത്തിന്റെ കാരണം എന്താണെന്നറിയില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
ഗുരുവായൂര്‍: അഷ്ടമിരോഹിണി ഗുരുവായൂരില്‍ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം. ഇത്തവണ ഞായറാഴ്ചയാണ് അഷ്മിരോഹിണി. ഞായറാഴ്ചയായതിനാലുള്ള തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ദേവസ്വം ചെയര്‍മാന്‍ വി കെ വിജയന്‍ അറിയിച്ചു. ഇരുനൂറിലേറെ കല്യാണങ്ങള്‍ അന്ന് നടക്കും. പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങും. അഞ്ച് മണ്ഡപങ്ങള്‍ ഒരുക്കും. ദൂരെനിന്ന് വരുന്നവര്‍ക്ക് കല്യാണം കഴിഞ്ഞ് നാട്ടിലേക്ക് പോകാനുള്ള സൗകര്യത്തിനുവേണ്ടിയാണ് ക്രമീകരണം.
കൃഷ്ണന്റെ പിറന്നാള്‍സദ്യ ഇക്കുറി 40,000 പേര്‍ക്ക് നല്‍കും. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഹാളിലും പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലുമായി ഒരേസമയം രണ്ടായിരത്തിലേറെപ്പേര്‍ക്ക് ഭക്ഷണം കഴിക്കാം.
അഷ്ടമിരോഹിണി ദിവസം രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി, പ്രത്യേക ദര്‍ശനമുണ്ടാകില്ല. കിഴക്കേനടയിലെ പൊതുവരി പൂന്താനം ഹാളില്‍നിന്ന് ആരംഭിക്കും. നിര്‍മാല്യം മുതല്‍ ഭക്തരെ കൊടിമരം വഴി നേരേ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ദര്‍ശനം രാവിലെ നാലരമുതല്‍ അഞ്ചരവരെയും വൈകീട്ട് അഞ്ചുമുതല്‍ ആറുവരെയുമാണ്. തദ്ദേശീയര്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട സമയത്ത് ദര്‍ശനം നടത്താം.
ക്ഷേത്രത്തില്‍ രാവിലെ കാഴ്ചശ്ശീവേലിക്ക് പെരുവനം കുട്ടന്‍മാരാരുടെ മേളവും വൈകീട്ട് കാഴ്ചശ്ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവുമുണ്ടാകും. വൈകീട്ട് അഞ്ചിന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ദേവസ്വത്തിന്റെ ക്ഷേത്രകലാപുരസ്‌കാരം കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിക്കും. ചടങ്ങിനുശേഷം പെരിങ്ങോട് ചന്ദ്രന്‍ നയിക്കുന്ന ഒന്നരമണിക്കൂര്‍ പഞ്ചവാദ്യമുണ്ടാകും.
അപ്പം മുന്‍കൂര്‍ ശീട്ടാക്കാം
ഭക്തര്‍ക്കായി 7.25 ലക്ഷം രൂപയുടെ ഉണ്ണിയപ്പം തയ്യാറാക്കും. രണ്ട് അപ്പം വീതമുള്ള ഒരു ശീട്ടിന് 35 രൂപയാണ് നിരക്ക്. ഒരാള്‍ക്ക് 700 രൂപയ്ക്കുവരെ മുന്‍കൂട്ടി ശീട്ടാക്കാം (20 ശീട്ട്). തലേന്നാണെങ്കില്‍ പത്ത് ശീട്ടുവരെ മാത്രമേ ലഭിക്കൂ. എട്ടുലക്ഷം രൂപയുടെ പാല്‍പ്പായസം തയ്യാറാക്കും. അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്കായി ദേവസ്വം 38.47 ലക്ഷം രൂപയാണ് വകയിരുത്തിയതെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
by Midhun HP News | Sep 12, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്.
തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി പി രാധാകൃഷ്ണന്‍ വിജയിച്ചത്. പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെയാണ് രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത്.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1957 ഒക്ടോബര്‍ 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജനിച്ച ചന്ദ്രപുരം പൊന്നസ്വാമി രാധാകൃഷ്ണന്‍ ആര്‍എസ്എസ് അംഗമായാണ് പൊതുജീവിതം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള വി ഒ ചിദംബരം കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ (BBA) ബിരുദം നേടി. 1998-ലും 1999-ലും കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്.
Recent Comments