by Midhun HP News | Sep 11, 2025 | Latest News, കേരളം
ഡല്‍ഹി: ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് ഉത്തരവ് സെപ്തംബര്‍ 9ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചാണ് കേന്ദ്ര നടപടി.
മരുന്നുകള്‍ കൂടാതെ കായിക ചലനങ്ങളുടെയും, യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സ രീതിയാണ് ഫിസിയോതെറാപ്പി. ഇത്തരം ഒരു ചികിത്സാരീതി പിന്തുടരുന്നവര്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്റ്റ് 1916 ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണായിരുന്നു ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം. കേന്ദ്ര തീരുമാനം വലിയ വിജയമാണെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ദിലിപ് ബന്‍സ്വാലി പ്രതികരിച്ചു.
ഡോക്ടര്‍ എന്ന വിശേഷണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ തീരുമാനം ഗുണം ചെയ്യുമെന്നും ഐഎംഎ പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. ഡോ. എന്ന പ്രയോഗം ഉപയോഗിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ആരോഗ്യ സെക്രട്ടറി, ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി) എന്നിവര്‍ക്ക് ഡോ. ദിലിപ് ബന്‍സ്വാലി കത്ത് നല്‍കിയിരുന്നു. രോഗികള്‍ക്കോ പൊതുജനങ്ങള്‍ക്കോ അവ്യക്തത സൃഷ്ടിക്കാതെ, ഫിസിയോതെറാപ്പി ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കുംഅനുയോജ്യവും മാന്യവുമായ പദവി നല്‍കാമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് പേരിന് ഒപ്പം ‘ഡോക്ടര്‍’ എന്ന് ഉപയോഗിക്കാന്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ഏപ്രിലില്‍ അനുമതി നല്‍കിയിരുന്നു. ‘ഡോക്ടര്‍’ എന്ന തലക്കെട്ട് പേരിന് മുന്‍പും പി.ടി. എന്ന് പേരിന് ഒടുവില്‍ സഫിക്സായും ഉപയോഗിക്കാം എന്നായിരുന്നു നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള എന്‍സിഎഎച്ച്പി 2025 ലെ ഫിസിയോതെറാപ്പി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഇതില്‍ നിന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കോട്ടയം: ചിങ്ങവനം – കോട്ടയം സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന് ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റു ചിലത് ഭാഗികമായി റദ്ദാക്കി. രണ്ടു ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനിലും മാറ്റമുണ്ട്.
ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16312 തിരുവനന്തപുരം നോര്‍ത്ത് – ശ്രീ ഗംഗാനഗര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത് – എസ്എംവിടി ബംഗളൂരു ഹംസഫര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം ജംക്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 22503 കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16343 തിരുവനന്തപുരം – സെന്‍ട്രല്‍ മധുര അമൃത എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ട്രെയിന്‍ നമ്പര്‍ 16347 തിരുവനന്തപുരം സെന്‍ട്രല്‍ – മംഗലാപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് സെപ്റ്റംബര്‍ 20ന് ആലപ്പുഴ വഴി സര്‍വിസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും.
ഭാഗികമായി റദ്ദാക്കിയവ
ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 19ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 16327 മധുര – ഗുരുവായൂര്‍ എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.
ട്രെയിന്‍ നമ്പര്‍ 12696 തിരുവനന്തപുരം – സെന്‍ട്രല്‍ ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍-ഫാസ്റ്റ് എക്സ്പ്രസ് സെപ്റ്റംബര്‍ 20ന് രാത്രി 8.05ന് കോട്ടയത്തുനിന്നും ട്രെയിന്‍ നമ്പര്‍ 16328 ഗുരുവായൂര്‍ – മധുര എക്‌സ്പ്രസ് സെപ്റ്റംബര്‍ 21ന് പകല്‍ 12.10ന് കൊല്ലത്തുനിന്നാകും പുറപ്പെടുക.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,040 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,130 രൂപ നല്‍കണം. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 80,000 കടന്നത്.
ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ, എറണാകുളം ജില്ലയിലെ മേധാവിത്വം നിലനിർത്താൻ മുന്നൊരുക്കങ്ങൾ ആരംഭിച്ച് കോണ്‍ഗ്രസ് നേതൃത്വം. എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാ നേതൃതലങ്ങളില്‍ സജീവമായി. വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടുരൂപമായതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിചയസമ്പന്നര്‍, പുതുമുഖങ്ങള്‍, താരപരിവേഷമുള്ളവര്‍ തുടങ്ങിയവര്‍ അടങ്ങിയ ലിസ്റ്റിനാണ് എറണാകുളം ജില്ലയില്‍ രൂപം നല്‍കിയിട്ടുള്ളത്.
രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി തുടങ്ങിയവര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും നയതന്ത്ര വിദഗ്ധനുമായ ഹെന്റി ഓസ്റ്റിന്റെ ചെറുമകനാണ് ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍. നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും എഐസിസി ന്യൂനപക്ഷ വിഭാഗം ദേശീയ കോര്‍ഡിനേറ്ററുമായ ഹെന്റി ഓസ്റ്റിന്‍ ജൂനിയറിനെ കൊച്ചി നിയമസഭ മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്.
നിലവില്‍ സിപിഎമ്മിന്റെ കെ ജെ മാക്‌സിയാണ് കൊച്ചി എംഎല്‍എ. ഇതു തിരികെ പിടിക്കാനായി, കൊച്ചി- ആലപ്പുഴ അതിരൂപതകളിലായി പടര്‍ന്നു കിടക്കുന്ന ഹെന്റി ഓസ്റ്റിന്റെ കുടുംബവേരുകളും ബന്ധങ്ങളും ഉപകാരപ്രദമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയത്തോടെ ക്രൈസ്തവ മേധാവിത്വമുള്ള മണ്ഡലമായി കൊച്ചി മാറിയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കൊച്ചി മേയറായിരുന്ന കോണ്‍ഗ്രസിലെ ടോണി ചമ്മണിയെയാണ് സിപിഎമ്മിലെ കെ ജെ മാക്‌സി പരാജയപ്പെടുത്തിയത്. മണ്ഡലം ഹെന്റി ഓസ്റ്റിനിലൂടെ തിരികെ പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആരോഗ്യകാരണങ്ങളാല്‍ നിലവിലെ എംഎല്‍എ കെ ബാബു ഇനി മത്സരിച്ചേക്കില്ല. പകരം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായരെയാണ് പരിഗണിക്കുന്നത്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലൂടെ സുപരിചിതനാണ് രാജു പി നായര്‍. അദ്ദേഹത്തിന്റെ ലാളിത്യത്തോടെയുള്ള പെരുമാറ്റം തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. നടനും സംവിധായകനും കോമഡിയനുമായ രമേഷ് പിഷാരടിയുടെ പേരും ഒരു വിഭാഗം മുന്നോട്ടു വെക്കുന്നുണ്ട്. പിഷാരടിയുടെ താരപരിവേഷവും ജനപിന്തുണയുമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
തന്റെ വിശ്വസ്തനും എറണാകുളം ഡിസിസി പ്രസിഡന്റുമായ മുഹമ്മദ് ഷിയാസിന് സുരക്ഷിത മണ്ഡലം നല്‍കുകയെന്നതാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരിടുന്ന കടുത്ത വെല്ലുവിളി. സിപിഎമ്മിന്റെ ശക്തനായ പി രാജീവില്‍ നിന്ന് മുഹമ്മദ് ഷിയാസിലൂടെ കളമശ്ശേരി പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നാണ് സൂചന. അതേസമയം ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തില്‍ നിറസാന്നിധ്യമായ പി രാജീവിനെ അട്ടിമറിക്കുക ശ്രമകരമായ ദൗത്യമാണെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. മുസ്ലിം ലീഗുമായി കൊച്ചി, കളമശ്ശേരി സീറ്റുകള്‍ വെച്ചുമാറുന്നതും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.
മധ്യ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ സീറ്റായ തൃക്കാക്കരയില്‍ ഉമ തോമസും കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദീപ്തി മേരി വര്‍ഗീസുമാണ് സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്തരിച്ച പിടി തോമസിന്റെ പത്‌നിയായ ഉമ തോമസാണ് നിലവില്‍ തൃക്കാക്കരയിലെ എംഎല്‍എ. ഭര്‍ത്താവ് പി ടി തോമസിന്റെ മരണശേഷം ഉമയെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമ്പോള്‍, അവര്‍ ഒരു തവണ മാത്രമേ മത്സരിക്കൂ എന്ന ‘അലിഖിത ധാരണ’ ഉണ്ടായിരുന്നുവെന്നാണ് മറുവിഭാഗം പറയുന്നത്.
എറണാകുളം ജില്ലയിലെ വൈപ്പിനില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അജയ് തറയിലും സ്ഥാനാര്‍ത്ഥിത്വത്തിനായി കണ്ണുവയ്ക്കുന്നു. മുനമ്പം വഖഫ് ഭൂമി പ്രശ്‌നം എല്‍ഡിഎഫ് വിരുദ്ധ വികാരം സൃഷ്ടിച്ച സീറ്റാണിത്. ഈ അതൃപ്തി മുതലെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ‘വൈപ്പിനില്‍ മത്സരിക്കാന്‍ ഒരു പേര് വി ഡി സതീശന്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ടെന്നും, മിക്കവാറും ഈഴവ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത’ എന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: വേടനെതിരായ ലൈംഗിക പീഡനപരാതി കുടുംബത്തിന് ട്രോമയെന്ന് സഹോദരന്‍ ഹരിദാസ്. അച്ഛന്‍ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായ ആളാണെന്നും ദിവസേനെ മകനെ പറ്റിയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വേടന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വേടന്‍ പറയുന്ന രാഷ്ട്രീയം പുതിയ തലമുറ അറിയരുതെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ടെന്നും സഹോദരന്‍ പറഞ്ഞു. ‘വേടന്റെ വളര്‍ച്ച ഒരുകൂട്ടം ആളുകളെ അസ്വസ്ഥരാക്കുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ആക്രമണം തുടരുകയാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് പതിനഞ്ച് ദിവസമായി. ഒരു കേസിന് പുറകെ ഒന്നൊന്നായി വരുമ്പോള്‍ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. അനിയത്തിയും അച്ഛനുമൊക്കെയായി താമസിക്കുന്ന ചെറിയ കുടുംബമാണ് ഞങ്ങളുടെത്. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. നമ്മളനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞത്. ഇങ്ങനെയൊരാള്‍ ഇവിടെയില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. മൊത്തത്തില്‍ കുടുംബത്തെ തന്നെ ഇല്ലാതാക്കുകയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ വേട്ടയാടുന്നതെന്ന് മനസിലാകുന്നില്ല’ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സഹോദരന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ ഹരിദാസ് പറയുന്നു. ജാമ്യാപേക്ഷ എടുത്ത ദിവസം തന്നെ പുതദിയ പരാതികള്‍ വരുന്നതില്‍ ദുരൂഹമായ നീക്കങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നു. തന്റെ സഹോദരനെതിരെ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുണ്ടോ എന്നത് അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടതുണ്ട്. ഇപ്പോള്‍ നിലവിലുള്ള പരാതി പോലെ മറ്റുപരാതികള്‍ കൂടി പരിഗണിക്കുകയാണെങ്കില്‍ സഹോദരന്‍ സ്ഥിരം കുറ്റവാളിയാണെന്ന് സമൂഹത്തിനും നിയമത്തിന് മുന്നിലും ചൂണ്ടിക്കാണിക്കപ്പെടും.
ഇപ്പോള്‍ പ്രത്യക്ഷത്തില്‍ വന്ന എല്ലാ സത്രീകളും ഒത്തുചേര്‍ന്നാണോ ഇപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിക്ക് അവര്‍ തന്ന പരാതിയിലും കള്ളമാണ് പറയുന്നത്. മേല്‍പറഞ്ഞ പരാതിയില്‍ ഒരു പ്രാഥമിക അന്വേഷണം നടത്തി അതില്‍ ഗൂഢാലോചനയുണ്ടോയെന്ന് കണ്ടുപിടിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെ സഹോദരന്റെ വളര്‍ച്ച തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കോട്ടയം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ കേരളത്തില്‍. ആയുര്‍വേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ മടുക്കക്കുഴി ആയുര്‍വേദ ആശുപത്രിയിലാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാള്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. കെജരിവാളിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാള്‍ കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
Recent Comments