by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന ശബ്ദസന്ദേശം രാഹൂല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എക്‌സ്ട്രീം ട്രോമയിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല ഇപ്പോഴത്തെ ആഗ്രഹമെന്നും റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നത് മാത്രമാണെന്നും രാഹുല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. വിശക്കാറില്ല, അതുകൊണ്ട് ഭക്ഷണം കഴിക്കാറില്ലെന്നും എന്നെങ്കിലുമൊരിക്കല്‍ താന്‍ ഇത് പറയുമെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല ട്രോമയുള്ളതെന്നും എംഎല്‍എ, രാഹുല്‍ ഈശ്വറിനോട് പറയുന്നു. ഈ ഓഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
പുറത്തുവന്ന ഫോണ്‍ സംഭാഷണം ഇങ്ങനെ; ‘രാത്രിയില്‍ ഉറങ്ങാനായിട്ട് പാരസെറ്റാമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി, ആറുമണിയാകുമ്പോഴാണ് ഞാന്‍ ഉറങ്ങുന്നത്. എന്നിട്ടൊരു ഏഴുമണി..എട്ടുമണിയൊക്കെ ആകുമ്പോള്‍ എഴുന്നേല്‍ക്കും. രണ്ടുമണിക്കൂറൊക്കെയാ ഉറങ്ങുന്നേ. വിശക്കാറില്ല, അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കണമെന്ന് തോന്നാറില്ല. ട്രോമയെന്നൊക്കെ പറഞ്ഞാല്‍ എക്‌സ്ട്രീം ട്രോമയിലൂടെ പോകുവാ. നമ്മടെ ഇപ്പോഴത്തെ ആഗ്രഹം എംഎല്‍എ ആകണമെന്നോ മന്ത്രിയാകണമെന്നോ അല്ല, റൂമില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ്. അതാണ് ഒരവസ്ഥ. ആളുകള്‍ക്ക് എന്താണ് മിണ്ടാത്തത്,പ്രതികരിക്കാത്തത്? തെറ്റ് ചെയ്തത് കൊണ്ടാണോ എന്നൊക്കെ ചോദിക്കാന്‍ എളുപ്പമാണ്. എന്റെ അവസ്ഥയെന്ന് പറഞ്ഞാല്‍.. ഞാനത് എപ്പോഴെങ്കിലും പറയും.കാരണം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ ട്രോമ’.
അതേസമയം, പുറത്തുവന്ന ഓഡിയോയ്ക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ട്രോളാണ്. മന്ത്രി ശിവന്‍ കുട്ടി സാമൂഹിക മാധ്യമത്തില്‍ പങ്കിട്ട കുറിപ്പും വൈറലായി. ‘പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..പാരസെറ്റാമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്‍മാരെ ഒഴിവാക്കുക’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. പാരസെറ്റാമോള്‍ ഉറങ്ങാനുള്ള മരുന്നല്ലെന്നും സിട്രിസിന്‍ ഉറങ്ങാന്‍ വേണ്ടി കഴിക്കുന്നത് തീരെ നല്ലതല്ലെന്നും, ആരോഗ്യമന്ത്രി കൊടുക്കേണ്ട നിര്‍ദ്ദേശം വിദ്യാഭ്യാസ മന്ത്രി കൊടുക്കുന്നു… ? ഇത് ഫൗളാണ് സാറേയെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്.
by Midhun HP News | Sep 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
മാന്നാര്‍ കടലിടുക്കിനു മുകളിലും തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ടതോടെയാണ് കേരളത്തില്‍ മഴ സജീവമായത്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അഞ്ചു ദിവസം മഴയുണ്ടാകുമെന്നാണ് അറിയിപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കൊച്ചി: അവശ്യ സേവനങ്ങള്‍ക്കായി വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കുന്നവരോട് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കേരളത്തിലെ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ശൃംഖലയായ അക്ഷയ കേന്ദ്രങ്ങള്‍ ബിസിനസ് സെന്ററുകള്‍ അല്ലെന്നും സേവന കേന്ദ്രങ്ങളാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. അവശ്യ സേവനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നു.
അക്ഷയ സെന്ററുകളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഓള്‍ കേരള അക്ഷയ എന്റര്‍പ്രണേഴ്‌സ് കോണ്‍ഫെഡറേഷന്റെ ഹര്‍ജിയും കോടതി തള്ളി. ഓഗസ്റ്റ് ആറിനാണ് സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ക്ക് ഏകീകൃത നിരക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. എന്നാല്‍, പ്രവര്‍ത്തികളുടെ വ്യാപ്തി, വിഭവങ്ങളുടെ ഉപയോഗം, പ്രവര്‍ത്തിയുടെ ചെലവ് എന്നിവ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.
വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പുതിയ സര്‍വീസ് ചാര്‍ജ് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ-സ്മാര്‍ട്ട് വഴിയുള്ള 13 സേവനങ്ങള്‍ക്കായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. എല്ലാ അക്ഷയ കേന്ദ്രങ്ങളിലും പുതുക്കിയ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
by Midhun HP News | Sep 11, 2025 | Latest News, കേരളം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്ഥാനത്ത് നിലവില്‍ 18 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് അടുത്തിടെ മരിക്കുന്ന ആറാമത്തെ വ്യക്തിയാണ് ഷാജി. വയനാട് ബത്തേരി സ്വദേശി രതീഷ് (45) കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും നേരത്തെ മരിച്ചിരുന്നു.
എന്താണ് അമീബിക് മസ്തിഷ്‌കജ്വരം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.
മലിനമായ കുളത്തില്‍ കുളിക്കരുത്
പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്.
മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം
ലക്ഷണങ്ങള്‍
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.
by Midhun HP News | Sep 10, 2025 | Latest News, കേരളം
കൊച്ചി: മുന്‍കൂര്‍ അനുമതി ഇല്ലാതെ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റിയത് അനുചിതമെന്ന് ഹൈക്കോടതി. സ്‌പെഷ്യല്‍ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്ന് ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. അപ്പോഴെങ്ങിനെയാണ് ദേവസ്വം ബോര്‍ഡിന് ഇത്തരമൊരു തീരുമാനമെടുക്കാനാകുക. ഹൈക്കോടതിയുടെ ഉത്തരവ് അനിവാര്യമായിരുന്നുവെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ദേവസ്വം ബെഞ്ചിനെ അറിയിക്കാതെയുള്ള നടപടി ഉചിതമായില്ല. പ്രധാനപ്പെട്ട തീരുമാനമെടുക്കുംമുമ്പ് കോടതിയില്‍ നിന്ന് അനുമതി തേടാന്‍ ആവശ്യത്തിന് സമയമുണ്ടായിരുന്നല്ലോ?. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് അതിന് ശ്രമിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തില്‍ വെള്ളിയാഴ്ച മറുപടി റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ നന്നാക്കാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വര്‍ണ്ണപ്പണികള്‍ നടത്താന്‍ പാടുള്ളുവെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപാളി ഇളക്കി മാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. ഈ നടപടിയില്‍ വീഴ്ചയില്ലെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നത്. സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് യാന്ത്രികമാണ്. വിഷയത്തില്‍ തന്ത്രിയുടെ അഭിപ്രായം തേടിയിരുന്നു. ശബരിമലയിലെ ആഭരണങ്ങളുടെ അധികാരിയായ തിരുവാഭരണ കമ്മീഷണറുടെ അനുമതിയോടെയാണ് നടപടി. ദേവസ്വം പൊലീസ് മഹസര്‍ തയ്യാറാക്കിയ ശേഷമാണ് ഇത് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. തങ്ങള്‍ക്കിടയിലെ ചിലരാണ് അനാവശ്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
by Midhun HP News | Sep 10, 2025 | Latest News, കേരളം
തിരുവനന്തപുരം: ഓണം സീസണിലെ മദ്യ വില്‍പന ഇത്തവണയും റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് മലപ്പുറം തിരൂരില്‍. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ആറ് വരെയുള്ള ദിവസങ്ങളിലെ ഔട്ട്‌ലറ്റ് തിരിച്ചുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പെരിന്തല്‍മണ്ണ വെയര്‍ ഹൗസിന് കീഴിലുള്ള തിരൂര്‍ ഔട്ട്‌ലറ്റില്‍ 12 പ്രവൃത്തിദിവസങ്ങളിലായി വിറ്റത് 6.41 കോടി രൂപയുടെ മദ്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്.
ആഘോഷ കാലത്തെ മദ്യവില്‍പനയുടെ പേരില്‍ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയ ചാലക്കുടി ഉള്‍പ്പെടെയുള്ള ഔട്ട്‌ലറ്റുകള്‍ ഇത്തവണ വില്‍പനയില്‍ താഴെയ്ക്ക് പോയി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയാണ് പട്ടികയില്‍ രണ്ടാമത്. 6.40 കോടി രൂപയാണ് കരുനാഗപ്പള്ളിയിലെ വില്‍പന. എടപ്പാള്‍ കുറ്റിപ്പാല (6.19), തിരുവനന്തപുരം പവര്‍ഹൗസ് (5.16), ചാലക്കുടി (5.10) എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. മൂന്ന് ഔട്ട്‌ലറ്റുകളിലെ വില്‍പന ആറ് കോടിക്ക് മുകളില്‍ എത്തിയപ്പോള്‍ മൂന്ന് ഔട്ട്‌ലറ്റുകളില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു വില്‍പന. 17 ഔട്ട്‌ലറ്റുകളില്‍ നാല് കോടിക്ക് മുകളില്‍ ആയിരുന്നു മദ്യ വില്‍പന. ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം പിടിച്ച എല്ലാ ഔട്ട്‌ലറ്റുകളിലും നാല് കോടിയോളം അടുപ്പിച്ചാണ് മദ്യവില്‍പനയിലൂടെ നേടിയത്.
കാവാട് കൊല്ലം (5.02), ഇരിങ്ങാലക്കുട (4.94), ചങ്ങനാശ്ശേരി (4.72), വര്‍ക്കല (4.63), രാമനാട്ടുകര (4.61), ചേര്‍ത്തല കോടതി ജംഗ്ഷന്‍(4.60), പയ്യന്നൂര്‍ (4.51), പെരിന്തല്‍മണ്ണ(4.46), കുണ്ടറ(4.38), പേരാമ്പ്ര (4.34), പൊക്ലായി (4.31), മഞ്ചേരി (4.30), കായംകുളം (4.30), മഞ്ഞപ്ര (4.19), ബിനാച്ചി (4.17), വടക്കാഞ്ചേരി(4.13), തണ്ണീര്‍പ്പന്തല്‍(4.11), വളവനാട് (4.00), കണ്ണൂര്‍ പാറക്കണ്ടി(3.99), നോര്‍ത്ത് പറവൂര്‍ (3.93) എന്നിങ്ങനെയാണ് കണക്കുകള്‍.
970.74 കോടി രൂപയുടെ മദ്യമാണ് ഓണത്തിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നിന്ന് 9.34% വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 842.07 കോടി രൂപയുടെ മദ്യമായിരുന്നു ബെവ്കോ വിറ്റത്. ഇത്തവണ ഉത്രാടം ദിനത്തിലാണ് സീസണിലെ ഏറ്റവും വലിയ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയാണ് ഉത്രാട ദിനത്തിലെ ബെവ്‌കോയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം 126.01 കോടി രൂപയായിരുന്നു ഇത്. മുന്‍വര്‍ഷത്തേക്കാള്‍ 9.23 ശതമാനം വര്‍ധനയാണ് ഇത്തവണ നേടിയത്. തിരുവോണം ദിനത്തില്‍ ബെവ്‌കോ ഔട്ട്ലറ്റുകള്‍ തുറന്നിരുന്നില്ല. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.
Recent Comments