വീണ്ടും ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

വീണ്ടും ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വയനാട്ടിലും അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ- ഒഡിഷ തീരത്ത് കരയില്‍ പ്രവേശിച്ചേക്കും. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴയും കാറ്റും മൂടി കെട്ടിയ അന്തരീക്ഷവും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ മരിച്ചു

വാളയാറില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ മരിച്ചു

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. തമിഴ്‌നാട് സ്വദേശികളായ മലര്‍ (40), ലാവണ്യ (40) എന്നിവരാണ് മരിച്ചത്. ഒരു പുരുഷനെയും മൂന്ന് കുട്ടികളെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

വാളയാര്‍ വട്ടപ്പാറ ചെക്ക് പോസ്റ്റിനു സമീപമാണ് അപകടം. തമിഴ്‌നാട് ചെന്നൈ പെരുമ്പം സ്വദേശികളായ രണ്ട് കുടുംബങ്ങളാണ് അപകടത്തില്‍പെട്ടത്. കാക്കനാട് നടന്ന കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടമുണ്ടായത്. രണ്ടു പുരുഷന്മാരും അവരുടെ ഭാര്യമാരും മൂന്നു കുട്ടികളുമായി ഏഴു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സ്ത്രീകള്‍ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ അഗ്‌നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്. സായിറാം (48), 8 വയസ്സുള്ള മകന്‍, ഡ്രൈവര്‍ ശെല്‍വം (45), ഇയാളുടെ 2 മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സമൂഹമാധ്യമത്തിലൂടെ പരിചയം, ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയം, ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പതാം ക്ലാസുകാരിയെ ഓട്ടോറിക്ഷയ്ക്കുള്ളില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഓട്ടോറിക്ഷാ ഡ്രൈവറായ കുന്നത്തുകാല്‍കുഴി വിളയില്‍ സുജിത് (23) ആണ് പൊലീസിന്റെ പിടിയിലായത്.

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷമാണ് ഇയാള്‍ പീഡനശ്രമം നടത്തിയത്. കഴിഞ്ഞ നാലുമാസമായി ഇയാള്‍ വിദ്യാര്‍ഥിനിയോട് മോശം പെരുമാറിയിരുന്നതായി വിവരം ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു.

വിദ്യാര്‍ഥിനിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വെങ്ങാനൂര്‍ മേഖലയില്‍ ഓട്ടോറിക്ഷ ഓടിക്കുന്നയാളാണ് അറസ്റ്റിലായ സുജിത്.

കനത്ത മഴ തന്നെ; കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

കനത്ത മഴ തന്നെ; കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.

മഞ്ഞ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. വടക്കു പടിഞ്ഞാറന്‍ – മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യത. സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഈ മാസം 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. മറ്റന്നാള്‍ വരെ 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ് നാട് തീരം, വടക്കന്‍ തമിഴ് നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

‘ദുര്‍മരണമുണ്ടാകും, പരിഹാരമായി പൂജ ചെയ്യണം’; തട്ടിയെടുത്തത് അഞ്ചര ലക്ഷം, പൂജാരി അറസ്റ്റില്‍

‘ദുര്‍മരണമുണ്ടാകും, പരിഹാരമായി പൂജ ചെയ്യണം’; തട്ടിയെടുത്തത് അഞ്ചര ലക്ഷം, പൂജാരി അറസ്റ്റില്‍

കൊല്ലം: പൂജയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍. ഇളമ്പള്ളൂര്‍ സ്വദേശി പ്രസാദ് (54) ആണ് ശൂരനാട് പൊലീസിന്റെ പിടിയിലായത്. ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബമാണ് തട്ടിപ്പിന് ഇരയായത്. ഗൃഹനാഥന് ദുര്‍മരണം സംഭവിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പരിഹാര പൂജയ്ക്കുള്ള ചെലവ് എന്ന പേരില്‍ 4 ലക്ഷം രൂപയും മറ്റ് ആവശ്യങ്ങള്‍ പറഞ്ഞ് അഞ്ചര ലക്ഷം രൂപയുമാണ് പ്രസാദ് തട്ടിയെടുത്തത്.

തട്ടിപ്പിനിരയായ കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്നു പ്രസാദ്. ശത്രു ദോഷങ്ങള്‍ ഉള്ളതായും ഉടനടി അതിന് പരിഹാരമായി പൂജകള്‍ ചെയ്തില്ലെങ്കില്‍ ഗൃഹനാഥന് ദുര്‍മരണമുണ്ടാകുമെന്നും കുടുംബാംഗങ്ങള്‍ക്കു വന്‍ വിപത്തുകള്‍ ഉണ്ടാകുമെന്നും ഗൃഹനാഥന്റെ മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. ഓണ്‍ലൈന്‍ ആയാണ് പണം കൈപ്പറ്റിയത്. തുക കൈമാറിയ ശേഷം പൂജകളെക്കുറിച്ച് ചോദിച്ചപ്പോള്‍, കുടുംബത്തെ ഹൈദരാബാദില്‍ നിന്നും പോരുവഴിയിലുള്ള തന്റെ വീട്ടിലേക്ക് പ്രസാദ് വിളിച്ചുവരുത്തുകയും അനുബന്ധ പൂജകള്‍ കൂടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

വൈകാതെ പ്രതി പരാതിക്കാരുടെ കുടുംബ ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയി. തട്ടിപ്പിന് ഇരയായെന്നു മനസ്സിലാക്കിയ മലയാളി കുടുംബം, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോസഫ് ലിയോണിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജേഷ്, എസ്‌ഐ ഉമേഷ്, സിപിഒമാരായ അരുണ്‍ ബാബു, അരുണ്‍രാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

നാളെ ഗുരുവായില്‍ 160 വിവാഹങ്ങള്‍; ഓഗസ്റ്റ് 31ന് 190; ബുക്കിങ് 1531 ആയി

ഗുരുവായൂര്‍: ചിങ്ങ മാസം ഒന്നാം തീയതിയായ നാളെ ഗുരുവായൂരില്‍ 160 വിവാഹങ്ങള്‍ നടക്കും. ചിങ്ങമാസത്തില്‍ മാത്രം ഇതുവരെ ബുക്ക് ചെയ്തത് 1531 വിവാഹങ്ങള്‍ ആണ്. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിലെ 5 മണ്ഡപങ്ങളിലായി നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്‍. ഈ മാസം 31നാണ് ഏറ്റവും അധികം വിവാഹം ബുക്ക് ചെയ്തിരിക്കുന്നത്. 190 വിവാഹങ്ങളാണ് അന്നേദിവസം നടക്കുക.

ഒന്നാം ഓണ ദിനമായ സെപ്റ്റംബര്‍ നാലിന് 87 വിവാഹങ്ങളുണ്ട്. തിരുവോണ ദിവസം 5 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കര്‍ക്കിടകം കഴിയുന്നതോടെയാണ് ഗുരുവായൂരില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തിലെ ഇല്ലംനിറ, തൃപുത്തിരി, ഉത്രാടക്കാഴ്ച, തിരുവോണ സദ്യ, അഷ്ടമി രോഹിണി ആഘോഷങ്ങള്‍ ഈ മാസം ആണ് നടക്കുന്നത്.

ഈ ദിവസങ്ങളില്‍ ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരും. വേഗത്തില്‍ ദര്‍ശനത്തിനായുള്ള ആയിരം രൂപയുടെ നെയ്യ് വിളക്ക് വാങ്ങാനും തിരക്കുണ്ടാകും. ചോറൂണുകള്‍, വാഹനപൂജ വഴിപാട് എന്നിവയുടെ എണ്ണവും ചിങ്ങമാസത്തില്‍ കൂടുതലായിരിക്കും. ക്ഷത്രത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രഭാതഭക്ഷണവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാത്രി ഭക്ഷണവും ഉണ്ടാകും.