by Midhun HP News | Aug 18, 2025 | Latest News, കേരളം
തൃശൂര്‍: എറണാകുളം – തൃശൂര്‍ റൂട്ടില്‍ ദേശീയപാത 544ല്‍ ഇന്നും വന്‍ ഗതാഗതക്കുരുക്ക്. അവധി ദിവസങ്ങള്‍ക്ക് പിന്നാലെ എത്തുന്ന പ്രവര്‍ത്തി ദിനം എന്ന സാഹചര്യവും അടിപ്പാത നിര്‍മാണവും ഉള്‍പ്പെടെയാണ് ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ബ്ലോക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗതം സുഗമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ മുരിങ്ങൂര്‍ മേഖയില്‍ ഇന്നും വന്‍ തിരക്കാണ് രൂപം കൊണ്ടിരിക്കുന്നത്. നാല്‍പത്തിയഞ്ച് മിനിറ്റിലധികമാണ് പലരും കുരുക്കില്‍ അകപ്പെട്ടത്. ആമ്പല്ലൂര്‍, ചാലക്കുടി മേഖലകളിലെ സമാന്തര പാതകള്‍ വഴി ചെറുവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ട് ഗതാഗതക്കുരുക്ക് അഴിക്കാനാണ് നിലവില്‍ ശ്രമം. പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി വിവിധ മേഖകളില്‍ നിയോഗിച്ചിട്ടുണ്ട്.
മുരിങ്ങൂര്‍ പാലം കയറുന്നതിന് മുന്‍പ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ട് കാടുകുറ്റി – അത്താണി വഴി എയര്‍പോര്‍ട്ട് ജംഗ്ഷന് അടുത്ത് എത്തുന്ന വഴിയിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഹെവി വാഹനങ്ങളാണ് മുരിങ്ങൂര്‍ പാലം വഴി കടത്തിവിടുന്നത്. പോട്ട – അഷ്ടമിച്ചാല്‍ – മാള വഴി എറണാകുളത്തേക്കും വാഹനങ്ങള്‍ തിരിച്ചുവിടുന്നുണ്ട്. ദേശീയപാത 544 എറണാകുളം ദിശയില്‍ 12 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് പതിവായിട്ടുള്ളത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച ഉച്ചവരെ ബ്ലോക്ക് തുടര്‍ന്നിരുന്നു.
by Midhun HP News | Aug 18, 2025 | Latest News, കേരളം
തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെഎസ്ഇബിയുടെ കൈത്താങ്ങ്. ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് കെഎസ്ഇബി വഹിക്കും. ഈ സൗകര്യം ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക എന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കുറിപ്പ്:
ലൈഫ് മിഷന്‍ ഭവന പദ്ധതിക്ക് കെ എസ് ഇ ബിയുടെ കൈത്താങ്ങ്!
വൈദ്യുതി ലൈനുകള്‍ സൗജന്യമായി മാറ്റി സ്ഥാപിക്കാം
നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ?

നിങ്ങളെ സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.
എന്താണ് ഈ പദ്ധതി?
ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള 50,000 വരെയുള്ള ചെലവ് KSEB വഹിക്കും.
ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക.

by Midhun HP News | Aug 18, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയടക്കം ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി വൈദ്യുതോല്‍പാദനവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ഒമ്പത് ഡാമുകളില്‍ ആണ് ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കക്കി, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ തുടങ്ങിയ ഒമ്പത് ഡാമുകള്‍ക്കാണ് റെഡ് അലര്‍ട്ട് നിലവിലുള്ളത്. പമ്പ – 81 ശതമാനം, ഷോളയാര്‍ – 99 ശതമാനം, ഇടമലയാര്‍ – 79 ശതമാനം എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്.

സംഭരണ ശേഷിയുടെ 73 ശതമാനമാണ് ഇടുക്കി ഡാമിലെ നിലവിലെ ജല നിരപ്പ്. ഇതോടെ ഇടുക്കിയില്‍നിന്ന് 7.748 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ് ഉത്പാദിപ്പിക്കുന്നത്. ശബരിഗിരിയില്‍ 5.8879 ദശലക്ഷം യൂണിറ്റും മറ്റ് ഡാമുകളിലും റൂള്‍കര്‍വ് പാലിച്ച് ഉല്‍പാദനം ക്രമീകരിക്കുന്നുണ്ട്. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്.

82 ദശലക്ഷം യൂണിറ്റാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന ഉപയോഗം. കഴിഞ്ഞ ദിവസം ഇത് 76.8122 ദശലക്ഷം യൂണിറ്റായിരുന്നു. ഇതില്‍ 38.6854 ദശലക്ഷം യൂണിറ്റും കേരളത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചതാണെന്നതാണ് മറ്റൊരു പ്രത്യേകത. 38.1268 ദശലക്ഷം യൂണിറ്റാണ് പുറത്തുനിന്ന് വാങ്ങിയത്. പുറത്തുനിന്നും വില കൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ കൂടൂതല്‍ സംസ്ഥാനത്ത് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടു എന്നതാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പീക്ക് സമയ പ്രതിദിന ആവശ്യകത നിലവില്‍4000 മെഗാവാട്ടില്‍ താഴെയാണ്. ശനിയാഴ്ച ഇത് 3800 മെഗാവാട്ട് ആയിരുന്നു.

by Midhun HP News | Aug 18, 2025 | Latest News, കേരളം
കൊച്ചി: എറണാകുളം ആലുവയില്‍ വന്‍ ലഹരി വേട്ട. 50 ലക്ഷം രൂപയുടെ ലഹരി മരുന്ന് പിടികൂടി. ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും അസം സ്വദേശി ഹുസൈന്‍ സഹീറുല്‍ ഇസ്ലാം എന്നയാളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. 158 ഗ്രാം വരുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനകളില്‍ 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും കണ്ടെത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1781 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 106 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.60782 കി.ഗ്രാം), കഞ്ചാവ് (21.91892 കി.ഗ്രാം), കഞ്ചാവ് ബീഡി (62 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

by Midhun HP News | Aug 18, 2025 | Latest News, കേരളം
തിരുവനന്തപുരം: റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ വീണ്ടും പരാതികള്‍. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ടു യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പരാതി വന്നത്. രണ്ടു യുവതികളും മുഖ്യമന്ത്രിയെ കാണാന്‍ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. രണ്ടാമത്തെ പരാതി 2021ലെ സംഭവവുമായി ബന്ധപ്പെട്ടാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ വേടന്‍ ഇപ്പോള്‍ ഒളിവിലാണ്.

2021 ഓഗസ്റ്റ് ഒന്നിനും 2023 മാര്‍ച്ച് 31നും ഇടയില്‍ പല തവണകളായി വേടന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു ബലാത്സംഗക്കേസിന് ആധാരമായ യുവ ഡോക്ടറുടെ മൊഴി. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്ന് വേടന്‍ പിന്‍മാറി. വേടന്റെ പിന്മാറ്റം തന്നെ മാനസികമായി തളര്‍ത്തിയെന്നും ഡിപ്രഷനിലായെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

by Midhun HP News | Aug 18, 2025 | Latest News, കേരളം
തിരുവന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുണ്ട്. മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അഞ്ച് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുകളുള്ളത്.

എന്നാല്‍ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. സ്‌കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

മഴ മുന്നറിയിപ്പുകളില്ലെങ്കിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Recent Comments