by Midhun HP News | Aug 13, 2025 | Latest News, കേരളം
കാസര്‍കോട്: മോഷ്ടിച്ച മാലയാണോ എന്നറിയില്ല; കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസ്സിനെക്കുറിച്ചാണ് പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങന.’ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍. ഒരുവിറയല്‍. കുറെ ആലോചിച്ചു. എന്തുചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ് ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു. ആരാന്റെ മുതല്‍ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്’.
ഈ മാസം നാലിന് വൈകീട്ട് പൊയ്‌നാച്ചിയില്‍ നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവ്, റിട്ട. ററവന്യൂ ഉദ്യോഗസ്ഥനൊപ്പം ബസില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പൊതുജന കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ ചെയ്തു.
ഇന്നലെ രാവിലെ പത്തരയ്ക്ക് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടം കുഴി എന്നെഴുതിയിട്ടുണ്ട്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു.
ഒരു സുപ്രധാന ഉത്തരവില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു. ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി രേഖകള്‍, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ എന്നിവ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം താനെ പൊലീസ് കേസെടുത്ത ഹരജിക്കാരന് സിംഗിള്‍ ജഡ്ജി ജാമ്യം നിഷേധിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഇന്ത്യ ‘ചരിത്രപരമായി’ രൂപാന്തരപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തില്‍ ഒരു ‘താല്‍ക്കാലിക’ ക്രമീകരണം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. എന്നിരുന്നാലും, 1955 ല്‍ പാര്‍ലമെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രണ നിയമവുമാണെന്ന് ജഡ്ജി പറഞ്ഞു.
നിയമാനുസൃത പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമിടയില്‍ നിയമം വ്യക്തമായ രേഖ വരയ്ക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന മിക്ക നിയമ വഴികളിലൂടെയും പൗരത്വം നേടുന്നതില്‍ നിന്ന് വിലക്കുണ്ട്. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയില്‍ തുടരാന്‍ നിയമപരമായ പദവിയില്ലാത്തവര്‍ തെറ്റായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ജഡ്ജി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യാജമാണെന്നോ വിദേശത്തുനിന്നുള്ളയാളാണെന്നോ ആരോപണമുണ്ടായാല്‍, ചില തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിഷയം തീരുമാനിക്കാന്‍ കഴിയില്ലെന്നും പൗരത്വ അവകാശവാദം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.
by Midhun HP News | Aug 13, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം നാലിനാണ് ഷമീര്‍ നാട്ടിലെത്തിയത്. ഇയാള്‍ക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണില്‍ ഇന്നോവയില്‍ എത്തിയ സംഘം നാട്ടുകാര്‍ കാണ്‍കെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ബിസിനസ്സിലെ തര്‍ക്കമാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
മലപ്പുറം എസ്പിയുടെ പ്രത്യേക നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പെണ്‍കുട്ടി ജീവനൊടുക്കുന്നതില്‍ ഇവര്‍ക്കും പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. റമീസ് മാനസികമായി സമ്മര്‍ദം ചെലുത്തിയത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി അന്വേഷണസംഘം കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി ആലുവയിലെ വീട്ടിലെത്തിച്ചും തെളിവെടുക്കും.
റമീസിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്നിവ പ്രത്യേക അന്വേഷണസംഘം പരിശോധിച്ചു. മുവാറ്റുപുഴ ഡിവൈഎസ്പി പിഎം ബൈജു, കോതമംഗലം ഇന്‍സ്‌പെക്ടര്‍ പിടി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷണിക്കുന്നത്.
സംഭവം എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. മകളുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനം ശ്രമത്തെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ ആരോപിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍. ചേറൂര്‍ സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ വില്‍സനാണ് പിടിയിലായത്. വിപിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിച്ചിരുന്നു. സിപിഎം ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ സംഭവത്തില്‍ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്
രാവിലെ 10 30 ന് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അതേസമയം, വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഇന്ന് തൃശ്ശൂരിലെത്തും. തിരുവനന്തപുരത്തുനിന്ന് തിരിച്ചു. രാവിലെ 9.30ന് വന്ദേ ഭാരതിന് തൃശ്ശൂരിലെത്തും. റെയില്‍വേ സ്റ്റേഷനില്‍ ബിജെപി സ്വീകരണം നല്‍കും. ചികിത്സയിലുള്ള ബിജെപി പ്രവര്‍ത്തകരെയും അദ്ദേഹം സന്ദര്‍ശിക്കും.
by Midhun HP News | Aug 13, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരില്‍ എത്തും. ഒന്‍പതരയ്ക്ക് റെയില്‍വേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും.
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയ്ക്ക് തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്തുകയറിയത്.
രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടു ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും രംഗത്തുണ്ട്.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാര്‍ച്ച് നടത്താനാണ് തീരുമാനം.
ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവര്‍ത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസില്‍ ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേര്‍ക്ക് വീതം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Recent Comments