വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ എട്ട് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു പുലിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ജൂണിലും വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് അന്ന് പുലി പിടിച്ചത്. ഒരു രാത്രി പിന്നിട്ട ശേഷമായിരുന്നു ഭാതിഭക്ഷിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതം; പ്രമോദിന്റെ മൃതദേഹം കണ്ടെത്തി?

കണ്ണൂര്‍: കോഴിക്കോട് സഹോദരിമാരെ കൊലപ്പെടുത്തിയതിന് പിന്നാലെ കാണാതായ സഹോദരന്‍ പ്രമോദിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. തലശ്ശേരി പുല്ലായി പുഴയില്‍ നിന്നാണ് അറുപതുകാരന്റെത് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. മൃതദേഹത്തിന്റെ ഫോട്ടോ ബന്ധുക്കള്‍ തിരിച്ചറിഞ്ഞുവെന്നും ഇനി മൃതദേഹം നേരില്‍കണ്ട് തിരിച്ചറിയണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ പ്രമോദിനെ പൊലീസ് തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം സഹോദരനെ കാണാതാവുകയും ചെയ്തു. അവസാനമായി മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത് ഫറോക്ക് പാലത്തിലായിരുന്നു. തുടര്‍ന്ന് പ്രമോദ് ആത്മഹത്യ ചെയ്‌തെന്ന സംശയവും പൊലീസിനുണ്ടായിരുന്നു.

ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരുടെ മരണവിവരം പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് . ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ വെളുത്ത തുണി പുതപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രോഗബാധിതരായ സഹോദരിമാരെ ആരും നോക്കാനില്ലാതെ വന്നതോടെയാണ് ഇവരെ കൊലപ്പെടുത്താന്‍ പ്രമോദ് തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇടിമിന്നലിനും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായേക്കും. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. വടക്കൻ ഗുജറാത്ത് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ അറബിക്കടൽ, കൊങ്കൺ & ഗോവ തീരങ്ങൾ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കൽ, ആൻഡമാൻ കടൽ, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില

സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. മൂന്നു ദിവസത്തിനിടെ പവന് 1400 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

‘വോട്ടെണ്ണല്‍ ദിനം തൃശൂരില്‍ നില്‍ക്കേണ്ടെന്ന് അമിത് ഷാ സുരേഷ് ഗോപിയോടു പറഞ്ഞു, വെളിപ്പെടുത്തിയത് സിനിമാ നിര്‍മാതാവ്’

‘വോട്ടെണ്ണല്‍ ദിനം തൃശൂരില്‍ നില്‍ക്കേണ്ടെന്ന് അമിത് ഷാ സുരേഷ് ഗോപിയോടു പറഞ്ഞു, വെളിപ്പെടുത്തിയത് സിനിമാ നിര്‍മാതാവ്’

തൃശൂര്‍: തൃശൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് കെ മുരളീധരന്‍. അന്നത്തെ വരണാധികാരിയായിരുന്ന കലക്ടര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് മുരളിധരന്റെ പ്രതികരണം. ജനുവരി മൂന്നിന് നരേന്ദ്രമോദി വന്നുപോയതിനുശേഷം ഗൂഢാലോചന പൂര്‍ണ്ണതയില്‍ എത്തിയെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.

‘അമിത് ഷാ, സുരേഷ് ഗോപിയോട് വോട്ടെണ്ണല്‍ ദിവസം തൃശൂരില്‍ ഉണ്ടാവേണ്ടതില്ലെന്നു നിര്‍ദ്ദേശിച്ചിരുന്നു. എംപിയായതിനുശേഷം ചെന്നാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ഇക്കാര്യം എന്നോട് ഒരു സിനിമാ നിര്‍മ്മാതാവാണു പറഞ്ഞത്. പേരു ഞാന്‍ പറയുന്നില്ല. സംഭവിച്ചതും അതുതന്നെയാണെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ക്കും അറിയാമല്ലോ?.’

‘പൂങ്കുന്നത്തെ ബൂത്തില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തതായി അന്നേ ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു. സംശയംതോന്നിയ വോട്ടര്‍മാരെ തടഞ്ഞുവച്ചിരുന്നു. പഷെ, കലക്ടര്‍ എത്തി അത് ക്ലിയര്‍ ചെയ്തു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ഡല്‍ഹിയിലെ നേതൃത്വവുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ‘മുരളീധരന്‍ പറഞ്ഞു.

‘ആത്മഹത്യ ചെയ്‌തോളൂ’, വാട്‌സ്ആപ്പ് ചാറ്റുകളും മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന്

‘ആത്മഹത്യ ചെയ്‌തോളൂ’, വാട്‌സ്ആപ്പ് ചാറ്റുകളും മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന്

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമം​ഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എൽദോസിന്റെ മരണത്തിൽ സുഹൃത്ത് റമീസിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്.

റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.

രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് മതം മാറണമെന്ന് നിര്‍ബന്ധിച്ചു. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാൻ നിർബന്ധിച്ചുവെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.