by Midhun HP News | Aug 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. മൂന്നു ദിവസത്തിനിടെ പവന് 1400 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74,000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 11, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന് കെ മുരളീധരന്‍. അന്നത്തെ വരണാധികാരിയായിരുന്ന കലക്ടര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചാണ് മുരളിധരന്റെ പ്രതികരണം. ജനുവരി മൂന്നിന് നരേന്ദ്രമോദി വന്നുപോയതിനുശേഷം ഗൂഢാലോചന പൂര്‍ണ്ണതയില്‍ എത്തിയെന്നും മുരളീധരന്‍ തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു.
‘അമിത് ഷാ, സുരേഷ് ഗോപിയോട് വോട്ടെണ്ണല്‍ ദിവസം തൃശൂരില്‍ ഉണ്ടാവേണ്ടതില്ലെന്നു നിര്‍ദ്ദേശിച്ചിരുന്നു. എംപിയായതിനുശേഷം ചെന്നാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശിച്ചത്. ഇക്കാര്യം എന്നോട് ഒരു സിനിമാ നിര്‍മ്മാതാവാണു പറഞ്ഞത്. പേരു ഞാന്‍ പറയുന്നില്ല. സംഭവിച്ചതും അതുതന്നെയാണെന്ന് നിങ്ങള്‍ മാധ്യമങ്ങള്‍ക്കും അറിയാമല്ലോ?.’
‘പൂങ്കുന്നത്തെ ബൂത്തില്‍ വ്യാജവോട്ടുകള്‍ ചേര്‍ത്തതായി അന്നേ ഞങ്ങള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു. സംശയംതോന്നിയ വോട്ടര്‍മാരെ തടഞ്ഞുവച്ചിരുന്നു. പഷെ, കലക്ടര്‍ എത്തി അത് ക്ലിയര്‍ ചെയ്തു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും. ഡല്‍ഹിയിലെ നേതൃത്വവുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ‘മുരളീധരന്‍ പറഞ്ഞു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് കോതമംഗലം പൊലീസ് റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോന എൽദോസിന്റെ മരണത്തിൽ സുഹൃത്ത് റമീസിനെതിരെ വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് സോന പറയുമ്പോള്‍ ചെയ്‌തോളാനായിരുന്നു റമീസിന്റെ മറുപടി. സോനയെ മര്‍ദിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സാപ് ചാറ്റുകളില്‍ നിന്നാണ് പൊലീസിന് തെളിവുകള്‍ ലഭിച്ചത്.
റമീസിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. റമീസിനെ നേരത്തെ അനാശാസ്യത്തിന് ലോഡ്ജില്‍ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്. ലഹരി കൈവശം വെച്ചതിനും റമീസിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. ഇക്കാര്യം അറിഞ്ഞപ്പോഴാണ് മതം മാറാനുള്ള തീരുമാനത്തില്‍ നിന്നും സോന പിന്മാറിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. റമീസിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് സോനയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
രജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോനയെ റമീസ് വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് മതം മാറണമെന്ന് നിര്‍ബന്ധിച്ചു. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു. അയാളുടെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർത്ഥിനിയാണ് മരിച്ച സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തു വന്നിരുന്നു. സോനയുടെ ആത്മഹത്യക്കുറിപ്പിൽ റമീസിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന തന്നോട് മതം മാറാൻ നിർബന്ധിച്ചുവെന്ന് കുറിപ്പിൽ സൂചിപ്പിക്കുന്നു. റമീസിന്റെ വീട്ടുകാരെയും കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
തിരുവനന്തപുരം: ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ- ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്.ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.
ഇന്ന് (തിങ്കളാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ജാഗ്രതയുടെ ഭാഗമായി ഈ നാലു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മാഡന്‍-ജൂലിയന്‍ ഓസിലേഷന്റെ വ്യാപനം വരും ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് പ്രവര്‍ത്തനത്തിന് ശക്തി പകരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇത് കോര്‍ മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മഴയുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും.
ഓഗസ്റ്റ് 1 മുതല്‍ 11 വരെ സാധാരണയായി ലഭിക്കേണ്ട ശരാശരി മഴയായ 179 മില്ലിമീറ്റര്‍ മഴയെ അപേക്ഷിച്ച് കേരളത്തില്‍ 75.4 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നാം തീയതി മുതല്‍ ഇതുവരെ കേരളത്തില്‍ മഴയുടെ മൊത്തത്തിലുള്ള കുറവ് ഇപ്പോള്‍ 15 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. കാലവര്‍ഷം ഇനിയും ദുര്‍ബലമായി തുടര്‍ന്നാല്‍ മണ്‍സൂണ്‍ കുറവുള്ള സീസണ്‍ ആയി ഈ വര്‍ഷം രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കണ്ണൂര്‍: തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘തൃശൂരില്‍ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാര്‍ലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു’
‘സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍. ആ സ്ഥാപനമിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. കള്ളവോട്ട് ചേര്‍ത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരില്‍ കള്ളവോട്ട് ചേര്‍ത്തെന്ന ആക്ഷേപത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയില്‍നിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചര്‍ച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്’-മന്ത്രി പറഞ്ഞു.
ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകും. വേനല്‍ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചര്‍ച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വര്‍ഷം എന്തായാലും നടപ്പിലാക്കാന്‍ പറ്റില്ലെന്നും കുട്ടികളുടെ കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളുമുണ്ട്.
ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവര്‍ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങള്‍ കവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കവര്‍ച്ചാസംഘങ്ങളുള്ളത്. ഇത്തരം കവര്‍ച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനില്‍ക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി.
Recent Comments