ബലാത്സംഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ്, സംഗീത ഷോകള്‍ റദ്ദാക്കി ഒളിവില്‍, തിരച്ചില്‍ ഊര്‍ജ്ജിതം

ബലാത്സംഗക്കേസ്: വേടനെതിരെ ലുക്കൗട്ട് നോട്ടീസ്, സംഗീത ഷോകള്‍ റദ്ദാക്കി ഒളിവില്‍, തിരച്ചില്‍ ഊര്‍ജ്ജിതം

കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.

കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്

‘ഞങ്ങളുടെ വിലാസത്തില്‍ 9 വോട്ട്, ആരെയും അറിയില്ല’; തൃശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ

‘ഞങ്ങളുടെ വിലാസത്തില്‍ 9 വോട്ട്, ആരെയും അറിയില്ല’; തൃശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ വെളിപ്പെടുത്തലുമായി വീട്ടമ്മ

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ പലരുടെയും വോട്ടുകൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന അശോകന്‍ പറയുന്നു.

പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകന്‍ കൂട്ടിച്ചേര്‍ത്തു. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ 4 സി ഫ്‌ലാറ്റിലാണ് പ്രസന്ന കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ്, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ക്ക് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. എന്നാല്‍ ഇവരുടെ കാപ്പിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ലാറ്റ് വിലാസത്തില്‍ ഒമ്പതു വോട്ടുകളാണ് ചേര്‍ത്തിട്ടുള്ളത്.

അജയകുമാര്‍, അയ്യപ്പന്‍, സന്തോഷ് കുമാര്‍, സജിത് ബാബു, മനീഷ് എം എസ്, മുഖാമിയമ്മ, സല്‍ജ കെ, മോനിഷ, സുധീര്‍ തുടങ്ങിയവരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇവരെയാരെയും തനിക്ക് അറിയില്ലെന്നും, തന്റെ ബന്ധുക്കള്‍ അല്ലെന്നും പ്രസന്ന പറഞ്ഞു. ഇവരുടെ പേര് എങ്ങനെ ഞങ്ങളുടെ വിലാസത്തില്‍ വന്നു എന്നറിയില്ല. നാലു വര്‍ഷമായി ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നു. കഴിഞ്ഞ തവണ വോട്ടു ചെയ്യാന്‍ ഇവര്‍ വന്നപ്പോള്‍ പ്രശ്‌നമുണ്ടായതായി അറിഞ്ഞു. ഇവരെ ഞങ്ങള്‍ക്ക് അറിവുള്ളവരല്ലെന്ന് പരാതി നല്‍കിയിരുന്നുവെന്നും പ്രസന്ന പറഞ്ഞു.

ഫ്‌ലാറ്റിന്റെ പേരില്‍ കള്ളവോട്ട് ചേര്‍ത്തതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിവില്ലെന്നും പ്രസന്ന പറഞ്ഞു. വോട്ടേഴ്‌സ് സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചു. ഫ്‌ലാറ്റിന്റെ വാടക ചീട്ട് ഉപയോഗിച്ചാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. തൃശൂരില്‍ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ

സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 760 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്.

74000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

മാള സഹകരണ ബാങ്കില്‍ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

മാള സഹകരണ ബാങ്കില്‍ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ്, കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ 21 പ്രതികള്‍

തൃശൂര്‍: മാള സഹകരണ ബാങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് 21 പേരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മാള സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിലെ മുന്‍ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികള്‍ ക്രമക്കേട് നടത്തി ബാങ്കില്‍ പണയപ്പെടുത്തി പത്തു കോടി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ വായ്പയായി വാങ്ങുകയും തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. മാള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുരുവിലശേരി വലിയപറമ്പ് സ്വദേശി അതിയാരത്ത് വീട്ടില്‍ രാധാകൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡിലെ മെമ്പര്‍മാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സണ്‍ വര്‍ഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടന്‍, കൃഷ്ണന്‍കുട്ടി ടി പി, നിയാസ്, പി സി ഗോപി, പി കെ ഗാപി, പോള്‍സണ്‍ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണന്‍, ഷിന്റോ എടാട്ടുകാരന്‍, സിന്ധു അശോകന്‍, തോമസ് പഞ്ഞിക്കാരന്‍, വിജയ കുറുപ്പ്, വിത്സന്‍ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, ജോര്‍ജ് പി ഐ, ജോയ് എം ജെ, സെന്‍സന്‍ എന്നീ 21 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

മാള കോപ്പറേറ്റീവ് ബാങ്ക് കാലങ്ങളായി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഭരിക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. നിക്ഷേപകര്‍ക്ക് നിലവില്‍ പണം കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെ ജി, മാള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി വിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു; അപകടം മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍, അറിയിച്ചത് കുട്ടി വീണെന്ന് മാത്രം

ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു; അപകടം മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍, അറിയിച്ചത് കുട്ടി വീണെന്ന് മാത്രം

മലപ്പുറം: തിരൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ വച്ച് കാറിടിച്ചു. വിവരം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. സ്‌കൂള്‍ പരിസരത്ത് വച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. മലപ്പുറം തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ജൂലൈ 31 നായിരുന്നു അപകടം.

എന്നാല്‍ കുട്ടി വീണെന്ന് മാത്രമായിരുന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. കാറിടിച്ച് കുട്ടി തെറിച്ചുവീണെങ്കിലും പ്രകടമായ പരിക്കേറ്റിരുന്നില്ല. എന്നാല്‍ അപകടം കുട്ടിയില്‍ വലിയ പേടി ഉളവാക്കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ കോംപൗണ്ടിലേക്ക് കടന്നുവന്ന കറുത്ത ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് പരിക്കില്ലെന്ന് കണ്ടതോടെ വിഷയം നിസാരവത്കരിച്ചെന്നാണ് ആക്ഷേപം.

അപകടത്തിന് ശേഷം കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലും വിധേയമാക്കാതെ പതിവ് പോലെ വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ ശരീകത്തില്‍ പ്രത്യക്ഷപ്പെട്ട പാടുകള്‍ ശ്രദ്ധിയില്‍പ്പെട്ട് നടത്തിയ അന്വേഷണമാണ് അപകടം സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത്. കുട്ടിയെ കാര്‍ ഇടിച്ച വിവരം അവിടെ കൂടിയിരുന്ന ആളുകള്‍ ആരും സ്‌കൂളില്‍ അറിയിച്ചില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്തു.

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍

തിരുവനന്തപുരം: ഷാര്‍ജയില്‍ ഫ്‌ലാറ്റില്‍ ഹാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭര്‍ത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാല്‍ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിരുന്നു.

അതുല്യയുടെ മരണത്തില്‍ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം.

ഭര്‍ത്താവ് സതീഷ് മകളെ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകൽ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലര്‍ച്ചെയാണ് ഷാര്‍ജയിലെ ഫ്ളാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ പൊലീസ് കൊലപാതകം, സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകൾ ചുമത്തി സതീഷിനെതിരെ കേസെടുത്തിരുന്നു.

സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിച്ചിരുന്നു. അതുല്യയുടെ മരണം വിവാദമായതോടെ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍ നിന്നും ഷാർജയിലെ കമ്പനി പിരിച്ചുവിട്ടിരുന്നു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് നടപടിയെടുത്തതെന്ന് കമ്പനി വ്യക്തമാക്കി.