by Midhun HP News | Aug 11, 2025 | Latest News, കേരളം
കണ്ണൂര്‍: തൃശൂര്‍ എംപിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രമന്ത്രിയെ കാണാനില്ലെന്ന് പറഞ്ഞാല്‍ അത് ഗൗരവമുള്ള കാര്യമാണെന്നും സുരേഷ് ഗോപി ബിജെപിയില്‍ നിന്ന് രാജിവെച്ചോയെന്നും വി ശിവന്‍കുട്ടി ചോദിച്ചു. സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്നും എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
‘തൃശൂരില്‍ ഫ്‌ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു. മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാര്‍ലമെന്റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാംപ് ചെയ്ത് കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു’
‘സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍. ആ സ്ഥാപനമിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വാലായി പ്രവര്‍ത്തിക്കുന്നു. കള്ളവോട്ട് ചേര്‍ത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരില്‍ കള്ളവോട്ട് ചേര്‍ത്തെന്ന ആക്ഷേപത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാല്‍ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്. സുരേഷ് ഗോപി ബിജെപിയില്‍നിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബിജെപി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്റെ ഒളിച്ചുപോക്ക് ജനം ചര്‍ച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്’-മന്ത്രി പറഞ്ഞു.
ഓണാവധിക്ക് മുമ്പ് എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അല്ലാത്ത പക്ഷം കര്‍ശന നടപടി ഉണ്ടാകും. വേനല്‍ അവധി മാറ്റവുമായി ബന്ധപ്പെട്ട് നല്ല ചര്‍ച്ച നടക്കുന്നുണ്ടെന്നും അത് തുടരട്ടെയെന്നും ഈ വര്‍ഷം എന്തായാലും നടപ്പിലാക്കാന്‍ പറ്റില്ലെന്നും കുട്ടികളുടെ കണ്‍സഷന്‍ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും മന്ത്രി പറഞ്ഞു.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ആലുവയില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം. യാത്രക്കാരെ വടികൊണ്ട് അടിച്ച് മൊബൈല്‍ ഫോണടക്കം തട്ടിയെടുത്ത സംഭവത്തില്‍ ആറംഗ സംഘത്തെ റെയില്‍വേ പൊലീസ് പിടികൂടി. ആലുവ, പെരുമ്പാവൂര്‍, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളുമുണ്ട്.
ട്രെയിനിന്റെ വേഗം കുറയുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ വടികൊണ്ട് അടിക്കുന്നതാണ് ഇവരുടെ ആക്രമണത്തിന്റെ രീതി. റെയില്‍വേ സ്റ്റേഷന്‍ അടുത്ത് ട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പുള്ള സമയങ്ങളിലാണ് ഇവര്‍ യാത്രക്കാരെ ആക്രമിച്ച് സാധനങ്ങള്‍ കവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം കവര്‍ച്ചാസംഘങ്ങളുള്ളത്. ഇത്തരം കവര്‍ച്ചകളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.
കഴിഞ്ഞദിവസം അടിയേറ്റ യുവാവ് ട്രെയിനില്‍ നിന്ന് താഴെ വീണ് പരിക്കേറ്റിരുന്നു. ഇയാളുടെ പരാതിയിലാണ് റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങിയത്. വാതിലിനോട് ചേര്‍ന്നുനില്‍ക്കുന്നവരെ വടികൊണ്ട് അടിച്ചശേഷം ഇവരുടെ കയ്യിലുള്ള ഫോണടക്കം തട്ടിയെടുക്കുന്നതാണ് സംഘത്തിന്റെ രീതി.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനെതിരെ ലുക്കൗട്ട് നോട്ടീസ്. വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നടപടി. നേരത്തെ പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസില്‍ വേടന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുശേഷം വേടന്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. നിരവധി സംഗീത ഷോകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹൈക്കോടതി വേടന്റെ അറസ്റ്റ് തടയാത്ത സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. വേടന്റെ മുന്‍കൂര്‍ ജാമ്യം 18-ാം തീയതിയാണ് ഇനി ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്. ഇതിന് മുമ്പ് വേടനെ പിടികൂടുക എന്നതാണ് പൊലീസിന്റെ ഉദ്ദേശ്യം.
കോട്ടയം സ്വദേശിനിയായ യുവ ഡോക്ടറായിരുന്നു വേടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. രണ്ട് വര്‍ഷത്തിനിടെ ലഹരിയടക്കം ഉപയോഗിച്ച് ആറ് തവണ പലയിടങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്
by Midhun HP News | Aug 11, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് വിവാദത്തില്‍ വെളിപ്പെടുത്തലുമായി ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ടറായ വീട്ടമ്മ പ്രസന്ന അശോകന്‍. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതു കള്ളവോട്ടുകള്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ചേര്‍ത്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. 4 സി ഫ്‌ലാറ്റില്‍ തന്നെ കൂടാതെ വേറെ പലരുടെയും വോട്ടുകൂടി ചേര്‍ത്തുവെന്നും 52 കാരിയായ പ്രസന്ന അശോകന്‍ പറയുന്നു.
പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകന്‍ കൂട്ടിച്ചേര്‍ത്തു. പൂങ്കുന്നം ആശ്രാമം ലെയിന്‍ കാപ്പിറ്റല്‍ വില്ലേജ് ഫ്‌ലാറ്റ് സമുച്ചയത്തില്‍ 4 സി ഫ്‌ലാറ്റിലാണ് പ്രസന്ന കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ്, മകന്‍, മകന്റെ ഭാര്യ എന്നിവര്‍ക്ക് പൂച്ചിന്നിപ്പാടത്താണ് വോട്ടുള്ളത്. എന്നാല്‍ ഇവരുടെ കാപ്പിറ്റല്‍ വില്ലേജ് 4 സി എന്ന ഫ്‌ലാറ്റ് വിലാസത്തില്‍ ഒമ്പതു വോട്ടുകളാണ് ചേര്‍ത്തിട്ടുള്ളത്.
അജയകുമാര്‍, അയ്യപ്പന്‍, സന്തോഷ് കുമാര്‍, സജിത് ബാബു, മനീഷ് എം എസ്, മുഖാമിയമ്മ, സല്‍ജ കെ, മോനിഷ, സുധീര്‍ തുടങ്ങിയവരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇവരെയാരെയും തനിക്ക് അറിയില്ലെന്നും, തന്റെ ബന്ധുക്കള്‍ അല്ലെന്നും പ്രസന്ന പറഞ്ഞു. ഇവരുടെ പേര് എങ്ങനെ ഞങ്ങളുടെ വിലാസത്തില്‍ വന്നു എന്നറിയില്ല. നാലു വര്‍ഷമായി ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നു. കഴിഞ്ഞ തവണ വോട്ടു ചെയ്യാന്‍ ഇവര്‍ വന്നപ്പോള്‍ പ്രശ്‌നമുണ്ടായതായി അറിഞ്ഞു. ഇവരെ ഞങ്ങള്‍ക്ക് അറിവുള്ളവരല്ലെന്ന് പരാതി നല്‍കിയിരുന്നുവെന്നും പ്രസന്ന പറഞ്ഞു.
ഫ്‌ലാറ്റിന്റെ പേരില്‍ കള്ളവോട്ട് ചേര്‍ത്തതായി ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിവില്ലെന്നും പ്രസന്ന പറഞ്ഞു. വോട്ടേഴ്‌സ് സ്ലിപ്പ് കൊടുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സൂചിപ്പിച്ചു. ഫ്‌ലാറ്റിന്റെ വാടക ചീട്ട് ഉപയോഗിച്ചാണ് കള്ളവോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിഗമനം. തൃശൂരില്‍ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എല്‍ഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്.
by Midhun HP News | Aug 11, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 9375 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. രണ്ടുദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 23ന് 75000 കടന്ന് കുതിച്ച സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്.
74000ല്‍ താഴെ പോയ സ്വര്‍ണവിലയാണ് പിന്നീട് കുതിച്ച് ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് ശനിയാഴ്ച മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
by Midhun HP News | Aug 10, 2025 | Latest News, കേരളം
തൃശൂര്‍: മാള സഹകരണ ബാങ്കില്‍ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്ന് 21 പേരെ പ്രതി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മാള സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിലെ മുന്‍ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികള്‍ ക്രമക്കേട് നടത്തി ബാങ്കില്‍ പണയപ്പെടുത്തി പത്തു കോടി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ വായ്പയായി വാങ്ങുകയും തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. മാള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുരുവിലശേരി വലിയപറമ്പ് സ്വദേശി അതിയാരത്ത് വീട്ടില്‍ രാധാകൃഷ്ണന്‍, ഡയറക്ടര്‍ ബോര്‍ഡിലെ മെമ്പര്‍മാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സണ്‍ വര്‍ഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടന്‍, കൃഷ്ണന്‍കുട്ടി ടി പി, നിയാസ്, പി സി ഗോപി, പി കെ ഗാപി, പോള്‍സണ്‍ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണന്‍, ഷിന്റോ എടാട്ടുകാരന്‍, സിന്ധു അശോകന്‍, തോമസ് പഞ്ഞിക്കാരന്‍, വിജയ കുറുപ്പ്, വിത്സന്‍ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, ജോര്‍ജ് പി ഐ, ജോയ് എം ജെ, സെന്‍സന്‍ എന്നീ 21 പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
മാള കോപ്പറേറ്റീവ് ബാങ്ക് കാലങ്ങളായി കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഭരിക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ വിജിലന്‍സ് അന്വേഷണവും നടന്നിരുന്നു. നിക്ഷേപകര്‍ക്ക് നിലവില്‍ പണം കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെ ജി, മാള പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സജിന്‍ ശശി വിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.
Recent Comments