മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ ‘പ്ലാന്‍’ ഇങ്ങനെ…

മതില്‍ ചാടാന്‍ ഡ്രം; ജയിലില്‍ പരിശീലനം; രാത്രി സംസ്ഥാനം വിടാന്‍ പദ്ധതിയിട്ടു; ഗോവിന്ദചാമിയുടെ ‘പ്ലാന്‍’ ഇങ്ങനെ…

കണ്ണൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടാനായി നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണം. മാസങ്ങള്‍ക്ക് മുമ്പ് സെല്ലിന്റെ കമ്പികള്‍ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നുവെന്നും ജയില്‍ അധികൃതര്‍ക്ക് മനസിലാകാതിരിക്കാന്‍ കമ്പിയില്‍ നൂല്‍ കെട്ടിവെച്ചുവെന്നുമാണ് പ്രതിയുടെ മൊഴി.

സെല്ലിന്റെ കമ്പിയുടെ താഴ്ഭാഗമാണ് മുറിച്ചത്. ജയില്‍ മോചിതരായാവരുടെ തുണികള്‍ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളില്‍ കയറി ഫെന്‍സിങ്ങിന്റെ തൂണില്‍ കുടുക്കിട്ടുവെന്നും ഗോവിന്ദചാമിയുടെ മൊഴിയില്‍ പറയുന്നു. കമ്പി മുറിക്കാനുള്ള ബ്ലെയ്ഡ് ലഭിച്ചത് ജയിലിലെ വര്‍ക് ഷോപ്പില്‍ നിന്നാണ് സംഘടിപ്പിച്ചത്. ജയിലഴി മുറിച്ചത് അറിയാതിരിക്കാന്‍ തുണി കൊണ്ട് വട്ടം കെട്ടുകയായിരുന്നു.

ഷേവിങ് അലര്‍ജിയാണെന്നു പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളര്‍ത്തിയത്. പുറത്തിറങ്ങിയാല്‍ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം. ജയിലില്‍ പ്രത്യേക ഭക്ഷണക്രമവും ഇയാള്‍ പിന്തുടര്‍ന്നു. ജയില്‍ ചാടുന്നതിനുള്ള ആസൂത്രണത്തിന്റെ ഭാഗമായി അരിഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ചോറ് കഴിച്ചിരുന്നില്ല. ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയായി കുറച്ചു. ജയില്‍ കമ്പി മുറിക്കാനുള്ള ആയൂധം നേരത്തെ എത്തിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി പോലീസില്‍ മൊഴി നല്‍കി.

ചുവരിനോട് ചേര്‍ന്നായിരുന്നു കിടന്നുറങ്ങിയ ഗോവിന്ദചാമി വെള്ളിയാഴ്ച പുലര്‍ച്ച 1.15 ഓടെയാണ് ജയില്‍ ചാടിയത്. ഗോവിന്ദച്ചാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമില്ല. 1.10-ന് ഒരു വാര്‍ഡന്‍ വന്ന് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ പുതച്ചുമൂടിയ നിലയില്‍ രൂപമുണ്ടായിരുന്നു. സെല്ലിലെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തുകടന്നത്. താഴത്തെ കമ്പികളാണ് മുറിച്ചത്.

രണ്ട് വലിയ ഡ്രമ്മുകള്‍ വെച്ച് ഫെന്‍സിംഗ് കമ്പിയില്‍ തുണികള്‍ കൂട്ടിക്കെട്ടിയാണ് കയറിയത്. ശേഷം ഇതേ തുണി താഴേയ്ക്കിട്ട് പിടിച്ച് ഇറങ്ങുകയായിരുന്നു. ഉണക്കാനിട്ടിരുന്ന തുണികളും ഗോവിന്ദച്ചാമി എടുത്തിരുന്നു. ജയിലിലെ വെളള വസ്ത്രം മാറ്റിയാണ് പുറത്തേക്കിറങ്ങിയത്. ജയില്‍ ചാടിയതിന് ശേഷം മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവര്‍ച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താന്‍ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.

പുറത്തെത്തിയ ശേഷം ആദ്യത്തെ നാലുകിലോമീറ്റര്‍ ദൂരം നടന്നു. നേരം പുലര്‍ന്നപ്പോള്‍ ഇടവഴികള്‍ താണ്ടിയും ആളുകളെ കണ്ടപ്പോള്‍ കുറ്റിക്കാടുകളിലൊളിച്ചുമായിരുന്നു മുന്നോട്ടുള്ള പോക്ക് . ഇതിനിടെ പലരും തിരിച്ചറിഞ്ഞെന്ന് തോന്നിയപ്പോള്‍ ആളൊഴിഞ്ഞ വീട്ടിലേക്ക് ഓടിക്കയറി അവിടെ ഒളിച്ചിരുന്നു. 9 മണിയോടെയാണ് ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ കണ്ടത്. ഇതേ സമയത്താണ് പൊലീസ് നായയെ വച്ച് പരിശോധന നടക്കുന്നതും. ജയില്‍ പരിസരത്തു നിന്നും മണം പിടിച്ച നായ കണ്ണൂര്‍ ടൗണ്‍ ഭാഗത്തേക്കാണ് ഓടിയത്. ഡിസിസി ഓഫിസിന്റെ സമീപത്തായാണ് നായയും എത്തിയത്. ഇതോടെ ഈ പരിസരത്തു തന്നെ ഗോവിന്ദച്ചാമിയുണ്ടെന്ന് ഉറപ്പിച്ചു.

പൊലീസും ജയില്‍ അധികൃതരും ഇവിടം കേന്ദ്രീകരിച്ച് പരിശോധന ആരംഭിച്ചു. കാടുപിടിച്ചു കിടക്കുന്ന, നിരവധി ഒഴിഞ്ഞ കെട്ടിടങ്ങളുണ്ടായിരുന്ന സ്ഥലത്തേക്കാണ് ഗോവിന്ദച്ചാമി കയറിയത്. ഓരോ വീടിനു ചുറ്റും മതില്‍ക്കെട്ടുമുണ്ടായിരുന്നു. ഇതെല്ലാം ചാടിക്കടന്ന് നാട്ടുകാരും പൊലീസും വ്യാപക തിരച്ചില്‍ നടത്തി. സമീപത്തുണ്ടായിരുന്ന തോട്ടിലും കിണറുകളിലും പരിശോധിച്ചു. ഇതിനിടെയാണ് ഒരു കെട്ടിടത്തിന്റെ കിണറ്റില്‍ നിന്ന് സുരക്ഷാ ജീവനക്കാരനായ എം. ഉണ്ണികൃഷ്ണന്‍ ഗോവിന്ദച്ചാമിയെ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ വലിച്ച് പുറത്തിട്ടു. അക്രമാസക്തരായ നാട്ടുകാരുടെ ഇടയില്‍ നിന്ന് ഒരുവിധത്തിലാണ് പൊലീസ് ഗോവിന്ദച്ചാമിയെ ജീപ്പില്‍ കയറ്റി കൊണ്ടുപോയത്. പൊലീസ് ട്രെയിനിങ് സെന്ററിലേക്കാണ് ഗോവിന്ദച്ചാമിയെ ആദ്യം കൊണ്ടുപോയത്.

സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി

സ്‌കൂള്‍ സമയ മാറ്റം തുടരുമെന്ന് വി ശിവന്‍ കുട്ടി

തിരുവനനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചു. ഭൂരിഭാഗം സംഘടനകളും തീരുമാനത്തെ സ്വാഗതം ചെയ്തതായും മന്ത്രി പറഞ്ഞു.

സമയമാറ്റത്തില്‍ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി യോഗം വിളിച്ചു. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടു. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. മഹാഭുരിപക്ഷം പേരും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ചിലര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രയാസങ്ങള്‍ അവരെ അറിയിച്ചു.

എല്‍പി, യുപി , ഹൈസ്‌കൂള്‍ പ്രവൃത്തി ദിനങ്ങള്‍ സംബന്ധിച്ച ഉത്തരവ് മന്ത്രി യോഗത്തില്‍ വിശദീകരിച്ചു. അതിനനുസരിച്ചാണ് ക്രമീകരണം നടത്തിയതെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനവുമായി മുന്നോട്ടുപോകും. സമസ്തയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. അടുത്ത അക്കാദമിക് വര്‍ഷം ആവശ്യമെങ്കില്‍ ചര്‍ച്ച തുടരുമെന്നും വി ശിവന്‍ കുട്ടി പറഞ്ഞു.

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വന്നിരുന്നത്.

മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്ന് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ലക്ഷ്യമെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴി.

അതേസമയം, ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്ററോളം ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യനായ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല. കമ്പി മുറിക്കാൻ ആയുധമെടുത്തത് ജയിൽ വർക്ക്ഷോപ്പിൽ നിന്നെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. മതിലിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെൻസിംഗ് വഴി ഒരു മാസമായി വൈദ്യുതി കടത്തി വിടുന്നില്ലെന്നാണ് ജയിൽവകുപ്പിന്‍റെ വിശദീകരണം.

ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെക്ക് മാറ്റും

ഗോവിന്ദച്ചാമിയുടെ മൊഴി, ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷം ജയിൽ ചാട്ടം, ലക്ഷ്യം ഗുരുവായൂരിലെത്തി മോഷണം

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒന്നര മാസത്തെ ആസൂത്രണത്തിനൊടുവിലാണെന്ന് പ്രാഥമിക മൊഴി. പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.

ജയിലിന്റെ അഴികൾ മുറിക്കാൻ ഏകദേശം ഒന്നര മാസത്തോളം സമയമെടുത്തുവെന്ന് പ്രതി സമ്മതിച്ചു. മുറിച്ചതിന്റെ പാടുകൾ പുറത്തുനിന്ന് കാണാതിരിക്കാൻ തുണികൊണ്ട് കെട്ടിവെച്ചതായും ഇയാൾ മൊഴി നൽകി. ജയിലിന്റെ മതിൽ ചാടുന്നതിനായി പാൽപ്പാത്രങ്ങളും ഡ്രമ്മുകളും ഉപയോഗിച്ചതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തി.ജയിൽ ചാടിയതിന് ശേഷം ഗുരുവായൂരിൽ എത്തി മോഷണം നടത്താനായിരുന്നു പ്രതിയുടെ പ്രാഥമിക ലക്ഷ്യം. കവർച്ച ചെയ്യുന്ന പണവുമായി മറ്റ് സംസ്ഥാനങ്ങളിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ടാണ് താൻ ഡിസി ഓഫീസ് പരിസരത്ത് എത്തിയതെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.ജയിലിനുള്ളിൽ വെച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗോവിന്ദച്ചാമിയെ ജയിൽ ചാടാൻ സഹായിച്ചവരെക്കുറിച്ചും കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയും പോലീസ് പരിശോധിക്കുന്നുണ്ട്.

ചങ്ങാതിക്ക് ഒരു മരം പദ്ധതി വിപുലീകരിച്ചു പെരുംകുളം എ എം എൽ പി സ്കൂൾ

ചങ്ങാതിക്ക് ഒരു മരം പദ്ധതി വിപുലീകരിച്ചു പെരുംകുളം എ എം എൽ പി സ്കൂൾ

പെരുംകുളം കുട്ടികളുടെ വീടുകളിൽ ഫല വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന ചങ്ങാതിക്ക് ഒരു മരം പദ്ധതി ക്ക് പെരുംകുളം എ എം എൽ പി എസിൽ തുടക്കമായി. കുട്ടികൾ കൊണ്ട് വന്ന ഫല വൃക്ഷ തൈകൾ പരസ്‌പരം കൈമാറി .സ്കൂൾ അസംബ്ലി യിൽ നടന്ന ചടങ്ങിന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ പ്രവീൺ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പറും പി ടി എ പ്രസിഡന്റുമായ അൻസർ നിർവഹിച്ചു .കടയ്ക്കാവൂർ കൃഷി ഭവനിലെ കൃഷി അസി സ്റ്റന്റു മാരായ പ്രീത, ആതിര എന്നിവർ പദ്ധതി യെ കുറിച്ചു വിശദീകരിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ജൂൺ 5 ന് ഒന്നും രണ്ടും ക്ലാസിലെ കുട്ടികൾ ഈ പ്രവർത്തനം ഏറ്റെടുത്ത് ചെയ്യുകയുണ്ടായി. അന്ന് കിട്ടിയ മരങ്ങൾ അവർ സംരക്ഷിച്ചു വരുന്നു. സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.

കിഴുവിലം ആയൂർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

കിഴുവിലം ആയൂർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം നാളെ

ചിറയിൻകീഴ്: കിഴുവിലം ആയൂർവേദ ആശുപത്രിയിൽ
നിർമിച്ച പുതിയ കെട്ടിട സമുച്ചയം ശനി വൈകിട്ട് 4.30 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വി ശശി എം എൽ എ അധ്യക്ഷനാകും. 2 കോടി 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 2023 ജൂലൈ മാസത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രണ്ട് ഘട്ടമായി നിർമാണം പൂർത്തിയാക്കി നിലവിലുണ്ടായിരുന്ന ജീർണാവസ്ഥയിലായ കെട്ടിടം ഇടിച്ച് നീക്കിയ ശേഷമാണ് പുതിയ കെട്ടിടം നിർമിച്ച് പ്രവർത്തന സജ്ജമാക്കിയത്. സംസ്ഥാന സർക്കാർ ആർദ്രം ആരോഗ്യ പദ്ധതിയിലൂടെ ഒരുകോടി അറുപത് ലക്ഷം രൂപയും ദേശീയ ആയുഷ്മിഷനിലൂടെ 75 ലക്ഷം രൂപയുമാണ് ആശുപത്രിയുടെ നവീകരണത്തിനായി അനുവദിച്ചത്.

റിസപ്ഷൻ, കൺസൾട്ടിങ് റൂമുകൾ, ചീഫ് മെഡിക്കൽ ആഫീസർക്കുള്ള മുറി, രോഗികൾക്ക് വിശ്രമസ്ഥലം,
പ്രൊസീജിയർ റൂം, ഫിസിയോതെറാപ്പി യൂണിറ്റ്,ഫാർമസി, നേഴ്സിംങ് റൂം , കിച്ചൺ, മെഡിസിൻ സ്റ്റോർ റൂം തുടങ്ങി വിവിധ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പ്രവർത്തനം തുടങ്ങിയതും,
ചിറയിൻകീഴ് താലൂക്കിലെ പ്രധാനപ്പെട്ട ആയൂർവേദ ആശുപത്രികളിൽ ഒന്നുമാണ് കിഴുവിലത്തേത് . സമീപ പഞ്ചായത്തുകൾക്കുപുറമേ വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിയാളുകളാണ് ദിവസേന ഇവിടെ ചികിത്സ തേടിയെത്തുന്നത്.

പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ ആശുപത്രിയെ ആശ്രയിക്കുന്ന രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാകും.ആരോഗ്യ മേഖലയിൽ എൽ ഡി എഫ് സർക്കാർ കൈവരിച്ച പുരോഗതിയുടെ നേർസാക്ഷ്യം കൂടിയാണ് കിഴുവിലം ആയൂർവേദ ആശുപത്രി.