ഇന്നും സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

ഇന്നും സ്വര്‍ണ വില താഴേക്ക്; തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. കേരളത്തില്‍ സ്വര്‍ണം ഒരു പവന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 9,210 രൂപയായി. ഇന്നലെ പവന് ആയിരം രൂപ കുറഞ്ഞിരുന്നു. ഇതോടെ, രണ്ട് ദിവസം കൊണ്ട് 1360 രൂപയുടെ കുറവുണ്ടായി.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പവന് 1600 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ബുധനാഴ്ചയിലെ പവന് 75,040 രൂപയെന്ന നിരക്കാണ് ഈ മാസത്തെ ഉയര്‍ന്ന വില. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ജയിൽ അധികൃതരുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാനാകില്ല, പിടിക്കപ്പെട്ടത് നാട്ടുകാരുടെ ജാഗ്രതയിൽ: വിഡി സതീശൻ

ജയിൽ അധികൃതരുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാനാകില്ല, പിടിക്കപ്പെട്ടത് നാട്ടുകാരുടെ ജാഗ്രതയിൽ: വിഡി സതീശൻ

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായി. പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഇരുത്തിയത് ഇവരെ സഹായിക്കാനാണെന്നും സതീശൻ ആരോപിച്ചു.

തളാപ്പിന് സമീപത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

കനത്ത മഴ തുടരുന്നു, ബാണസുരസാഗർ ഡാമിലെ ഷട്ടർ 30 സെന്‍റീ മീറ്റർ ഉയർത്തി, പ്രദേശ വാസികൾക്ക് ജാഗ്രത നിർദ്ദേശം

കനത്ത മഴ തുടരുന്നു, ബാണസുരസാഗർ ഡാമിലെ ഷട്ടർ 30 സെന്‍റീ മീറ്റർ ഉയർത്തി, പ്രദേശ വാസികൾക്ക് ജാഗ്രത നിർദ്ദേശം

കൽപ്പറ്റ: ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി ഉയർത്തി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഷട്ടർ 15 സെന്‍റീ മീറ്റർ തുറന്നിരുന്നു. സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത് കൂട്ടുമെന്നാണ് എക്സിക്യൂട്ടീവ് എൻജിനീയ വ്യക്തമാക്കിയത്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത്‌ ഇന്ന് (25/07/2025) വൈകുന്നേരം 05.30 മുതൽ 27/07/2025 രാത്രി 08.30 വരെ 2.6 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: നാല് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. നാല് പേരെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്‌ചയുണ്ടായെന്ന് ജയിൽ മേധാവി എഡിജെപി ബൽറാം കുമാർ ഉപാധ്യായ പ്രതികരിച്ചു.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയിൽ ചാടിയതെന്ന് ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോൾ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പയ്യന്നൂര്‍ സ്വദേശിയായ യുവതി പിടിയില്‍

കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പയ്യന്നൂര്‍ സ്വദേശിയായ യുവതി പിടിയില്‍

മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്.

ഇന്ന് വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇത്തിഹാദ് എയര്‍വേയ്‌സിലാണ് കഞ്ചാവ് കടത്തിയത്. ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ് പ്രിവെന്റിവ് യൂണിറ്റാണ് ലഹരി പിടികൂടിയത്.

ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികള്‍ക്ക് മാറ്റം

ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികള്‍ക്ക് മാറ്റം

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പെടെ മാറ്റി. ആകെ പതിനൊന്ന് പേര്‍ക്കാണ് മാറ്റം. കൊല്ലം റൂറല്‍ പൊലീസ് മേധാവിയായി നിലവിലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിനെ നിയമിച്ചു. കൊല്ലം റൂററില്‍ നിന്ന് സാബു മാത്യുവിനെ ഇടുക്കിയിലേക്കും നിയമിച്ചു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാറിനെ മാറ്റി പൊലീസ് ആസ്ഥാനത്ത് എഐജിയായി നിയമിച്ചു. ആര്‍. ആനന്ദ് ആണ് പുതിയ പത്തനംതിട്ട എസ്പി. അരുള്‍ ആര്‍ബി കൃഷ്ണയെ പൊലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.

എറണാകുളം വിജിലന്‍സ് എസ്പി ശശിധരനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റി.