by Midhun HP News | Jul 23, 2025 | Latest News, കേരളം
കാസര്‍കോട്: നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍. ഈ മേഖലയില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെയാണ് വീരമലക്കുന്നില്‍ നിന്ന് വന്‍തോതില്‍ മണ്ണ് ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ ആയിരുന്നു മണ്ണിടിച്ചില്‍. കുന്നിടിയുന്ന സമയത്ത് ഇതുവഴി പോവുകയായിരുന്ന ഒരു കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണുമാന്തിയന്ത്രവും ക്രയിനും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. എന്‍ ഡി ആര്‍ എഫ്, ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ക്കും സ്ഥലത്ത് എത്താന്‍ നിര്‍ദേശമുണ്ട്. ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ഒരു മാസം മുന്‍പും വീരമല കുന്നില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. അന്ന് മണ്ണിനടിയില്‍പ്പെട്ട ഒരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. റോഡ് നിര്‍മ്മാണത്തിനായി അശാസ്ത്രീയമായാണ് വീരമല കുന്ന് കരാര്‍ കമ്പനിയായ മേഘ ഇടിച്ചതെന്ന് കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് വ്യാപകമായി മണ്ണ് കടത്തിയതിന് കമ്പനിക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
by Midhun HP News | Jul 23, 2025 | Latest News, കേരളം
ആലപ്പുഴ: കേരളത്തിന്റെ സമരനായകനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യവിശ്രമം ഒരുങ്ങുന്നത് വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തിലെ സ്വന്തം പേരിലുള്ള ഭൂമിയില്‍. 1957 ല്‍ വി എസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വാങ്ങിയതാണ് 22 സെന്റ് ഭൂമി. നിരവധി വിപ്ലവകാരികള്‍ ഉറങ്ങുന്ന വലിയ ചുടുകാടിന്റെ സമരോജ്ജ്വല ഭൂമിയിലാകും പുന്നപ്രയുടെ സമരപുത്രന്‍ ഇനി അന്ത്യവിശ്രമം കൊള്ളുക.
പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ക്കും സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ള ഉള്‍പ്പെടെ നേതാക്കള്‍ക്കുമൊപ്പം കേരളത്തിന്റെ കണ്ണും കരളുമായ വി എസിനും അന്ത്യവിശ്രമം. ചുടുകാട്ടിലെ നേതാക്കളെ സംസ്‌കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്‍പ്പം മാറിയാണ് വി എസിന്റെ അന്ത്യവിശ്രമം സജ്ജമാക്കിയിട്ടുള്ളത്. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്.
വി എസിലെ പോരാളിയെയും നേതാവിനെയും കണ്ടെത്തിയ പി കൃഷ്ണപിള്ള, പോരാട്ടങ്ങള്‍ക്ക് തോളോടുതോള്‍ ചേര്‍ന്നുനിന്ന പി കെ ചന്ദ്രാനന്ദന്‍, കെ ആര്‍ ഗൗരിയമ്മ, പി കെ കുഞ്ഞച്ചന്‍, എന്‍ ശ്രീധരന്‍, പി കെ വിജയന്‍, സൈമണ്‍ ആശാന്‍, ആര്‍ സുഗതന്‍, ടി വി തോമസ്, പി ടി പുന്നൂസ്, ജോര്‍ജ് ചടയംമുറി, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് ഊടും പാവും പകര്‍ന്ന സമുന്നതരായ നേതാക്കള്‍ക്കൊപ്പം വി എസും ഇനി വലിയ ചുടുകാട്ടിലെ അണയാത്ത സമരജ്വാലയാകും.
വി എസിന്റെ പോരാട്ടജീവിതവുമായി ലയിച്ചുചേര്‍ന്നതാണ് വലിയ ചുടുകാട്. പുന്നപ്രയില്‍ തിരുവിതാംകൂര്‍ ദിവാന്‍ സിപിയുടെ പട്ടാളത്തെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണവരുടെ കഥ വി എസ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട് പിടഞ്ഞുവീണ നൂറുകണക്കിനാളുകളെ മണ്ണെണ്ണയൊഴിച്ച് കൂട്ടിയിട്ടു കത്തിച്ച ഇടമാണ് ചുടുകാട്. പുന്നപ്ര-വയലാര്‍ സമരം വിഎസിന് ഒരിക്കലും ഉണങ്ങാത്ത മുറിവായിരുന്നെങ്കില്‍, വലിയ ചുടുകാട് പോരാട്ടചരിത്രത്തിലെ ഒരിക്കലും മായാത്ത ചോരപ്പാടാണ്. ചുടുകാടിന് പുറത്ത് വിപ്ലവസൂര്യന് ലാല്‍സലാം എന്ന ബോര്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു.
by Midhun HP News | Jul 23, 2025 | Latest News, കേരളം
ആലപ്പുഴ: ജനലക്ഷങ്ങളുടെ ഹൃദയാഭിവാദ്യങ്ങളേറ്റുവാങ്ങി കേരളത്തിന്റെ വിപ്ലവ സൂര്യന്‍ ഒടുവില്‍ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തി. കളിച്ചു വളര്‍ന്ന വീട്ടില്‍ അവസാനമായി വി എസ് എത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളും വൃദ്ധരും, സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളുമടക്കം അന്തിമോപചാരം അര്‍പ്പിക്കാനായി പതിനായിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്ണേ കരളേ വിയെസ്സേ…. പുന്നപ്രയിലെ ധീരനായകാ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ…നിങ്ങള്‍ പിടിച്ച ചോരച്ചെങ്കൊടി ഞങ്ങളീ വാനില്‍ ഉയര്‍ത്തിക്കെട്ടും.. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിങ്ങനെ കടലിരമ്പം പോലെ മുദ്രാവാക്യങ്ങളാല്‍ നിറഞ്ഞു.
വീടിനകത്ത് ആദ്യത്തെ 10 മിനിറ്റ് കുടുംബാംഗങ്ങള്‍ക്ക് മാത്രം അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കുക. വീട്ടില്‍ വിഎസിന്റെ പത്‌നി വസുമതി, മകള്‍ ആശ, വി എസിന്റെ സഹോദരി ആഴിക്കുട്ടി തുടങ്ങിയ കുടുംബാംഗങ്ങളുണ്ട്. വീട്ടുകാരുടെ അന്തിമോപചാരത്തിന് ശേഷം വീടിന് പുറത്തെ പന്തലില്‍ പൊതു ദര്‍ശനം. വീട്ടില്‍ എത്തിയ എല്ലാവരെയും വിഎസിനെ കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനും അനുവദിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തുടര്‍ന്ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെക്കും. ഡി സി ഓഫീസിലെ പൊതുദര്‍ശനം ഒരു മണിക്കൂറില്‍ നിന്നും അര മണിക്കൂറായി വെട്ടിച്ചുരുക്കിയിട്ടുണ്ട്.
തുടര്‍ന്ന് ആലപ്പുഴ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വൈകീട്ട് പോരാളികളുടെ മണ്ണായ ആലപ്പുഴ വലിയചുടുകാട്ടിലാണ് വി എസിന്റെ സംസ്‌കാരം നടക്കുക. അനന്തപുരിയില്‍ നിന്നും വിപ്ലവമണ്ണായ പുന്നപ്രയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് 2.25 ഓടെയാണ് വിഎസിന്റെ വിലാപയാത്ര ആരംഭിച്ചത്. മൂന്നു ജില്ലകളിലായി, 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ട്, ഇന്നുച്ചയ്ക്ക് 12.22 നാണ് വിഎസിന്റെ ഭൗതികദേഹം പുന്നപ്രയിലെ ജന്മനാട്ടിലേക്കെത്തിയത്. വേലിക്കകത്ത് വീടിന് സമീപം ആയിരക്കണക്കിന് ആളുകളാണ് പ്രിയ സഖാവിനെ ഒരുനോക്കു കാണാനായി തടിച്ചു കൂടിയിട്ടുള്ളത്.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി, എം വി ഗോവിന്ദന്‍, സിപിഎം നേതാക്കള്‍, മന്ത്രിമാര്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, കോണ്‍ഗ്രസ് നേതാവ് എം ലിജു, മുന്‍മന്ത്രി ജി സുധാകരന്‍ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ വിഎസിന്റെ വേലിക്കകത്ത് വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിച്ചേര്‍ന്നിരുന്നു. തിരുവനന്തപുരത്തു നിന്നും പുന്നപ്ര വരെ, രാത്രിയും മഴയും വകവെക്കാതെ വഴിയോരങ്ങളില്‍ കാത്തുനിന്ന ജനസഹസ്രങ്ങളുടെ ഹൃദയാഞ്ജലി ഏറ്റുവാങ്ങിയാണ് വി എസിന്റെ അന്ത്യയാത്രയെത്തിയത്.
by Midhun HP News | Jul 23, 2025 | Latest News, കേരളം
വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി.ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയുടെ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു.
വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാൽ, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും..
by Midhun HP News | Jul 23, 2025 | Latest News, കേരളം
ശബരിമലയിൽ അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹത്തിനായുള്ള സ്വകാര്യ വ്യക്തിയുടെ പണ പിരിവിൽ കേസ് എടുക്കാൻ ഹൈക്കോടതി നിർദേശം. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർക്കാണ് തുടർ നടപടികൾ സ്വീകരിക്കാൻ ബെഞ്ച് നിർദേശം നൽകിയത്. പമ്പ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാം.
പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ തമിഴ്നാട് സ്വദേശിക്ക് അനുമതി നൽകിയ ഫയലുകളും കോടതി ആവശ്യപ്പെട്ടു. കോടതിക്ക് മുൻപാകെ തമിഴ്നാട് സ്വദേശിഹാജരാവണം. നോട്ടീസ് അയച്ചിട്ടുണ്ട് ഇയാൾ മറുപടി നൽകിയില്ലെന്നും കോടതി. വിഗ്രഹത്തിന്റെ പേരിൽ ഇയാൾ ഇതുവരെ എത്ര രൂപ പിരിച്ചെന്ന് പൊലീസ് കണ്ടെത്തണം. ഗണ്യമായ തുക സ്വകാര്യ വ്യക്തി പ്രചരിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയതായി ചീഫ് പൊലീസ് കോർഡിനേറ്റർ പറഞ്ഞു. ബാങ്ക് അക്കൗണ്ടിലെ തുക സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് പിൻവലിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി നിർദേശം നൽകി.
അതേസമയം, ശബരമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിയ്ക്ക് അനുമതി നൽകിയ സംഭവം ഗൗരവകരമെന്ന് ഹൈക്കോടതി നേരെത്തെ ചൂണ്ടിക്കാട്ടിയിരുന്നു. തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.
ശബരിമല ക്ഷേത്രാങ്കണത്തിൽ അയ്യപ്പന്റെ വിഗ്രഹം സ്ഥാപിക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ലെന്നും, അതിനായി പണപ്പിരിവ് നടത്താനാകില്ലെന്നും വ്യക്തമാക്കുന്ന അറിയിപ്പ് വെർച്വൽക്യു പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കാൻ ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മീഷണണറാണ് പിരിവിന്റെ കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ക്ഷേത്രാങ്കണത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി നൽകിയതായി കാണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ശബരിമല എക്സിക്യൂട്ടീവ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. പണം പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കിയത്.
by Midhun HP News | Jul 23, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് ഒറ്റയടിക്ക് 760 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 75,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
Recent Comments