by Midhun HP News | Jul 23, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് ഒറ്റയടിക്ക് 760 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വില 75,040 രൂപയിലെത്തി. രണ്ട് ദിവസത്തിനിടെ പവന്‍ വില 1600 രൂപയാണ് കൂടിയത്. ഇതോടെ ഈ മാസത്തെ റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണവില എത്തി. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
by Midhun HP News | Jul 22, 2025 | Latest News, കേരളം
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം.
പിഎസ്‍സി പരീക്ഷകൾ മാറ്റി
പിഎസ്‍സി നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം – കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ – 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.
by Midhun HP News | Jul 22, 2025 | Latest News, കേരളം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കേരളത്തിന്റെ സമരനായകനുമായ വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്. ദര്‍ബാര്‍ ഹാളില്‍ നിന്നും വിഎസിന്റെ ഭൗതികദേഹം ബസിലേക്ക് മാറ്റുമ്പോഴും, വിപ്ലവനായകനെ ഒരുനോക്കു കാണാനും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് കാത്തു നിന്നിരുന്നത്.
‘കണ്ണേ കരളേ വിയെസ്സേ… ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ.. പാവങ്ങളുടെ പടത്തലവാ… ആരു പറഞ്ഞു മരിച്ചെന്ന്…. ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്നിങ്ങനെ പ്രവര്‍ത്തകരുടെയും അനുയായികളുടെയും മുദ്രാവാക്യം വിളികള്‍ ദര്‍ഹാര്‍ വളപ്പില്‍ കടലിരമ്പം പോലെ മുഴങ്ങിക്കൊണ്ടിരുന്നു. ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴികളില്‍ തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട വിപ്ലവനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ജനസഹസ്രങ്ങളാണ് കാത്തു നിന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.
വിലാപയാത്ര കടന്നുപോകുന്ന വഴികള്‍ –
പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.
കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.
by Midhun HP News | Jul 22, 2025 | Latest News, കേരളം
പൊതു രംഗത്തു പ്രവര്‍ത്തിക്കുന്ന ഏതൊരാളെയും പോലെ നിലപാടുകളില്‍ തെറ്റുകള്‍ പറ്റിയിട്ടുള്ള ആള്‍ തന്നെയായിരുന്നു, വിഎസ് അച്യുതാനന്ദനും. അങ്ങനെയൊരു തെറ്റിന്റെ അനുഭവം വിവരിക്കുകയാണ്, ശാസ്ത്രജ്ഞനും ശാസ്ത്ര ലേഖകനുമായ രാജീവ് പട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പില്‍. ഇന്ത്യന്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പദ്ധതിയെ വിഎസ് എതിര്‍ത്ത അനുഭവം ഓര്‍ത്തെടുത്തുകൊണ്ടാണ് കുറിപ്പ്. തെറ്റു പറ്റിയെങ്കില്‍ പോലും അത്തരമൊരു നിലപാടിലേക്ക് എത്തുന്നതിനു അടിസ്ഥാനമാക്കിയ ഉദ്ദേശ്യ ലക്ഷ്യത്തില്‍ വിഎസിന് ഒരിക്കലും തെറ്റു പറ്റിയില്ലെന്നും ഡോ. രാജീവ് പട്ടത്തില്‍ എഴുതുന്നു.
കുറിപ്പു വായിക്കാം:
‘രാജീവ്, വാട്ട് ഈസ് ദ ഡീല്‍ വിത്ത് ദിസ് മിസ്റ്റര്‍ അച്യുതാനന്ദന്‍? വൈ ഈസ് ഹി ക്രിയേറ്റിങ് സോ മെനി പ്രോബ്ലംസ് ഫോര്‍ ദിസ് പ്രോജക്റ്റ്? ഹു ഈസ് അഡ്വൈസിങ് ഹിം?’
രാജാജി എന്ന് എല്ലാവരും സ്‌നേഹബഹുമാനങ്ങളോടെ വിളിച്ചിരുന്ന പ്രൊഫസര്‍ രാജശേഖരനായിരുന്നു. ഇന്ത്യയിലെ തിയററ്റിക്കല്‍ പാര്‍ട്ടിക്കിള്‍ ഫിസിക്‌സിന്റെ കുലഗുരു. ഏതാണ്ട് പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സില്‍ ഞങ്ങള്‍ സംഘടിപ്പിച്ച ഒരു ഇന്തോ-യുകെ വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കവേ ഡോ. കസ്തൂരി രംഗനും ടിഐഎഫ് ആറിലെ ചില ശാസ്ത്രജ്ഞരും ഒക്കെക്കൂടി ഇന്ത്യയിലെ മെഗാ സയന്‍സ് പ്രോജക്ടുകളെക്കുറിച്ച് നടത്തിയ ഒരു ഇന്‍ഫോര്‍മല്‍ ഡിസ്‌കഷനായിരുന്നു അത്.
ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി എന്ന, ഇന്ത്യയെ ലോകസയന്‍സ് ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ പോന്ന പ്രൊജക്റ്റിന്റെ ജീവാത്മാവും പരമാത്മാവുമായിരുന്നു രാജാജി. അബദ്ധജടിലമായ പ്രചാരണങ്ങളില്‍പ്പെട്ട് ഇതിന്റെ നിര്‍മ്മാണം വൈകുന്നതില്‍ വളരെ അസ്വസ്ഥനായിരുന്നു അദ്ദേഹം.
ഒന്നിനോടും കാര്യമായി റിയാക്റ്റ് ചെയ്യാത്ത, അതുകൊണ്ടുതന്നെ ഡിറ്റക്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കണങ്ങളാണ് ന്യൂട്രിനോകള്‍. ഒരു സെക്കന്റില്‍ നൂറു ട്രില്യണ്‍ ന്യൂട്രിനോകളാണ് നമ്മുടെ ശരീരത്തില്‍ക്കൂടി കടന്നു പോവുന്നത്. അവയെ ഡിറ്റക്റ്റ് ചെയ്യാനുള്ള ഉപകരണങ്ങള്‍ ഭൂമിക്കടിയിലാണ് സാധാരണ സ്ഥാപിക്കുക. മലകളുടെ അടിയിലായാല്‍ കൂടുതല്‍ എളുപ്പം. ഭൂമദ്ധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശമായാല്‍ വളരെ നന്നായി. എല്ലാം കൊണ്ടും ഉചിതമായ സ്ഥലം പശ്ചിമഘട്ടനിരകള്‍ക്കടുത്ത് തേനിയിലായിരുന്നു. നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച മെഗാ സയന്‍സ് ലാബുകളില്‍ ഒന്നായിരുന്നേനെ അത്.
പക്ഷേ നാട്ടിലെ പരിസ്ഥിതി തീവ്രവാദത്തിന്റെ ഇരയാവാനായിരുന്നു അതിന്റെ വിധി. ന്യൂട്രിനോകളേയും ന്യൂട്രോണുകളേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ‘ശാസ്ത്രലേഖക’രെഴുതിയ വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നു. പൊടിപ്പും തൊങ്ങലും പിടിപ്പിച്ച പല പല കഥകളും വന്നു. ന്യൂട്രിനോകളെ നിരീക്ഷിക്കാനുള്ള ഇത്തരമൊരു ലാബുണ്ടാക്കിയാല്‍ ചെര്‍ണോബില്‍ ദുരന്തം പോലൊന്ന് ഉണ്ടായേക്കാമെന്നു വരെ ന്യൂസ് ബൈറ്റുകള്‍ വന്നു. ഒരൊറ്റ ന്യൂട്രിനോയെപ്പോലും തമിഴ്നാടിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന് വൈക്കോ ശപഥം ചെയ്തു.
കേരളത്തില്‍ ഇതിനെതിരെ നിലകൊണ്ടത് വി.എസ്. ആയിരുന്നു.
അതായിരുന്നു രാജാജിയുടെ ചോദ്യത്തിന്റെ കണ്ടക്സ്റ്റ്.
‘രാജാജി, ഹു എവര്‍ ഈസ് അഡൈ്വസിങ് ഹിം ഈസ് ഐദര്‍ ഇഗ്‌നോറന്റ് ഓര്‍ എ ഫ്രോഡ്. വെരി ലൈക്ലി ബോത്ത്’. ഞാന്‍ മറുപടി പറഞ്ഞു. അതെ, ഇതില്‍ വിഎസ്സിനെയല്ല, അദ്ദേഹത്തെ പ്രേരിപ്പിച്ചവരേയും അതിവൈകാരികത സൃഷ്ടിച്ച് ജനങ്ങളെ ഇളക്കി വിട്ടവരേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്.
കൂട്ടത്തില്‍ ഇതുകൂടി പറഞ്ഞു:
‘വിഎസ് ഈസ് എ ബോണ്‍ സോള്‍ജ്യര്‍. ഹി ഹാസ് ആള്‍വേയ്‌സ് ഫോട്ട് ഫോര്‍ ദ ബെറ്റെര്‍മെന്റ് ഓഫ് കോമണ്‍ പീപ്പിള്‍. ഹി മൈറ്റ് ബി റോങ്; ബട്ട്, ലൈക് പേരന്റ്‌സ്, ഹിസ് ഇന്റന്‍ഷന്‍സ് ആര്‍ നെവര്‍ റോങ്’.
കസ്തൂരിരംഗന്‍ തലയാട്ടി.
അതെ, തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം – ഉണ്ടാകാമെന്നല്ല; ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനങ്ങളുടെ ഉദ്ദേശശുദ്ധി കുറ്റമറ്റതായിരുന്നു എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ ഉറപ്പിച്ചു പറയാന്‍ സാധിക്കുന്ന ജനനായകര്‍ ഇല്ലാതായി വരുന്നതാണ് ശരിക്കുമുള്ള ദുര്യോഗം.
by Midhun HP News | Jul 22, 2025 | Latest News, കേരളം
സ്വർണവില റെക്കോഡ് കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി വളരെ ചെറിയ തുകയായി ഉയർന്ന സ്വർണവില ഇന്ന് വൻ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി.
ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 9180 രൂപയായിരുന്നു വില. ഇന്നത് 105 രൂപ വർദ്ധിച്ച് 9285 രൂപയായി വർദ്ധിച്ചു. ഇതോടെ ഒരു പവൻ സ്വർണം 73,440 രൂപയിൽ നിന്ന് 74,280 രൂപയായി ഉയർന്നു.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,129 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,285 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,597 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
by Midhun HP News | Jul 22, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 പേരും, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 പേരും, പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത നേടിയത്.
ആകെ 10,19,751 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 7,52,007 ഉദ്യോഗാര്‍ഥികള്‍ മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റര്‍ ചെയ്ത പുരുഷ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,28,853 ആയിരുന്നു. അതില്‍ 3,05,122 പേര്‍ പരീക്ഷയെഴുതി. രജിസ്റ്റര്‍ ചെയ്ത വനിതാ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 5,90,837 ആയിരുന്നു. അതില്‍ 4,46,849 പേര്‍ പരീക്ഷയെഴുതി.
യുജിസി-നെറ്റ് ജൂണ്‍ ഫലം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദര്‍ശിക്കുക.
ഹോംപേജില്‍, ‘UGC-NET June 2025: Click Here To Download Scorecard’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അപേക്ഷാ നമ്പറും ജനനത്തീയതിയും നല്‍കുക.
‘Submit’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.
ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഫലത്തിന്റെ പ്രിന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.
ഇന്ത്യന്‍ സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ/അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) തസ്തികകളിലേക്ക് ഇന്ത്യന്‍ പൗരന്മാരുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് എന്‍ടിഎ യുജിസി-നെറ്റ് നടത്തുന്നത്.
Recent Comments