മിഥുന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 10 ലക്ഷം നല്‍കണം, ജോലി നല്‍കുന്നതും പരിഗണിക്കണം: മന്ത്രി ശിവന്‍കുട്ടി

മിഥുന്റെ കുടുംബത്തിന് മാനേജ്‌മെന്റ് 10 ലക്ഷം നല്‍കണം, ജോലി നല്‍കുന്നതും പരിഗണിക്കണം: മന്ത്രി ശിവന്‍കുട്ടി

പാലക്കാട്: കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം 25 മുതല്‍ 31 വരെ ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും. ഇതു നിരീക്ഷിക്കാനായി വിദ്യാഭ്യാസ വകുപ്പിലെ വിജിലന്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചൊവ്വാഴ്ച (നാളെ ) തിരുവനന്തപുരം ശിക്ഷക് സദനില്‍ രാവിലെ 9.30 ന് ചേരും. യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ജില്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ സംബന്ധിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 13 ന് മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തും. 40 ഓളം നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രത്യേകം നിര്‍ദേശിച്ചിട്ടുള്ളതാണ്. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ പോകാന്‍ പാടില്ല എന്നതടക്കം വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ മിഥുന്‍ എന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹെഡ്മാസ്റ്ററെ മാത്രം ബലിയാടാക്കി എന്ന ആക്ഷേപം ശരിയല്ല. എഇ, മാനേജ്‌മെന്റ് തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തെ സഹായിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്. ആ കുടുംബത്തിന്റെ അവസ്ഥ കണ്ടാല്‍ ഇതൊന്നും ഒരു സഹായമല്ല. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും സ്‌കൂളില്‍ ജോലി നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മിഥുന്റെ വീട് കണ്ടാല്‍ വളരെ ദയനീയമാണ്. ഫല്ക്‌സ് ബോര്‍ഡ് വെച്ചു മറച്ച വീടാണത്. മിഥുന്റെ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കിയാല്‍ ആ കുടുംബത്തിന് ാെരു വാരുമാനമാകും. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ 20 ലക്ഷം രൂപയില്‍ താഴെ വരുന്ന നിലയില്‍ ഒരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മിഥുന്റെ വീട്ടിലും സ്‌കൂളിലും താന്‍ പോയിരുന്നു. മരണവീട്ടില്‍ പോയവരെ തടഞ്ഞ ചില രാഷ്ട്രീയ സംഘടനകളുടെ പ്രവൃത്തി അംഗീകരിക്കാവുന്നതല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂളുകളിലെ സുരക്ഷാ പരിശോധനയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് 12 ന് രാവിലെ 10 ന് ശിക്ഷക് സദനില്‍ വീണ്ടും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതതല യോഗം ചേരും. സംസ്ഥാന തല സുരക്ഷാ ഓഡിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. എയ്ഡഡ് സ്‌കൂളുകളിലും പരിശോധന നടത്തും. അണ്‍ എയ്ഡഡ് സ്‌കൂളുകളിലും തുടര്‍ന്ന് പരിശോധന നടത്തുന്നുണ്ട്. ചിലയിടത്ത് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വാടകയ്‌ക്കെടുത്ത് ഭീമമായ ഫീസും വാങ്ങി നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് അനുവദിച്ചു കൊടുക്കാനാകില്ല. കുട്ടികളുടെ ജീവന്‍ വെച്ച് പന്താടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. മിഥുന്റെ മരണത്തില്‍ വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു; നിരന്തരം ഉപദ്രവം

അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു; നിരന്തരം ഉപദ്രവം

കൊല്ലം: ഷാര്‍ജയില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങള്‍. സതീഷില്‍ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു.

‘ഒരു അടിമയെ പോലെയാണ് അവന്‍ ഭാര്യയെ കണ്ടത്. ജോലിക്ക് പോകുമ്പോള്‍ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവള്‍ കെട്ടികൊടുത്താലേ അവന്‍ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവള്‍ നാട്ടിലേക്ക് വരുന്നതിന് മുന്‍പ് കര്‍ച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കര്‍ച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം’- സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടില്‍ പോകണമെന്ന് പറഞ്ഞിട്ടും അയാള്‍ വിട്ടില്ല. നമ്മള്‍ വിളിക്കുമ്പോഴും അയാള്‍ക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേള്‍ക്കും. അവനില്ലാത്ത സമയം നോക്കിയേ അവള്‍ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങള്‍ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയ വലിയ പ്രശ്നങ്ങള്‍ അതുല്യ നേരിട്ടിട്ടുണ്ട്’- സുഹൃത്ത് പറയുന്നു.

അതിനിടെ അതുല്യ ശേഖറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കൊല്ലം ചവറ സ്വദേശിയായ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

സതീഷ് നാട്ടിലും പ്രശ്‌നക്കാരന്‍

സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നുവെന്ന് അയല്‍വാസികള്‍ ആരോപിക്കുന്നു. പുലര്‍ച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ‘പെണ്‍കുട്ടി പിണങ്ങി വീട്ടില്‍ കഴിയുന്ന സമയത്ത്, വെളുപ്പാന്‍ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാന്‍ വന്ന സമയത്ത്, ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോള്‍ സതീഷും കൂട്ടുകാരും മതില്‍ ചാടുന്ന സന്ദര്‍ഭമാണ് കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഞാന്‍ സ്റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാന്‍ കാലത്ത് മതില്‍ ചാടി വരുന്നതിന്റെ അര്‍ഥം എന്താണ് എന്ന് ഞാന്‍ ചോദിച്ചു. നി ഇവിടത്തെ മരുമകന്‍ ആണ്. പക്ഷേ ഇവന്‍മാരോ’- അയല്‍വാസി മാധ്യമങ്ങളോട് പറഞ്ഞു.

ഷാര്‍ജയില്‍ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് പ്രശ്നം ഉണ്ടാക്കിയിരുന്നു.ഓഫീസില്‍ നിന്ന് പലതവണ താക്കീത് ലഭിച്ചതായും ഒപ്പം ജോലി ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ്. മദ്യപിച്ച് ക്യാമ്പിലോക്കെ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി എത്താറുണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ഒപ്പം ജോലി ചെയ്തയാള്‍ പറയുന്നു. നിരവധി പ്രശ്നങ്ങളെ നേരിട്ട അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ ‘അതുല്യ ഭവന’ത്തില്‍ അതുല്യ ശേഖര്‍ (30) ഷാര്‍ജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിന് പിന്നില്‍ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു.

കനത്ത മഴ തുടരും; കാസര്‍ക്കോട് മുതല്‍ എറണാകുളം വരെ യെല്ലോ അലർട്ട്

കനത്ത മഴ തുടരും; കാസര്‍ക്കോട് മുതല്‍ എറണാകുളം വരെ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുന്നറിയിപ്പൊന്നും നിലവില്‍ ഇല്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ വരെ) കണ്ണൂര്‍-കാസര്‍ക്കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക തീരങ്ങളില്‍ നാളെ വരെയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ കേരള – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വ്യാഴാഴ്ച വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

പ്രത്യേക ജാഗ്രത നിര്‍ദേശം

വ്യാഴാഴ്ച വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

ഇന്ന് തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, മധ്യ കിഴക്കന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, തെക്കു കിഴക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, മാലിദ്വീപ് പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്കു പടിഞ്ഞാറന്‍ & തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1400 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,440 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 9180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപയാണ് വര്‍ധിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസ് ഇടിച്ചുകയറി; മരണപ്പാച്ചിലില്‍ പൊലിഞ്ഞത് 19 വയസ്സുകാരന്റെ ജീവന്‍

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ താണയില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് പുറകില്‍ നിന്നും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 19 കാരന്‍ മരിച്ചു. കണ്ണോത്തുംചാല്‍ സ്വദേശി ദേവാനന്ദന്‍ (19) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ആണ് സംഭവം.സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിലാണ് അപകടം. കൂത്തുപറമ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന അശ്വതിബസാണ് അപകടം ഉണ്ടാക്കിയത്. ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ശക്തമായ മഴയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; അവധി ദിനമായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്. അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പക്ഷേ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും പറയുന്നു. അപകടത്തിനു ശേഷം അധികൃതര്‍ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.

മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താത്കാലിക ഫിറ്റ്നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.