by Midhun HP News | Jul 20, 2025 | Latest News, കേരളം
കൊല്ലം സ്വദേശിനിയായ മലയാളി യുവതിയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചവറ കോയിവിളയിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷുമായി വഴക്കിട്ടതിനു പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.
by Midhun HP News | Jul 20, 2025 | Latest News, കേരളം
മലപ്പുറം: മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് എടക്കര പൊലീസിന്റെ പിടിയിലായത്.
ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.
കുറിപ്പ്:
നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും ??
മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ എടക്കര പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.
by Midhun HP News | Jul 20, 2025 | Latest News, കേരളം
കോട്ടയം: മലരിക്കല്‍ ആമ്പല്‍പ്പാടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഊഴ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ ക്രമീകരിക്കും. വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ യൂണിഫോം ധരിക്കണമെന്നും തീരുമാനമായിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. മലരിക്കല്‍ ടൂറിസം സോണില്‍ വാഹനഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകള്‍ കാഞ്ഞിരംപാലം കടന്ന് മലരിക്കല്‍ ജങ്ഷനില്‍ എത്തി തിരിച്ചുപോകുന്ന വിധം പാര്‍ക്കിങ് നിര്‍ബന്ധമാക്കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഫീസ് നല്‍കി ഉപയോഗിക്കാം. വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല.
മലരിക്കല്‍ ആമ്പല്‍ ടൂറിസം കര്‍ഷകര്‍ക്ക് വരുമാനം നല്‍കുന്ന മാതൃകയാക്കാനും തീരുമാനമുണ്ട്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ ജെ- ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരസമിതികളും, ഈപാടശേഖരങ്ങളില്‍ വളര്‍ന്ന ആമ്പലുകള്‍ക്കിടയില്‍ സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണ് ധാരണയുണ്ടാക്കിയത്.
ടൂറിസം സീസണ്‍ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്തിൽ കേടുപാട് സംഭവിച്ച വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും തുക കര്‍ഷകര്‍ക്ക് ഉപയോഗിക്കാം. വള്ളങ്ങള്‍ അതത് പാടശേഖരസമിതികളുമായി ചേര്‍ന്ന് സഞ്ചാരികള്‍ക്കായി കടവുകള്‍ ക്രമീകരിക്കുന്നതാണ്.
by Midhun HP News | Jul 19, 2025 | Latest News, കേരളം
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസുകാരൻ മിഥുന് വിട നൽകി ജന്മനാട്. വിളന്തറയിലെ വീട്ടുവളപ്പിൽ മിഥുന്റെ അനുജൻ ചിതയ്ക്ക് തീകൊളുത്തി. മിഥുനെ അവസാനമായി കാണാൻ നിരവധി പേരാണ് എത്തിയത്. വിങ്ങിപ്പൊട്ടിയാണ് ഉറ്റവർ മിഥുന് അന്ത്യ ചുംബനം നൽകിയത്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായാണ് മൃതദേഹം സ്കൂളിലേക്ക് എത്തിച്ചത്. അവസാനമായി മിഥുൻ സ്കൂൾ മുറ്റത്തെത്തിയപ്പോൾ അധ്യാപകരും കൂട്ടുകാരും വിങ്ങിപ്പൊട്ടി. വൻ ജനാവലിയാണ് റോഡിനിരുവശവും കണ്ണീരോടെ കാത്തുനിന്നത്.
മണിക്കൂറുകൾ നീണ്ട വിലാപയാത്രയ്ക്ക് ശേഷം മൃതദേഹം വീട്ടിലെത്തിയപ്പോൾ അവന്റെ പ്രിയപ്പെട്ടവരെല്ലാം ഉണ്ടായിരുന്നു. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം നടന്നത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്.
by Midhun HP News | Jul 19, 2025 | Latest News, കേരളം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ കാരണങ്ങള്‍ കൊണ്ട് തന്നെ ദിവ്യയ്ക്ക് എതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും ദിവ്യയുടെ അഭിഭാഷകനായ അഡ്വ. വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് വ്യക്തി താല്‍പ്പര്യവും രാഷ്ട്രീയ താല്‍പ്പര്യവും ചേര്‍ത്തുണ്ടാക്കിയ ആരോപണ ചെളി ദിവ്യക്കെതിരെ വലിച്ചെറിയുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റ് പറ്റിയതായി എഡിഎം നവീന്‍ ബാബു പറഞ്ഞതായി കുറ്റപത്രത്തില്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മൊഴി നല്‍കിയത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എഡിഎം പറഞ്ഞ കാര്യങ്ങള്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കലക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
by Midhun HP News | Jul 19, 2025 | Latest News, കേരളം
കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവല്‍ക്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും മന്ത്രി ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുണ്ടായിരുന്നു. സര്‍വകലാശാലകളില്‍ സ്വസ്ഥവും ശാന്തവുമായ അന്തരീക്ഷം വേണം. സ്വതന്ത്രമായ ആശയങ്ങള്‍ക്കുള്ള ഇടമാകണം സര്‍വകലാശാലകള്‍. സംസ്ഥാനത്ത് മാത്രമല്ല രാജ്യമെമ്പാടും പ്രത്യേക ആശയധാരയെ പ്രതിഷ്ഠിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ബഹുസ്വരത, വൈജാത്യങ്ങള്‍, സാമൂഹ്യനീതിബോധം എല്ലാം സര്‍വകലാശാലകളില്‍ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
കേരള സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലെത്തിയത് മഞ്ഞുരുക്കത്തിന്റെ സൂചനയാണെന്നും അവര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും പ്രശ്നങ്ങള്‍ തീരണമെന്ന അഭിപ്രായമാണ് വി സിക്കുള്ളതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ നടപടികള്‍ക്കായി സിന്‍ഡിക്കേറ്റുമായി സംസാരിക്കുന്നുണ്ടെന്നും ആര്‍ ബിന്ദു പറഞ്ഞു. സിന്‍ഡിക്കേറ്റിന് പറയാനുള്ളതും വി സിക്ക് പറയാനുള്ളതും കേട്ടു. അന്തിമ തീരുമാനം ആയിട്ടില്ല. സിന്‍ഡിക്കേറ്റ് വിളിക്കാമെന്ന് വി സി സമ്മതിച്ചു. വി സിയും സിന്‍ഡിക്കേറ്റും ഒന്നിച്ച് ചര്‍ച്ച ചെയ്യുന്നതാണ് പരിഹാരം. ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു.
Recent Comments