ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ചക്കപ്പഴം കഴിച്ചാല്‍ പൂസാകുമോ? ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാര്‍

കോട്ടയം: ചക്കപ്പഴം കഴിച്ചാല്‍ ‘ഫിറ്റ്’ആകുമോ? എന്നാല്‍ കേട്ടോ സംഭവം സത്യമാണ്. കഴിഞ്ഞ ദിവസം വരിക്കച്ചക്കപ്പഴം കഴിച്ചവരെയെല്ലാം ബ്രെത്ത് അനലൈസര്‍ പിടിച്ചു. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു സംഭവം.

വീട്ടില്‍ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചപ്പോള്‍ അതിലൊരു പങ്ക് മറ്റുജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതിയാണ് രാവിലെ ഡ്യൂട്ടിക്കെത്തിയ കൊട്ടാരക്കര സ്വദേശിയായ ഡ്രൈവര്‍ ചുളയുമായി എത്തിയത്. ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാാര്‍ നാലഞ്ച് ചുള അകത്താക്കി. ഡിപ്പോയിലെ രാവിലത്തെ പതിവുപരിപാടിയായ ‘ഊതിക്കല്‍’ തുടങ്ങിയപ്പോഴാണ് ചക്കയുടെ തനിസ്വഭാവം മനസ്സിലായത്. ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ബ്രത്തനലൈസര്‍ പരിശോധനയില്‍ കുടുങ്ങി. താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ഡ്രൈവര്‍ പറഞ്ഞു.

ഒടുവില്‍ സാംപിള്‍ പരിശോധന നടത്താമെന്നായി ജീവനക്കാര്‍. ഊതിക്കാന്‍ നിയോഗിച്ച ആള്‍തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം. ചക്കച്ചുള കഴിച്ചുകഴിഞ്ഞ് ഊതിയപ്പോള്‍ തെളിഞ്ഞത് അദ്ദേഹവും മദ്യപിച്ചെന്ന് തെളിയിക്കുന്ന സംഖ്യ.ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്കതന്നെയെന്ന് അധികതരും ഉറപ്പിച്ചു.

ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തി. നല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും. പുളിക്കാന്‍ സഹായിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ ഘടകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. എന്നാല്‍ ചക്കപ്പഴം ആ അവസ്ഥയില്‍ കഴിക്കാന്‍ പോലും പ്രയാസമായിരിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73,360 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 9170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്.

പവന്‍ വില 73,360 രൂപയിലെത്തിയതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില എന്ന റെക്കോര്‍ഡും കുറിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

ഇടുക്കിയില്‍ വന്‍ വനംകൊള്ള; ഏലത്തോട്ടങ്ങളില്‍ നിന്നും മരങ്ങൾ മുറിച്ചുകടത്തി

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ മേഖലയില്‍ വന്‍ വനംകൊള്ള. ശാന്തന്‍പാറ പേതൊട്ടിയില്‍ സിഎച്ച്ആര്‍ മേഖലയില്‍ നിന്ന് 150 ലധികം മരങ്ങള്‍ മുറിച്ചു കടത്തി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

ശാന്തന്‍പാറ വില്ലേജില്‍ മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന ഒന്നര ഏക്കര്‍ ഭൂമിയില്‍ നിന്നും ഒരാഴ്ച മുന്‍പാണ് മരങ്ങള്‍ മുറിച്ചു കടത്തിയത്. എം ബൊമ്മയ്യന്‍ എന്നയാളുടെ പേരിലുള്ള ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്.

മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് അനുമതിയില്ലാത്ത സിഎച്ച്ആര്‍ ഭൂമിയിലാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. ഏലം പുനകൃഷിയുടെ മറവിലാണ് മരംവെട്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചില്ലകള്‍ വെട്ടി ഒതുക്കുന്ന പതിവ് നടപടികളുടെ മറവില്‍ മരങ്ങള്‍ മുറിച്ചു കടത്തുകയായിരുന്നു. ആഞ്ഞിലി, മരുത്, ഞാവല്‍, പ്ലാവ് തുടങ്ങിയ നിരവധി മരങ്ങള്‍ ആണ് മുറിച്ചു കടത്തിയത്.

കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ അപകടം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങളാണ് തകര്‍ന്നുവീണത്. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു വര്‍ഷമായി ഈ കെട്ടിട ഭാഗങ്ങള്‍ ഉപയോഗിച്ചിരുന്നില്ല.

പൊളിച്ചു മാറ്റാന്‍ തീരുമാനിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. രാവിലെ സ്‌കൂള്‍ അധികൃതര്‍ എത്തിയപ്പോഴാണ് പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതായി കണ്ടെത്തിയത്.

മേല്‍ക്കൂരയും മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച ഭിത്തിയും അടക്കമുള്ള ഭാഗങ്ങളാണ് തകര്‍ന്നു വീണത്. 80 വര്‍ഷത്തിനടുത്ത് പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന കെട്ടിടത്തിന് സമീപം കുട്ടികള്‍ വിശ്രമിക്കാന്‍ ഇരിക്കാറുണ്ടായിരുന്നു. കെട്ടിടം ഇടിഞ്ഞുവീണത് രാത്രിയായതിനാല്‍ വലിയ അപകടം ഒഴിവായി.

മിഥുന്റെ കുടുംബത്തിലെത്തി ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി; മുന്‍ പ്രസ്താവനയില്‍ ഖേദം

മിഥുന്റെ കുടുംബത്തിലെത്തി ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി; മുന്‍ പ്രസ്താവനയില്‍ ഖേദം

കൊല്ലം: തേവലക്കര സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു. ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു. താന്‍ ലഹരിക്കെതിരായ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

താന്‍ മിഥുന്റെ കുുടംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുകയാണ്. സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തില്‍ നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സഹപാഠികള്‍ പറഞ്ഞിട്ടും മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്ന് മന്ത്രി പറഞ്ഞു. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി… ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷേ നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സിപിഐ വനിത സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയതായിരുന്നു മന്ത്രി ചിഞ്ചുറാണി. സാമൂഹിക ജീര്‍ണതയ്ക്കെതിരെയെന്ന തലക്കെട്ടോടെ സംഘടിപ്പിച്ച പരിപാടിയില്‍ സൂംബ നൃത്തതോടെയായിരുന്നു തുടക്കം. നേതാകള്‍ക്കും അണികള്‍ക്കുമൊപ്പം മന്ത്രി നൃത്തം ചെയ്യുകയും ചെയ്തു. മന്ത്രിയുടെ സ്വന്തം ജില്ലയിലാണ് വിദ്യാര്‍ഥി സ്കൂളില്‍വെച്ച് ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായപ്പോൾ, അപകടത്തെ ലഘൂകരിച്ച് കാണുകയും, സൂംബ നൃത്തം ചെയ്യുകയും ചെയ്ത മന്ത്രി ചിഞ്ചുറാണിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

തീവണ്ടികൾ കൂട്ടിമുട്ടാതിരിക്കാന്‍ ‘കവച്’ വരുന്നു; കരാര്‍ കെ-റെയില്‍- എസ് എസ് റെയില്‍ സഖ്യത്തിന്‌

തീവണ്ടികൾ കൂട്ടിമുട്ടാതിരിക്കാന്‍ ‘കവച്’ വരുന്നു; കരാര്‍ കെ-റെയില്‍- എസ് എസ് റെയില്‍ സഖ്യത്തിന്‌

കൊച്ചി: കേരളത്തിൽ ഏറ്റവും ട്രെയിൻ ഗതാഗത സാന്ദ്രതയുള്ള എറണാകുളം ജംഗ്ഷൻ – ഷൊര്‍ണൂര്‍ മേഖലയിൽ കവച് സുരക്ഷാ സംവിധാനം വരുന്നു. പദ്ധതി നടപ്പാക്കാനുള്ള കരാര്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും ആന്ധ്ര കേന്ദ്രമായുള്ള എസ് എസ് റെയിലും ചേർന്നുള്ള സംയുക്ത സംരംഭത്തിനു ലഭിച്ചു. 105. 87 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കരാര്‍. എറണാകുളം ജംഗ്ഷൻ മുതല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ 106.8 കിലോമീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം.

തീവണ്ടികൾ കൂട്ടിമുട്ടുന്നത് ഒഴിവാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ (ആർ ഡി എസ് ഒ) വികസിപ്പിച്ച സംവിധാനമാണ് കവച്. സെന്‍സറുകളും ജി.പി.എഎസ് സംവിധാനവും വാര്‍ത്താവിനിയമ സംവിധാനവും ഉള്‍പ്പെടുന്നതാണ് കവച്. ഒരേ പാതയിൽ വരുന്ന തീവണ്ടികൾ കൂട്ടിമുട്ടാനുള്ള സാധ്യത യഥാസമയം കണ്ടെത്തുകയും, സ്വമേധയാ തടയുകയും ചെയ്യുന്നതാണ് ഈ സംവിധാനം.

കേരളത്തില്‍ കവച് സുരക്ഷാ സംവിധാനം നടപ്പിലാകുന്ന ആദ്യ മേഖലയായിരിയ്ക്കും ഇത്. എറണാകുളം മുതല്‍ വള്ളത്തോള്‍ നഗര്‍ വരെയുള്ള ഭാഗത്ത് ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പിന്നാലെയാണ് പുതിയ പദ്ധതി. ഓട്ടോ മാറ്റിക് സിഗ്നലിംഗ് പദ്ധതി നടപ്പാക്കുന്നത് കെ-റെയില്‍ – ആര്‍.വി.എന്‍.എല്‍ സഖ്യമാണ്.