ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി, തിരുത്തലിന് നല്‍കിയപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം

ആധാര്‍ കാര്‍ഡില്‍ പെണ്‍കുട്ടിയെ ആണ്‍കുട്ടിയാക്കി, തിരുത്തലിന് നല്‍കിയപ്പോള്‍ തെറ്റ് ആവര്‍ത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം

കൊച്ചി: എട്ടാം ക്ലാസുകാരന്റെ ആധാര്‍ കാര്‍ഡില്‍ ജെന്‍ഡര്‍ കോളത്തില്‍ ആണ്‍ എന്നെഴുതിയതിന് പകരം പെണ്‍ എന്ന് രേഖപ്പെടുത്തിയത് തിരുത്താനായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഒരു കുടുംബം. ആധാര്‍ കാര്‍ഡിലെ തെറ്റ് സ്‌കോളര്‍ഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും തടസമായി.

എടവനക്കാട് പള്ളത്ത് ഹൗസില്‍ സുജിതയുടെ മകന്‍ അദിനാല്‍ അസ്ലമിന്റെ ആധാര്‍ കാര്‍ഡിലാണ് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തിരുത്താനായി നല്‍കിയപ്പോഴും ജീവനക്കാരിക്ക് പറ്റിയ അബദ്ധത്തെത്തുടര്‍ന്ന് വീണ്ടും പെണ്‍കുട്ടിയായി രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് തന്നെയാണ് വിദ്യാര്‍ഥിക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷിനെ നേരില്‍ കണ്ട് പരാതി നല്‍കി. ആധാറിലെ തെറ്റ് തിരുത്താന്‍ ബെംഗളൂരുവിലെ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ ഓഫീസ് വിദ്യാര്‍ഥിയുടെ പരാതി കൈമാറിയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ബെംഗളൂരു ഓഫീസുമായി ബന്ധപ്പെട്ട് ജെന്‍ഡര്‍ തിരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

കൊച്ചി കോര്‍പ്പറേഷനില്‍ നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്യമായാണ് ജെന്‍ഡര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ആധാര്‍ കാര്‍ഡിനായി വിവരങ്ങള്‍ നല്‍കിയപ്പോള്‍ ആണ്‍ എന്നതിനു പകരം ഓപ്പറേറ്റര്‍ പെണ്‍ എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇത് തിരുത്താനായി ആധാര്‍ അതോറിറ്റിക്ക് അപേക്ഷ നല്‍കി, തിരുത്താനവസരം ലഭിച്ചെങ്കിലും ഇതേ വേളയിലും സമാന തെറ്റ് ആവര്‍ത്തിച്ചു. തിരുത്തിയ ആധാര്‍ ലഭ്യമാക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയത്. തൃക്കാക്കര നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാലയും ഇവരോടൊപ്പം ഉണ്ടായിരുന്നു.

കോട്ടയത്തിന്റെ ‘നീലക്കുറിഞ്ഞി’, ആമ്പലിൽ പൂവിടുന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങൾ

കോട്ടയത്തിന്റെ ‘നീലക്കുറിഞ്ഞി’, ആമ്പലിൽ പൂവിടുന്ന ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങൾ

കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങൾ കടന്ന് കാഞ്ഞിരം പാലം കടക്കുമ്പോൾ, എല്ലാം മാറുന്നു. പച്ചപ്പു നിറഞ്ഞ നെൽവയലുകളുടെ ശാന്തത ഊർജ്ജസ്വലമായ കാഴ്ചകൾക്ക് വഴിയൊരുക്കുന്നു. ഞായറാഴ്ച രാവിലെ മഴ പെയ്യുന്നുണ്ടെങ്കിലും, ഒരു ഗ്രാമം മുഴുവൻ സജീവമായി. അവിടെ താമസക്കാർ , നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു: ചിലർ ബോട്ടിങ് ഇഷ്ടപ്പെടുന്ന സന്ദർശകരുമായുള്ള തിരക്കിലാണ്, മറ്റു ചിലർ വാഹനങ്ങൾ പണമടച്ചുള്ള പാർക്കിങ്, സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു, ചിലർ പൂക്കൾ വിൽക്കുന്നതും കാണാം.

കായലിന്റെ തീരത്തുള്ള ഈ കൊച്ചു ഗ്രാമം വൈവിധ്യമാർന്ന നിറങ്ങളിൽ ജീവൻ പ്രാപിക്കുന്ന സമയമാണിത്. ജൂൺ മുതൽ ഒക്ടോബർ വരെ, കോട്ടയം മുനിസിപ്പാലിറ്റിയുടെ അതിർത്തിയിലുള്ള തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കൽ എന്ന ശാന്തമായ ഗ്രാമം സജീവമാകുന്നു.

മൂവായിരം ഏക്കർ നെൽപ്പാടങ്ങളിൽ സീസണൽ ആമ്പൽ വിരിയുന്നത് ഇവിടുത്തുകാരുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു, ആയിരക്കണക്കിന് സന്ദർശകർ കുമരകത്തിനടുത്തുള്ള ഈ മനോഹരമായ ഗ്രാമത്തിലേക്ക് എത്തിത്തുടങ്ങിയതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചു.

ജൂൺ മാസത്തോടെ ആമ്പൽ പൂത്തുതുടങ്ങുമ്പോൾ, മനോഹരമായ അപ്പർ കുട്ടനാട്ടിലൂടെയുള്ള ഒരു നാടൻ ബോട്ട് യാത്ര, നെൽപ്പാടങ്ങളുടെ ഗ്രാമീണ സൗന്ദര്യത്താൽ ചുറ്റപ്പെട്ടതും, ആമ്പൽ പൂത്തുനിൽക്കുന്നതും, ഒരു പ്രധാന ആകർഷണമായി മാറുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പുറമേ, ഉത്തരേന്ത്യൻ വിനോദസഞ്ചാരികളും ഇപ്പോൾ മലരിക്കലിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനായി സർക്കാർ എല്ലാ സീസണിന്റെയും മികച്ച സമയത്ത് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

കോട്ടയത്തെ ‘നീലക്കുറിഞ്ഞി’

മൂന്നാറിന്റെ ഭാഗ്യം മാറ്റിമറിച്ചത് 1994-ൽ ‘നീലക്കുറിഞ്ഞി’ പൂക്കുന്ന സമയത്തെ ഒരു ഫോട്ടോഗ്രാഫറുടെ ആകസ്മിക സന്ദർശനമായിരുന്നു എങ്കിൽ, മലരിക്കലിന് സമാനമായ ഒരു കഥ പങ്കുവയ്ക്കാനുണ്ട്. 2018-ൽ ഒരു ഫോട്ടോഗ്രാഫർ വിവാഹ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കിട്ടപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഈ ഗ്രാമം പ്രശസ്തിയിലേക്ക് ഉയർന്നു.

തിരുവായ്ക്കാരിയിലെ 850 ഏക്കർ പാടശേഖരങ്ങളിലും ജെ ബ്ലോക്കിലെ 1,850 ഏക്കർ പാടശേഖരങ്ങളിലുമാണ് പ്രധാനമായും ആമ്പൽ പൂക്കുന്നത്. ശ്രദ്ധേയമായി, ഈ അതിശയകരമായ പ്രകൃതിദൃശ്യം രാവിലെ ആറ് മുതൽ 10 വരെ കാണാൻ കഴിയും,

പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം

സീസണിന്റെ തുടക്കത്തിൽ സന്ദർശകരുടെ തിരക്ക് കണക്കിലെടുത്ത്, മലരിക്കൽ സ്വദേശിയായ സുഭാഷ് സി കെ അടുത്തിടെ 50,000 രൂപ വിലയുള്ള ഒരു ബോട്ട് വാങ്ങി. ഇതും സമീപകാലത്തെ ഒരു പ്രവണതയുടെ ഭാഗമാണ്; കന്യാകുമാരിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഈ സീസണിൽ 50 ഓളം മോട്ടോർ ഘടിപ്പിച്ച നാടൻ ബോട്ടുകൾ മലരിക്കലിലേക്ക് കൊണ്ടുവന്നു. കൂടാതെ, നിരവധി നാട്ടുകാർ ബോട്ടുകൾ വാടകയ്‌ക്കെടുക്കുന്നു. നാട്ടുകാരുടെ അഭിപ്രായത്തിൽ, മലരിക്കൽ കൃഷിയിടങ്ങളിൽ 96 ബോട്ടുകളും ജെ ബ്ലോക്ക് കൃഷിയിടത്ത് 47 ബോട്ടുകളുമുണ്ട്. ഓരോ ബോട്ടിലും അഞ്ച് മുതൽ എട്ട് വരെ യാത്രക്കാർ സഞ്ചരിക്കുന്നു, ഒരു മണിക്കൂർ യാത്രയ്ക്ക് 1,000 രൂപ ഈടാക്കുന്നു.

“ബോട്ടുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഞങ്ങൾ ഒരു ടേൺ സിസ്റ്റം നടപ്പിലാക്കി. പ്രവൃത്തി ദിവസങ്ങളിൽ, ഞങ്ങൾക്ക് ഒരു ദിവസം കുറഞ്ഞത് ഒരു ട്രിപ്പ് ലഭിക്കും. ശനി, ഞായർ, അവധി ദിവസങ്ങളിൽ ഇത് നാല് ട്രിപ്പുകൾ വരെ എത്തുന്നു. ബോട്ടിങ് ഇവിടുത്തെ ഒരു പ്രധാന വരുമാന സ്രോതസ്സാണ്,” നാട്ടുകാരനായ സുനിൽ കുമാർ പറഞ്ഞു.

മലരിക്കലിനെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറിന്റെ അഭിപ്രായത്തിൽ,ആമ്പൽ ടൂറിസം ആരംഭിച്ചതിനുശേഷം പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. “ഈ സീസണിൽ 50 ബോട്ടുകൾ എത്തിയിട്ടും, തിരക്കേറിയ അവധിക്കാലങ്ങളിൽ സന്ദർശകരെ ഉൾക്കൊള്ളാൻ ബോട്ടുകളുടെ ക്ഷാമം ഞങ്ങൾ ഇപ്പോഴും നേരിടുന്നു. കുടുംബശ്രീ അംഗങ്ങൾ 30 രൂപയ്ക്ക് പൂക്കളുടെ പൂച്ചെണ്ടുകളും 100 രൂപയ്ക്ക് വിത്ത് പായ്ക്കറ്റുകളും വിൽക്കുന്നു. കൂടാതെ, കടകളുടെ എണ്ണം വർദ്ധിച്ചു, പണമടച്ചുള്ള പാർക്കിങ് സൗകര്യങ്ങൾ സ്ഥാപിച്ചു,” അദ്ദേഹം പറഞ്ഞു.

മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്കനുസരിച്ച്, മലരിക്കൽ വാർഡ് 2022 ൽ ഒരു കോടി രൂപയുടെ വരുമാനം നേടി. ഇത്തവണത്തെ കണക്കുകൾ പ്രകാരം വരുമാനം അഞ്ച് കോടിയിലെത്താം.

“കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാൻ പാടുപെട്ടിരുന്ന കാലത്ത് നിന്ന് , ഈ പ്രദേശം വികസിച്ചു. മാത്രമല്ല, എല്ലാവർക്കും ജോലിയുണ്ട്. ഗ്രാമം ഇപ്പോൾ ഉത്സവപ്രതീതിയിലാണ്,” ഒരു താമസക്കാരൻ പറഞ്ഞു.

ടൂറിസം സംരംഭങ്ങൾ വികസിപ്പിക്കൽ

സന്ദർശകരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരുന്നതിനാൽ, ഈ മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, വേമ്പനാട് തടാകം അടിസ്ഥാനമാക്കിയുള്ള ടൂറിസം പ്രവർത്തനങ്ങൾ കുമരകം മുതൽ കോട്ടയം മുനിസിപ്പൽ പരിധി വരെ വികസിപ്പിക്കുന്നതിനായി 107.88 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.

വേമ്പനാട് കായലിന്റെ അനുബന്ധമായ പഴുക്കനില കായലിന്റെ പുനരുജ്ജീവനം, മൂന്ന് നെൽവയലുകളുടെ പുറം ബണ്ടുകൾ ശക്തിപ്പെടുത്തി മൂന്ന് റിങ് റോഡുകൾ നിർമ്മിക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. “ബലപ്പെടുത്തിയ പുറം ബണ്ടുകൾ 25 കിലോമീറ്റർ നീളത്തിൽ റിങ് റോഡുകളായി വികസിപ്പിക്കും, അതിൽ ഏകദേശം 20 കിലോമീറ്റർ കായലിലൂടെയായിരിക്കും, ഇത് കായൽ അധിഷ്ഠിത ടൂറിസം പ്രവർത്തനങ്ങൾക്ക് തുടക്കമിടും,” അനിൽകുമാർ പറഞ്ഞു.

മേഖലയിലെ ടൂറിസം വികസിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പരിശോധിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മലരിക്കൽ സന്ദർശിക്കും.

കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്‍കി ജീവന്‍ രക്ഷിച്ച് വനംവകുപ്പ്

കിണറ്റില്‍ മുങ്ങിത്താഴ്ന്ന് മാന്‍കുഞ്ഞ്; സിപിആറും കൃത്രിമ ശ്വാസവും നല്‍കി ജീവന്‍ രക്ഷിച്ച് വനംവകുപ്പ്

തൃശ്ശൂര്‍: കിണറ്റില്‍ വീണ മാന്‍കുട്ടിക്ക് രക്ഷകരായി വനംവകുപ്പ്. പട്ടിക്കാട് ചെന്നായ്പാറയില്‍ ആന്റണിയുടെ വീട്ടുകിണറ്റില്‍ വീണ മാന്‍കുട്ടിക്കാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കരുതലില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. വെള്ളം നിറഞ്ഞ കിണറില്‍ നീന്തി അവശനായ മാന്‍ കുഞ്ഞിനെ മരണത്തിലേക്ക് ആഴ്ന്നുപോകും മുന്‍പ് രക്ഷപ്പെടുത്തി സിപിആര്‍ ഉള്‍പ്പെടെ നല്‍കി ഉദ്യോഗസ്ഥര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മാന്‍ കുട്ടി കിണറ്റില്‍ വീണത്. വീട്ടുപറമ്പിലെ കിണറിന് അടുത്ത് അമ്മമാനിനെയും രണ്ടു കുഞ്ഞുങ്ങളെയും കണ്ട് ആന്റണിയുടെ ഭാര്യ മകനെയുംകൂട്ടി ഫോട്ടോയെടുക്കാന്‍ ചെന്നപ്പോഴായിരുന്നു കിറണില്‍ മുങ്ങിത്താഴുന്ന മാന്‍കുഞ്ഞിനെ കണ്ടത്. ഉടൻ വനംവകുപ്പ് മാന്ദാമംഗലം റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുയും ചെയ്തു.

വനംവകുപ്പ് സംഘത്തിന് ഒപ്പം സംഭവസ്ഥലത്ത് എത്തിയ വന്യജീവിസംരക്ഷകനായ ലിജോ കാച്ചേരിയാണ് മാന്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്. റോപ്പ് ക്ലാമ്പിങ് ഉപയോഗിച്ച് കിണറില്‍ തൂങ്ങിയിറങ്ങിയ ലിജോ നീന്തി അവശനായ മാന്‍കുഞ്ഞിനെ കൈകളിലാക്കുകയായിരുന്നു. കിണറില്‍ വച്ച് തന്നെ സിപിആര്‍ ഉള്‍പ്പെടെ നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മാന്‍കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തിയത്. വായ്കൊണ്ട് കൃത്രിമ ശ്വാസം നല്‍കിയും നെഞ്ചിന്റെ ഭാഗത്ത് അമര്‍ത്തിയുമായിരുന്നു പ്രാഥമിക ശുശ്രൂഷ. പൂര്‍ണ ആരോഗ്യം തിരിച്ചെടുത്ത മാന്‍കുഞ്ഞിനെ തൊട്ടടുത്ത കാട്ടിലുണ്ടായിരുന്ന അമ്മ മാനിന്റെ അടുത്ത് എത്തിക്കുകയും ചെയ്തു. പിഎഫ്ഒ അനില്‍കുമാര്‍, പ്രവീണ്‍, എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

പുതിയ ഉയരം കുറിക്കുമോ? സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

പുതിയ ഉയരം കുറിക്കുമോ? സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 73,360 രൂപയാണ്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 9170 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവില കൂടുന്നത്.

പവന്‍ വില 73,360 രൂപയിലെത്തിയതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില എന്ന റെക്കോര്‍ഡും കുറിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

അമ്മയെത്തി; പൊന്നുമോനെ യാത്രയാക്കാന്‍, മിഥുന് വിട നല്‍കാന്‍ നാട്

അമ്മയെത്തി; പൊന്നുമോനെ യാത്രയാക്കാന്‍, മിഥുന് വിട നല്‍കാന്‍ നാട്

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂള്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെകാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈത്തില്‍ നിന്നും സുജ നാട്ടിലെത്തിയത്.

മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോകും.

സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

അപകീര്‍ത്തിപ്പെടുത്തിയെന്ന കലാമണ്ഡലം സത്യഭാമയുടെ പരാതി; തെളിവില്ലെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കി

കൊച്ചി: നര്‍ത്തകരായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, യു ഉല്ലാസ്, എന്നിവര്‍ക്കെതിരെ നൃത്തധ്യാപിക കലാമണ്ഡലം സത്യഭാമ നല്‍കിയ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെത്തുടര്‍ന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നല്‍കിയ ഹര്‍ജി അനുവദിച്ചാണ് നടപടി.

താനുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡു ചെയ്ത ഹര്‍ജിക്കാര്‍ സമൂഹമാധ്യമങ്ങളില്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയും പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്‌തെന്നാണ് സത്യഭാമയുടെ പരാതി. എന്നാല്‍ അപകീര്‍ത്തികരമെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പ്രസിദ്ധീകരണത്തിന്റെ പകര്‍പ്പുകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്നത് കോടതി കണക്കിലെടുത്തു. തെളിവുകളുടെ അഭാവത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

2018 ജനുവരിയില്‍ അബുദാബി മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ സത്യഭാമ വിധികര്‍ത്താവായിരുന്നു. രാമകൃഷ്ണന്‍ പരിശീലിപ്പിച്ച നര്‍ത്തകര്‍ പിന്തള്ളപ്പെട്ടു. ഇത് ബോധപൂര്‍വമാണെന്ന് കരുതിയ ഹര്‍ജിക്കാരന്‍ സത്യഭാമയെ ഫോണില്‍ ബന്ധപ്പെട്ട് തീരുമാനമത്തില്‍ സംശയം ഉന്നയിച്ചു ചോദ്യം ചെയ്തു. മത്സരാര്‍ഥികളുടെ മുദ്രകള്‍ പലതും തെറ്റായിരുന്നുവെന്നും അനുഭവ പരിചയമുള്ള നൃത്തധ്യാപകര്‍ക്ക് പോലും പിശക് പറ്റാറുണ്ടെന്നും സത്യഭാമ വിശദീകരിച്ചു. ഇത് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ശേഷം നൃത്ത ഗുരുക്കന്‍മാര്‍ക്കെതിരായ പരാമര്‍ശമെന്ന നിലയില്‍ ഹര്‍ജിക്കാര്‍ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി.