അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

അതിശക്തമായ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറിടത്ത് യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ ഇടുക്കി എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്.

സംസ്ഥാനത്ത് വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോരമേഖലയിലും പുഴകള്‍ക്ക് ഇരുവശവും തീരപ്രദേശത്തും അതീവ ജാഗ്രത പാലിക്കണം. ഞായറാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പറിയിച്ചു.

വയനാട്ടിലും മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. ചുരല്‍മല പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയരാനുള്ള സാധ്യത മണക്കിലെടുത്ത് മുണ്ടക്കൈചൂരല്‍മല പ്രദേശത്തേക്ക് പ്രവേശനവിലക്കേര്‍പ്പെടുത്തി. ഗോ സോണ്‍, നോ ഗോ സോണ്‍ ഭാഗങ്ങളിലേക്ക് പ്രവേശനമില്ല. തോട്ടം മേഖലയിലേക്കും പ്രവേശനം വിലക്കി. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

ഇന്ന് കർക്കടകം ഒന്ന്; ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍

തിരുവനന്തപുരം: രാമായണ പുണ്യമാസത്തിനു തുടക്കം കുറിച്ച് ഇന്ന് കർക്കടകം ഒന്ന്. രാമായണത്തിന്റെ പൊരുളും നന്മയും പകർന്നു നൽകുന്ന രാമായണ മാസത്തിന് ഇന്ന് തുടക്കമായി. ഭക്തിയും വ്രതപുണ്യവും നിറയുന്ന രാമായണ പാരായണ പുണ്യകാലമാണ് ഇനി ഓരോ വീടുകളിലും. തോരാ മഴ പെയ്തിരുന്ന കർക്കടകം മലയാളികൾക്ക് പഞ്ഞകർക്കടകവും കള്ളക്കർക്കടവുമാണ്.

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കത്തിച്ച് വെച്ച നിലവിളക്കിന് മുന്നിലാണ് ഒരു മാസം രാമായണ പാരായണം. രാമായാണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാണെന്നാണ് വിശ്വാസം. കർക്കടക മാസം അവസാനിക്കുമ്പോൾ രാമായണം വായിച്ച് തീർക്കണം. മൺമറഞ്ഞ പിതൃക്കൾക്കായി കർക്കടക വാവുബലിയും ഈ മാസം നടത്തും.

ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് കര്‍ക്കിടകം. ഔഷധക്കൂട്ടുകളോടെ തയ്യാറാക്കുന്ന കര്‍ക്കടക കഞ്ഞി ഏറെ പ്രശസ്തമാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും വിവിധ പരിപാടികളോടെ രാമായണ മാസാചരണം നടക്കും. വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്. കർ‌ക്കടകം വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ്.

സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍ വരുന്നു, 9 പുത്തൻ സ്ക്രീനുകളുമായി കെഎസ്എഫ്ഡിസി

സംസ്ഥാനത്ത് കൂടുതല്‍ മള്‍ട്ടിപ്ലക്സുകള്‍ വരുന്നു, 9 പുത്തൻ സ്ക്രീനുകളുമായി കെഎസ്എഫ്ഡിസി

കൊച്ചി: സംസ്ഥാനത്ത് മൾട്ടിപ്ലെക്സുകളുടെ എണ്ണം കൂടുന്നു. മികച്ച സിനിമകൾ നിർമിക്കുന്നതും മറ്റ് ഭാഷാ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയും കണക്കിലെടുത്താണ് മൾട്ടിപ്ലെക്സുകൾ കേരളത്തിലേക്ക് കൊണ്ടുവരാൻ കമ്പനികൾ തയ്യാറാകാൻ കാരണം. അതേസമയം മൾട്ടിപ്ലെക്സുകൾ ചെറിയ തിയറ്ററുകൾക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നാൾക്കുനാൾ കൂടി വരുന്ന ബിസിനസ് ചെലവുകളും കാഴ്ചക്കാരുടെ എണ്ണ കുറവും ഹിറ്റ് സിനിമകളുടെ കുറവുമൊക്കെ ന​ഗരങ്ങളിലടക്കമുള്ള സിംഗിൾ- സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ ഐനോക്സിന് കേരളത്തിലുടനീളം 42 സ്‌ക്രീനുകളുണ്ട്.

മെക്സിക്കോ ആസ്ഥാനമായുള്ള അന്താരാഷ്ട്ര സിനിമാ ശൃംഖലയായ സിനിപോളിസിന് കൊച്ചിയിൽ മൂന്ന് വിഐപി സ്ക്രീനുകൾ ഉൾപ്പെടെ 11 സ്ക്രീനുകളുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോൾ മികച്ച സിനിമകൾ വരുന്നതു കൊണ്ടാണ് മൾട്ടിപ്ലെക്സുകൾ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ചെയർമാനും ചലച്ചിത്ര നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു.

“കേരളത്തിലെ ജനങ്ങൾ എല്ലാ ഭാഷകളിലെയും സിനിമകൾ സ്വീകരിക്കുകയും കാണുകയും ചെയ്യുന്നവരാണ്. മാത്രവുമല്ല, സംസ്ഥാനത്ത് ടിക്കറ്റ് നിരക്കുകൾക്ക് പരിധിയില്ലാത്തതിനാൽ ഈ മൾട്ടിപ്ലെക്സുകൾക്ക് ടിക്കറ്റ് നിരക്കായി വലിയ തുക ഈടാക്കാനും കഴിയും”.- ലിബർട്ടി ബഷീർ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും (കെഎസ്എഫ്ഡിസി) ആറ് ജില്ലകളിലായി 17 സ്‌ക്രീനുകൾ തുറന്നിട്ടുണ്ട്.

കായലത്ത് (കോഴിക്കോട്) മൂന്ന് സ്‌ക്രീനുകളും പയ്യന്നൂർ (കണ്ണൂർ), അളകപ്പ നഗർ (തൃശൂർ), വൈക്കം (കോട്ടയം) എന്നിവിടങ്ങളിൽ രണ്ട് സ്‌ക്രീനുകൾ വീതവും ഉൾപ്പെടെ 9 സ്‌ക്രീനുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആറേഴ് മാസത്തിനുള്ളിൽ പുതിയ സ്ക്രീനുകൾ തുറക്കുമെന്നും കെഎസ്എഫ്ഡിസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്‌ക്രീനുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സിനിമാ പ്രേമികളുടെ എണ്ണം കൂടുന്നില്ലെന്ന് ഫിലിം എക്സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (FEUOK) പ്രസിഡന്റ് കെ വിജയകുമാർ ചൂണ്ടിക്കാട്ടി. മൾട്ടിപ്ലക്സുകളുടെ വളർച്ച സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ബാധിച്ചിട്ടുണ്ട്. സിനിമ നല്ലതാണെങ്കിൽ മാത്രമേ ആളുകൾ തിയറ്ററിൽ പോകാറുള്ളൂ. മൾട്ടിപ്ലക്‌സുകളുടെ കാര്യത്തിലേക്ക് വന്നാൽ,

ആളുകൾ ഷോപ്പിങ്ങിനോ മാളുകളിൽ പോകുമ്പോഴോ ഒക്കെയാണ് ആളുകൾ പലപ്പോഴും സിനിമ കാണുന്നത്. ചെറിയ തിയറ്ററുകൾക്ക് അത്തരമൊരു ഓപ്ഷൻ നൽകാൻ കഴിയില്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ തിയറ്ററുകളെ ഈ പ്രവണത കൂടുതൽ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സിനിമാ പ്രേമികളെ ആകർഷിക്കുന്നതിനായി കേരളത്തിലെ നിരവധി ചെറിയ തിയറ്ററുകൾ നവീകരിച്ചിട്ടുണ്ടെന്നും ബഷീർ വ്യക്തമാക്കി. “കസ്റ്റമേഴ്സിനെ പരമാവധി കംഫർട്ടബിൾ ആക്കാനാണ് ഈ ശ്രമം. കൂടാതെ, ഓഡിയോ- വിഷ്വൽ എക്സ്പീരിയൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപയോ​ഗപ്പെടുത്തുന്നുണ്ടെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.

നിലവിൽ സംസ്ഥാനത്ത് 650 സിംഗിൾ സ്‌ക്രീൻ തിയറ്ററുകളാണുള്ളത്. വർധിച്ചുവരുന്ന വൈദ്യുതി ബില്ലും മറ്റ് ചെലവുകളും സബ്‌സിഡികളുടെ അഭാവവും അവരുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി. ഒരു സിനിമ വിജയകരമായി ഓടുമ്പോൾ മാത്രമേ തിയറ്ററുകൾക്ക് വരുമാനം ലഭിക്കൂ,”- വിജയകുമാർ പറയുന്നു. “മൾട്ടിപ്ലെക്സുകൾക്ക് മറ്റ് വരുമാന സ്രോതസ്സുകളുണ്ട്. ഫുഡ് കോർട്ട് നല്ലൊരു വരുമാന മാർ​ഗമാണ്. അവിടെ ടിക്കറ്റ് വിലയും കൂടുതലാണ്. ഒരു ഷോ 10 പേർ മാത്രമേ കണ്ടുള്ളൂ എങ്കിൽ പോലും, സാമ്പത്തിക നഷ്ടം അത്ര കൂടുതലായിരിക്കില്ല”.- അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു- മൈമൂണിന്റെ ഉദ്ഘാടനത്തോടെ കൊച്ചിയിൽ അഞ്ച് പിവിആർ സ്‌ക്രീനുകൾ കൂടി വരും. കാക്കാനാട് നാല് മൾട്ടിപ്ലെക്സുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് മാജിക് ഫ്രെയിംസ്.

‘മൃതദേഹത്തിന്റെ അവകാശം ഭര്‍ത്താവിനല്ലേ, എംബസി നിലപാട് അറിയിക്കട്ടെ’; വിപഞ്ചികയുടെ മരണത്തില്‍ ഹൈക്കോടതി

‘മൃതദേഹത്തിന്റെ അവകാശം ഭര്‍ത്താവിനല്ലേ, എംബസി നിലപാട് അറിയിക്കട്ടെ’; വിപഞ്ചികയുടെ മരണത്തില്‍ ഹൈക്കോടതി

കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭര്‍ത്താവിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്കു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹത്തിന് നിയമപരമായ അവകാശം ഭര്‍ത്താവിനല്ലേയെന്നും മാതൃസഹോദരിക്കെങ്ങനെ ആവശ്യം ഉന്നയിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ എംബസിയും നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്കമാക്കി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിദേശത്താണ് മരണം സംഭവിച്ചത്. അവിടുത്തെ പൊലീസ് അന്വേഷണം നടത്തുന്നുണ്ടാകും. അപ്പോള്‍പ്പിന്നെ എങ്ങനെ ഇടപെടുമെന്നത് നോക്കട്ടെ എന്ന് കോടതി പറഞ്ഞു.

കീമില്‍ സ്റ്റേയില്ല, ഈ വര്‍ഷം പ്രവേശനം നിലവിലെ രീതിയില്‍ നടത്താമെന്ന് സുപ്രീംകോടതി
ഒന്നര വസയുകാരി മകള്‍ വൈഭവിയുടേയും വിപഞ്ചികയുടേയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ബന്ധുവാണ് കോടതിയെ സമീപിച്ചത്. ഇരുവരുടെയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വിപഞ്ചികയുടെ മാതാവിന്റെ അടുത്ത ബന്ധുവാണ് ഹര്‍ജി നല്‍കിയത്. മകളുടെയും കൊച്ചുമകളുടെയും മരണവിവരമറിഞ്ഞ് മാതാവ് ഷൈലജ ഷാര്‍ജയിലാണ്. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിട്ടുണ്ട്. വിപഞ്ചികയുടേയും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഷാര്‍ജയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിപഞ്ചിക നിരന്തരം ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിന്റെ തെളിവുകളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടേയും മരണത്തില്‍ സംശയമുണ്ടെന്നും, പഴുതടച്ച അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടും കാര്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൃത്യമായ അന്വേഷണം നടത്താനും തെളിവുകള്‍ നശിപ്പിക്കാതിരിക്കാനും കോടതി ഇടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

ഗതാഗത വകുപ്പിന് കനത്ത തിരിച്ചടി; ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ​ഗതാ​ഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ ഹർജികളിലാണ് ഹൈക്കോടതി നടപടി. ഡ്രൈവിംഗ് ടെസ്റ്റിന് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമാക്കാനായി ഗതാഗത കമ്മീഷണർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ പറഞ്ഞിരുന്നു.

പഴയ വാഹനങ്ങൾ ആധുനിക സാങ്കേതിക വിദ്യയ്ക്ക് അനുസൃതമല്ലെന്നും കമ്മീഷണർ പറഞ്ഞിരുന്നു. എന്നാൽ ഏകപക്ഷീയമായി വാഹന നിരോധനം അടിച്ചേൽപ്പിക്കുന്നു. ഇത് യുക്തിപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ എതിർവാദം. ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഡാഷ് ബോർഡ് കാമറ നിർബന്ധമെന്ന് കമ്മീഷണർ പറഞ്ഞിരുന്നു. ഇത് മോട്ടോർ വാഹന നിയമത്തിലോ ചട്ടങ്ങളിലോ പറയുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലനം റെക്കോഡ് ചെയ്യണമെന്ന് കമ്മീഷണർ നി‍ർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അധിക ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണമെന്നായിരുന്നു കമ്മീഷണറുടെ മറ്റൊരു നിർദ്ദേശം. കംപ്യൂട്ടറൈസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ പരിശീലിച്ച ഉദ്യോഗാർത്ഥികൾക്ക് ഇത് അനാവശ്യ നേട്ടമാകുമെന്നായിരുന്നു ​ഹ‍ർജിക്കാരുടെ വാദം. ഡ്രൈവിംഗ് പരിശീലകർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത കമ്മീഷൻ നിശ്ചയിച്ചിരുന്നു. ഡ്രൈവിംഗ് പരിശീലകർക്ക് വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണിതെന്നും ഹർജിക്കാർ വാദിച്ചു.

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതി ശുപാ‍ർശ

കോഴിക്കോട്: സ‍ർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സ‍ർവകലാശാല സിലബസിൽ നിന്ന് വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതിയുടെ ശുപാ‍ർശ.

എന്നാൽ വേടന്റെ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്.

മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഗൗരി ലക്ഷ്മിയുടെ ‘അജിതാ ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരുന്നത്. ബിഎ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ല. അതിനാൽ ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടുള്ളത്.