‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

‘ട്രാക്ടര്‍ യാത്ര മനപ്പൂര്‍വം’; എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.

ട്രാക്ടറില്‍ ഡ്രൈവര്‍ ഒഴിച്ച് ഒരാളും കയറാന്‍ പാടില്ലെന്നും കര്‍ശന നിര്‍ദേശം ഉള്ളതാണ്. ആ വിലക്ക് ലംഘിച്ചുകൊണ്ട് എഡിജിപി ട്രാക്ടറില്‍ പോയത് മനപ്പൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ദേവസ്വം സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്.

പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.

വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി എം ആർ അജിത് കുമാർ പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ കയറിയത്. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി നടന്നു പോകുകയായിരുന്നു. തിരിച്ചും അതേപടി ട്രാക്ടറിൽ പമ്പയിലെത്തി. സിസിടിവി കാമറകൾ ഒന്നും ഇല്ലാത്ത സ്ഥലത്തുകൂടിയായിരുന്നു എഡിജിപിയുടെ ട്രാക്ടർ യാത്രയെന്നാണ് റിപ്പോർട്ട്.

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

ഓർമകളിൽ അർജുൻ; കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്, അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിൽ

കോഴിക്കോട്: കേരളത്തെ നടുക്കിയ ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വയസ്. മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിൻ്റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു.

72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.

രാവിലെ 15 മിനിറ്റ് ഒഴിവാക്കണം, പകരം…; സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത

രാവിലെ 15 മിനിറ്റ് ഒഴിവാക്കണം, പകരം…; സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശവുമായി സമസ്ത. രാവിലെ 15 മിനിറ്റ് അധിക ക്ലാസ് സമയം മാറ്റി, പകരം വൈകീട്ട് അരമണിക്കൂറാക്കി നീട്ടണം. കൂടാതെ ഓണം, ക്രിസ്മസ് അവധികളില്‍ നിന്നും അധിക ദിനം കണ്ടെത്താം. മറ്റു സംസ്ഥാനങ്ങള്‍ സ്‌കൂള്‍ പ്രവൃത്തിദിനം കൂട്ടിയ രീതി ഉപയോഗിക്കാവുന്നതാണെന്നും സമസ്ത സര്‍ക്കാരിന് മുന്നില്‍ ബദല്‍ നിര്‍ദേശം മുന്നോട്ടുവെക്കും.

നിലവില്‍ 9. 45 ന് ക്ലാസ് ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് 10 മണിക്ക് തന്നെ ക്ലാസ് തുടങ്ങുക. പകരം രാവിലത്തെ 15 മിനിറ്റ് കൂടി ചേര്‍ത്ത് വൈകീട്ട് അരമണിക്കൂര്‍ അധിക ക്ലാസ് എടുക്കുക. ഇതുപ്രകാരം 4.15 ന് വിടുന്ന ക്ലാസ് 4.30 ന് വിടുന്നത് പരിഗണിക്കണമെന്നാണ് സമസ്ത നിര്‍ദേശിക്കുന്നത്. ഓണം, ക്രിസ്മസ് അവധിക്കാലത്ത് പ്രവൃത്തിദിനങ്ങളാകാമെന്നും നിര്‍ദേശിക്കുന്നു.

പ്രവൃത്തിദിനം കൂട്ടാന്‍ മറ്റു സംസ്ഥാനങ്ങളുടെ രീതി മാതൃകയായി സ്വീകരിക്കാവുന്നതാണ്. മറ്റു സംസ്ഥാനങ്ങള്‍ പിന്തുടരുന്ന അധ്യയന കലണ്ടറല്ല കേരളത്തില്‍ പാലിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ 240 പ്രവൃത്തിദിനങ്ങള്‍ വരെയുണ്ട്. എന്നാല്‍ കേരളത്തില്‍ അതല്ല സ്ഥിതി. പ്രവൃത്തിദിനം കൂട്ടാനായി ശനിയാഴ്ചയും അവധിക്കാലത്തും ക്ലാസ് നടത്താവുന്നതാണെന്നും സമസ്ത സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്നലെ പറഞ്ഞത്. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്ക്കേണ്ടതില്ല. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്നും സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കിയിരുന്നു.

ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ്ങളെ വിരട്ടാന്‍ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങള്‍ക്കും പറയാം – ഉമര്‍ ഫൈസി പറഞ്ഞു.

വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്, മകളുടെ സംസ്‌കാരം മാറ്റിവെച്ചു

വിപഞ്ചികയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്, മകളുടെ സംസ്‌കാരം മാറ്റിവെച്ചു

കൊല്ലം: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടര്‍ന്ന് വിപഞ്ചിക മണിയന്‍ (32) ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. വിപഞ്ചികയുടെ അമ്മ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം കുണ്ടറ പൊലീസ് നിതീഷി നെതിരെ കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.

ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം സ്ത്രീധന പീഡന മരണം ഉള്‍പ്പെടുത്തി വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് എസ്പിക്ക് സമര്‍പ്പിക്കും. വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തേ പറഞ്ഞിരുന്നു.

അല്‍ നഹ്ദയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കാനുള്ള നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെ കോണ്‍സുലേറ്റില്‍ വിളിച്ചു വരുത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത്.

ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ ആറില്‍ വൈഭവിയുടെ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മൃതദേഹം ശ്മശാനത്തില്‍ എത്തുന്നതിനു തൊട്ടു മുമ്പാണ് മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട ചര്‍ച്ചകളും തീരുമാനങ്ങളുമുണ്ടായത്.

കഴിഞ്ഞ 9ന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നോ നാളെയോ നടക്കുമെന്നാണ് സൂചന. ഇരുവരെയും ജനിച്ച മണ്ണില്‍ സംസ്‌കരിക്കണമെന്ന് ഷൈലജയും ബന്ധുക്കളും പറഞ്ഞു. കുഞ്ഞിനെ ഷാര്‍ജയില്‍ തന്നെ സംസ്‌കരിക്കുമെന്ന് നിതീഷ് ഉറപ്പിച്ചതോടെയാണ് ഷൈലജയും ബന്ധുക്കളും കോണ്‍സുലേറ്റിനെ അഭയം പ്രാപിച്ചത്.

മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുപോകാനായി ഇന്നലെ രാവിലെയാണ് ഷൈലജ ഷാര്‍ജയില്‍ എത്തിയത്. എന്നാല്‍, വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിനു വിട്ടുകൊടുക്കാനാണ് കോടതി ഉത്തരവിട്ടത്. ഇതോടെ ഇന്നലെ വൈകിട്ട് 4നു ഷാര്‍ജയില്‍ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

മൃതദേഹം നാട്ടില്‍ നിതീഷിന്റെ വീട്ടില്‍ സംസ്‌കരിക്കുന്നതിന് എതിര്‍പ്പില്ലെന്ന് ഒത്തുതീര്‍പ്പ് എന്ന നിലയില്‍ ഷൈലജ പറഞ്ഞു. എന്നാല്‍, ഇത് നിതീഷ് അംഗീകരിക്കാന്‍ തയാറായില്ല. നിതീഷിന്റെ ശാരീരിക മാനസിക പീഡനങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പ് എഴുതിയെങ്കിലും ഭര്‍ത്താവിനെതിരെ എവിടെയും വിപഞ്ചിക പരാതി നല്‍കിയിരുന്നില്ല.

യുഎഇയില്‍ എവിടെയും കേസില്ലാത്ത സാഹചര്യത്തിലാണ് വൈഭവിയുടെ മൃതദേഹം പിതാവിന് വിട്ടു കൊടുക്കാന്‍ കോടതി തീരുമാനിച്ചത്. ഇത്രയും പീഡനം സഹിച്ചിട്ടും നിതീഷിനോടുള്ള സ്‌നേഹം കാരണമാണ് മകള്‍ കേസ് കൊടുക്കാതിരുന്നതെന്ന് ഷൈലജ പറഞ്ഞു. വിപഞ്ചികയുടെ സഹോദരനും ദുബായിലെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 360 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,800 രൂപയാണ്. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. 9100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച മുതലാണ് വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 1240 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്. തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.