by Midhun HP News | Jul 15, 2025 | Latest News, കേരളം
കൊച്ചി: ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബില്‍ പരിഗണനയിലാണെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണ്. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. എന്താണ് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ച് അധിക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഈ കേസ് പരിഗണിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേരള യുക്തിവാദിസംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തര ജോ.സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ നിയമവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. സജീവ പരിഗണന എത്രകാലത്തേക്കാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമപരവും ഭരണഘടനാപരവുമായി ചില പ്രശ്നങ്ങൾ ഉള്ളതായും സർക്കാർ അറിയിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിച്ച് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി. അതിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. ഇന്ത്യയില്‍ അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലാതിരിക്കെ ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മാത്രമാണ് അന്ധവിശ്വാസത്തിനെതിരേ കുറച്ചെങ്കിലും നിയമം ഉള്ളത്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആഭിചാരത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരെ നിയമങ്ങള്‍ നിലവിലുണ്ട്.
by Midhun HP News | Jul 15, 2025 | Latest News, കേരളം
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കും. കാന്തപുരത്തിൻ്റെ ഇടപെടൽ ഫലം കണ്ടു. അതേസമയം, ദിയാധനം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമായില്ല.
രാത്രിയോടെ വധശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയേക്കും. നാളെയാണ് വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്നത്. യെമൻ ജഡ്ജിമാരുമായും മതപണ്ഡിതരുമായും കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ ചർച്ച നടത്തിയിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി ജനായത്ത് പ്രകാരമുള്ള ഇടപെടലാണ് താൻ നടത്തുന്നതെന്നും ഇസ്ലാമികമായ കർമ ശാസ്ത്ര പ്രകാരമാണ് ഇടപെട്ടതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ മതിയെന്ന മതനിയമം പ്രയോജനപ്പെടുത്താനാണ് നീക്കമെന്നും കൊല്ലപ്പെട്ടയാളുടെ കുടുംബം പൂർണമായി അംഗീകരിച്ചാലേ ഈ നീക്കം വിജയിക്കൂവെന്നും കാന്തപുരം മുസ്ലിയാർ വിശദീകരിച്ചു.
“നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടാൻ കഴിഞ്ഞു. ഇടപെട്ടത് നമുക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യാൻ വേണ്ടിയാണ്. യെമനിലെ പണ്ഡിതന്മാരെ ഞാൻ ബന്ധപ്പെട്ടിരുന്നു. യെമനിലെ ചർച്ചകൾ ഇപ്പോഴും തുടരുകയാണ്,” അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കൊച്ചി: സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ അനാശാസ്യ സംഘം പിടിയില്‍. ഉത്തേരന്ത്യക്കാരായ ആറ് പെണ്‍കുട്ടികും, നടത്തിപ്പുകാരന്‍ പാലക്കാട് മണ്ണാര്‍കാട് സ്വദേശി അക്ബര്‍ അലിയും സഹായി മുനീറുമാണ് പിടിയിലായത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചതെന്നും നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രൊഫഷണലുകളുമടക്കം ഇയാളുടെ വലയില്‍ കുടുങ്ങിയതായും പൊലീസ് സംശയിക്കുന്നു.
ഇടപ്പള്ളിയിലെ ലോഡ്ജില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. അവിടെ പൊലീസ് പരിശോധന നടത്തിയപ്പോള്‍ യുവതികള്‍ ആരും ഉണ്ടായിരുന്നില്ല. ഇയാള്‍ ആഴ്ചകളായി പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. അവിടെ വച്ചാണ് അക്ബര്‍ അലി പൊലീസ് പിടിയിലായത്. ഇടപ്പള്ളിയെ അക്ബര്‍ അലി കടവന്ത്രയിലും വാടക വീട് എടുത്ത് അനാശാസ്യകേന്ദ്രം നടത്തിയിരുന്നു. ഇടപ്പളളിയിലെ സ്ഥാപനത്തിലെ ജോലിക്കാരികള്‍ക്ക് താമസിക്കാനെന്ന് പറഞ്ഞാണ് ബ്രോക്കര്‍ മുഖാന്തരം വീട് വാടയ്ക്ക് എടുത്തത്. അനാശാസ്യപ്രവര്‍ത്തനത്തിലൂടെ പ്രതി ലക്ഷങ്ങള്‍ സമ്പാദിച്ചതായും പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്. നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉള്‍പ്പെടെ 9 പേരാണു പിടിയിലായത്. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിന്റെ ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയിലായിരുന്നു.
കൊച്ചിയില്‍ മുനീര്‍ ലഹരി ഇടപാട് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. യാത്രയ്ക്കായി ആഡംബരക്കാറാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. നേരത്തെയും മറ്റ് ചില പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇയാളുടെ ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോയും പൊലീസ് കണ്ടെടുത്തു. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉണ്ടോയെന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു.
by Midhun HP News | Jul 15, 2025 | Latest News, കേരളം
പത്തനംതിട്ട : എഡിജിപി എം ആർ അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. ദർശനത്തിനായി ട്രാക്ടറിൽ കയറി എഡിജിപി ശബരിമലയിൽ എത്തിയതാണ് വിവാദമായത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതെന്നാണ് ആരോപണം.
ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും കർശന ഹൈക്കോടതി നിർദേശം നിലവിലുണ്ട്. എന്നാൽ അജിത്കുമാർ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണ് സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതൽ ഞായർ വരെയാണ് ശബരിമല നട തുറന്നത്. ശനിയാഴ്ച രാത്രി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തു എന്നാണ് സൂചന. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരം അറിയിക്കും.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിന്‍ലാലിന്റെ വീടിന് 500 മീറ്റര്‍ മാറി പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്.
പ്രതി ഷിബിന്‍ലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തുന്നത്. ഷിബിന്‍ലാലിനെ പിടികൂടുമ്പോള്‍ കയ്യില്‍ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാന്‍ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാള്‍ക്ക് കൈമാറിയെന്നും, തന്റെ കയ്യില്‍ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിന്‍ലാല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി ഷിബിന്‍ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താന്‍ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂണ്‍ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവര്‍ച്ച നടന്നത്. മറ്റൊരു ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മാറ്റി പണയം വെക്കാന്‍ ഇസാഫ് ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇസാഫ് ബാങ്ക് ജീവനക്കാര്‍ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറില്‍ കടന്നു കളഞ്ഞത്.
by Midhun HP News | Jul 15, 2025 | Latest News, കേരളം
കണ്ണൂര്‍: സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സര്‍ക്കാര്‍ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തില്‍ അവരുടെ അഭിപ്രായം പറയാം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഈ വിഷയം സംസാരിക്കുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. സ്‌കൂള്‍ സമയമാറ്റത്തിലുള്ള ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. സമസ്തയെ ഈ കാര്യത്തില്‍ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
Recent Comments