by Midhun HP News | Jul 14, 2025 | Latest News, കേരളം
കണ്ണൂര്‍: ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംവി ജയരാജന്. ‘സംഘപരിവാറിന്റെ കണ്ണില്‍ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളില്‍ കഴിവുള്ളവര്‍ എന്നാല്‍ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് കണ്ണൂരില്‍ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാല്‍വെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാര്‍മ്മികമായി നോമിനേറ്റ് ചെയ്തത്’- എംവി ജയരാജന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ആര്‍എസ്എസ് കാര്യവാഹുകളായ ആളുകളെ ഗവര്‍ണറായും എംപിയായും സ്ഥാനങ്ങളും പദവികളും നല്കി പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അതുകൊണ്ടൊന്നും സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കാനാവില്ല. ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു എന്നു മാത്രം’-കുറിപ്പില്‍ പറയുന്നു.
എംവി ജയരാജന്റെ കുറിപ്പ്
ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്തവരോടൊപ്പം ‘കലാ-കായിക-സാഹിത്യ-ശാസ്ത്രപ്രതിഭ’യായ ഒരാള്‍ കൂടി.
സംഘപരിവാറിന്റെ കണ്ണില്‍ കലാ-കായിക സാഹിത്യ-ശാസ്ത്രമേഖലകളില്‍ കഴിവുള്ളവര്‍ എന്നാല്‍ ക്രിമിനലുകളാണ്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് കണ്ണൂരില്‍ നിന്നും ഒരു മേഖലയിലും പ്രാവീണ്യമില്ലാത്ത കാല്‍വെട്ട് കേസിലെ പ്രതിയായിരുന്ന ഒരാളെ അധാര്‍മ്മികമായി നോമിനേറ്റ് ചെയ്തത്. 1993 സപ്തംബര്‍ 21ന് മട്ടന്നൂരില്‍ പെരിഞ്ചേരിയിലെ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയായ പി.എം. ജനാര്‍ദ്ദനന്റെ ശരീരത്തിലെ 25ലധികം വെട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നത് ഇപ്പോള്‍ രാജ്യസഭാ അംഗമായി നിര്‍ദ്ദേശിക്കപ്പെട്ട ആളുടെ ക്രിമിനല്‍ ചരിത്രമാണ്.
ആര്‍എസ്എസ് സംഘടിപ്പിച്ച ബാലഗോകുലം പരിപാടിയില്‍ തന്റെ മക്കളെ അനുമതിയില്ലാതെ കൊണ്ടുപോകുകയും രാത്രി വൈകിയിട്ടും വീട്ടിലെത്തിക്കാതെ സ്കൂളില്‍ വിടുകയും ചെയ്ത നടപടി ചോദ്യംചെയ്തതാണ് നിര്‍ദ്ദിഷ്ട രാജ്യസഭാ അംഗത്തിന്റെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമിക്കാന്‍ കാരണം എന്നാണ് ഇപ്പോഴും 32 വര്‍ഷം മുമ്പത്തെ അക്രമത്തെ തുടര്‍ന്നുള്ള അസഹ്യമായ വേദനയിലും ജനാര്ദ്ദനന് പറയുന്നത്. 1990കളില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത ആക്രമണ പദ്ധതികളെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ബഹുജനങ്ങളെ അണിനിരത്തി ചെറുത്തതിനെ തുടര്‍ന്നാണ് ആര്‍എസ്എസ്സിന്റെ അഖിലേന്ത്യാ നേതൃത്വം പണവും ആയുധവും നല്കി കണ്ണൂര്‍ ജില്ലയെ ദത്തെടുത്തത്. സിപിഐ(എം)നെയോ ഇടതുപക്ഷത്തെയോ തകര്‍ക്കാന്‍ ആര്‍എസ്എസ്സിന് കഴിഞ്ഞില്ല.
ഇപ്പോള്‍ ആര്‍എസ്എസ് കാര്യവാഹുകളായ ആളുകളെ ഗവര്‍ണറായും എം.പി.യായും സ്ഥാനങ്ങളും പദവികളും നല്കി പുതിയ പദ്ധതി പരീക്ഷിക്കുകയാണ്. അതുകൊണ്ടൊന്നും സിപിഐ(എം)നെയും ഇടതുപക്ഷത്തെയും തകര്‍ക്കാനാവില്ല. മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ മഹാഭൂരിപക്ഷം ജനങ്ങളും രംഗത്തിറങ്ങുന്ന നാടാണ് കേരളം. അതുകൊണ്ടാണ് സംഘപരിവാറിന്റെ ന്യൂനപക്ഷവേട്ട കേരളത്തില്‍ നടക്കാത്തത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ നിര്‍ത്തിയും ആര്‍എസ്എസ്സുമായി രഹസ്യമായി ബന്ധം സ്ഥാപിച്ചും നവഫാസിസ്റ്റുകള്‍ക്ക് പ്രചോദനം നല്കുന്ന യുഡിഎഫിന് ഈ നോമിനേഷനെക്കുറിച്ച് എന്താണ് പറയാനുള്ളത്. ഗുജറാത്ത് വംശഹത്യയുടെ നായകര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഒരു രാജ്യത്ത് അക്കൂട്ടത്തില്‍ ഒരാള്‍ കൂടി എത്തിച്ചേരുന്നു എന്നു മാത്രം.
രൂക്ഷ വിമര്‍ശനവുമായി പി ജയരാജന്
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്. കറ കളഞ്ഞ ഒരു ആര്‍എസ്എസ് നേതാവിനെയാണ് രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത്. സാധാരണ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള അതിപ്രശസ്തരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യാറുള്ളതെന്നും പി ജയരാജന് ചൂണ്ടിക്കാട്ടി.
by Midhun HP News | Jul 14, 2025 | Latest News, കേരളം
കണ്ണൂര്‍: ഇരിട്ടിയിലെ ടൂറിസം കേന്ദ്രമായ എടക്കാനം റിവര്‍ വ്യൂ പോയിന്റില്‍ പ്രദേശവാസികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. മൂന്ന് വാഹനങ്ങളിലായെത്തിയ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ എടയന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ ഇരിട്ടി പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി.
ആയുധങ്ങളുമായി എത്തിയ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. ചിലരെ വാഹനമിടിച്ചു അപായപ്പെടുത്താനും ശ്രമമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഷാജി കുറ്റിയാടന്‍ (47), കെ. കെ. സുജിത്ത് (38), ആര് വി സതീശന് (42 ), കെ ജിതേഷ് (40 ), പി രഞ്ജിത്ത് (29) എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുണ്ടാ സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് എടക്കാനത്ത് അപകടവുമുണ്ടാക്കി. ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ കൊണ്ടു പ്രദേശവാസികളെ അപായപ്പെടുത്താനും നീക്കമുണ്ടായി. ഇതില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. റോഡില്‍ നില്‍ക്കുകയായിരുന്ന പലരും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമത്തിന് കാരണം എന്തെന്ന് ഇതുവരെ പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. സംഭവത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ പ്രദേശവാസികളെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
by Midhun HP News | Jul 14, 2025 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട് രണ്ടാമതും നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളിലെ ആശുപത്രികള്‍ക്കാണ് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയത്. നിപ ലക്ഷണങ്ങളോടുകൂടിയ പനി, മസ്തിഷ്ക ജ്വരം എന്നിവ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.
അതേസമയം, പാലക്കാട് നിപ ബാധിച്ച് മരിച്ച കുമാരംപുത്തൂര്‍ സ്വദേശിയായ വയോധികന് യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സി ബസിലായിരുന്നു. ആഴ്ചയില്‍ മൂന്ന് തവണ അട്ടപ്പായില്‍ പോയതും കെ.എസ്.ആര്.ടി.സി ബസിലായിരുന്നു എന്നാണ് കണ്ടെത്തല്‍. മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഭാര്യയും മക്കളും പേരക്കുട്ടികളും ഉള്‍പ്പെടെ 46 പേരാണുള്ളത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി, പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ, വയോധികന് ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്.
by Midhun HP News | Jul 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 73,240 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം 73000 കടന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയായിരുന്നു സ്വര്‍ണവില. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. എന്നാല്‍ പിന്നീട് വില താഴുകയായിരുന്നു.
by Midhun HP News | Jul 14, 2025 | Latest News, കേരളം
തൃശൂര്‍: കേരള സാഹിത്യ അക്കാദമി ഹാളിന് അന്തരിച്ച സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെ പേരിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതികരണവുമായി എഴുത്തുകാരന് അഷ്ടമൂര്‍ത്തി. അക്കാദമിയിലെ മെയിന്‍ ഹാളിന് എം ടി വാസുദേവന്‍ നായരുടെ പേരിടുന്നത് എന്തിനാണ് എന്ന ചോദ്യമാണ് എഴുത്തുകാരന് ഉയര്‍ത്തുന്നത്. മെയിന്‍ ഹാളിന് എം ടിയുടെ പേര് നല്കിയാല് തന്നെ ആരും ആ പേര് പറയില്ല എന്ന് ഉറപ്പാണ്. പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്ന് പേര് നല്കിയ സാഹചര്യം ചുണ്ടിക്കാട്ടി അഷ്ടമൂര്‍ത്തി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
‘കെ ടി മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ട മെയിന്‍ ഹാള്‍ ഇപ്പോഴും അറിയപ്പെടുന്നത് റീജണല്‍ തീയറ്റര്‍ എന്നാണ് അറിയപ്പെടുന്നത്. അത് ഒരു വിധത്തില്‍ എഴുത്തുകാരനോടുള്ള അനാദരവാണ്. അക്കാദമി ഹാളിന് എം ടി യുടെ പേരു നല്കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം ടി വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. പേരുമാറ്റത്തിലൂടെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് അക്കാദമി പുറപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തന്റെ പ്രതികരണം എംടിയോടുള്ള അനാദരവായി കണക്കാക്കരുത് എന്നും അദ്ദേഹം പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണരുപം-
ഇത്രയും നീണ്ട ഒരു പേര്!
കേരള സാഹിത്യ അക്കാദമിയുടെ മെയിന്‍ ഹാളിന് ‘എം. ടി. വാസുദേവന്‍ നായര്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പേരിടുന്നതിനെപ്പറ്റി വിവാദങ്ങള്‍ നടക്കുകയാണല്ലോ.
എന്തിനാണ് മെയിന്‍ ഹാളിന് എം. ടി. വാസുദേവന്‍ നായരുടെ പേരിടുന്നത്? പത്തു കൊല്ലം മുമ്പ് തൃശ്ശൂരിലെ റീജണല്‍ തീയറ്ററിന് ‘കെ. ടി. മുഹമ്മദ് മെമ്മോറിയല്‍ തീയറ്റര്‍’ എന്നു പേരിട്ടിരുന്നു. ഇപ്പോള്‍ ആരെങ്കിലും ആ പേരു പറയുന്നുണ്ടോ റീജണല്‍ തീയറ്റര്‍ എന്നല്ലാതെ? ഫലത്തില്‍ അത് കെ. ടി. യോടുള്ള അനാദരവല്ലേ?
അക്കാദമി ഹാളിന് എം. ടി. യുടെ പേരു നല്കിയാലും മെയിന്‍ ഹാള്‍ എന്നല്ലാതെ നമ്മളാരും ‘എം. ടി. വാസുദേവന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയം’ എന്നു പറയില്ല എന്നുറപ്പാണ്. ഇത്രയും നീണ്ട ഒരു പേര്!
അങ്ങനെ വീണ്ടും ഒരെഴുത്തുകാരനെ അനാദരിക്കാന്‍ അക്കാദമി എന്തിനാണ് പുറപ്പെടുന്നത്?
കുറിപ്പ്: ഇത് എം. ടി. യോടുള്ള അനാദരവായി വ്യാഖ്യാനിക്കരുത്.
by Midhun HP News | Jul 14, 2025 | Latest News, കേരളം
തൃശ്ശൂര്‍: അതിരപ്പിള്ളി ആനമല വനപാതയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ഷോളയാര്‍ ഭാഗത്ത് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കാട്ടാന യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചത്. നടുറോഡില്‍ നിലയുറപ്പിച്ച കാട്ടാനയെ കണ്ടതോടെ കാര്‍ യാത്രികര്‍ ഇറങ്ങിയോടി. പിന്നാലെ നടുറോഡില്‍ കിടന്ന കാര്‍ കാട്ടാന തള്ളി നീക്കുകയായിരുന്നു. മലക്കപ്പാറ നിന്നു ചാലക്കുടി ഭാഗത്തേ ക്ക് പോകുന്ന കാര്‍ യാത്രികരാണ് ആനയുടെ മുന്പില് അകപ്പെട്ടത്.
കാട്ടാനയുടെ ആക്രമണത്തില്‍ കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. റോഡിലുണ്ടായിരുന്ന ആനയ്ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത വിധം ആളുകള്‍ തടിച്ചുകൂടിയതും പ്രകോപനമായി. മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ മറ്റു വാഹനങ്ങളിലെ വിനോദ സഞ്ചാരികള്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. ആളുകള്‍ ബഹളം വച്ചതോടെയാണ് ആന കാറിന് നേരെ തിരിഞ്ഞത്.
Recent Comments