നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്; വീടുകളിലെ പ്രസവവും വാക്‌സിനോടുള്ള എതിര്‍പ്പും തിരിച്ചടിയായി

നീതി ആയോഗ് ആരോഗ്യ സൂചികയില്‍ കേരളം നാലാമത്; വീടുകളിലെ പ്രസവവും വാക്‌സിനോടുള്ള എതിര്‍പ്പും തിരിച്ചടിയായി

തിരുവനന്തപുരം: നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. കഴിഞ്ഞ കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന അശാസ്ത്രീയ പ്രവണതകളാണ് കേരളത്തിന് തിരിച്ചടിയായത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ രീതികളുടെ വര്‍ധന എന്നിവയാണ് തിരിച്ചടിയായത്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നിതിനിടെ പുതിയ കണക്കുകള്‍ പുറത്തുവരുന്നത്.

നീതി ആയോഗ് ആരോഗ്യ ക്ഷേമ സൂചിക (2023 -24) ല്‍ ദേശീയ ശരാശരിയെ മറികടന്ന് കേരളത്തിന്റെ സൂചിക 80 പിന്നിടുമ്പോഴും നാലാം സ്ഥാനമാണ് ലഭിച്ചത്. ഗുജറാത്താണ് ഒന്നാം (90) സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് (84), ഹിമാചല്‍ പ്രദേശ് (83) സംസ്ഥാനങ്ങള്‍ കേരളത്തിന് മുന്നിലെത്തി. കേരളത്തിനൊപ്പം കര്‍ണാടക നാലാം സ്ഥാനത്തുണ്ട്. ചത്തീസ്ഗഢും മധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളില്‍ (56 പോയിന്റ്). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും, 89 പോയിന്റുമായി ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി. 2018 മുതലാണ് കേരളത്തില്‍ ആരോഗ്യ ക്ഷേമ സൂചിക തയ്യാറാക്കിത്തുടങ്ങിയത്. 2019-20 ല്‍ കേരളം പട്ടികയില്‍ ഒന്നാമതെത്തി. 2020-21 ല്‍ (മൂന്നാം പതിപ്പ്), ആത്മഹത്യാ നിരക്ക്, അപകട മരണ നിരക്ക്, തനത് വിഹിതം ചെലവഴിക്കല്‍ തുടങ്ങിയ സൂചകങ്ങള്‍ ഉള്‍പ്പെടുക്കിയപ്പോള്‍ കേരളം 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുകയും ചെയ്തിരുന്നു.

മാതൃമരണ അനുപാതം, 5 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്‌ഐവി അണുബാധ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി.

9-11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയില്‍ കേരളം പിന്നോട്ടുപോയി. സംസ്ഥാനത്ത് 2023-24 സമയത്ത് വാക്‌സിനേഷന്‍ ശതമാനം 85.40 ആയി കുറഞ്ഞു. 2020-21 ല്‍ 92 ആയിരുന്ന വാക്‌സിനേഷന്‍ നിരക്കിലാണ് ഇടിവ് രേഖപ്പെടുത്തിയത്. ആശുപത്രിയിലെ പ്രസവങ്ങള്‍ ശതമാനം 99.90 ല്‍ നിന്ന് 99.85 ആയി കുറഞ്ഞെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയതായി ഉള്‍പ്പെടുത്തിയ സൂചകങ്ങളിലും കേരളം മോശം പ്രകടനമാണ് നടത്തിയത്. ആത്മഹത്യ നിരക്ക് മുന്‍ കണക്കുകളേക്കാള്‍ ഉയര്‍ന്നു. 2020-21 സമയത്ത് 24.30 ആയിരുന്നു സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. 2023-24 പതിപ്പില്‍ ഇത് 28.50 ആയി ഉയ‍‍‍ർന്നു. ദേശീയ ശരാശരി 12.4 ആണെന്നിരിക്കെയാണ് കേരളത്തില്‍ ആത്മഹത്യ നിരത്ത് ഇരട്ടിയിലധികം രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. ഒരു ലക്ഷം പേരില്‍ 12.10 ആണ് ഈ കണക്ക്. എന്നാല്‍ ഇതും ദേശീയ ശരാശരിയേക്കാള്‍ (12.4) ഉയര്‍ന്ന് നില്‍ക്കുന്നു.

സംസ്ഥാനത്ത് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവും കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 17 ശതമാനമാണ് പ്രതിമാസ പ്രതിശീര്‍ഷ ചികിത്സാ ചെലവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആത്മഹത്യനിരക്ക് ഉള്‍പ്പെടെയുള്ളവയില്‍ കേരളം നേരിട്ടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൗണ്‍സിലിങ് ഉള്‍പ്പെടെ മെച്ചപ്പെടുത്തേണ്ടുണ്ടെന്ന് ഡോ. എന്‍ എം അരുണ്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാനസികാരോഗ്യ പരിപാലന രംഗം മെച്ചപ്പെടുണം. ഒരു ആശുപത്രിയില്‍ ഒരു മാനസികാരോഗ്യ വിദഗ്ധന്‍ എന്ന നിലയില്‍ ക്രമീകരണം ഉണ്ടാകണം. വാക്‌സിനേഷന്‍, വീടുകളിലെ പ്രസവം എന്നിവ കുറയുന്നതില്‍ മതപരമായ വിശ്വാസങ്ങള്‍ക്ക് അപ്പുറത്ത് സോഷ്യല്‍ മീഡിയുടെ സ്വാധീനം ശക്തമാണെന്നും ഡോ. അരുണ്‍ ചൂണ്ടിക്കാട്ടുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ 16 ന് നടപ്പാക്കും; മെസ്സേജ് ലഭിച്ചെന്ന് ഭർത്താവ്

നിമിഷപ്രിയയുടെ വധശിക്ഷ 16 ന് നടപ്പാക്കും; മെസ്സേജ് ലഭിച്ചെന്ന് ഭർത്താവ്

പാലക്കാട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് ആണ് ഇക്കാര്യം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോള്‍ യെമനിലെ സനയിലെ സെന്‍ട്രല്‍ പ്രിസണിലാണ് തടവിലുള്ളത്.

ജയിലില്‍ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയില്‍ ചെയര്‍മാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.

ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താന്‍ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കൊപ്പമാണ് ടോമി തോമസ് ഗവര്‍ണറെ കണ്ടത്.

ഗവര്‍ണര്‍ തന്റെ മുന്നില്‍ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാല്‍ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നല്‍കിയെന്നും ടോമി തോമസ് പറഞ്ഞു. യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയുമായും ഗവര്‍ണര്‍ ഫോണിലൂടെ സംസാരിച്ചു. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തി വരികയാണെന്നും അറിയിച്ചു.

അതേസമയം വധശിക്ഷ തീയതി തീരുമാനിച്ചത് സംബന്ധിച്ച്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെയും സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസിയിലെയും ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ല. നിമിഷപ്രിയയെ തടവില്‍ പാര്‍പ്പിച്ചിട്ടുള്ള ഹൂത്തി നിയന്ത്രണത്തിലുള്ള സനയില്‍ നേരിട്ടുള്ള നയതന്ത്ര ഇടപെടല്‍ ബുദ്ധിമുട്ടാണ്. ആഭ്യന്തര സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്ന യെമനില്‍ വിദേശരാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം ദൗത്യത്തെയും ആശയവിനിമയത്തെയും ഏറെ സങ്കീര്‍ണ്ണമാക്കുന്നു.

2017 ജൂലൈയില്‍ യെമന്‍ വ്യവസായി തലാല്‍ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2020 ലാണ് നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ 2023 നവംബറില്‍ യെമന്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ തള്ളുകയായിരുന്നു. യെമന്‍ നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം
(ബ്ലഡ് മണി) സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം: റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്. നീരാവിൽ മേലെ പുത്തൻവീട്ടിൽ സുധീഷ് (40), തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും മൈനാഗപ്പള്ളി കടപ്പയിൽ എൽവിഎച്ച്എസ് അധ്യാപികയുമായ ആശാലത (52) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയാണ് അപകടമുണ്ടായത്. രാവിലെ ചെന്നൈ മെയിലിൽ വന്ന് റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു യാത്രക്കാർ. അതിനിടയിൽ നാല് നില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി താഴേക്ക് വീഴുകയായിരുന്നു. സുധീഷിനെയും ആശാലതയെയും ഉടനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാലുനില പാർക്കിങ് കെട്ടിടത്തിന് മുകളിൽനിന്ന് കമ്പി തലയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മൂന്നാംനിലയിൽനിന്ന് രണ്ട് കമ്പികളാണ് താഴേക്ക് പതിച്ചത്. രണ്ടുപേരുടെയും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടനിർമാണത്തിനിടെ ഉപകരണങ്ങളോ മറ്റോ താഴേക്ക് വീഴാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്.

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത. നിലവിൽ മൺസൂൺ ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ തുടരുകയാണ്. പലയിടങ്ങളിലും ഇന്ന് വൈകിട്ടും രാത്രിയുമായി മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ്.

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

നിതീഷ് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങളുടെ തീരുമാനമുണ്ടാവുകയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയൻ നേരത്തെ മരിച്ചിരുന്നു.

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.