സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെ മുതൽ എല്ലാ ജില്ലകളിലും പരക്കെ മഴയ്ക്ക് സാധ്യത. നിലവിൽ മൺസൂൺ ന്യൂനമർദ്ദം ജാർഖണ്ഡിന് മുകളിൽ തുടരുകയാണ്. പലയിടങ്ങളിലും ഇന്ന് വൈകിട്ടും രാത്രിയുമായി മഴ ആരംഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ്.

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ ഒന്നര വയസുള്ള മകളെ കൊന്ന് കൊല്ലം സ്വദേശിയായ യുവതി ജീവനൊടുക്കി

ഷാർജയിൽ കൊല്ലം സ്വദേശിയായ യുവതിയെയും ഒന്നര വയസുള്ള മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയനും(33) മകൾ വൈഭവിയുമാണ് മരിച്ചത്. മകളുടെ കഴുത്തിൽ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തിൽ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങൾ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടർ അറിയിച്ചു.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

നിതീഷ് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മർദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാൽ താൻ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീൽ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടർന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താൻ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര സേനാംഗങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലാബിലേയ്ക്കും മാറ്റി. അൽ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ തീരുമാനം. എന്നാൽ മകളുടെ മൃതദേഹം ഇവിടെ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പുണ്ടായ ശേഷമേ മൃതദേഹങ്ങളുടെ തീരുമാനമുണ്ടാവുകയുള്ളൂ. ഷൈലജയാണ് വിപഞ്ചികയുടെ മാതാവ്. പിതാവ് മണിയൻ നേരത്തെ മരിച്ചിരുന്നു.

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് 440 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 9075 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഏറിയുംകുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വര്‍ണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വര്‍ണവില ഉയര്‍ന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.

മുഖത്തിലും കഴുത്തിലും മുറിവ്, ആലപ്പുഴയില്‍ അഞ്ച് വയസുകാരന് മര്‍ദനം

മുഖത്തിലും കഴുത്തിലും മുറിവ്, ആലപ്പുഴയില്‍ അഞ്ച് വയസുകാരന് മര്‍ദനം

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരനെ ഉപദ്രവിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെയാണ് കേസ്. മുഖത്തും കഴുത്തിലുമാണ് മുറിവ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെടുകയായിരുന്നു. യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയില്‍ ചായക്കടയിലാണ് കണ്ടെത്തിയത്.പിടിഎ പ്രസിഡന്റ് അഡ്വ ദിനൂപിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയെ ചായക്കടയില്‍ ഇരുത്തിയ ശേഷമാണ് മാതാവ് ലോട്ടറിവില്‍പ്പനയ്ക്ക് പോകുന്നത്. ഇക്കഴിഞ്ഞ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ ഉപദ്രവിച്ച കേസിൽ അറസ്റ്റിലായിരുന്നു. പിന്നീട് ഇയാൾ മരിച്ചിരുന്നു. കുട്ടിക്ക് പരിക്കേറ്റ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, നാളെ മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക ജാ​ഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

നാളെ മുതൽ മഴ വീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നാളെ വടക്കൻ കേരളത്തിലെ നാലു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് ആണുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്ച എട്ടു ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച അഞ്ചു ജില്ലകളിലും യെല്ലോ ജാ​ഗ്രതാ നിർദേശമുണ്ട്.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളിൽ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

‘ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍, രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍’

‘ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍, രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍’

ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന (ഇയർ ബാലൻസ്) രോ​ഗാവസ്ഥയുമായി ബുദ്ധിമുട്ട് നിരവധിയാളുകളുണ്ട് നമുക്കിടയിൽ. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ അഭിനന്ദിക്കുകയും ഒപ്പം ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് നടൻ മോഹൻലാൽ.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ രവിയെ മോഹൻലാൽ പരിചയപ്പെടുത്തിയിരിക്കുന്നത്. “നിസ്വാര്‍ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ഥ ഹീറോകള്‍.

അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കു വേണ്ടി പറയണമെന്നെനിക്കു തോന്നി”.- എന്നാണ് ഡോ രവിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതയാത്രയില്‍ അവിചാരിതമായി നമ്മള്‍ ചില അനുഗ്രഹീതരെ കണ്ടുമുട്ടാറുണ്ട്. ഏറ്റവുമടുത്ത ഒരു സുഹൃത്തുവഴി അങ്ങനെ കണ്ടുമുട്ടിയ ഒരാളാണ് ചെന്ത്രാപ്പിന്നിയിലെ ഡോക്ടര്‍ രവി. ചെവിയുടെ ബാലന്‍സിങ് നഷ്ടമാവുന്ന രോഗാവസ്ഥയില്‍ നിന്ന് (ഇയർ ബാലൻസ്, BPPV) എന്റെ ഒരടുത്ത ചങ്ങാതിയെ നിസ്സാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ്.

ഡോക്ടറെ നേരില്‍ക്കാണണമെന്ന് ആഗ്രഹം തോന്നി, ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാര്‍ ക്ഷേത്രത്തില്‍ പോയ കൂട്ടത്തില്‍ ഞാനും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കണ്ടുമുട്ടിയപ്പോഴാണ്, ഇയര്‍ ബാലന്‍സിന്റെ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് വിദൂരത്തിരുന്ന്, ഓണ്‍ലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടര്‍ രവിയുടെ മഹത്വം നേരിട്ടറിയാനായത്.

തന്നെ ഈ രോഗാവസ്ഥ ബാധിച്ചപ്പോള്‍ സ്വയം കണ്ടെത്തിയ പ്രതിവിധിയുടെ കൈപ്പുണ്യമാണ് ദൈവസിദ്ധമെന്ന നിലയ്ക്ക് അനേകര്‍ക്കാശ്വാസമായി അദ്ദേഹം കൈമാറുന്നത്. നിസ്വാര്‍ത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയത്. സമൂഹത്തില്‍ ഇത്തരം മനുഷ്യരാണ് യഥാര്‍ത്ഥ ഹീറോകള്‍.

അതുകൊണ്ടുതന്നെ ഈ ഹീറോയെപ്പറ്റി, അദ്ദേഹത്തിന്റെ പിന്തുണയും സഹായവും രക്ഷയായേക്കാവുന്ന ലക്ഷണക്കണക്കിനാളുകള്‍ക്കുവേണ്ടി പറയണമെന്നെനിക്കു തോന്നി. അദ്ദേഹത്തിന് ജഗദീശ്വരന്‍ ദീര്‍ഘായുസ്സും മംഗളങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.