by Midhun HP News | Jul 9, 2025 | Latest News, കേരളം
തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂരപ്പ ദര്‍ശനത്തിന് ആയിരങ്ങളെത്തിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തര്‍ക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നല്‍കി. ഹോട്ടലുകള്‍ അടഞ്ഞ് കിടന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് ഇത് ഏറെ ആശ്വാസമായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഗുരുവായൂരപ്പ ദര്‍ശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും നടന്നു. ദര്‍ശനപുണ്യം നേടിയവര്‍ പുലര്‍ച്ചെ 5 മണി മുതല്‍ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തര്‍ക്കായി പാത്രത്തില്‍ നിരന്നു. സാധാരണ ദിനങ്ങളില്‍ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതല്‍ വിളമ്പല്‍ ഒമ്പതരവരെ നീണ്ടു. വിശപ്പകറ്റാന്‍ എത്തിയവര്‍ക്കായി വീണ്ടും വിഭവങ്ങള്‍ ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മൂവ്വായിരത്തിലേറെ ഭക്തര്‍ പ്രാതല്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും രസവും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങള്‍ ഭക്തര്‍ക്കായി വിളമ്പി. പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞാണ് അവസാനിച്ചത്.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കോഴിക്കോട്: മത്സ്യവില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാര്‍ക്കറ്റിലെത്തി പണിമുടക്ക് അനുകൂലികള്‍. അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി.
‘ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്പോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല’ എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.
മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സമരാനുകൂലികള്‍ മാളുകള്‍ അടപ്പിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.
വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.
മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.
by Midhun HP News | Jul 9, 2025 | Latest News, കേരളം
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത. ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായാണ് ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്നും (ബുധനാഴ്ച) നാളെയും ( വ്യാഴാഴ്ച) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വെള്ളിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കൊച്ചി: കഴിഞ്ഞ ദിവസമാണ് ചങ്ങനാശേരിയില്‍ ടോറസ് ലോറിയുടെ ഇരുമ്പു കാരിയര്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഉയര്‍ത്തി അതില്‍ നിന്ന് ടയര്‍ പുറത്തെടുക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ മരിച്ചത്. ഒരു ചെറിയ അശ്രദ്ധ കൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഓര്‍മ്മിപ്പിച്ചു.
‘ഡ്രൈവര്‍ ടോറസ് ലോറിയുടെ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്:
ജീവനെടുക്കുന്ന അശ്രദ്ധ
ടിപ്പിംഗ് മെക്കാനിസം ഘടിപ്പിച്ച വാഹനം ഇലക്ടിക് ലൈനിന് കീഴില്‍ നിര്‍ത്തിയിട്ട് ടയര്‍ മാറ്റാന്‍ ശ്രമിക്കവെ മെക്കാനിക് ഷോക്കേറ്റ് മരിച്ചു. ഒരു ചെറിയ അശ്രദ്ധ കൊണ്ട് സംഭവിച്ച മരണം.
ഡ്രൈവര്‍ ടിപ്പിംഗ് ബോഡി ഉയര്‍ത്തവെ ഇലക്ടിക് ലൈനില്‍ ഇരുമ്പ് നിര്‍മ്മിതമായ ബോഡി സ്പര്‍ശിച്ചെങ്കിലും വാഹനത്തിന്റെ ടയര്‍ ഒരു ചാലകം അല്ലാത്തതിനാല്‍ ഡ്രൈവര്‍ക്ക് ഷോക്കേറ്റില്ല. എന്നാല്‍ പാദരക്ഷകള്‍ ധരിക്കാതെ, തറയില്‍ ചവിട്ടി നിന്നുകൊണ്ട് വാഹനത്തിന്റെ ബോഡിയില്‍ പിടിച്ച മെക്കാനിക് ഒരു ചാലകമായി വര്‍ത്തിക്കുകയും ഷോക്കേറ്റ് മരിക്കുകയും ചെയ്തു.
റോഡ് സൈഡില്‍ നിര്‍ത്തി റിപ്പയര്‍ ജോലി നിര്‍വ്വഹിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.
ഇലക്ട്രിക് ലൈനിന് സമീപം ടിപ്പര്‍ ലോറികളില്‍ നിന്നും ലോഡ് ഇറക്കുന്ന സമയം ഡ്രൈവര്‍മാര്‍ ശരിയായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാം.
by Midhun HP News | Jul 9, 2025 | Latest News, കേരളം
കൊച്ചി: മതപരമായ സങ്കല്‍പ്പങ്ങളാല്‍ ബന്ധിതരല്ലാത്ത കുട്ടികളിലാണ് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുണ്‍. മതത്തിന്റെ സ്വാധീനത്തിന് പുറത്ത് കുട്ടികളെ വളര്‍ത്താന്‍ തെരഞ്ഞെടുക്കുന്ന മാതാപിതാക്കളെ ജസ്റ്റിസ് അരുണ്‍ പ്രശംസിച്ചു. ഭാവിയില്‍ നിലവിലുള്ള അവസ്ഥയെ ചോദ്യം ചെയ്യുന്നവരായിരിക്കും ഇത്തരം കുട്ടികളെന്നും അദ്ദേഹം പറഞ്ഞു.
ജാതിയോ മതമോ ചേര്‍ക്കാതെ പഠിപ്പിക്കുന്ന ഓരോരുത്തരേയും അഭിനന്ദിക്കുന്നു. ഈ കുട്ടികള്‍ നാളത്തെ വാഗ്ദാനങ്ങളാണ്. സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കിടയിലും നാളെ ഭയമില്ലാതെ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളാണിവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ യുക്തിവാദി പവനനെ അനുസ്മരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് വി ജി അരുണ്‍. യുക്തിവാദികള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ അരോചകമായ ഭാഷയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ യോദ്ധാക്കള്‍ കഴുകന്‍മാരെപ്പോലെയാണ് യുക്തിവാദികള്‍ക്ക് നേരെ ചാടി വീഴുന്നത്. സോഷ്യല്‍ മീഡിയ കമന്റുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് തന്റെ മുമ്പില്‍ വരുന്നതിലധികവും. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മലയാള ഭാഷയെ മലിനമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Recent Comments