ചെന്നിത്തല നവോദയ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ചെന്നിത്തല നവോദയ സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

ആലപ്പുഴ: ചെന്നിത്തല നവോദയ സ്‌കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു, അനില ദമ്പതികളുടെ മകളാണ്.

ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ; ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

വനിതാ യൂട്യൂബറും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ; ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസി, സുഹൃത്ത് യാസർ അറാഫത്ത് എന്നിവരെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്.

കാക്കനാട് പാലച്ചുവട്ടിലെ ഇവർ‌ താമസിച്ചിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം ഇവരുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. നാട്ടിൽ നിന്നുള്ള ഒരാളിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇരുവരും പൊലീസിനു നൽകിയ മൊഴി. റിൻസിക്കും യാസറിനും എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നത്അടക്കം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി; പരിശോധനയില്‍ കണ്ടെത്തിയത് രാസസാന്നിധ്യം, ആശങ്കയോടെ നാട്ടുകാര്‍

തോട്ടില്‍ വെള്ളം പതഞ്ഞ് പൊങ്ങി; പരിശോധനയില്‍ കണ്ടെത്തിയത് രാസസാന്നിധ്യം, ആശങ്കയോടെ നാട്ടുകാര്‍

കണ്ണൂര്‍: ഇരിട്ടി ഉളിക്കലില്‍ തോട്ടില്‍ വെള്ളം പതഞ്ഞു പൊങ്ങി. ബുധനാഴ്ച്ച വൈകീട്ട് ഉളിക്കല്‍ നെല്ലിക്കാം പൊയില്‍ ചെട്ടിയാര്‍ പീടികയില്‍ തോട്ടിലാണ് വെള്ളപത പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി.

പച്ചക്കറികളുടെ വിഷാംശം നീക്കുന്ന രണ്ട് ലിറ്ററോളം വരുന്ന ലായനി തോട്ടിലേക്കെത്തിയെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ ജില്ലയുടെ ഏക കുടിവെള്ള സംഭരണിയായ പഴശ്ശി ഇറിഗേഷനിലേക്കാണ് തോട്ടിലെ വെള്ളം ഒഴുകുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഉളിക്കല്‍ പൊലീസും ആരോഗ്യവകുപ്പും വ്യക്തമാക്കി.

പഴം, പച്ചക്കറി എന്നിവയിലെ വിഷാശം ഒഴിവാക്കുന്നതിനായി ഉണ്ടാക്കുന്ന ലായിനിയില്‍ ഉപയോഗിക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്, ഫാറ്റി ആല്‍ക്കഹോള്‍ എഥോലെറ്റ് എന്നിവയടങ്ങിയ കെമിക്കല്‍ തോട്ടിലൂടെ ഒഴുക്കിയതാണ് പത വരുന്നതിന് കാരണമായിട്ടുള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പണിമുടക്ക് തടസ്സമായില്ല; ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയത് പതിനായിരങ്ങള്‍

പണിമുടക്ക് തടസ്സമായില്ല; ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയത് പതിനായിരങ്ങള്‍

തൃശൂര്‍: പണിമുടക്ക് ദിനത്തിലും ഗുരുവായൂരപ്പ ദര്‍ശനത്തിന് ആയിരങ്ങളെത്തിയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ദര്‍ശന സായൂജ്യം നേടിയ പതിനായിരത്തോളം ഭക്തര്‍ക്ക് ദേവസ്വം പ്രസാദ ഊട്ട് തയ്യാറാക്കി നല്‍കി. ഹോട്ടലുകള്‍ അടഞ്ഞ് കിടന്ന സാഹചര്യത്തില്‍ ഭക്തര്‍ക്ക് ഇത് ഏറെ ആശ്വാസമായെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലും പുലര്‍ച്ചെ നിര്‍മ്മാല്യം മുതല്‍ ഗുരുവായൂരപ്പ ദര്‍ശന സായൂജ്യം തേടി ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. ഒട്ടേറെ വിവാഹങ്ങളും നടന്നു. ദര്‍ശനപുണ്യം നേടിയവര്‍ പുലര്‍ച്ചെ 5 മണി മുതല്‍ ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തി. ചൂടാറാത്ത ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും സാമ്പാറും പിന്നെ ചുക്കുകാപ്പിയും ഭക്തര്‍ക്കായി പാത്രത്തില്‍ നിരന്നു. സാധാരണ ദിനങ്ങളില്‍ രാവിലെ എട്ടു മണിക്ക് തീരേണ്ട പ്രാതല്‍ വിളമ്പല്‍ ഒമ്പതരവരെ നീണ്ടു. വിശപ്പകറ്റാന്‍ എത്തിയവര്‍ക്കായി വീണ്ടും വിഭവങ്ങള്‍ ഒരുക്കിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

മൂവ്വായിരത്തിലേറെ ഭക്തര്‍ പ്രാതല്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു. പ്രാതലിന് പിന്നാലെ രാവിലെ പത്തു മണിക്ക് തന്നെ ചോറും കാളനും ഓലനും കൂട്ട് കറിയും രസവും അച്ചാറുമടങ്ങിയ പ്രസാദ ഊട്ട് വിഭവങ്ങള്‍ ഭക്തര്‍ക്കായി വിളമ്പി. പത്തിന് തുടങ്ങിയ പ്രസാദ ഊട്ട് ഉച്ചതിരിഞ്ഞ് 3 മണി കഴിഞ്ഞാണ് അവസാനിച്ചത്.

‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

‘സാധനം എടുത്തുവച്ചോ, ഇപ്പോ മീനില്‍ മണ്ണെണ്ണ ഒഴിക്കും’; ഭീഷണിയുമായി സിപിഎം നേതാവ്

കോഴിക്കോട്: മത്സ്യവില്‍പ്പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന ഭീഷണിയുമായി മുക്കം മാര്‍ക്കറ്റിലെത്തി പണിമുടക്ക് അനുകൂലികള്‍. അഖിലേന്ത്യാ പണിമുടക്കില്‍ എല്ലാവരും പങ്കെടുക്കുന്നുണ്ടെന്നും അതിനിടെ കട തുറക്കാന്‍ ആരുപറഞ്ഞെന്നും ചോദിച്ചാണ് പണിമുടക്ക് അനുകൂലികള്‍ എത്തിയത്.

സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ ടി വിശ്വനാഥന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വില്‍പന നിര്‍ത്തിയില്ലെങ്കില്‍ മീനില്‍ മണ്ണെണ്ണ ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. മണ്ണെണ്ണ കയ്യിലുണ്ട് ഒഴിക്കാന്‍ മടിക്കില്ലെന്ന ഭീഷണി കൂടി ഉയര്‍ന്നതോടെ വ്യാപാരി മീനുകള്‍ തട്ടില്‍ നിന്ന് എടുത്തുമാറ്റി.

‘ഈ നാട് മുഴുവന്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ മാത്രം ലാഭം ഉണ്ടാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?. സാധനം എടുത്തുവച്ചോ?. ഇല്ലെങ്കില്‍ ഇപ്പോ മണ്ണെണ്ണ ഒഴിക്കും. നിനക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?. നീ മാത്രം ഒരു പോക്കിരി. തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഈ സമരം. നിന്നെപ്പോലത്തെ ചെറ്റകള്‍ കരിങ്കാലി പണിയെടുക്കുകയാണോ?. തിരിച്ചുവരുമ്പോഴെക്കും കട പൂട്ടിയില്ലെങ്കില്‍ മേശമേല്‍ ഒന്നും കാണില്ല’ എന്നായിരുന്നു സിപിഎം നേതാവിന്റെ ഭീഷണി.

മുക്കത്തെ മിനി സിവില്‍ സ്റ്റേഷനും പ്രദേശത്ത് തുറന്ന മാളും സമരാനുകൂലികളുടെ പ്രതിഷേധത്തില്‍ രാവിലെ പൂട്ടിയിരുന്നു. പൊലീസ് നോക്കി നില്‍ക്കെയാണ് സമരാനുകൂലികള്‍ മാളുകള്‍ അടപ്പിച്ചത്. കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലുള്ള ഭക്ഷണശാലയും അടപ്പിച്ചു. ബംഗളൂരുവില്‍നിന്നടക്കം വന്ന ദീര്‍ഘദൂര ബസുകളും തടയുന്ന സ്ഥിതിയുണ്ടായി.

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

‘യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണയുള്ളയാള്‍’; സര്‍വേ ഫലം ഷെയര്‍ ചെയ്ത് ശശി തരൂര്‍

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പിന്തുണച്ചത്.

വോട്ട് വൈബ് എന്ന ഏജന്‍സിയാണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേഫലം അനുസരിച്ച് നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണയ്ക്കുന്നു.കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.

മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.