വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍; നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

പത്തനംതിട്ട: വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയിലെത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ആര്‍എംഒ ഡോ.ദിവ്യ രാജനാണ് വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നായയെ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിച്ച നടപടി ശരിയായി കാണുവാന്‍ കഴിയില്ല. രോഗികളും ആരോഗ്യപ്രവര്‍ത്തകരും തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടര്‍ വളര്‍ത്തു നായയുമായി എത്തിയത് മര്യാദ ലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്.

ധാരാളം രോഗികളെത്തുന്ന, ശുചിത്വം വേണ്ട ആശുപത്രിയിലേയ്ക്ക് വളര്‍ത്തു നായയുമായി എത്തിയത് അനുചിതമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. രോഗികള്‍ക്ക് മാത്രമല്ല, വളര്‍ത്ത് നായയ്ക്കും ഇത് നല്ലതെന്നും ഡോക്ടര്‍ എന്ന നിലയില്‍ പോലും വേണ്ട ശ്രദ്ധ കൈക്കൊണ്ടില്ലെന്നും വിമര്‍ശനമുണ്ടായി. അവധി ദിവസം നായയെ വെറ്റിനറി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോള്‍ ഓഫീസില്‍ എത്തിയതാണെന്നാണ് ഡോ. ദിവ്യ രാജന്‍ പ്രതികരിച്ചത്. ഗ്രൂമിങിനായി കൊണ്ടുപോയി മടങ്ങുമ്പോഴാണ് ആശുപത്രിയില്‍ കയറിയത്. വാഹനത്തില്‍ നായയെ ഇരുത്തി പോകാന്‍ കഴിയാത്തതു കൊണ്ടാണ് ഒപ്പം കൂട്ടിയതെന്നും ദിവ്യ രാജന്‍ പറഞ്ഞിരുന്നു.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ. പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ മൂന്നുകിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ ബാധിച്ച നാട്ടുകല്‍ സ്വദേശിനിയായ 38 കാരി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ആരംഭിച്ചത്. ഇവര്‍ മൂന്നുസ്ഥലങ്ങളിലാണ് ചികിത്സ തേടിയത്. ആദ്യം വീടിന് സമീപത്തുള്ള പാലോട്, തുടര്‍ന്ന് കരിങ്കല്‍ അത്താണി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു.

രോഗശമനം ഉണ്ടാകാതിരുന്നതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ കണ്ടെത്തിയത്. തുടര്‍ന്ന് സ്ഥിരീകരണത്തിനായി സാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനാ ഫലവും പോസിറ്റീവ് ആയിരിക്കുകയാണ്.

മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. സമീപത്തു തന്നെയാണ് ബന്ധുവീടുകള്‍. അതുകൊണ്ട് തന്നെ ഹൈ റിസ്‌ക് പട്ടികയില്‍ നൂറിലേറെ പേര്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകള്‍, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊന്നു

പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ചു കൊന്നു

ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഈറോഡില്‍ 12-ാം ക്ലാസ് വിദ്യാര്‍ഥിയായ 17കാരനെ അതേ സ്‌കൂളിലെ മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൊന്നു. ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. ബയോളജി ഗ്രൂപ്പ് വിദ്യാര്‍ഥിയായ ആദിത്യയെ പന്ത്രണ്ടാം ക്ലാസില്‍ തന്നെ മറ്റു ഗ്രൂപ്പുകളില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ഥികളെ ഈറോഡ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസമായ ബുധനാഴ്ച അച്ഛനാണ് ആദിത്യയെ സ്‌കൂളില്‍ കൊണ്ടു ചെന്നുവിട്ടത്. ക്ലാസില്‍ കയറാതെ, രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ആദിത്യ പുറത്തുപോയി. മറ്റ് ഗ്രൂപ്പുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമായി വഴക്കുണ്ടായതായി ആദിത്യ ഒരാഴ്ച മുന്‍പ് പിതാവിനെ അറിയിച്ചിരുന്നു. അവരുടെ ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് പറഞ്ഞ് ആദിത്യയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഏകദേശം 200 മീറ്റര്‍ അകലെയാണ് സംഭവം. പെണ്‍കുട്ടികളോട് സംസാരിച്ചതിനെ ചൊല്ലി ആദിത്യയും മറ്റു വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രണ്ട് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ആദിത്യയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിതാവിനെ വിവരമറിയിക്കുകയും മര്‍ദ്ദനത്തില്‍ അബോധാവസ്ഥയിലായ ആണ്‍കുട്ടിയെ ഉടന്‍ തന്നെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആദിത്യയുടെ അച്ഛന്‍ ശിവയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യയുടെ സുഹൃത്തുക്കളില്‍ നിന്നും മറ്റ് വിദ്യാര്‍ഥികളില്‍ നിന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലാണ് രണ്ട് വിദ്യാര്‍ഥികളെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇനി,തേനൂറും കാഴ്ചകൾ കാണാം; ഇന്ത്യയിലെ ആദ്യ തേൻ മ്യൂസിയം മാവേലിക്കരയിൽ വരുന്നു

ഇനി,തേനൂറും കാഴ്ചകൾ കാണാം; ഇന്ത്യയിലെ ആദ്യ തേൻ മ്യൂസിയം മാവേലിക്കരയിൽ വരുന്നു

ആലപ്പുഴ: രാജ്യത്തെ ആദ്യത്തെ തേൻ മ്യൂസിയം മാവേലിക്കരയിലെ തഴക്കര പഞ്ചായത്തിലെ കള്ളിമേൽ തേനീച്ചവളർത്തൽ കേന്ദ്രത്തിൽ ഉടൻ ആരംഭിക്കും. 2018 ൽ സ്ഥാപിതമായ തേനീച്ചവളർത്തൽ കേന്ദ്രത്തിന്റെ വികസനത്തിന്റെ ഭാഗമായി മ്യൂസിയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് എം എസ് അരുൺകുമാർ എംഎൽഎ പറഞ്ഞു. “കർഷകർക്കായി തേനിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു ലാബ് സ്ഥാപിക്കുന്നതിനുള്ള അനുമതിയും കേന്ദ്രത്തിന് ലഭിച്ചു, രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും,” അരുൺകുമാർ പറഞ്ഞു.

തഴക്കര പഞ്ചായത്ത് അനുവദിച്ച മൂന്ന് ഏക്കർ സ്ഥലത്ത് ഹോർട്ടികോർപ്പാണ് ഈ കേന്ദ്രം നിർമ്മിച്ചത്. രാജ്യത്തെ ആദ്യത്തെ തേനീച്ച വളർത്തൽ പാർക്കാണിത്, പ്രതിദിനം 25,000 രൂപ വരെ വിറ്റുവരവ് ലഭിക്കുന്നു. “ഈ കാലയളവിൽ കർഷകരിൽ നിന്ന് 50,000 കിലോയിലധികം തേൻ ശേഖരിച്ച് സംസ്കരിച്ച് ‘അമൃത് ഹണി’ എന്ന പേരിൽ വിറ്റു. തേനീച്ചകളുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു കോടി രൂപ ചെലവിൽ കെട്ടിടം പുനർനിർമ്മിച്ചാണ് പദ്ധതി ആരംഭിച്ചത്. പിന്നീട്, വിവിധ ഘട്ടങ്ങളിലായി കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി രണ്ട് കോടിയിലധികം രൂപ ചെലവഴിച്ചു,” എംഎൽഎ പറഞ്ഞു.

തേനീച്ചകളെ വളർത്തി തേൻ ഉൽപ്പാദിപ്പിക്കുക, കർഷകരിൽ നിന്ന് തേൻ ശേഖരിക്കുക, ശാസ്ത്രീയമായി സംസ്കരിച്ച് വിപണനം ചെയ്യുക, കർഷകർക്ക് പരിശീലനം നൽകുക എന്നിവയാണ് ഈ തേനീച്ചവളർത്തൽ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ. “തേനീച്ച വളർത്തൽ കേന്ദ്രത്തിൽ ഏകദേശം 200 തേനീച്ചക്കൂടുകളുണ്ട്. ഇവയിൽ നിന്ന് മാത്രം പ്രതിവർഷം രണ്ട് ടൺ തേൻ ഉൽപ്പാദിപ്പിക്കുന്നു,” ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ സുനിൽ ബി പറഞ്ഞു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന തേൻ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് നേരിട്ട് സംഭരിക്കുന്നതിലൂടെ കേന്ദ്രം കർഷകർക്ക് ന്യായമായ വില ഉറപ്പാക്കുന്നു. സംഭരിക്കുന്ന തേൻ ശാസ്ത്രീയമായി സംസ്കരിച്ച്, ബ്രാൻഡ് ചെയ്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നു. അതിന് മുമ്പ് അതിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നു. അമൃത് ഹണി 50 ഗ്രാം മുതലുള്ള അളവിൽ ലഭ്യമാണ്. ഒരു കിലോ തേനിന് 380 രൂപ വിലയുണ്ട്, അതേസമയം അഞ്ച് കിലോ പായ്ക്ക് ഔട്ട്‌ലെറ്റിൽ നിന്ന് 1,375 രൂപയ്ക്ക് വാങ്ങാം. ഇൻഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ പഴവർഗങ്ങളുടെ രുചിയുള്ള തേൻ ഉൾപ്പെടെയുള്ള തേനിൽ നിന്നാണ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.

കർഷകർക്ക് ഈ തേനീച്ചവളർത്തൽ കേന്ദ്രം സഹായവും നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികൾ വഴി 40 ശതമാനം സബ്‌സിഡിയോടെ തേനീച്ചക്കൂടുകളും അനുബന്ധ ഉപകരണങ്ങളും നൽകുന്നു. കൂടാതെ, 30 കർഷകർക്ക് പരിശീലനവും മാർഗ്ഗനിർദ്ദേശവും നൽകുന്നു. ഏഴ് വർഷത്തിനിടെ സംസ്ഥാനത്തെ 1,500-ലധികം കർഷകർക്ക് പരിശീലനം നൽകിയിട്ടുണ്ട്, കൂടാതെ 10,000-ത്തിലധികം കർഷകർക്ക് തേനീച്ച കോളനികൾ നിർമ്മിക്കുന്നതിന് സബ്‌സിഡി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

കെഎസ്ആർടിസി സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ഫ്ലക്സ് ബോർഡുകൾ, ആദ്യം വയ്ക്കുന്നത് അധികാരത്തിലുള്ള പാർട്ടി; വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസി സ്റ്റാൻഡുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ഫ്ലക്സ് ബോർഡുകൾ, ആദ്യം വയ്ക്കുന്നത് അധികാരത്തിലുള്ള പാർട്ടി; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി. സ്റ്റാന്റുകളിൽ യാത്രക്കാരേക്കാൾ കൂടുതൽ ബോർഡുകളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ബസ് സ്റ്റാന്റുകളിലെ അന്തരീക്ഷം മലീമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് വേണ്ടിയുള്ള സേവനമെന്ന നിലയിൽ സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണം. ഇക്കാര്യം കോടതിയെ അറിയിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത ഗതാഗതവകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാറിനെ കോടതി അഭിനന്ദിച്ചു. അനധികൃത ഫ്ലക്സുകളും ബോർഡുകളും നിറഞ്ഞ് ഏറ്റവും കൂടുതൽ നിയമലംഘനം നടത്തുന്നത് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് നീക്കം ചെയ്യാൻ കെഎസ്ആർടിസി ഒന്നും ചെയ്യുന്നില്ല എന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ജനങ്ങള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സേവനമാണിതെന്നും, അതുകൊണ്ടാണ് കെഎസ്ആർടിസി അടച്ചുപൂട്ടാതെ സംരക്ഷിക്കാൻ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. ബോർഡുകളും തോരണങ്ങളും ഫ്ലക്സുകളുമൊക്കെ സ്ഥാപിച്ചിരിക്കുന്ന നടപടി നാണക്കേടു തന്നെയാണെന്ന് കെഎസ്ആർടിസിയും കോടതിയിൽ വ്യക്തമാക്കി. ആരാണ് ഇത് ചെയ്യുന്നത് എന്ന കോടതിയുടെ ചോദ്യത്തിന് ട്രേഡ് യൂണിയനുകളാണെന്നും കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിക്ക് ഈ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാൻ സാധിക്കില്ലേയെന്ന് കോടതി ചോദിച്ചു.

ബാനറുകളും ഫ്ലക്സുകളുമൊക്കെ വയ്ക്കുന്നത് ആദ്യം നിർത്തേണ്ടത് അധികാരത്തിലുള്ള പാർട്ടികളാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവരാണ് ഇത്തരം കാര്യങ്ങൾ ആദ്യം ചെയ്യുന്നത്. അപ്പോൾ മറ്റുള്ളവരും അതു ചെയ്യും. ഇതിനെതിരെ പറഞ്ഞാൽ കോടതി അടക്കമുള്ളവരെ ഏതൊക്കെ തെറി വിളിക്കാമോ അതൊക്കെ വിളിക്കലാണ് ഇപ്പോഴത്തെ ട്രെൻഡ് എന്നും കോടതി അഭിപ്രായപ്പെട്ടു.

പത്തു വര്‍ഷത്തിനിടെ മൂന്നാറില്‍ റെക്കോര്‍ഡ് മഴ; ജൂണ്‍ മാസത്തില്‍ പെയ്തിറങ്ങിയത് 137. 69 സെന്റിമീറ്റര്‍

പത്തു വര്‍ഷത്തിനിടെ മൂന്നാറില്‍ റെക്കോര്‍ഡ് മഴ; ജൂണ്‍ മാസത്തില്‍ പെയ്തിറങ്ങിയത് 137. 69 സെന്റിമീറ്റര്‍

മൂന്നാര്‍: പത്തു വര്‍ഷത്തിനിടെ ഇത്തവണ മേയ്, ജൂണ്‍ മാസങ്ങളില്‍ ഇടുക്കി മൂന്നാറില്‍ പെയ്തത് റെക്കോര്‍ഡ് മഴ. ഈ വര്‍ഷം മേയ് മാസത്തില്‍ 117.25 സെന്റിമീറ്ററും ജൂണില്‍ 137. 69 സെന്റിമീറ്റര്‍ മഴയുമാണ് ലഭിച്ചത്. ഈ വര്‍ഷം ഏറ്റവുമധികം മഴ പെയ്തത് മേയ് 25നും (18.28 സെന്റിമീറ്റര്‍) ജൂണ്‍ 10നും (15.64 സെന്റിമീറ്റര്‍) ആണ്.

കഴിഞ്ഞ 9 വര്‍ഷം മേയ് മാസത്തില്‍ ശരാശരി 27.17 സെന്റിമീറ്ററും ജൂണില്‍ ശരാശരി 58.25 സെന്റിമീറ്ററും മഴയാണ് മൂന്നാറില്‍ പെയ്തത്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ 270.89 സെന്റിമീറ്റര്‍ മഴ പെയ്തു.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121.55 സെന്റിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. 2015 ലാണ് ഇതിനു മുന്‍പ് ഏറ്റവുമധികം (171.8 സെന്റിമീറ്റര്‍) മഴ ലഭിച്ചത്.

പശ്ചിമഘട്ടത്തിലെ പടിഞ്ഞാറന്‍ പകുതി പ്രദേശങ്ങളായ കല്ലാര്‍, കടലാര്‍, നയമക്കാട്, ഇരവികുളം, രാജമല എന്നിവിടങ്ങളിലാണ് ഇത്തവണ ഏറ്റവുമധികം മഴ പെയ്തത്.