സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. 72,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 9060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ പവന്‍ വിലയില്‍ ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ ശേഷമാണ് വിപണിയില്‍ ഇന്ന് വര്‍ധനവിന്റെ സൂചന കാണിക്കുന്നത്.

രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഏകദേശം അഞ്ചുദിവസത്തിനിടെ 1500 രൂപ വര്‍ധിച്ചിരുന്നു. അരിന് ശേഷം ഇന്നലെ വില കുത്തനെ ഇടിഞ്ഞു. ഇന്ന് വിലയില്‍ നേരിയ വര്‍ധനവാണ് കണ്ടത്.

ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. തുടര്‍ന്ന് ഈ മാസം ഒന്നുമുതലാണ് വീണ്ടും വില ഉയരാന്‍ തുടങ്ങിയത്.

രാഹുല്‍ രാധാകൃഷ്ണന് സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്

രാഹുല്‍ രാധാകൃഷ്ണന് സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്

തൃശൂര്‍: 2024ലെ കേരള സാഹിത്യ അക്കാദമിയുടെ എം അച്യുതന്‍ എന്‍ഡോവ്‌മെന്റിന് രാഹുല്‍ രാധാകൃഷ്ണന്റെ ഉയിര്‍ഭൂപടങ്ങള്‍ എന്ന ഗ്രന്ഥം അര്‍ഹമായതായി അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍. അന്‍പത് വയസ്സില്‍ താഴെയുള്ളവര്‍ രചിക്കുന്ന മികച്ച സാഹിത്യ നിരൂപണ കൃതിക്കുള്ളതാണ് ഈ എന്‍ഡോവ്‌മെന്റ്.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സാഹിത്യ അക്കാദമിയുടെ മറ്റ് പുരസ്‌കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധാഗ്നിയില്‍ കേരളം; പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പ്രതിഷേധാഗ്നിയില്‍ കേരളം; പലയിടത്തും സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍. ബിന്ദുവിന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് മന്ത്രി വീണാ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തുന്നത്.

ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. ഇതോടെ ബഹളമായി.

പത്തനംതിട്ടയിലും കോട്ടയത്തും തൃശ്ശൂരിലും കൊല്ലത്തും കോഴിക്കോടും മലപ്പുറത്തുമെല്ലാം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കൊല്ലത്ത് ജില്ലാ ആശുപത്രിയില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സൂപ്രണ്ട് ഓഫീസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. മുദ്രാവാക്യം വിളിയുമായി പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ക്യാബിനുള്ളില്‍ പ്രതിഷേധിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. തൃശ്ശൂരില്‍ യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോഗ്യമന്ത്രി രാജി പൊലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം നടന്നു.

പത്തനംതിട്ടയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പത്തനംതിട്ടയിലെ വീണാ ജോര്‍ജിന്റെ എംഎല്‍എ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കെ എസ് യു പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ കോലവുമായെത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഒരാഴ്ച നീളുന്ന തുടര്‍ ചികിത്സ

മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്; ഒരാഴ്ച നീളുന്ന തുടര്‍ ചികിത്സ

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബൈ വഴിയാണ് യാത്ര. ഒരാഴ്ചയിലേറെ മുഖ്യമന്ത്രി അമേരിക്കയില്‍ തങ്ങുമെന്നാണ് വിവരം

നേരത്തെ അമേരിക്കയിലെ മയോ ക്ലിനിക്കല്‍ മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. നേരത്തെ യാത്ര നിശ്ചയിച്ചിരുന്നെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കാരണം നീട്ടിവയ്ക്കുകയായിരുന്നു.

മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ വാഹനത്തില്‍ പാമ്പ്; ശ്രദ്ധിക്കണമെന്ന ഉപദേശത്തിന് രസകരമായ കമന്റുകള്‍

മുഹമ്മദ് മുഹസിന്‍ എംഎല്‍എയുടെ വാഹനത്തില്‍ പാമ്പ്; ശ്രദ്ധിക്കണമെന്ന ഉപദേശത്തിന് രസകരമായ കമന്റുകള്‍

മഴക്കാലത്ത് പാമ്പിനെ ഏറെ സൂക്ഷിക്കേണ്ടതാണ്. ചൂട് തേടി പാമ്പ് എവിടെ വേണമെങ്കിലും പതുങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ഷൂസ് ഉപയോഗിക്കുമ്പോഴും വാഹനങ്ങള്‍ എടുക്കുമ്പോഴും പരിശോധിക്കാന്‍ മറക്കരുതെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച് നല്‍കുന്ന മുന്നറിയിപ്പ്.

ഇപ്പോള്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന്റെ വാഹനത്തില്‍ പാമ്പ് കയറിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡിനും ഡ്രൈവര്‍ സീറ്റിന് മുന്‍വശത്തുമായാണ് പാമ്പ് കിടന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ മുഹ്സിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മഴക്കാലമായതിനാല്‍ പാമ്പുകള്‍ എവിടെയും കയറിയിരിക്കാമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കുറിച്ചു.

കാറിനകത്ത് ആയിരുന്ന പാമ്പ് ഡോര്‍ തുറന്നതോടെ പുറത്തേക്ക് വരികയും കാറിനു മുകളിലേക്ക് കയറുകയും ചെയ്തു. വിഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി. റോഡിലെ കുഴിയില്‍ വീണ് നട്ടെല്ലിന് പരിക്ക് പറ്റുന്ന സഹജീവികളുടെ നട്ടെല്ലിന്റെ കാര്യത്തില്‍ കൂടി താങ്കളുടെ ശ്രദ്ധ ഉണ്ടാകുമെന്ന് കരുതട്ടെ എന്ന തരത്തിലാണ് കമന്റുകള്‍ നിറഞ്ഞത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

ശ്രദ്ധിക്കുക

മഴക്കാലമാണ്, പാമ്പുകള്‍ എവിടെയും കയറാം..

ഫോട്ടോ: ഇന്ന് പരിപാടികള്‍ കഴിഞ്ഞു വീട്ടിലെത്തി വാഹനത്തില്‍ നിന്നിറങ്ങി നോക്കിയപ്പോള്‍ അകത്തിരിക്കുന്ന ആളെ കണ്ടത്

എല്ലാവരും ശ്രദ്ധിക്കുക..

‘അമ്മാ…. ഇട്ടേച്ച് പോകല്ലാമ്മാ…’ അലമുറയിട്ട് നവനീത്, കണ്ണീർവാർത്ത് കുടുംബം; ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

‘അമ്മാ…. ഇട്ടേച്ച് പോകല്ലാമ്മാ…’ അലമുറയിട്ട് നവനീത്, കണ്ണീർവാർത്ത് കുടുംബം; ബിന്ദുവിന് നാടിന്റെ യാത്രാമൊഴി

കോട്ടയം: മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ബിന്ദുവിന്റെ മൃതദേഹം എത്തിച്ചപ്പോൾ അതിവൈകാരിക നിമിഷങ്ങൾക്കായിരുന്നു വീട് സാക്ഷ്യം വഹിച്ചത്. ബിന്ദുവിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ മകൻ നവനീതും മകൾ നവമിയും നെഞ്ചുപൊട്ടി അമ്മയുടെ ശരീരത്തോട് ചേർന്നു.

‘അമ്മാ…. എന്നെക്കൊണ്ട് പറ്റൂല്ലാമ്മാ… ഇട്ടേച്ച് പോകല്ലാമ്മാ…’ എന്ന് അലമുറയിട്ട് കരഞ്ഞ നവനീതിനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു. മക്കളെ ഇനി എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ മൃതദേഹത്തിന് മുമ്പിൽ നെഞ്ചുപൊട്ടി നിസ്സഹായതയോടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. രണ്ടാഴ്ച കഴിഞ്ഞ് നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുവേണ്ടിയുള്ള ചികിത്സയ്ക്കായിരുന്നു ബിന്ദു കോട്ടയം മെഡിക്കൽ കോളജിലെത്തിയത്.

സിവിൽ എഞ്ചിനീയറിങ് കഴിഞ്ഞ മകൻ നവനീത് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് നവനീതിന് ശമ്പളം കിട്ടിയത്. ശമ്പളമായി കിട്ടിയ പതിനായിരം രൂപയുമായി അച്ഛന്റെ അടുത്തെത്തിച്ചപ്പോൾ, പണം അമ്മയെ ഏൽപ്പിക്കാനാണ് വിശ്രുതൻ പറഞ്ഞത്. എന്നാൽ ആ പണം ഏറ്റുവാങ്ങാൻ നിൽക്കാതെ അമ്മ ബിന്ദു പോയി. അമ്മ ഇനി തങ്ങൾക്കൊപ്പമില്ലെന്ന തിരിച്ചറിവിൽ നവനീത് അലമുറയിട്ടു കരഞ്ഞപ്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.

രാവിലെ ബിന്ദുവിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചപ്പോൾ മുതൽ, അന്തിമോപചാരം അർപ്പിക്കാനായി നാട് ഒന്നാകെ ആ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. മന്ത്രിമാരോ, സംസ്ഥാന സർക്കാർ പ്രതിനിധികളോ ബിന്ദുവിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയിരുന്നില്ല. മന്ത്രിമാർ വിളിക്കുക പോലും ചെയ്തില്ലെന്ന് ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ബിന്ദുവിന്റെ വീട്ടിലെത്തിയിരുന്നു.