by Midhun HP News | Jul 3, 2025 | Latest News, കേരളം
ആലപ്പുഴ: ഓമനപ്പുഴയിൽ മകളെ കഴുത്തിൽ തോർത്ത് കുരുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ. മകൾ എയ്ഞ്ചൽ ജാസ്മിനെ കൊലപ്പെടുത്തിയ കേസിൽ ഫ്രാൻസിസ്, ഭാര്യ ജെസിമോൾ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫ്രാൻസിസ് കഴുത്ത് ഞെരിക്കുമ്പോൾ മകൾ ഏഞ്ചൽ ജാസ്മിൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അമ്മ ജെസിമോൾ പിടിച്ചു വച്ചുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മാവൻ അലോഷ്യസിനെ കേസിൽ പ്രതി ചേർക്കും. കൊലപാതക വിവരം മറച്ചുവച്ചുവെന്നതാണ് കുറ്റം.
കൊലപാതകത്തിന് കാരണം മകൾ എയ്ഞ്ചൽ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി മൊഴി നൽകിയത്. മകൾ സ്ഥിരമായി രാത്രി പുറത്തു പോകുന്നത് പിതാവ് ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ ഫ്രാൻസിസ് മകൾ ഏയ്ഞ്ചൽ ജാസ്മിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. തുടർന്ന് കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നതുമായി ബന്ധപ്പെട്ടും വീട്ടിൽ വഴക്ക് ഉണ്ടാകുമായിരുന്നു.
by Midhun HP News | Jul 3, 2025 | Latest News, കേരളം
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്‌റഫിനെ സസ്പെൻഡ് ചെയ്തു. എടത്തനാട്ടുകര ടി കെ എം യുപി സ്‌കൂൾ മാനേജ്‌മെന്റിന്റേതാണ് നടപടി. അഷ്റഫിനെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് കത്തു നൽകിയിരുന്നു.
ടി കെ അഷ്‌റഫ് ജോലി ചെയ്യുന്ന സ്‌കൂൾ മാനേജർക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നപടി ആവശ്യപ്പെട്ട് കത്ത് നൽകിയത്. സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. സർക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തും വിധം ടി കെ അഷ്‌റഫ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടി കെ അഷ്‌റഫിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേർത്തിരുന്നു.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്‌റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടിരുന്നു.
by Midhun HP News | Jul 3, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ പ്രവര്‍ത്തനരഹിതമായ കെട്ടിടമാണ് തകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടച്ചിട്ട കെട്ടിടത്തിന്റെ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. വാര്‍ഡ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ചെറിയ പരിക്കേറ്റതായാണ് പ്രാഥമിക വിവരമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കിഫ്ബിയില്‍നിന്ന് പണം അനുവദിച്ച് പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. പുതിയ കെട്ടിടത്തിലേക്കു മാറാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. ഷിഫ്റ്റിങ്ങ് സംബന്ധിച്ച തീരുമാനം രണ്ടാഴ്ച മുമ്പാണ് എടുത്തതെന്നും മന്ത്രി വീണ അറിയിച്ചു. പഴയ വസ്തുക്കള്‍ കൊണ്ടിടാന്‍ ഉപയോഗിച്ചിരുന്ന ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
കെട്ടിടം തകര്‍ന്നു വീണതറിഞ്ഞ് മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് അധികൃതരും, ഗാന്ധിനഗര്‍ പൊലീസും ഇടിഞ്ഞുവീണ സ്ഥലത്ത് പരിശോധന നടത്തുകയാണ്. മൂന്നുനില കെട്ടിടത്തിലെ പതിനാലാം വാര്‍ഡിലെ ഓര്‍ത്തോപീഡിക് സര്‍ജറി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന ഭാഗമാണ് തകര്‍ന്നത്. രാവിലെ 10.45 ഓടെയായിരുന്നു അപകടം.
രണ്ടു സ്ത്രീകളും അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമാണ് കെട്ടിടം തകര്‍ന്നപ്പോള്‍ അവിടെയുണ്ടായിരുന്നതെന്നാണ് വിവരം. അപകടമുണ്ടായ ഉടന്‍ തന്നെ കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊളിഞ്ഞു വീണതിന് സമീപത്തുള്ള ഭാഗത്ത് രോഗികളുടെ പായയും പാത്രങ്ങളും കിടക്കകളുമെല്ലാം ചിതറിക്കിടക്കുന്നത് കാണാം. ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്നഭാഗമാണ് ഇടിഞ്ഞതെന്ന് സൂപ്രണ്ടും പറഞ്ഞു.
by Midhun HP News | Jul 3, 2025 | Latest News, കേരളം
ആലപ്പുഴ: മകളുടെ രാത്രിയാത്രയുമായി ബന്ധപ്പെട്ട തർക്കമാണ് മാരാരിക്കുളത്തെ യുവതിയുടെ കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കുടിയാംശേരി വീട്ടിൽ എയ്ഞ്ചൽ ജാസ്മിനാണ് (28) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഫ്രാൻസിസിനെ (ജോസ് മോൻ, 53) പൊലീസ് അറസ്റ്റ് ചെയ്തു. എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരിൽ ചിലർ ഫ്രാൻസിസിനോട് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കുകയായിരുന്നു. ഫ്രാൻസിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു.
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ മകളെ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് വീട്ടുകാർ കരഞ്ഞതോടെയാണ് സമീപവാസികൾ വിവരം അറിയുന്നത്. കേസിൽ ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെയും പ്രതി ചേർത്തേക്കും. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. ശ്വാസംമുട്ടിയാണ് മരണമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. തുടർന്ന് ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്ന് സമ്മതിക്കുകയായിരുന്നു.
by Midhun HP News | Jul 3, 2025 | Latest News, കേരളം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. പതിനാലാം വാര്‍ഡിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. മൂന്നുനില കെട്ടിടത്തിലെ ഓര്‍ത്തോപീഡിക് വാര്‍ഡിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്.വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
by Midhun HP News | Jul 3, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,840 രൂപയാണ്. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 9105 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് മാസാദ്യം മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഈ മാസം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ധിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്.
75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
Recent Comments