തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഇരുപതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഇരുപതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം പേര്‍ക്ക് നായയുടെ കടിയേറ്റു.

പോത്തന്‍കോട് ജങ്ഷന്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ അകലെ പൂലന്തറ വരെയുള്ളവര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ട്. നായയെ കണ്ടെത്താനായില്ല. പോത്തന്‍കോട് ബസ്സ് സ്റ്റാന്റിലേക്കും മേലേമുക്കിലേക്കും തുടര്‍ന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്.

എല്ലാവര്‍ക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. നായയെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും.

വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും.

രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം നൽകിയിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്ന്‌ ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നു മുതൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.

മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശിവഗിരിയിലെ സന്യാസി സംഘം ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മകൻ വി എ അരുൺ കുമാറിനോട് അന്വേഷിച്ചറിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.

ചക്രവാത ചുഴി: ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചക്രവാത ചുഴി: ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ജെ എസ് കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം

ജെ എസ് കെ സിനിമ കാണാൻ ഹൈക്കോടതി തീരുമാനം

കൊച്ചി: സെൻസർ ബോർഡിന്റെ പേര് മാറ്റം ആവശ്യത്തോടെ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. സെൻസർ ബോർഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയിൽ പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്ന് കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി എൻ. നഗരേഷ് അറിയിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി വിലക്കിയ സെൻസർ ബോർഡ് നടപടിക്കെതിരെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

സിബിഎഫ്സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാൽ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്ന് കോടതി മറുപടി നൽകി. എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാൻ ആവശ്യപ്പെട്ടതെന്നും കൃത്യമായ മറുപടി വേണമെന്നും കോടതി കഴിഞ്ഞദിവസം കേന്ദ്ര സെൻസർ ബോർ‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

ജാനകി എന്ന പേര് ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് സെൻസർ ബോർഡ് കോടതിയെ അറിയിച്ചത്. ഇതോടെ സിനിമാച്ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റീസ് നഗരേഷ് നിർദേശിച്ചിരുന്നു. മറുപടി സത്യവാങ്മൂലം നൽകാൻ സമയം വേണമെന്ന് ഇന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ ഹർജിയിൽ അനാവശ്യമായി സമയം നീട്ടി നൽകാൻ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

50 ശതമാനം ഓഫറുകള്‍; ലുലു മാളുകളിലും ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം

50 ശതമാനം ഓഫറുകള്‍; ലുലു മാളുകളിലും ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം

കൊച്ചി: ആകര്‍ഷകമായ വിലക്കിഴിവുകളുമായി സംസ്ഥാനത്തെ ലുലുമാളുകളിലും ലുലു ഡെയ്ലികളിലും ഷോപ്പിങ് ഉത്സവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ,കോട്ടയം, പാലക്കാട് ലുലു മാളുകളിലും തൃപ്രയാര്‍ വൈമാളിലും തൃശൂര്‍ ഹൈലൈറ്റ് മാള്‍, മരട്ഫോറം മാള്‍, കൊല്ലം ഡ്രീംസ് മാള്‍ എന്നിവിടങ്ങളിലെ ലുലു ഡെയ്ലികളിലും 50 ശതമാനം ഓഫറുകള്‍ ലഭിക്കും. ആറാം തീയതി വരെയാണ് ഷോപ്പിങ് ഉത്സവം.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ നിലവില്‍ എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ തുടരുകയാണ്. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ഭാഗമാകുന്ന ലുലു ഓണ്‍ സെയിലും ആരംഭിക്കും. 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട്, ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനാകും.

ഇലക്ട്രോണികിസ് ആന്‍ഡ്ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് റീട്ടെയില്‍ ഉത്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയും 50 ശതമാനം കിഴിവില്‍ ലഭിക്കും.

40 ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം21 മരണം, കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ;ബന്ധമില്ലെന്ന് കേന്ദ്രം

40 ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം21 മരണം, കോവിഡ് വാക്സിനെതിരെ സിദ്ധരാമയ്യ;ബന്ധമില്ലെന്ന് കേന്ദ്രം

കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിനേഷന് ശേഷം നിരവധി പേർ വളരെ പെട്ടെന്ന് മരണമടഞ്ഞ റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് വഴി തുറന്നു. കർണ്ണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനുള്ളിൽ 21 പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മൂലം മരണമടഞ്ഞത്. മരിച്ച 21 പേരും 30 നും 55 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഇതേ തുടർന്നാണ് സിദ്ധരാമയ്യ കോവിഡ് വാക്സിൻ തിടുക്കത്തിൽ കൊടുത്താണ് മരണകാരണമെന്ന് അഭിപ്രായപ്പെട്ടത്.

നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ, എല്ലാവരും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കായി ഉടൻ തന്നെ എത്തണമെന്നും ഈ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും സിദ്ധരാമയ്യ അഭ്യർത്ഥിച്ചു.

സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കു പിന്നാലെ, ഇതു സംബന്ധിച്ച പഠനങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. രാജ്യത്തെ നിരവധി ഏജൻസികൾ വഴി, വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുടെ കാര്യം അന്വേഷിച്ചിട്ടുണ്ട്. കോവിഡ് 19 വാക്സിനേഷനും രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളുടെ റിപ്പോർട്ടുകളും തമ്മിൽ നേരിട്ട് ബന്ധമില്ലെന്ന് ഈ പഠനങ്ങൾ പറയുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവയുടെ പഠനങ്ങൾ ഇന്ത്യയിലെ കോവിഡ് -19 (COVID-19) വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് പറയുന്നു, ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ. ജനിതകപരമായ കാരണങ്ങൾ, ജീവിതശൈലി, മുമ്പുണ്ടായിരുന്ന രോഗാവസ്ഥകൾ, കോവിഡിനു ശേഷമുള്ള സങ്കീർണതകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം എന്ന് ഈ പഠനങ്ങൾ പറയുന്നു.

രാജ്യത്തെ 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ, പെട്ടെന്ന് ഉണ്ടാകുന്ന വിശദീകരിക്കാനാകാത്ത മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാൻ ഐസിഎംആറും എൻസിഡിസിയും ഒരുമിച്ചാണ് പഠനം നടത്തിയത്.

ഇത് അന്വേഷിക്കുന്നതിനായി വ്യത്യസ്ത ഗവേഷണ സമീപനങ്ങൾ ഉപയോഗിച്ച് രണ്ട് പരസ്പര പൂരക പഠനങ്ങൾ നടത്തി – ഒന്ന് മുൻകാല ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതും മറ്റൊന്ന് നിലവിലുള്ള അല്ലെങ്കിൽ തത്സമയ വിവരങ്ങൾ ഉൾപ്പെടുന്നതുമാണ്. ഐസിഎംആറിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി (എൻഐഇ) നടത്തിയ ആദ്യ പഠനത്തിന്റെ തലക്കെട്ട്, “ഇന്ത്യയിൽ 18-45 വയസ്സ് പ്രായമുള്ള മുതിർന്നവരിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട ഘടകങ്ങൾ – ഒരു മൾട്ടിസെൻട്രിക് മാച്ചഡ് കേസ്-കൺട്രോൾ സ്റ്റഡി” എന്നായിരുന്നു.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 സ്പെഷ്യലൈസ്ഡ് ആശുപത്രികൾ കേന്ദ്രീകരിച്ച് 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തിയത്. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യമുള്ളവരായി തോന്നിയെങ്കിലും അപ്രതീക്ഷിതമായി പെട്ടെന്ന് മരിച്ച വ്യക്തികളുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ്-19 വാക്സിനേഷൻ യുവതലമുറയിൽ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തൽ.

“യുവതലമുറയിലെ പെട്ടെന്നുള്ള വിശദീകരിക്കാനാകാത്ത മരണങ്ങളുടെ കാരണം സ്ഥാപിക്കൽ”എന്ന തലക്കെട്ടിലുള്ള രണ്ടാമത്തെ പഠനം നിലവിൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഐസിഎംആറുമായി സഹകരിച്ച് നടത്തുന്നു.

യുവതലമുറയിൽ പെട്ടെന്നുള്ള മരണത്തിനുള്ള സാധാരണ കാരണങ്ങൾ നിർണ്ണയിക്കാൻ ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള പഠനമാണിത്. പഠനത്തിൽ നിന്നുള്ള ഡാറ്റയുടെ ആദ്യകാല വിശകലനം സൂചിപ്പിക്കുന്നത് ഹൃദയാഘാതം അല്ലെങ്കിൽ മയോകാർഡിയൽ ഇൻഫ്രാക്ഷൻ (MI) ഈ പ്രായത്തിലുള്ളവരിൽ പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണമായി തുടരുന്നു എന്നാണ്.

പ്രധാനമായി, മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കാരണങ്ങളുടെ രീതിയിൽ വലിയ മാറ്റങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വിശദീകരിക്കാനാകാത്ത മരണങ്ങളിൽ ഭൂരിഭാഗത്തിലും, ജനിതക വ്യതിയാനങ്ങളാണ് ഈ മരണങ്ങൾക്ക് കാരണമായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനം പൂർത്തിയായിക്കഴിഞ്ഞാൽ അന്തിമ ഫലങ്ങൾ പ്രസിദ്ധീകരിക്കും.

ഇന്ത്യയിലെ യുവതലമുറയിലെ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് കൂടുതൽ സമഗ്രമായ കണ്ടെത്തലുകൾക്കാണ് ഈ രണ്ട് പഠനങ്ങളും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കോവിഡ്-19 വാക്സിനേഷൻ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കരുതാൻ കാരണങ്ങളില്ല, അതേസമയം, അടിസ്ഥാന ആരോഗ്യ പ്രശ്നങ്ങൾ, ജനിതക പ്രവണത, അപകടകരമായ ജീവിതശൈലി എന്നിവ വിശദീകരിക്കാനാകാത്ത പെട്ടെന്നുള്ള മരണങ്ങളിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

കോവിഡ് വാക്സിനേഷനെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധിപ്പിക്കുന്ന നിഗമനങ്ങൾ തെറ്റാണെന്നും ശാസ്ത്രീയമായ കണ്ടെത്തലുകൾ ഇതിനെ അംഗീകരിക്കുന്നതില്ലെന്നും ഇത് സൂചിപ്പിക്കുന്നു. നിർണായക തെളിവുകളില്ലാത്ത അനുമാനപരമായ അവകാശവാദങ്ങൾ, മഹാമാരിയുടെ സമയത്ത് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വാക്സിനുകളിലുള്ള പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. അത്തരം അടിസ്ഥാനരഹിതമായ റിപ്പോർട്ടുകളും അവകാശവാദങ്ങളും രാജ്യത്ത് വാക്സിനെതിരായ സമീപനങ്ങളെ സ്വാധീനിക്കുകയും അതുവഴി പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും ആരോഗ്യമേഖലയിലുള്ളവർ ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നു.