by Midhun HP News | Sep 19, 2026 | Latest News, കേരളം
കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. അതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു പോകാനുള്ള കാരണം എന്നത് വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.


by Midhun HP News | Sep 19, 2026 | Latest News, കേരളം
സ്വന്തമായി വീട് എന്നത് പോലെ ഇന്ന് സ്വന്തമായി കാര്‍ എന്നതും എല്ലാവരുടെയും സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ വായ്പ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ചില കാര്യങ്ങള്‍ മറക്കാതെ നിര്‍ബന്ധമായി ചെയ്തില്ലെങ്കില്‍ കാറിന്റെ ലോണ്‍ അടച്ചുതീര്‍ത്താലും വാഹനം സ്വന്തമാവില്ല. അവ ചുവടെ:

ലോണ്‍ എടുത്ത് കാര്‍ വാങ്ങുമ്പോള്‍ ആര്‍സിയില്‍ നമ്മുടെ പേര് മാത്രമല്ല ഉണ്ടാവുക. ബാങ്കിന്റെ പേരും ഉണ്ടാവും. അതായത് ലോണ്‍ അടച്ചുതീര്‍ക്കുന്നത് വരെ വാഹനത്തില്‍ ബാങ്കിനും ‘ഉടമസ്ഥാവകാശം’ ഉണ്ട് എന്ന് സാരം. ഈ ലോണ്‍ അടച്ചുതീര്‍ത്താലും ബാങ്കിന്റെ ഉടമസ്ഥാവകാശം താനേ മാറില്ല. അതിനായി ചില രേഖകള്‍ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കണം.
ആദ്യമായി ബാങ്കിന്റെ എന്‍ഒസി സമര്‍പ്പിക്കണം. ലോണ്‍ അടച്ചുതീര്‍ത്തു എന്നുള്ളതിന്റെ ഔദ്യോഗിക തെളിവാണിത്. അടുത്തതായി ഫോം 35. ആര്‍സിയില്‍ നിന്ന് ബാങ്കിന്റെ പേര് നീക്കം ചെയ്യാനാണ് ഫോം 35 ഉപയോഗിക്കുന്നത്. ഇത് രണ്ടും ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വാഹനം പൂര്‍ണമായി സ്വന്തം പേരിലേക്ക് മാറുകയുളളൂ. രേഖയുടെ ഒരു കോപ്പി ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുക്കുന്നതിലൂടെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.



by Midhun HP News | Sep 19, 2026 | Latest News, കേരളം
കോട്ടയം: ബധിരയും മൂകയുമായ വൃദ്ധയ്ക്ക് വീട് വയറിങ് ചെയ്ത് വൈദ്യുതി കണക്ഷന്‍ നല്‍കി മാതൃകയായി കെഎസ്ഇബി. കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ അമ്മിണി ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വെളിച്ചം എത്തിയത്. കെഎസ്ഇബി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാരാണ് കാരുണ്യ ദീപം തെളിയിച്ചത്.

72 കാരിയായ അമ്മിണിയുടെ വീട്ടില്‍ വയറിങ് നടത്തി ലൈറ്റുകളും ഫാനും ഘടിപ്പിച്ച് ഒരു പോസ്റ്റുള്‍പ്പെടെ സ്ഥാപിച്ചാണ് കണക്ഷന്‍ നല്‍കിയത്. വയറിങ്ങിന്റെ ചെലവ് ജീവനക്കാര്‍ തന്നെയാണ് വഹിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്മിത കെ വി നിര്‍വ്വഹിച്ചു.

കഴിഞ്ഞ വര്‍ഷവും നിര്‍ദ്ധനയായ മറ്റൊരു വനിത താമസിക്കുന്ന ഒറ്റമുറി വീട് വയറിങ് നടത്തി കണക്ഷന്‍ നല്‍കി പെരുവ സെക്ഷന്‍ ഓഫീസ് ജീവനക്കാര്‍ മാതൃക കാട്ടിയിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ വെളിച്ചം എത്തിച്ച കെഎസ്ഇബി പെരുവ സെക്ഷന്‍ ജീവനക്കാര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.


by Midhun HP News | Sep 19, 2026 | Latest News, കേരളം
തിരുവനന്തപുരം: ഡിജിറ്റല്‍ കറന്‍സിയും ഇ-വാലറ്റും ഉപയോഗിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പുതിയ പദ്ധതി കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രം സൗജന്യമായി റേഷന്‍ നല്‍കുന്ന മഞ്ഞ (എഎവൈ), പിങ്ക് (പിഎച്ച്എച്ച്) കാര്‍ഡ് ഉടമകള്‍ക്കാണ് ‘സ്മാര്‍ട്ട് പിഡിഎസ്’ പദ്ധതിയുടെ ഭാഗമായി ഈ സൗകര്യം ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ജില്ലകളില്‍ പൈലറ്റ് പദ്ധതിയായാണ് ഇത് നടപ്പാക്കുക.

ഈ സംവിധാനത്തില്‍ മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളുടെ ഫോണിലെ ഇ-വാലറ്റിലേക്ക് ആ മാസത്തെ റേഷന്‍ വിഹിതത്തിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ കറന്‍സിയായി നല്‍കും. റേഷന്‍ വിഹിതം സംബന്ധിച്ച സന്ദേശം ഗുണഭോക്താവിന്റെ മൊബൈലില്‍ മുന്‍കൂട്ടി എത്തും. സാധനങ്ങള്‍ വാങ്ങിയ ശേഷം ഇ-വാലറ്റില്‍ നിന്നും തുക റേഷന്‍ വ്യാപാരിക്ക് ഡിജിറ്റലായി കൈമാറാം. ഇ-വാലറ്റ് തുക റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നതിനാല്‍ സുതാര്യത ഉറപ്പാക്കാനാകും. അരിയുടെയും ഗോതമ്പിന്റെയും സ്റ്റോക്ക് കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് അളവില്‍ കൃത്രിമം കാണിക്കാനും കഴിയില്ല.
അതോടൊപ്പം, സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി കര്‍ശനമായ ഇ-കെവൈസി വ്യവസ്ഥകളും കൊണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ആറുമാസത്തിലധികം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ മരവിപ്പിക്കും. എങ്കിലും 90 ദിവസത്തേക്ക് കൂടി കാര്‍ഡിന്റെ കാലാവധി ഉണ്ടായിരിക്കും. ഈ 90 ദിവസത്തിനുള്ളില്‍ കാര്‍ഡിലെ ഏതെങ്കിലും ഒരു അംഗം റേഷന്‍ കടയിലെത്തി ഇ-പോസ് യന്ത്രത്തില്‍ വിരലടയാളം പതിപ്പിച്ച് ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ കാര്‍ഡ് വീണ്ടും സജീവമാകും.

മുഴുവന്‍ അംഗങ്ങളും ഇ-കെവൈസി ചെയ്താല്‍ മാത്രമേ പൂര്‍ണ്ണമായ റേഷന്‍ വിഹിതം ലഭിക്കുകയുള്ളൂ. 90 ദിവസത്തിനകം ഇത് ചെയ്തില്ലെങ്കില്‍ കാര്‍ഡ് പൂര്‍ണമായി റദ്ദാക്കപ്പെടും. പിന്നീട് അപേക്ഷിച്ചാല്‍ മുന്‍ഗണനേതര വിഭാഗത്തിലുള്ള വെള്ള കാര്‍ഡ് മാത്രമാണ് ലഭിക്കുക. സൗജന്യ റേഷന്‍ വാങ്ങാത്ത അര്‍ഹരല്ലാത്തവരെ ഒഴിവാക്കി യഥാര്‍ത്ഥ അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുകയാണ് സ്മാര്‍ട്ട് പിഡിഎസ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ ഈ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം.


by Midhun HP News | Sep 19, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1040 രൂപയാണ് വര്‍ധിച്ചത്. 1,14,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1,160 രൂപയാണ് കൂടിയത്. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 14,285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് കരുത്തേകിയത്. എണ്ണവില കുറഞ്ഞത് പണപ്പെരുപ്പനിരക്കിന് അയവ് വരാന്‍ ഇടയാക്കുമെന്ന വിലയിരുത്തലാണ് ആഗോള തലത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. സാധാരണഗതിയില്‍ പലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ എണ്ണവില കുറഞ്ഞതാണ് സ്വര്‍ണത്തിന് അനുകൂലമായത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Sep 19, 2026 | Latest News, കേരളം
കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിനായാണ് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുതന്നെ ആന്റോയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എക്‌സൈസ് നീക്കം.

കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യുന്നതിനായി ആന്റോയെ നാലുദിവസം കസ്റ്റഡിയില്‍ വിട്ടുതരണമെന്നായിരുന്നു എക്‌സൈസും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നത്. ബുധനാഴ്ച വൈകിട്ടാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വീട്ടില്‍നിന്ന് 43.850 ലീറ്റര്‍ വിദേശനിര്‍മിത മദ്യവും വൈനും ഉള്‍പ്പെടെ എക്സൈസ് സംഘം കണ്ടെടുത്തത്. തുടര്‍ന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്തുനിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മദ്യത്തിന്റെ ഉറവിടം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അതിനിടെ കേസില്‍ ഇന്നലെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസര്‍ എടപ്പഗത്ത് ആണ് ഹര്‍ജി പരിഗണിച്ചത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ വാദിച്ചിരുന്നു.

അതേസമയം പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ അത് വ്യാജമദ്യമല്ലെന്നും ഹോം മെയ്ഡ് വൈനാണെന്നും ആന്റോ അഗസ്റ്റില്‍ കോടതിയില്‍ വാദിച്ചു. ശാസ്ത്രീയ പരിശോധന നടത്താതെ, വ്യാജമദ്യമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഫലമാണെന്നും ആന്റോ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Recent Comments