by Midhun HP News | Aug 1, 2026 | Latest News, കേരളം
സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി ഉണ്ടായ മഴക്കെടുതിയിൽ 5 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി ആണ് മരിച്ചത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇടുക്കി കോലാഹലമേട്ടിൽ ലീലാമണി എന്നയാളുടെ വീടിനു മുകളിൽ മണ്ണ് വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളത്. വീടുകളും റോഡുകളും വ്യാപാര സ്ഥാപനങ്ങളും കനത്ത മഴയിൽ മുങ്ങി. പത്തനംതിട്ടയിലെ ളാഹ, ഇടുക്കിയിലെ പീരുമേട്, തൊടുപുഴ എന്നിവിടങ്ങളിൽ അതിതീവ്ര മഴയാണ് കിട്ടിയത്. ളാഹയിൽ 25 സെന്റിമീറ്ററും പീരുമേടും തൊടുപുഴയും 21സെന്റിമീറ്ററും മഴ പെയ്തു.

by Midhun HP News | Aug 1, 2026 | Latest News, കേരളം
കൊച്ചി: ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററില്‍ സഞ്ചരിച്ച മുഖ്യമന്ത്രി വിഡി സതീശനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി ഹെലികോപ്റ്റര്‍ ധൂര്‍ത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട സതീശന്‍; മുഖ്യമന്ത്രിയായപ്പോള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവ് വേലായുധന്‍കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ഇന്നലെ കാവടിയാര്‍ ഗോള്‍ഫ് ക്ലബില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇറക്കാതെ തിരിക തിരുവനന്തപുരത്തേക്ക് മടങ്ങി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടര്‍ന്ന് 11.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. ആശുപത്രിയില്‍ 20 മിനിറ്റോളം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് ദേശത്തെ വസതിയിലേക്ക് പോയി.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തു എന്നായിരുന്നു അന്നുയര്‍ന്ന വ്യാപക വിമര്‍ശനം. അവയവദാന ദൗത്യങ്ങള്‍ക്കായി നിരവധി തവണയാണ് അന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് ആയും അവയവങ്ങള്‍ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാനായും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്‌തെന്ന വിമര്‍ശനം ഉയര്‍ന്നത്.

by Midhun HP News | Aug 1, 2026 | Latest News, കേരളം
റിയാദ്: ഗള്‍ഫ് മേഖലയില്‍ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടം. വിവിധ ഇടങ്ങളിലായി എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദി അറേബ്യയിലെ അസീറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ജീപ്പ് ഒഴുക്കില്‍പ്പെട്ട് ഡ്രൈവര്‍ മുങ്ങിമരിച്ചു. അയല്‍രാജ്യമായ യെമനില്‍ ഇടിമിന്നലില്‍ നാല് സ്ത്രീകളടക്കം ഏഴുപേര്‍ മരിച്ചു.
അസീര്‍ പ്രവിശ്യയിലെ വാദി കഹ്ലയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാന്‍ ശ്രമിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ഒഴുക്കില്‍പ്പെട്ട വാഹനം വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. വിന്‍ഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്ക് കാരണം സമീപത്തുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടുത്താനായില്ല. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
യെമനില്‍ മിന്നലേറ്റ് ഏഴു പേര്‍ മരിച്ചു
വടക്കന്‍ യെമനിലെ അംറാന്‍ ഗവര്‍ണറേറ്റിലെ അമദ് ഗ്രാമത്തില്‍ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലില്‍ നാല് സ്ത്രീകള്‍ മരിച്ചു. ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യല്‍ സൂപ്പര്‍വൈസര്‍ ഒരുക്കിയ വനിതാ പരിപാടിയില്‍ പങ്കെടുക്കാന്‍ വീട്ടില്‍ ഒത്തുകൂടിയവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മറ്റൊരു സംഭവത്തില്‍, അല്‍ഹുദൈദ ഗവര്‍ണറേറ്റിലെ ജബല്‍ റാസ് ജില്ലയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് ദമ്പതികളും മകളും മരിച്ചു.

by Midhun HP News | Aug 1, 2026 | Latest News, കേരളം
പാലക്കാട്: തിരുവേഗപ്പുറയില്‍ ലോറിയിലും കാറിലും ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു. എടപ്പലം അമ്പാടി കുന്നത്ത് അനില്‍കുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ശയില്‍ വന്ന ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് കാറിലും ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.
വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൊപ്പം പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

by Midhun HP News | Aug 1, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കലക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടതായി മുഖ്യമന്ത്രി വിഡി സതീശന്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
11 മണിക്ക് ജില്ലാ കലക്ടര്‍മാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എന്‍ഡിആര്‍എഫ്, പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേര്‍ മരിച്ചു. കുടയത്തൂര്‍ അടൂര്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഏഴാം വാര്‍ഡില്‍ മഷിക്കല്ലേല്‍ രവി നാരായണന്റെ ഭാര്യ സുമതി, വാഗമണില്‍ കോലാഹലമേട്ടില്‍ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ബന്ധു വൈക്കം സ്വദേശി പ്രഭാകരന്‍ നായര്‍ (72), പൂഞ്ഞാര്‍ തെക്കേക്കര പയ്യാനിത്തോട്ടത്തില്‍ വീട് ഇടിഞ്ഞുവീണ് ജോസഫിന്‍ ജോണി (24) എന്നിവരാണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടലുണ്ടായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ അതിതീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

by Midhun HP News | Aug 1, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ ഉപയോഗിക്കുന്ന ഇരുമ്പ് സംഭരണ ടാങ്കുകൾക്ക് പകരം സ്റ്റെയിൻലെസ് സ്റ്റീൽ ടാങ്കുകൾ സ്ഥാപിക്കാനാണ് ആലോചന. നെയ്യുടെ അളവ് അറിയാൻ ഇൻഡക്സ് മീറ്ററും പുറത്തുനിന്ന് തന്നെ അളവ് കാണാൻ കഴിയുന്ന സംവിധാനവും പുതിയ ടാങ്കുകളിൽ ഒരുക്കും.
ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യുടെ വരവും ഉപയോഗവും കൃത്യമായി രേഖപ്പെടുത്തുകയും കൂടുതൽ സുതാര്യമായ സംവിധാനം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ”ക്ഷേത്രത്തിൽ എത്ര നെയ്യാണ് ലഭിക്കുന്നത്, അത് ഏതെല്ലാം ആവശ്യങ്ങൾക്കാണ് വിനിയോഗിക്കുന്നത് എന്നിവ കൃത്യമായി നിരീക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്” അദ്ദേഹം പറഞ്ഞു.

മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് പ്രതിദിനം ഏകദേശം 1,000 ലിറ്റർ നെയ്യാണ് ശബരിമലയിൽ എത്തുന്നത്. പതിനെട്ടാംപടി കയറുന്ന ഓരോ ഭക്തന്റെയും ഇരുമുടിക്കെട്ടിൽ നെയ്തേങ്ങ ഉണ്ടാകാറുണ്ട്. ക്ഷേത്രപരിസരത്ത് ഇതിനായി നിശ്ചയിച്ച സ്ഥലത്ത് നെയ്തേങ്ങ ഉടച്ച ശേഷം അതിലെ നെയ്യിന്റെ ഒരു ഭാഗം ശ്രീകോവിലിലെ അഭിഷേകത്തിനായി സമർപ്പിക്കും.
ശേഷിക്കുന്ന നെയ്യ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന മൂന്ന് നെയ്തോണി പാത്രങ്ങളിലേക്കാണ് ഭക്തർ ഒഴിക്കുന്നത്. ഈ നെയ്തോണികളിൽ ശേഖരിക്കുന്ന നെയ്യും അഭിഷേകത്തിനുശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന അവശിഷ്ട നെയ്യും പിന്നീട് വലിയ ഇരുമ്പ് സംഭരണ ടാങ്കുകളിലേക്ക് മാറ്റും. ഇത്തരത്തിൽ ശേഖരിക്കുന്ന നെയ്യ് യന്ത്രസഹായത്തോടെ ചൂടാക്കി ശുദ്ധീകരിച്ച ശേഷമാണ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ചില പൂജകൾക്കും ശ്രീകോവിലിനകത്തും പുറത്തുമുള്ള എല്ലാ നെയ്‌വിളക്കുകളും തെളിയിക്കുന്നതിനും അരവണ, പായസം തുടങ്ങിയ പ്രസാദങ്ങളുടെ നിർമാണത്തിനും ഈ നെയ്യാണ് ഉപയോഗിക്കുന്നത്.
കൂടാതെ ക്ഷേത്രത്തിലെ തിടപ്പള്ളിയിലെയും ജീവനക്കാരുടെ കാന്റീനിലെയും പാചകത്തിനും ഇതേ നെയ്യാണ് ഉപയോഗിക്കുന്നത്. ഭക്തർക്ക് ‘ആടിയശിഷ്ടം നെയ്യ്’ എന്ന പേരിൽ പായ്ക്ക് ചെയ്ത് പ്രസാദമായും ഇത് വിതരണം ചെയ്യുന്നു.
Recent Comments