ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

ചൊവ്വാഴ്ച മുതല്‍ വീണ്ടും ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ ശക്തിപ്രാപിക്കാനും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷത്തിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതിനിടെ കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍

സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണു; യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍

തൊടുപുഴ: ഇടുക്കി തൂവല്‍ വെള്ളചാട്ടത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് തമിഴ്‌നാട് മധുര സ്വദേശിയായ സഞ്ചാരി അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകീട്ട് ആയിരുന്നു അപകടം.

മധുരയില്‍ നിന്നും നാലംഗ സംഘത്തിനൊപ്പമാണ് അപടത്തില്‍പ്പെട്ട യുവാവ് ഇടുക്കിയിലെത്തിയത്. കാല്‍ വഴുതി വെള്ള ചാട്ടത്തിലേയ്ക്ക് പതിച്ച സഞ്ചാരി ഒഴുക്കിപ്പെട്ട് മുന്നോട്ട് പൊയെങ്കിലും പാറയിടുക്കില്‍ തങ്ങി നില്‍ക്കുകയയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ വടം ഉപയോഗിച്ച് യുവാവിനെ രക്ഷപെടുത്തുകയായിരുന്നു.

സ്ഥിരം അപകടമേഖലയാണ് ഇടുക്കിയിലെ തൂവല്‍ വെള്ളച്ചാട്ടം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 പേര്‍ ഇവിടെ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ വര്‍ഷമാണ് മരിച്ചത്. നിരവധി സഞ്ചാരികള്‍ എത്തുന്ന വെള്ളച്ചാട്ടമാണെങ്കിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ക്ക് അപ്പുറത്ത് മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലയില്‍ ഒരുക്കിയിട്ടില്ല.

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റില്‍; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

മലപ്പുറം: നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം: നിലമ്പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തു പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വഴിക്കടവ് വെള്ളക്കെട്ട സ്വദേശി വിനീഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് ഇയാള്‍ കെണി വെച്ചത്. വിനീഷ് നേരത്തെയും സമാനമായ രീതിയില്‍ കെണി വെച്ച് പന്നിയെ പിടികൂടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മരിച്ച അനന്തുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അനന്തുവിനും സുഹൃത്തുക്കള്‍ക്കും ഷോക്കേറ്റത്. ഷോക്കേറ്റ് പരിക്കേറ്റ സുഹൃത്തുക്കളുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അനന്തുവിന്റെ വയറില്‍ നേരിട്ട് ഷോക്കേറ്റതാണ് മരണത്തിന് കാരണമായതെന്നാണ് സൂചന. വയറില്‍ ഷോക്കേറ്റ് പൊള്ളലേറ്റതിന്റെ പാടുണ്ട്.

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15)വാണ് മരിച്ചത്. വഴിക്കടവ് വെള്ളക്കട്ടയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വഴിക്കടവ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അടിമാലിയിൽ കാറും കെഎസ് ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

അടിമാലിയിൽ കാറും കെഎസ് ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: ധനുഷ്‌കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശിയപാതയില്‍ അടിമാലി ഗ്യാസ് പടിക്ക് സമീപമാണ് അപകടം നടന്നത്. അടിമാലി ഭാഗത്ത് നിന്നും കോട്ടയം ചേര്‍ത്തലക്ക് പോകുകയായിരുന്ന ബസും മൂന്നാര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്.

കൊടും വളവില്‍ ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ 5 പേര്‍ യാത്രക്കാരായി ഉണ്ടായിരുന്നതായാണ് വിവരം. അടിമാലി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

‘തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി’; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

‘തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി’; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്. എന്നാല്‍ ഇവര്‍ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാര്‍ പ്രതികരിച്ചു.

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം.

കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്. അടിമാലിയിലെ സുമനസ്സുകള്‍ ചേര്‍ന്നാണ് ഇവരുടെ ചികിത്സയ്ക്കാവശ്യമായ പണം പിരിച്ചുനല്‍കിയത്. ഈ തുകയുള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മോഷ്ടാവിനെ കണ്ടെത്താനുളള ശ്രമം പുരോഗമിക്കുന്നതായി അടിമാലി പൊലീസ് അറിയിച്ചു. ഉഷയുടെ ഭര്‍ത്താവും മകളും വീട്ടില്‍ നിന്ന് പോയതിന് ശേഷമായിരുന്നു മോഷണം. വീട്ടുകാരുമായി അടുത്ത ബന്ധമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.