സ്വര്‍ണത്തരി പെറുക്കാന്‍ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങി; വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

സ്വര്‍ണത്തരി പെറുക്കാന്‍ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങി; വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

ജയ്പൂര്‍: മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.

സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ 10 അടി ആഴമുള്ള ടാങ്കിലേയ്ക്കാണ് എട്ട് തൊഴിലാളികള്‍ ഇറങ്ങിയത്. തിങ്കളാഴ്ചയാണ് സംഭവം. അരുണ്‍കുമാര്‍ കോത്താരി എന്ന് പറഞ്ഞയാളാണ് അചല്‍ ജുവല്‍സ് നടത്തുന്നത്. ആഭരണ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡ്.

രാസ അവശിഷ്ടങ്ങളും സ്വര്‍ണ, വെള്ളി തരികളും അടിഞ്ഞു കൂടിയ ഏകദേശം 10 അടി ആഴമുള്ള ടാങ്കില്‍ കയറിയ ശേഷം ഒരു തൊഴിലാളി ആദ്യം ബോധം കെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ അയാളെ രക്ഷിക്കുന്നതിനിടെയാണ് വിഷപ്പുക ശ്വസിച്ചത്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം ഇവിടെയെത്തി പരിശോധന നടത്തി. പ്രത്യേക തരം വിഷ വാതകം ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. ശക്തമായ ദുര്‍ഗന്ധം കാരണം ശുചീകരണ തൊഴിലാളികള്‍ ആദ്യം ടാങ്കില്‍ കയറാന്‍ വിസമ്മതിച്ചു. പിന്നീട് പതിവ് വേതനത്തിനപ്പുറം അധിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ജോലി എടുക്കാന്‍ കമ്പനി പ്രേരിപ്പിക്കുകയായിരുന്നുവെന്നും ആരോപണം ഉണ്ട്.

സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊഴില്‍ സുരക്ഷാ പ്രോട്ടോക്കോളുകളുടെ ലംഘിച്ചതായും കമ്പനിയുടേയും കരാറുകാരന്റേയും അശ്രദ്ധയുണ്ടെന്നും ആരോപണമുണ്ട്.

35 സെന്റില്‍ മൂന്ന് കോടി ചെലവില്‍ കലാഭവന്‍ മണിക്കായി ചാലക്കുടിയില്‍ സ്മാരകം; ശിലാസ്ഥാപനം നടത്തി

35 സെന്റില്‍ മൂന്ന് കോടി ചെലവില്‍ കലാഭവന്‍ മണിക്കായി ചാലക്കുടിയില്‍ സ്മാരകം; ശിലാസ്ഥാപനം നടത്തി

തൃശൂര്‍: മണ്‍മറഞ്ഞ മലയാളികളുടെ പ്രിയതാരം കലഭവന്‍ മണിക്ക് സ്മാരകമുയരുന്നു. ചാലക്കുടിയില്‍ നിര്‍മിക്കുന്ന കലാഭവന്‍ മണി സ്മാരകത്തിന്റെ ശിലാസ്ഥാപനം മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 2017ലാണ് മണിയുടെ ഓര്‍മയ്ക്കായി സ്മാരകം പണിയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വൈകിയാണെങ്കിലും സ്വപ്‌നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ചാലക്കുടിയിലെ നാട്ടുകാര്‍.

കലാഭവന്‍ മണിയുടെ പേരില്‍ ജന്മനാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 3 കോടി രൂപ ചെലവില്‍ നഗരസഭ ജങ്ഷനില്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 35 സെന്റ് ഭൂമിയിലാണ് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്മാരകം നിര്‍മിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫോക് ലോര്‍ അക്കാദമിയാണു സ്മാരക നിര്‍മാണത്തിനു നേതൃത്വം നല്‍കുക.

നേരത്തേ അനുവദിച്ച അമ്പതുലക്ഷം രൂപ അപര്യാപ്തമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അതു മൂന്നുകോടിയാക്കി ഭരണാനുമതിയായത്. നാടന്‍പാട്ടിനെ ലോകശ്രദ്ധയിലെത്തിച്ച മണിക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഫോക്ലോര്‍ അക്കാദമി തന്നെയാണ് എന്നതും കാലത്തിന്റെ മറ്റൊരുനീതി. സാംസ്‌കാരിക വകുപ്പിന് കീഴിലെ ഫോക് ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായി ഈ സ്മാരകം പ്രവര്‍ത്തിക്കും. ആര്‍ട്ട് ഗാലറി, ഡിജിറ്റല്‍ മ്യൂസിയം, പഠനത്തിനുള്ള സൗകര്യങ്ങള്‍, ഗവേഷണത്തിനുള്ള ലൈബ്രറി, ഓഡിറ്റോറിയം, സ്റ്റുഡിയോ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാകും. മണി ഓര്‍മ്മയായിട്ട് ഒമ്പതുവര്‍ഷം കഴിഞ്ഞാണ് സ്മാരകം നിര്‍മ്മാണം തുടങ്ങുന്നത്.

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കനത്ത മഴയില്‍ കക്കാട് പുഴ കരകവിഞ്ഞൊഴുകി; കാര്‍ അടക്കം കുടുങ്ങി

കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

ചൊവ്വാഴ്ച്ച പുലര്‍ച്ചെ പെയ്ത മഴയിലാണ് കക്കാട് പുഴ കരകവിഞ്ഞൊഴുകിയത്. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും മുടങ്ങി. വെള്ളം കയറിയതു അറിയാതെ ഇതുവഴി പോയ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വെള്ളം കയറിയതു കാരണം പ്രവര്‍ത്തനം നിലച്ചു റോഡില്‍ കുടുങ്ങി.

പുഴയ്ക്ക് അരികില്‍ ഉപയോഗശൂന്യമായ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. കണ്ണൂരില്‍ നിന്നും മുണ്ടയാട് വഴി പോകുന്ന റോഡില്‍ പലയിടങ്ങളിലും വെള്ളം കയറിയതു കാരണം സ്വകാര്യ ബസ് സര്‍വീസും മുടങ്ങി.

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

തൃശൂർ: വടക്കാഞ്ചേരിയിൽ ഇരുമ്പു ​ഗ്രില്ലിൽ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. പുന്നംപറമ്പ് ഉന്നതിയിൽ ഈശ്വരന്റെ മകൾ രേണുക (41) ആണ് മരിച്ചത്. രേണുകയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരൻ രതീഷ്, രേണുകയുടെ മകൾ ദേവാഞ്ജന എന്നിവർക്കും ഷോക്കേറ്റു. ഇരുവർക്കും പരിക്കുണ്ട്.

ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണം നടക്കുന്നതിനാൽ ഇവർ പുന്നപറമ്പിലെ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീടിനു പിറകിലെ ഇരുമ്പു ​ഗ്രില്ലിൽ പിടിച്ച ഉടൻ രേണുകയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കരച്ചിൽ കേട്ട് മകൾ ദേവാഞ്ജനയും സഹോദരൻ രതീഷും രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനിടെ ഇരുവരും ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.

കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട എങ്ങനെ നീക്കം ചെയ്യും?

കനത്ത മഴ വെല്ലുവിളി, ദൗത്യത്തിന് ഇന്‍ഫ്രാറെഡ് കാമറയും; എണ്ണപ്പാട എങ്ങനെ നീക്കം ചെയ്യും?

കൊച്ചി: കേരള തീരത്തിനടുത്ത് അറബിക്കടലില്‍ ലൈബീരിയന്‍ ചരക്കു കപ്പല്‍ എംഎസ്സി എല്‍സ 3 മുങ്ങിയതിനെ തുടര്‍ന്നുണ്ടായ എണ്ണപ്പാട (oil spill) നീക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആദ്യം വ്യാപിച്ച 2 നോട്ടിക്കല്‍ മൈല്‍ (3.7 കിലോമീറ്റര്‍) ചുറ്റളവില്‍ മാത്രം എണ്ണപ്പാട ഒതുക്കി നിര്‍ത്താനും തീരത്തേക്കു വ്യാപിക്കുന്നത് ഒഴിവാക്കാനുമുള്ള ശ്രമമാണു നടക്കുന്നത്. എന്നാല്‍, കനത്ത മഴയും ശക്തമായ കാറ്റും മൂലം കടല്‍ പ്രക്ഷുബ്ധമായതും കാഴ്ചാ പരിധി കുറഞ്ഞതും തീരസേനയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ ഐസിജിഎസ് വിക്രം, സക്ഷം, സമര്‍ത്ഥ് എന്നിവയാണ് കപ്പല്‍ മുങ്ങിയ സ്ഥലത്തെത്തിയത്. എണ്ണപ്പാട നീക്കം ചെയ്യുന്ന പ്രവര്‍ത്തനം രാത്രിയും തുടരാന്‍ ഇന്‍ഫ്രാറെഡ് കാമറ ഉപയോഗിച്ചാണ് ദൗത്യം തുടരുന്നത്. കപ്പലിനു ചുറ്റും വ്യാപിച്ച എണ്ണപ്പാട പരമാവധി മാറ്റി കടല്‍ സുരക്ഷിതമാക്കാനാണ് ഇവരുടെ ശ്രമം. മുംബൈയില്‍ നിന്ന് സമുദ്ര പ്രഹരി എന്ന മലിനീകരണ നിയന്ത്രണ കപ്പലും അപകടസ്ഥലത്തേയ്ക്ക് വരുന്നുണ്ട്.

സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഐസിജിഎസ് സക്ഷം എണ്ണപ്പാട നീക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറിയാണ് കപ്പലുകള്‍ എണ്ണപ്പാട നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്. കപ്പലുകളില്‍ നിന്നുള്ള വലിയ കുഴലുകളിലൂടെയാണ് ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറുന്നത്. ഇത് വെള്ളത്തില്‍ കലരുന്നതോടെ എണ്ണയുടെ ഒഴുക്ക് തടയാനാകും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 1.5 മുതല്‍ രണ്ടു നോട്ടിക്കല്‍ മൈല്‍ വരെ വേഗത്തില്‍ എണ്ണപ്പാട തെക്ക്- കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതായാണ് വിവരം. വെള്ളത്തിന് മുകളില്‍ ടാറിന് സമാനമായ കറുത്ത പാളിയായാണ് എണ്ണ പടരുന്നത്. ഈ എണ്ണ പൂര്‍ണമായി നീക്കിയില്ലെങ്കില്‍ മലിനീകരണത്തിന്റെ ആഘാതം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എണ്ണച്ചോര്‍ച്ചയുണ്ടായാല്‍ രണ്ടു തരത്തിലാണ് അതു കടല്‍വെള്ളത്തില്‍ വ്യാപിക്കുന്നത്. നേര്‍ത്ത എണ്ണപ്പാടയായും വളരെ ആഴത്തില്‍ വെള്ളത്തില്‍ എണ്ണ കലരുന്ന രീതിയിലും. വളരെ നേരിയ പാളിയായി ആണ് എണ്ണ കടലില്‍ വ്യാപിച്ചിട്ടുള്ളതെങ്കില്‍ ഓയില്‍ സ്പില്‍ ഡസ്പരന്റ് വിതറി എണ്ണയെ ഇല്ലാതാക്കുകയാണു ചെയ്യുക. എണ്ണയെ ചെറിയ കണികകളാക്കി വെള്ളത്തില്‍ ലയിപ്പിച്ചു കളയാന്‍ കഴിയുന്ന രാസപദാര്‍ഥമാണ് ഇത്. ചെറിയ കനത്തില്‍ എണ്ണ പടര്‍ന്നിട്ടുണ്ടെങ്കില്‍ ബൂം, സ്‌കിമ്മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് എണ്ണ വലിച്ചെടുക്കണം.

ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

ഇതുവരെ വിറ്റത് 42 ലക്ഷം ടിക്കറ്റുകള്‍; 12 കോടിയുടെ ഭാഗ്യശാലി ആര്?, വിഷു ബംപര്‍ നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന വിഷു ബംപര്‍ ലോട്ടറി 42.17ലക്ഷം ടിക്കറ്റും വിറ്റുപോയി. 300രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്‍പനയില്‍ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നില്‍. ഇതുവരെ 9.21ലക്ഷം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയി. തിരുവനന്തപുരത്ത് 5.22ലക്ഷവും തൃശ്ശൂരില്‍ 4.92ലക്ഷം ടിക്കറ്റുമാണ് വിറ്റത്.

ആറ് പരമ്പരയിലാണ് ടിക്കറ്റ് അച്ചടിച്ചത്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ വീതം നല്‍കും. കൂടാതെ മറ്റു സമ്മാനങ്ങളും ഉള്‍പ്പെടുന്നു.