by Midhun HP News | May 25, 2025 | Latest News, കേരളം
കൊല്ലം: കടപുഴകി വീണ കൂറ്റന്‍ ആഞ്ഞിലിമരത്തിനും പൊട്ടിവീണ വൈദ്യുതി പോസ്റ്റിനും ഇടയില്‍ കുടുങ്ങിയ കാറില്‍ നിന്ന് സിആര്‍ മഹേഷ് എംഎല്‍എ അദ്ഭുതകരമായി രക്ഷപ്പെട്ടു. മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തില്‍ നിന്ന് എംഎല്‍എയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതാണ്.
ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിനു സമീപമായിരുന്നു സംഭവം. മണപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില്‍ പങ്കെടുത്ത് കാറില്‍ തൊടിയൂരില്‍ കാറ്റില്‍ മേല്‍ക്കൂര പറന്നു പോയ വീട് കാണാന്‍ മടങ്ങുകയായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ.
ആഞ്ഞിലി മരം റോഡിനു വശത്തെ ഇലക്ട്രിക് ലൈനിലേക്കും വീണതോടെ ലൈന്‍ വലിഞ്ഞ് കാറിനു മുന്നിലേക്ക് ഇലക്ട്രിക് പോസ്റ്റും വീണു. എംഎല്‍എയുടെ കാറിനു തൊട്ടു പിന്നില്‍ ആഞ്ഞിലി മരവും, മുന്നില്‍ ഇലക്ട്രിക് പോസ്റ്റും വീണു കിടന്നു. കാറും കാറിലുണ്ടായിരുന്ന സിആര്‍ മഹേഷ് എംഎല്‍എയും ഡ്രൈവറും സൈക്കിളില്‍ വന്ന 3 കുട്ടികളും ഈ അപകടക്കെണിക്കു നടുവിലായി. ആറു പോസ്റ്റുകളാണ് മരം വീണതിനെത്തുടര്‍ന്ന് നിലം പൊത്തിയത്. വൈദ്യുതി ഉടന്‍ വിഛേദിക്കപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.
by Midhun HP News | May 25, 2025 | Latest News, കേരളം
തൊടുപുഴ: സംസ്ഥാനത്ത് റെഡ് അലര്‍ട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്.
ഡാമിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃത്യമായ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്നാണ് ആക്ഷേപം.ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴചയുണ്ടായെന്നാണ് ആരോപണം. ഇന്നലെ വൈകീട്ട് 5.30ക്കാണ് ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നത്. എന്നാല്‍ ഡാം തുറന്ന വിവരം ഇന്ന് രാവിലെ 8 മണിയ്ക്കാണ് അധികൃതര്‍ നല്‍കിയത്. ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണോ ജില്ല ഭരണകൂടത്തിന്റെ വീഴ്ചയാണോ എന്നത് വ്യക്തമല്ല.
നിലവില്‍ പ്രദേശത്ത് ജഗ്രത നിര്‍ദേശം നല്‍കുകയാണ്. ഒന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും, രണ്ടാമത്തെ ഷട്ടര്‍ വഴി 10 സെന്റീമീറ്ററും മൂന്നും നാലും ഷട്ടര്‍ 30 സെന്റീമീറ്റുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകളും ഇന്നലെ തുറന്നിരുന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
by Midhun HP News | May 25, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ നാശം വിതച്ച മഴക്കെടുതിയില്‍ 3 പേര്‍ മരിച്ചു. ഒരാളെ കാണാതായി. ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. നിരവധി വീടും കെട്ടിടവും തകര്‍ന്നു. മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി.
കാഞ്ഞിരപ്പുഴയില്‍ മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞാണ് ഒരാള്‍ മരിച്ചത്. കൊടുങ്ങല്ലൂരിനടുത്ത് കോട്ടപ്പുറത്ത് കാറ്റില്‍ വള്ളംമറിഞ്ഞ് മേത്തല പടന്ന പാലക്കപറമ്പില്‍ സന്തോഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഓട്ടറാട്ട് പ്രദീപിനായുള്ള തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് വടകര അഴിയൂരില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിനടിയില്‍ കുടുങ്ങി കണ്ണൂര്‍ പെരിങ്ങത്തൂര്‍ കരിയാട് മുക്കാളിക്കര എരോത്ത് പീടികയ്ക്ക് സമീപം കുളത്തുവയല്‍ വീട്ടില്‍ രജീഷ് (48) മരിച്ചു.കണ്ണൂര്‍ എടക്കാട് ദേശീയപാത 66ല്‍ കോണ്‍ക്രീറ്റിങ്ങിനിടെ മണ്ണിടിഞ്ഞ് ജാര്‍ഖണ്ഡ് സ്വദേശി ബയാസ് ഒറോയ (34) മരിച്ചു.
മഴക്കടുതിയില്‍ മരങ്ങളും വൈദ്യുതിപോസ്റ്റുകളും കടപുഴകി. പലയിടത്തും ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നാദാപുരം റോഡ് റെയില്‍വേ ലൈനില്‍ മരംവീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. പഴശ്ശി അണക്കെട്ടിന്റെ നാലു ഷട്ടര്‍ അരമീറ്റര്‍ വീതം ഉയര്‍ത്തി. മലപ്പുറം എടക്കര പുന്നപ്പുഴയിലെ താല്‍ക്കാലിക പാലം ഒലിച്ചുപോയി. പാലക്കാട് ജില്ലയില്‍ മൂന്നു വീടും ആലപ്പുഴയില്‍ ഒരുവീട് പൂര്‍ണമായും ആറു വീട് ഭാഗികമായും തകര്‍ന്നു. ആലുവയിലും തൃപ്പൂണിത്തുറയിലും മരംവീണ് വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും ലൈനില്‍ മരം വീണ് വൈദ്യുതി മുടങ്ങി. തീരമേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കോട്ടയം തലനാട് വെള്ളാനി ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് 26.89 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. അതിനാല്‍ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. അടുത്ത 3 ദിവസം അതിതീവ്ര മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അടുത്ത 7 ദിവസം അതീവ ജാഗ്രതയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
by Midhun HP News | May 24, 2025 | Latest News, കേരളം
തൊടുപുഴ: ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നല്ല പദ്ധതി വരുമ്പോള്‍ തങ്ങളുടേത് ആണെന്നും കുഴപ്പം ഉണ്ടാകുമ്പോള്‍ കേന്ദ്രത്തിന്റെതാണെന്നും പറയുന്നത് അവസര വാദമാണ്.
ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ ആകില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ദേശീയ പാത അധികൃതര്‍ അന്വേഷിക്കും. ഇതില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. നാളെ സ്ഥലം സന്ദര്‍ശിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഇടുക്കി കട്ടപ്പനയില്‍ പറഞ്ഞു. ഇതിന്റെ കാരണം എന്താണെന്ന് കണ്ടെത്തണം.
എന്‍ക്വയറി കമ്മിറ്റിയാണ് ബാക്കി കാര്യങ്ങള്‍ പരിശോധിക്കേണ്ടത്. ഇതില്‍ വിശദമായി അന്വേഷണം നടത്തും. കണ്‍സ്ട്രക്ഷന്‍ ക്വാളിറ്റിയാണോ, കോണ്‍ട്രാക്ടറുടെ തെറ്റാണോ എന്നതൊക്കെ കണ്ടുപിടിക്കേണ്ടതുണ്ട്. നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ട്. ചില ദിവസം ഞങ്ങളുടെ പ്രൊജക്ട് ആണെന്ന് പറയും വേറൊരു ദിവസം ഞങ്ങളുടേതല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയും. അത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
by Midhun HP News | May 24, 2025 | Latest News, കേരളം
കൊച്ചി: അറബിക്കടലിൽ കേരള തീരത്ത് ചരക്കുകപ്പൽ മറിഞ്ഞ് അപകടം. കപ്പലിൽ നിന്നു കാർഗോകൾ കടലിൽ വീണു. അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോകൾ കടലിൽ ഒഴുകുന്നതായാണ് വിവരം. വിഴിഞ്ഞത്തു നിന്ന് കൊച്ചിക്കു പോയ എംഎസ്‍സി എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചിയിൽ നിന്നു 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടു. ശേഷിക്കുന്ന 15 ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മറൈൻ ഗ്യാസ് ഓയിൽ, സൾഫർ ഫ്യുവൽ ഓയിൽ എന്നിവയാണ് കാർഗോയിലുണ്ടായിരുന്നത്. 84.4 മെട്രിക്ക് ടൺ മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ പതിച്ചത്. സൾഫർ 367.1 മെട്രിക്ക് ടൺ ആണ് കടലിൽ വീണത് എന്നും റിപ്പോർട്ടുകളുണ്ട്.
സംശയാസ്പദമായ നിലയിലുള്ള കണ്ടെയ്നറുകൾ തീരത്തു കണ്ടാൽ പൊതുജനങ്ങൾ അടുത്തേക്ക് പോകരുതെന്നും കൈകൊണ്ടു തൊടരുതെന്നും ദുരന്തനിവരാണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തീരത്ത് എണ്ണപ്പാട തെളിയാനും സാധ്യതയുണ്ട്. ഇതും സ്പർശിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇത്തരത്തിലുള്ള വസ്തുക്കൾ കണ്ടാൽ പൊലീസിൽ വിവരമറിയിക്കണം. അല്ലെങ്കിൽ 112ൽ വിളിച്ച് വിവരം നൽകണം. കോസ്റ്റ് ഗാർഡിൽ നിന്നാണ് വിവരം ലഭിച്ചതെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
by Midhun HP News | May 24, 2025 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.
2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി.
പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍ നിര്‍ണായക തെളിവായി. ശാരികയോട് പ്രതി നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ശാരിക ബന്ധുവീട്ടിലേക്ക് മാറി.
2017 ജൂലൈ 14ന് പ്രതി അവിടെയെത്തി തനിക്കൊപ്പം ഇറങ്ങിവരണമെന്ന് നിര്‍ബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോഴായിരുന്നു ആക്രമണം. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ശാരികയുടെ ശരീരത്തില്‍ ഒഴിച്ച് തീകൊളുത്തി.
ഗുരുതരമായി പരിക്കേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര്‍ മാര്‍ഗം കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂരില്‍ ചികിത്സയിലിരിക്കെ ജൂലൈ 22 ന് ശാരിക മരിച്ചു. മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും പ്രധാന തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ അവതരിപ്പിച്ചു. ശാരികയുടെ മുത്തച്ഛന്‍ സംഭവത്തിന് സാക്ഷിയായിരുന്നു. എന്നാല്‍ കേസിലെ വിചാരണ തുടങ്ങും മുന്‍പ് മുത്തച്ഛന്‍ മരിച്ചു.
Recent Comments