കാലവര്‍ഷം വന്നത്രേ! അപ്പോള്‍ ഇതുവരെ പെയ്തതോ? അറിയാം മാനദണ്ഡങ്ങള്‍

കാലവര്‍ഷം വന്നത്രേ! അപ്പോള്‍ ഇതുവരെ പെയ്തതോ? അറിയാം മാനദണ്ഡങ്ങള്‍

കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി മൺസൂൺ സ്വാഭവത്തിലുള്ള മഴയാണ് ലഭിക്കുന്നത്. സാധാരണ​ഗതിയിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന മഴക്കാലം ആരംഭിക്കുന്നത് കാലാവസ്ഥ കലണ്ടർ പ്രകാരം ജൂൺ ഒന്നിനാണ്. എന്നാൽ പലപ്പോഴും മെയ് മാസം ഈ മഴ കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ തവണ മെയ് മാസത്തിലാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയത്. ഇന്ന് കേരളത്തിൽ മൺസൂൺ ( Monsoon)എത്തിയതായി പ്രഖ്യാപനം വന്നു. കാലവർഷകലണ്ടർ പ്രകാരമുള്ള ജൂൺ എന്ന ദിവസത്തേക്കാൾ എട്ട് ദിവസം മുമ്പാണ് ഇത്തവണ മൺസൂൺ കേരളത്തിലെത്തിയത്. എങ്ങനെയാണ് മൺസൂൺ എത്തിയതായി പ്രഖ്യാപിക്കുന്നത്. അതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെ?

ഇത്തവണ മെയ് 27 എന്ന തിയ്യതിയാണ് കാലാവസ്ഥ നി​ഗമന പ്രകാരം മഴയെത്താനുള്ള ഏകദേശ ദിവസം പ്രവചിച്ചിരുന്നത്. ഈ ദിവസത്തിന് നാല് ദിവസം മുമ്പോ നാല് ദിവസം ശേഷമോ മൺസൂൺ എത്താം. ആ വ്യത്യാസം ഏഴ് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാമെന്നും കാലാവസ്ഥാ വിദ​ഗ്ധർ പറയുന്നു. ഇത്തവണ മെയ് 24 ന് കാലവർഷം എത്തിയേക്കാമെന്ന് ഏതാനും ദിവസം മുമ്പ് വിവിധ കാലവസ്ഥാ മോഡലുകൾ പ്രവചിച്ചിരുന്നു. ആ പ്രവചനം പോലെ മെയ് 24 തന്നെ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപനം വന്നു. 15 വർഷത്തിനുള്ളിൽ ഏറ്റവും നേരത്തെ എത്തുന്നത് ഇത്തവയാണ്.

ഇത്തവണ കാലവർഷം എത്തുന്ന പ്രക്രിയയിലും കേരളത്തെ സംബന്ധിച്ച് മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ ​ഗതിയിൽ തെക്കൻ പ്രദേശങ്ങളിൽ മഴയാരംഭിച്ച് വടക്കോട്ട് നീങ്ങി ജൂലൈ എട്ടിനും 15 നും ഇടയിൽ രാജ്യമൊട്ടാകെ മഴ വ്യാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഇതിന് വിപരീതമായി കേരളത്തിലെ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ കൂടുതലായി മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.

സാമ്പത്തിക ഇടപാടിൽ തർക്കം: വീട്ടിൽ കയറി തെറിവിളിച്ചു; റാപ്പർ ഡബ്സി അറസ്റ്റിൽ

സാമ്പത്തിക ഇടപാടിൽ തർക്കം: വീട്ടിൽ കയറി തെറിവിളിച്ചു; റാപ്പർ ഡബ്സി അറസ്റ്റിൽ

മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡബ്സി (മുഹമ്മദ് ഫാസിൽ) അറസ്റ്റിൽ. ചങ്ങരംകുളം പൊലീസ് ആണ് ഡബ്സിയെയും മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തത്. ഫാരിസ്, റംഷാദ്, അബ്ദുൽ ​ഗഫൂർ എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കാഞ്ഞിയൂർ സ്വദേശി ബാസിൽ എന്നയാളുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഡബ്സി വിദേശത്ത് ഷോ ചെയ്തതിന്റെ ദൃശ്യങ്ങൾ ബാസിലിന്റെ കൈവശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങൾ ഇവർക്കിടയിൽ നിലനിന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഡബ്സിയും സുഹൃത്തുക്കളും ബാസിലിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്തു എന്നാണ് ബാസിലിന്റെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

മലയാളി റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡബ്സി. തല്ലുമാല എന്ന ചിത്രത്തിലെ ‘മണവാളന്‍ തഗ്’ എന്ന ഗാനത്തിലൂടെയാണ് റാപ്പറായി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മുന്‍പ് ഉണ്ണി മുകന്ദന്‍ ചിത്രം മാര്‍ക്കോയിലെ ഗാനവുമായി ബന്ധപ്പെട്ടും ഡബ്സി വിവാദത്തിലായിരുന്നു.

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന ചെറുപുഴ പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. അകന്നു കഴിയുന്ന ഭാര്യയെ തിരിച്ചുവരാനാണ് കുട്ടികളെ ഉള്‍പ്പെടുത്തി വീഡിയോ ചെയ്തതെന്നാണ് വിശദീകരണം. എന്നാല്‍ ഇക്കാര്യം പുര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് ഉള്‍പ്പെടെ തയ്യാറായിട്ടില്ല.

എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് വിലയിരുത്തലിലാണ് പൊലീസ് നടപടി. വീഡിയോ പ്രാങ്കാണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിവൈഎസ്പി ഉള്‍പ്പെടെ വ്യക്തമാക്കുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. പ്രതിയുടെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് അറിയിച്ചു.

എട്ടും പന്ത്രണ്ടും വയസുള്ള രണ്ട് കുട്ടികളാണ് ജോസിനുള്ളത്. ഇതില്‍ പന്ത്രണ്ടുവയസുകാരനായ സഹോദരനാണ്, പെണ്‍കുട്ടിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വിഡിയോയുമായി ബന്ധപ്പെട്ട് കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ മുടിയില്‍ പിടിച്ച് നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും വലിച്ചെറിയുന്നതുമാണ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍. കൈയില്‍ കത്തിയെടുത്ത് വെട്ടാന്‍ ഓങ്ങുമ്പോള്‍ ‘അച്ഛാ’ എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. ‘എന്നെ തല്ലല്ലേ’ എന്നും കുട്ടി പറയുന്നു. ‘അമ്മേ പേടിയാകുന്നു, ഒന്ന് വാ’ എന്ന് വീഡിയോയില്‍ കുട്ടികള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാം.

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം, മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍

കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം, മുറി പുറത്തുനിന്ന് പൂട്ടിയ നിലയില്‍

ബേപ്പൂര്‍: കോഴിക്കോട് ലോഡ്ജില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ഹാര്‍ബര്‍ റോഡ് ജംങ്ഷനിലെ ലോഡ്ജ് മുറിയില്‍നിന്ന് കൊല്ലം സ്വദേശിയായ സോളമന്‍ (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വലപ്പണിക്കാരനാണ് സോളമന്‍. മറ്റൊരു ലോഡ്ജില്‍ താമസിച്ചിരുന്ന സോളമന്‍ ഇന്നലെ രാത്രിയാണ് ഒരുമിച്ച് ജോലി ചെയ്യുന്ന കൊല്ലം സ്വദേശി അനീഷിന്റെ ലോഡ്ജ് മുറിയില്‍ എത്തിയതെന്നാണ് വിവരം. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു മുറി. ചോര കണ്ട് ലോഡ്ജ് ഉടമ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. സോളമന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയം.

കഴിഞ്ഞ ദിവസം കുളിക്കാന്‍ പോകണമെന്ന് പറഞ്ഞാണ് സോളമന്‍ മുറിയില്‍ നിന്ന് ഇറങ്ങിയതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം കഴിഞ്ഞ രാത്രി തന്നെ അനീഷ് ലോഡ്ജില്‍നിന്നു പോയതായി ഉടമ പൊലീസിനോട് പറഞ്ഞു. ബേപ്പൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. എസ്‌ഐമാരായ എംകെ ഷെനോജ് പ്രകാശ്, എം.രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു; ചാവക്കാട് സ്വദേശി പിടിയില്‍

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീകളെ പീഡിപ്പിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു; ചാവക്കാട് സ്വദേശി പിടിയില്‍

ഡേറ്റിംഗ് ആപ്പ് ആയ ‘അരികെ’ യിലൂടെ നിരവധി സ്ത്രീകളെ സൗഹൃദം നടിച്ചു ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശിയായ ഹനീഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം ഇയാള്‍ സാമ്പത്തികമായും അവരെ ചൂഷണം ചെയ്‌തെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പാലക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

എസ് ഹരീഷിനും ഫാസില്‍ മുഹമ്മദിനും പി എസ് റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം

എസ് ഹരീഷിനും ഫാസില്‍ മുഹമ്മദിനും പി എസ് റഫീക്കിനും പത്മരാജന്‍ പുരസ്‌കാരം

തിരുവനന്തപുരം: പി പത്മരാജന്‍ ട്രസ്റ്റിന്റെ 2024ലെ മികച്ച നോവല്‍, കഥ, തിരക്കഥ, ചലച്ചിത്ര സംവിധാനം, പുതുമുഖ നോവലിസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിനാണ് മികച്ച ചലച്ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. 40000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എസ് ഹരീഷിന്റെ പട്ടുനൂല്‍പ്പുഴുവാണ് മികച്ച നോവല്‍. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി എസ് റഫീക്കിനാണ്(ഇടമലയിലെ യാക്കൂബ്) ചെറുക്കഥ പുരസ്‌കാരം.15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പുതുമുഖ രചയിതാവിനുള്ള ആദ്യരചനയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടെയ്ല്‍സ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് ഐശ്വര്യ കമല(നോവല്‍ വൈറസ്) അര്‍ഹയായി. ബോയിങ് വിമാനത്തിന്റെ വാലറ്റത്തിന്റെ മാതൃകയില്‍ പളുങ്കില്‍ തീര്‍ത്ത അവാര്‍ഡ് ശില്‍പ്പവും എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്ന സ്ഥലങ്ങളില്‍നിന്നും പുരസ്‌കാരജേതാവ് തെരഞ്ഞെടുക്കുന്ന ഏത് സ്ഥലത്തേക്കും തിരിച്ചുമുള്ള സൗജന്യ വിമാന ടിക്കറ്റുമാണ് അവാര്‍ഡ്.

ഉണ്ണി ആര്‍ അധ്യക്ഷനും ജി ആര്‍ ഇന്ദുഗോപന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള സമിതി സാഹിത്യപുരസ്‌കാരങ്ങളും ടി കെ രാജീവ്കുമാര്‍ അധ്യക്ഷനും വിജയകൃഷ്ണന്‍, എസ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതി ചലച്ചിത്ര പുരസ്‌കാരങ്ങളും നിര്‍ണയിച്ചത്.

ഈ മാസം 30 ന് വൈകിട്ട് 5.30 ന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മോഹന്‍ലാല്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. തുടര്‍ന്ന് ഫെമിനിച്ചി ഫാത്തിമ പ്രദര്‍ശിപ്പിക്കും. പ്രവേശനം പാസ് മുഖേന. വാര്‍ത്താസമ്മേളനത്തില്‍ പത്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്,പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി, എയര്‍ഇന്ത്യ എക്സ്പ്രസ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഹെഡ് പി ജി പ്രഗീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.