നഴ്സിങ് മേഖലയിൽ വർദ്ധിപ്പിക്കുന്ന സൗദിവൽക്കരണം, മലയാളി നഴ്സുമാരുടെ പുതിയ സാധ്യതകൾ എന്തൊക്കെ?

നഴ്സിങ് മേഖലയിൽ വർദ്ധിപ്പിക്കുന്ന സൗദിവൽക്കരണം, മലയാളി നഴ്സുമാരുടെ പുതിയ സാധ്യതകൾ എന്തൊക്കെ?

കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഏതാനും വർഷം മുമ്പ് വരെ സൗദി അറേബ്യ. എന്നാൽ നിതാഖത്ത് എന്നറിയപ്പെടുന്ന സൗദിവൽക്കരണം എന്ന തൊഴിൽനയം രാജ്യം പ്രഖ്യാപിച്ച 2016 മുതൽ മറ്റെല്ലാജോലികളിലുമെന്നപോലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരെയും തൊഴിലന്വേഷകരെയും ബാധിച്ചു. സൗദി പൗരന്മാർക്ക് ജോലിയിൽ നിശ്ചിത ശതമാനം ഉറപ്പിക്കുന്ന നയമാണ് നിതാഖത്ത് എന്നതിലൂടെ അർത്ഥമാക്കുന്നത്. ഇത് ആരംഭിച്ച സമയത്ത് നഴ്‌സിങ് ജോലികളിൽ 38% സംവരണമാണ് ഏർപ്പെടുത്തിയത്.

നഴ്സിങ് മേഖലയിൽ ഇതിന്റെ തോത് 44 % ആയി ഉയർത്താൻ തീരുമാനിച്ചുവെന്നതാണ് മലയാളി നഴ്സുമാരുൾപ്പടെ ഇന്ത്യൻ നഴ്സിങ് മേഖലയിൽ പുതിയ ആശങ്കയ്ക്ക് കാരണമായത്.

എന്നാൽ, ഈ നയം നിലവിൽ ജോലി സാധ്യതകളെ ഉടനടി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡാന്തര ലോകത്ത് നഴ്‌സുമാർക്ക് കൂടുതൽ ആവശ്യകതയുണ്ടെന്ന് അവർ പറയുന്നു. “സൗദി ഏകദേശം 20 വർഷമായി തങ്ങളുടെ നയങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ

മലയാളി നഴ്‌സുമാർ മറ്റ് രാജ്യങ്ങളിലും അവസരങ്ങൾ തുറന്നുവന്നിട്ടുണ്ട്. കൂടാതെ, ഈ നയം നടപ്പിലാക്കാൻ കുറച്ച് സമയമെടുത്തേക്കാം എന്നതിനാൽ അവർ വിഷമിക്കേണ്ടതില്ല,” ഇന്ത്യയിലെ കുടിയേറ്റ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ഡെവലപ്‌മെന്റിന്റെ ചെയർപേഴ്‌സൺ ഡോ. ഇരുദയ രാജൻ അഭിപ്രായപ്പെട്ടു.

“സൗദിവൽക്കരണം ആരംഭിച്ചതുമുതൽ, എല്ലാ വർഷവും ചെറിയൊരു വിഭാഗം നഴ്‌സുമാരെ ഇത് ബാധിക്കുന്നുണ്ടായിരുന്നു. നഴ്സുമാരുടെ എണ്ണം നിയന്ത്രിക്കാനും നിലനിർത്താനും സർക്കാരിന് ഒരു സംവിധാനമുണ്ടെങ്കിലും, സൗദി അറേബ്യ നിലവിൽ നഴ്‌സുമാരുടെ കടുത്ത ക്ഷാമം നേരിടുന്നു. അതിനാൽ, പുതിയ നയം വലിയ സ്വാധീനം ചെലുത്തില്ല,” എന്ന് സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സായ സലീം പറഞ്ഞു.

സൗദി അറേബ്യ പുതിയ നയങ്ങളിലൂടെ ആരോഗ്യ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് നിർത്തിവച്ചിരിക്കുന്നതിനാൽ സൗദി മാനദണ്ഡങ്ങൾ പുതിയ അപേക്ഷകരെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്റെ കർണാടക യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് സ്കറിയ പറഞ്ഞു.

“സൗദി അറേബ്യ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ നഴ്‌സുമാർ വീണ്ടും ജോലി അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. പുതിയ നയം പുതിയ അപേക്ഷകർക്കുള്ള തൊഴിലവസരങ്ങൾ കുറച്ചേക്കാം, പക്ഷേ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരെ ഇത് ബാധിക്കില്ല. എന്നാൽ, നയപരമായ മാറ്റങ്ങൾ നഴ്‌സുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ശമ്പളം ചർച്ച ചെയ്യുകയും ചെയ്ത” തായി അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ സംരക്ഷണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ തുറന്നിട്ടുണ്ട്, ഇത് യുവ നഴ്‌സുമാരുടെ പ്രതീക്ഷകൾ ഉയർത്തുന്നു.

“കുടിയേറ്റ പ്രവണത മാറിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള മാറ്റം സുഗമമാക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന നിരവധി നഴ്‌സുമാർ സ്റ്റെപ്പ് മൈഗ്രേഷൻ ( ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനായി മറ്റിടങ്ങളിൽ ആദ്യ കുടിയേറ്റം നടത്തുന്ന രീതി) രീതി സ്വീകരിക്കുന്നുണ്ടെന്ന് ,” ഡോ. ഇരുദയ രാജൻ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്ന നിരവധി നഴ്‌സുമാർക്ക് സൗദി അറേബ്യ ഒരു ഇടത്താവളം മാത്രമാണെന്ന് പറഞ്ഞുകൊണ്ട് സലിം ഇരുദയ രാജൻ ഉന്നയിച്ച വാദത്തെ അനുകൂലിച്ചു. “ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നു. പുതിയ നയം കേരളീയർക്ക് വലിയ ആശങ്കയുണ്ടാക്കില്ല. കോവിഡിന് ശേഷം നഴ്‌സുമാരുടെ ആവശ്യകത വളരെ കൂടുതലായതിനാൽ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തുടരും,” അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കാര്യങ്ങൾ നിലവിൽ അനുകൂലമായി നിൽക്കുകയാണെങ്കിലും നമ്മുടെ വിദ്യാഭ്യാസ നിലവാരം ഉയർന്ന നിലയിൽ നിലനിർത്തേണ്ടതിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഇരുദയരാജൻ ചൂണ്ടിക്കാട്ടി. “നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. സിലബസ് പതിവായി നവീകരിക്കുകയും ഗുണനിലവാരമുള്ള പരിശീലനം നൽകുകയും വേണം. നഴ്‌സുമാർക്ക് എല്ലായിടത്തും ആവശ്യക്കാരുണ്ട്,” അദ്ദേഹം പറഞ്ഞു.

എന്താണ് കോളറ?; ലക്ഷണങ്ങള്‍ എന്തെല്ലാം?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എന്താണ് കോളറ?; ലക്ഷണങ്ങള്‍ എന്തെല്ലാം?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊച്ചി: സംസ്ഥാനത്ത് കോളറ ബാധിച്ച് ഒരാൾ കൂടി മരിച്ചിരിക്കുകയാണ്. ആലപ്പുഴ തലവടിയിൽ കോളറ ബാധിച്ച 48കാരനാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ വർഷത്തെ രണ്ടാമത്തെ കോളറ മരണമാണിത്. സംസ്ഥാനത്ത് കോളറ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്

എന്താണ് കോളറ?

കുടലിൽ ഉണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.

വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറയ്ക്ക് കാരണമാകുന്നത്.

കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്.

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.

4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.

5. ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

6. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.

ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്, 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്

ഞായറാഴ്ച മുതൽ ശക്തമായ മഴ; രണ്ടുദിവസം യെല്ലോ അലർട്ട്, 50 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്

ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 19ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടൽ, മാലദ്വീപ്, ആൻഡമാൻ, തെക്കൻ ബംഗാൾ ഉൾക്കടൽ മേഖലകളിൽ കാലവർഷം വ്യാപിച്ചതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പുലർത്തണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

‘ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ ചൊറിച്ചിൽ; തനിച്ചായ സ്ത്രീയാവുക വലിയ കുറ്റമാണ്’

‘ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ ചൊറിച്ചിൽ; തനിച്ചായ സ്ത്രീയാവുക വലിയ കുറ്റമാണ്’

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. പ്രശസ്തിയോടൊപ്പം തന്നെ വൻ തോതിലുള്ള വിമർശനങ്ങളും സൈബർ ആക്രമണവുമൊക്കെ രേണുവിന് നേരിടേണ്ടി വന്നു. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണുവിന് നിരന്തരം വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വരുന്നത്.

പലപ്പോഴും തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കാറുമുണ്ട് രേണു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നൽകിയ രേണുവിന്റെ അഭിമുഖവും വൈറലായി മാറിയിരുന്നു. അവതാരകയുടെ ധാർഷട്യവും പക്വതയോടെയുള്ള രേണുവിന്റെ മറുപടിയും സോഷ്യൽ മീ‍ഡിയയിൽ ചർച്ചയായി മാറുകയും ചെയ്തു.

ഇതിന് പിന്നാലെ രേണുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സെലിബ്രിറ്റികൾ അടക്കം രം​ഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി.

നെഗറ്റീവുകളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ച് മരിച്ചു പോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നെഗറ്റീവ്കളുടെയും അസഭ്യങ്ങളുടെയും പരിഹാസങ്ങളുടെയും ചെളിവെള്ളക്കുത്തൊഴുക്കിൽ ഒലിച്ചു മരിച്ചുപോകാതെ, കിട്ടിയ കിട്ടിയ പിടിവള്ളികളിൽ കടിച്ചുപിടിച്ചു നിന്ന്, തനിക്കനുകൂലമായ പോസിറ്റീവ് പ്രതികരണങ്ങളിലേക്ക് സമൂഹത്തെ സ്വയമെത്തിച്ചു കൊണ്ടുവരുന്ന രേണു സുധി എന്ന മിടുക്കിയായ സ്ത്രീക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്. ഭർത്താവില്ലാത്ത അവർ കരയുന്നില്ല എന്നതായിരുന്നു മലയാളി സമൂഹത്തിൻ്റെ ഏറ്റവും വലിയ ചൊറിച്ചിൽ.

നിങ്ങൾ സങ്കൽപിക്കുന്ന തരം ‘കല’യോ ‘സൗന്ദര്യ’മോ തനിക്കുണ്ടെന്നവർ അവകാശപ്പെടുന്നില്ല. ജീവിതമാണ് പ്രധാനം, പണമാണ് അതിനാവശ്യം എന്നവർ മനസ്സിലാക്കുന്നുണ്ട്. സ്ത്രീയാവുക എന്നത് വലിയ കുറ്റമാണ്.തനിച്ചായ സ്ത്രീയാവുക അതിലും വലിയ കുറ്റമാണ്. തൻ്റേടിയും അഭിമാനിയും ഏകാകിയും ആയ സ്ത്രീയാവുക എന്നതാണ് ഏറ്റവും വലിയ കുറ്റം എന്ന അജീത് കൗറിൻ്റെ വാക്കുകൾ ഓർത്തു പോകുന്നു.

എസ്. ശാരദക്കുട്ടി

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 68,880 രൂപയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയായി.

ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തിൽ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറിൽ. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,393 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,045 രൂപയും പവന് 56,360 രൂപയുമാണ് നിരക്ക്. വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി.

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 86,100 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോ​ഗപ്പെടുത്തുന്നതാണ് നല്ലത്.

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്

മലയാളികളുടെ സ്വന്തം ‘ഉണ്ണിയേട്ടന്‍’ വരുന്നു; ടാന്‍സാനിയന്‍ താരം കേരളത്തിലേക്ക്

മലയാള ​ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകര്‍ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഉണ്ണിയേട്ടന്റെ ആരാധകൾക്ക് ഒരു സന്തോഷവാർത്തയെത്തുകയാണ്.

കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടൻ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു രംഗത്തെത്തിയിരിക്കുന്നത്. ‘ഉണ്ണിയേട്ടനു വേണ്ടി കാത്തിരിക്കുന്നു’, ‘കേരളത്തിലേക്ക് സ്വാഗതം’ എന്നീ കിലി പോളിനെ കേരളത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള ഒട്ടേറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.

ഗായകൻ ഹനാൻ ഷാ പാടിയ ‘ഇൻസാനിലെ’ എന്ന ഗാനവുമായാണ് കിലി പോൾ വീണ്ടും മലയാളികൾക്ക് മുന്നിലെത്തിയിരിക്കുന്നത്. തുടരും’ എന്ന ചിത്രത്തിലെ ‘കണ്‍മണിപൂവേ’ എന്ന പാട്ടിനും താരം ലിപ് സിങ്ക് ചെയ്തിരുന്നു. ഇനി താരത്തിന്റെ കേരളത്തിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് എല്ലാവരും.