by Midhun HP News | May 15, 2025 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരിയില്‍ രാത്രിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ്കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരുടെ പേരിലാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായി. തര്‍ക്കത്തിന് പിന്നാലെ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള നായത്തോട് ഇന്നലെ രാത്രിയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഐവിനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ ഐവിന്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
ഇതിന് പിന്നാലെ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് വീണ ഐവിനെ കുറച്ചുദൂരം വലിച്ചിഴച്ചു കൊണ്ടുപോയെന്നും എഫ്‌ഐആറില്‍ പറയുന്നു. ഇത്തരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് കാര്‍ സഞ്ചരിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടാണ് ഐവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുന്ന നിലയിലായിരുന്നു ഐവിന്‍ എന്നും നാട്ടുകാര്‍ പറയുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഐവിന്‍.
സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് ആണ് രണ്ടു സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ നാട്ടുകാരുടെ മര്‍ദ്ദനമേറ്റ വിനയ്കുമാര്‍ ദാസ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ കടന്നുകളഞ്ഞ മോഹനെ രാവിലെ വിമാനത്താവളത്തില്‍ വച്ചാണ് പിടികൂടിയത്. അതിനിടെ ഐവിനും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തര്‍ക്കിക്കുന്ന സിസിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചശേഷം യുവാവിനെ വലിച്ചുകൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
by Midhun HP News | May 15, 2025 | Latest News, കേരളം
മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ പുലി കടിച്ചുകൊന്നു. ടാപ്പിങ്ങിനിടെ ഉള്‍ക്കാട്ടിലേക്ക് കടിച്ചുകൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ഗഫൂറാണ് മരിച്ചത്.
പുലര്‍ച്ചെയാണ് ടാപ്പിങ് തൊഴിലാളികള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഗഫൂറിന്റെ കഴുത്തില്‍ കടിച്ച് പുലി ഉള്‍ക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള തോട്ടത്തില്‍ ടാപ്പിങ് നടത്തുന്നതിനിടെയായിരുന്നു പുലിയുടെ ആക്രമണം.
കരുവാരക്കുണ്ടുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കാളിയാര്‍. ഇത് ഒരു ഉള്‍പ്രദേശമാണ്. റോഡില്‍ നിന്ന് അഞ്ചാറു കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്. വാഹനസൗകര്യം ഉള്ള സ്ഥലമല്ല. പെട്ടെന്നായിരുന്നു പുലിയുടെ ആക്രമണം ഉണ്ടായത് എന്ന് മറ്റു ടാപ്പിങ് തൊഴിലാളികള്‍ പറയുന്നു. പുലിയുടെ ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട മറ്റു തൊഴിലാളികളാണ് വിവരം അധികൃതരെ അറിയിച്ചത്.
പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒന്നരമണിക്കൂറോളം നേരം തിരഞ്ഞ ശേഷം ഗഫൂറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യജീവി ശല്യമുള്ള പ്രദേശമാണിത്. എന്നാല്‍ അടുത്തിടെ ഒരാളെ വന്യമൃഗം ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഇതാദ്യമായാണ്.സംഭവത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പുലിയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി തവണ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
by Midhun HP News | May 15, 2025 | Latest News, കേരളം
തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തില്‍ നിന്നു കുതിരകളെ എത്തിക്കാനുള്ള കേരള പൊലീസിന്റെ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. രണ്ട് വര്‍ഷത്തെ കടലാസ് ജോലികളും രാഷ്ട്രപതിയുടെ അംഗീകാരം നേടല്‍ അടക്കമുള്ള വെല്ലുവിളികള്‍ക്കെല്ലാം ഒടുവിലാണ് ശ്രമം ഫലവാത്തായത്.
തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലാണ് കേരള പൊലീസിലെ ഏക കുതിരസേനയുള്ളത്. സൈന്യത്തിന്റെ റീമൗണ്ട് വെറ്ററിനറി കോര്‍പ്‌സില്‍ (ആര്‍വിസി) നിന്ന് മൂന്ന് കുതിരകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കും. ഇതാദ്യമായാണ് സൈന്യത്തില്‍ നിന്ന് നേരിട്ട് കുതിരകളെ ലഭിക്കുന്നത്. ഓരോ കുതിരയ്ക്കും 6 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വില.
സൈന്യത്തില്‍ നിന്ന് എട്ട് കുതിരകളെ വാങ്ങാനായി പൊലീസ് തുടക്കത്തില്‍ 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം മൂന്ന് മുതല്‍ നാല് വയസ് വരെ പ്രായമുള്ള മൂന്ന് കുതിരകളെ മാത്രം വില്‍ക്കാനാണ് സൈന്യം ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലുള്ള റീമൗണ്ട് ഡിപ്പോ ആന്‍ഡ് ട്രെയിനിങ് സ്‌കൂളില്‍ പരിശീലനം നേടിയ കുതിരകളെയാണ് പുതിയതായി എത്തിക്കുന്നത്. അവയെ ട്രെയിന്‍ വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടു വരുന്നത്. പരിശീലനം ലഭിച്ച പൊലീസുകാരും ഒപ്പമുണ്ടാകും. കുതിരകള്‍ക്കു പുതിയ കാലാവസ്ഥയുമായി പൊരുത്തുപ്പെടാന്‍ കുറച്ചു ദിവസങ്ങള്‍ വേണ്ടി വരും. പരിശീലനത്തിനു ശേഷം ഔദ്യോഗികമായി സേനയുടെ ഭാഗമാക്കും. നിലവില്‍ സൈന്യത്തിന്റെ പരിശീലനം ലഭിച്ചവയാണ് എത്തുന്നതെങ്കിലും പെരുമാറ്റമടക്കം നിരീക്ഷിച്ച് പുതിയ ദൗത്യങ്ങള്‍ക്കായി വിനിയോഗിക്കും.
കൊളോണിയല്‍ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് പൊലീസിലെ കുതിരപ്പട. രാത്രി പട്രോളിങ്, പരേഡുകള്‍, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്കാണ് ഇവയെ പൊലീസ് സേന ഉപയോഗിക്കുന്നത്.
അടുത്ത ഏഴോ, എട്ടോ മാസത്തിനുള്ളില്‍ സൈന്യത്തില്‍ നിന്നുള്ള അടുത്ത ബാച്ച് ത്രോബെഡ് കുതിരകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനിക കുതിരകള്‍ക്ക് ആവശ്യക്കാരേറെയാണ്. പല സംസ്ഥാനങ്ങളും അവയെ സ്വന്തമാക്കാനായി രംഗത്തുണ്ട്. കേരള പൊലീസിലേക്ക് പുതിയതായി ഇനി അഞ്ച് കുതിരകളെ കൂടി ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്വകാര്യ കുതിരാലയങ്ങളില്‍ നിന്നു കൊണ്ടു വന്ന വിദേശ ഇനങ്ങളായ രണ്ട് ത്രോബെഡ് കുതിരകള്‍ക്കു പുറമെ കത്തിയവാരി, മാര്‍വാരി ഇനങ്ങളും യൂനിറ്റിലുണ്ട്. നിലവില്‍ 11 കുതിരകളാണ് സേനയിലുള്ളത്. 41 ജീവനക്കാരാണ് കുതിരകളെ സംരക്ഷിക്കാന്‍ വേണ്ടത്. അതില്‍ നിരവധി തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
by Midhun HP News | May 14, 2025 | Latest News, കേരളം
തൃശൂര്‍: എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്.കഴിഞ്ഞ ഒക്ടോബര്‍ 2നാണ് പതിയാരം പള്ളിയില്‍ വൈദികനായി ചാര്‍ജ്ജെടുത്തത്.
പള്ളിയിലെ വികാരിയുടെ കിടപ്പ്മുറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പ്യാര്‍ അച്ചനെ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു. 6 വര്‍ഷം മുന്‍പാണ് ഫാദര്‍ ലിയോ പുത്തൂര്‍ പട്ടം സ്വീകരിച്ചത്.
by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: കളമശ്ശേരി സ്ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. ഈ മാസം 12ന് രാത്രി വാട്സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്.
കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണി സന്ദേശത്തിലുണ്ട്. കേസില്‍ സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും മലേഷ്യന്‍ നമ്പറില്‍ നിന്നു വന്ന ഭീഷണി സന്ദേശത്തില്‍ പറയുന്നു.
സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2023 ഒക്ടോബര്‍ 29ന് രാവിലെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേരാണ് മരിച്ചത്.
സ്‌ഫോടനത്തില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരിക്കേറ്റു. കേസില്‍ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ ആണ് ഏക പ്രതി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പൊലീസ്, 3578 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
by Midhun HP News | May 14, 2025 | Latest News, കേരളം
കൊച്ചി: ചൈന, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നി രാജ്യങ്ങള്‍ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയില്‍ മദ്യത്തോടുള്ള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ മെക്‌സിക്കോയും ബ്രസീലും ഇന്ത്യയും മാത്രമാണ് ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടും ഇതിന് വീപരീതമായ ദിശയില്‍ സഞ്ചരിക്കുന്നതെന്നും മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ആഗോള സംഘടനയായ ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തോടുള്ള വര്‍ധിച്ച് വരുന്ന ആസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. നിലവില്‍ രാജ്യത്ത് മദ്യ വിപണിക്ക് വളരാന്‍ നിരവധി സാധ്യതകളുണ്ട്. നിലവില്‍ മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗമാണ്. കൂടാതെ അനുകൂലമായ ജനസംഖ്യാ പ്രവണതകള്‍, ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന എന്നിവയെല്ലാം മദ്യവിപണിയുടെ സാധ്യതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊച്ചി: ചൈന, യുഎസ്, യുകെ, ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നി രാജ്യങ്ങള്‍ ലഹരിവസ്തുക്കളില്‍ നിന്ന് പിന്തിരിയുമ്പോള്‍ ഇന്ത്യയില്‍ മദ്യത്തോടുള്ള ആസക്തി വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന പത്ത് രാജ്യങ്ങളില്‍ മെക്‌സിക്കോയും ബ്രസീലും ഇന്ത്യയും മാത്രമാണ് ആഗോളതലത്തില്‍ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായിട്ടും ഇതിന് വീപരീതമായ ദിശയില്‍ സഞ്ചരിക്കുന്നതെന്നും മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട ഡേറ്റ കൈകാര്യം ചെയ്യുന്ന ആഗോള സംഘടനയായ ഐഡബ്ല്യൂഎസ്ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ മദ്യത്തോടുള്ള വര്‍ധിച്ച് വരുന്ന ആസക്തിക്ക് നിരവധി കാരണങ്ങളുണ്ട്. നിലവില്‍ രാജ്യത്ത് മദ്യ വിപണിക്ക് വളരാന്‍ നിരവധി സാധ്യതകളുണ്ട്. നിലവില്‍ മറ്റു ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴും കുറഞ്ഞ പ്രതിശീര്‍ഷ ഉപഭോഗമാണ്. കൂടാതെ അനുകൂലമായ ജനസംഖ്യാ പ്രവണതകള്‍, ജനസംഖ്യയില്‍ മദ്യപിക്കുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന എന്നിവയെല്ലാം മദ്യവിപണിയുടെ സാധ്യതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ പ്രതിശീര്‍ഷ മദ്യ ഉപഭോഗത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 2013ല്‍ ഒരു വ്യക്തിയുടെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം അഞ്ചുലിറ്റര്‍ ആയിരുന്നു.ഇത് 2023ല്‍ 3.9 ലിറ്ററായി കുറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2016-ല്‍ മൊത്തം ആഗോള മദ്യ ഉപഭോഗം പാരമ്യത്തിലെത്തി. 2540 കോടി ലിറ്ററായിട്ടാണ് വര്‍ധിച്ചത്. അതിനുശേഷം മദ്യ ഉപഭോഗം ഏകദേശം 13 ശതമാനം കുറഞ്ഞുവെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
Recent Comments