‘നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , തുടരും 100 കോടി ക്ലബില്‍

‘നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , തുടരും 100 കോടി ക്ലബില്‍

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ടീമിന്റെ തുടരും എന്ന സിനിമ റെക്കോര്‍ഡുകള്‍ തിരുത്തി ജൈത്രയാത്ര തുടരുകയാണ്. ചിത്രം കേരളാ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. ഇതിന്റെ സന്തോഷം മോഹന്‍ലാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘കേരള ബോക്‌സ് ഓഫീസില്‍ മാത്രം 100 കോടി നേടുന്ന ആദ്യ സിനിമ എന്ന റെക്കോര്‍ഡും തുടരും എന്ന സിനിമ നേടിയിട്ടുണ്ട്. നമ്മള്‍ ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്! കേരളത്തിന് നന്ദി,’ എന്ന് മോഹന്‍ലാല്‍ കുറിച്ചു. vഅതേസമയം, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമാണ് തുടരും. മാര്‍ച്ച് മാസത്തില്‍ പുറത്തിറങ്ങിയ എംപുരാനും 200 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.

തുടരും സിനിമയുടെ തമിഴ് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. ‘തൊടരും’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങള്‍.

ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ വിവിധ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള നിരക്കുകള്‍ പരിഷ്‌കരിച്ചു. പടിഞ്ഞാറെ കവാടത്തില്‍ പുതിയ നിരക്കുകള്‍ മെയ് ആദ്യവാരത്തില്‍ നിലവില്‍ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാര്‍ക്കിങ് നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകള്‍.

സൈക്കിള്‍, ഇരുചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തില്‍ വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാര്‍ക്കിങ് നിരക്കുകള്‍ ഇനി പറയും പ്രകാരമാണ്.

2 മണിക്കൂര്‍ വരെ – 5, 10, 30, 130 രൂപ.

2 മുതല്‍ 8 മണിക്കൂര്‍ വരെ – 10, 20, 50, 270 രൂപ.

8 മുതല്‍ 24 മണിക്കൂര്‍ വരെ – 10, 30, 80, 380 രൂപ.

24 മുതല്‍ 48 മണിക്കൂര്‍ വരെ – 20, 60, 180, 840 രൂപ.

48 മുതല്‍ 72 മണിക്കൂര്‍ വരെ – 40, 110, 300, 1260 രൂപ.

72 മുതല്‍ 96 മണിക്കൂര്‍ വരെ – 65, 170, 600, 2100 രൂപ.

96 മണിക്കൂറില്‍ കൂടുതല്‍ വരുന്ന ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും – 20, 70, 200, 840 രൂപ വീതം.

ഹെല്‍മറ്റിന് ഓരോ 24 മണിക്കൂറോ അതില്‍ കുറവോ വരുന്ന സമയത്തിനും 10 രൂപ വീതം.

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

കേക്കിലും ചോക്ലേറ്റിലും കലര്‍ത്തി എംഡിഎംഎ; കരിപ്പൂരില്‍ 40 കോടിയുടെ ലഹരി വേട്ട, മൂന്ന് യുവതികള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ചെന്നൈ സ്വദേശി റാബിയത്ത് സൈദു സൈനുദ്ദീന്‍, കോയമ്പത്തൂര്‍ സ്വദേശി കവിത, തൃശൂര്‍ സ്വദേശിനി സിമി ബാലകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഇവര്‍ ബാങ്കോക്കില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. ലഗേജ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ്.

പിടിച്ചെടുത്ത രാസലഹരിക്ക് കോടികള്‍ മൂല്യം വരുന്നതാണെന്ന് കസ്റ്റംസ് ഓഫീസര്‍മാര്‍ അറിയിച്ചു. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും പതിനാല് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു.

സംസ്ഥാനത്ത് വീണ്ടും കോളറ; തലവടിയില്‍ 48കാരന്‍ ഗുരുതരാവസ്ഥയില്‍

സംസ്ഥാനത്ത് വീണ്ടും കോളറ; തലവടിയില്‍ 48കാരന്‍ ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: തലവടിയില്‍ 48കാരന് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. രോഗി ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. തലവടി ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡിലുള്ളയാള്‍ക്കാണ് കോളറ സ്ഥിരികരിച്ചത്.

വിവിധ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ് രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്.

തലവടിയില്‍ കോളറ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ സമീപവാസികളുടെ കിണറില്‍ നിന്നും മറ്റ് ജല സ്രോതസുകളില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പുഞ്ചക്കൊയ്ത്ത് പൂര്‍ത്തീകരിച്ചതിന് പിന്നാലെ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് വലിയതോതില്‍ ഓരുവെള്ളം കുട്ടനാട്ടിലെത്തുന്നതിന് കാരണമായി. തരിശുകിടന്ന പാടശേഖരങ്ങളിലെല്ലാം ഓരുവെള്ളം വ്യാപിച്ചു. വിഷാംശം അടിഞ്ഞുകൂടിയ വെള്ളം വേലിയേറ്റ സമയത്ത് പൊതുജലാശയങ്ങളിലാകെ വ്യാപിച്ചത് കുടിവെള്ളപ്രശ്‌നം രൂക്ഷമാക്കി. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഈ വെള്ളം ഉപയോഗിക്കാന്‍ ആളുകള്‍ നിര്‍ബന്ധിതരാകുന്നതാകാം കോളറ പോലുള്ള രോഗങ്ങള്‍ തലപൊക്കുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; 70,000ന് മുകളില്‍ തന്നെ

സ്വര്‍ണവില ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്നലെ രണ്ടു തവണയായി സ്വര്‍ണവില പവന് 840 രൂപ വര്‍ധിച്ചിരുന്നു. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,440 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് കുറഞ്ഞത്. 8805 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ പോയതാണ് ഇന്നലെ സ്വര്‍ണവിലയെ സ്വാധീനിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

രാജ്യവിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

രാജ്യവിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

കൊല്ലം: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാനെ വിമര്‍ശിച്ച ടെലിവിഷന്‍ താരം അഖില്‍ മാരാര്‍ക്കെതിരെ കേസ്. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫെയ്‌സ്ബുക്കില്‍ വിഡിയോ പങ്കുവെച്ചത്.സാമൂഹികമാധ്യമങ്ങളില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അഖില്‍മാരാര്‍ക്കെതിരേ ബിജെപി കൊട്ടാരക്കര മണ്ഡലം അധ്യക്ഷന്‍ അനീഷ് കിഴക്കേക്കര പരാതി നല്‍കിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്‌ഐആര്‍. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ ബിഎന്‍എസ് 152 ആണ് ചുമത്തിയിട്ടുള്ളത്.