സ്ഥലം കാണാനിറങ്ങി, ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

സ്ഥലം കാണാനിറങ്ങി, ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി

ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇവര്‍ കറങ്ങി നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതാണ് എന്നാണ് കുട്ടികള്‍ പറഞ്ഞിരിക്കുന്നത്. ഇവരുടെ കൈവശം വസ്ത്രങ്ങള്‍ നിറച്ച ബാഗുമുണ്ടായിരുന്നു.

ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ പതിഞ്ചുകാരന്‍ മുഹമ്മദ് അഫ്രീദിനെയും പതിമൂന്നുകാരന്‍ മുഹമ്മദ് ഹഫീസിനെയും അയല്‍വാസിയായ ഫറാദിന്റെ മകന്‍ 15 വയസുള്ള അദീന്‍ മുഹമ്മദിനെയും ഇന്നലെ രാവിലെ മുതലാണ് കാണാതായത്.

വീട്ടില്‍ നിന്ന് 3000 രൂപയുമായാണ് വിദ്യാര്‍ത്ഥികള്‍ പോയത്. ഗോവയിലേക്ക് പോകുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ സംസാരിച്ചതായും ഫോണില്‍ ഗോവയിലേക്കുള്ള ദൂരം സെര്‍ച്ച് ചെയ്തതതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കുട്ടികളുടെ യാത്രയുടെ ലക്ഷ്യമെന്തായിരുന്നു എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. കുട്ടികളുടെ മാതാപിതാക്കള്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

കാലവര്‍ഷം കലിതുള്ളുമോ? 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കാലവര്‍ഷം കലിതുള്ളുമോ? 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കാലവര്‍ഷം ആന്‍ഡമാന്‍ കടലിലെത്തിയതിനെത്തുടര്‍ന്ന് കേരളത്തിലും മഴ ശക്തമാകുന്നു. ഇന്ന് തിരുവനന്തപുരമടക്കമുള്ള 4 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം ആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെയാണ്. കൃത്യമായി പറഞ്ഞാല്‍ 9 ദിവസം മുന്നെയാണ് കാലവര്‍ഷം ആന്‍ഡമാനിലെത്തിയത്. സാധാരണ ഗതിയില്‍ മെയ് 22 നാണ് കാലവര്‍ഷം ആന്‍ഡമാനില്‍ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. സാധാരണ ഗതിയില്‍ ആന്‍ഡമാനില്‍ നിന്ന് 10 ദിവസം കൊണ്ടാണ് കേരളത്തിലെത്തുക.

കേരളത്തില്‍ കള്ളക്കടല്‍ മുന്നറിയിപ്പും പ്രവചിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ 0.4 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് 15/05/2025 ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി

തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും.

ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.

‘പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു’; പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉടന്‍ ഇന്ത്യ വിടണം

‘പദവിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു’; പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഉടന്‍ ഇന്ത്യ വിടണം

ന്യൂഡല്‍ഹി: ഇന്ത്യാ – പാക് സംഘര്‍ഷം തുടരുന്നതിനിടെ പാക് നയതന്ത്ര ഉദ്യോഗസ്ഥനോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനോടാണ് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ചത്. നയതന്ത്ര ഉദ്യോഗസ്ഥനു ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണു വിവരം.

24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് ഉദ്യോഗസ്ഥനായ ഇസ്ഹാന്‍ ഉര്‍ റഹീം എന്ന ഡാനിഷിനാണ് നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. അതേസമയം, ഇയാള്‍ ഐഎസ്‌ഐ ചാരനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

പത്തനംതിട്ട: ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് എത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു.

ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുർമു 19ന് ശബരിമല സന്നിധാനത്ത് ദർശനം നടത്തും. 18 ന് കേരളത്തിൽ എത്തുന്ന രാഷ്ട്രപതി കുമരകത്താവും താമസിക്കുക. ഇന്തോ-പാക്ക് സംഘർഷത്തെ തുടർന്ന് നേരത്തെ സന്ദർശനം മാറ്റി വച്ചിരുന്നു.
എന്നാൽ സംഘർഷ സാഹചര്യം അയയുകയും, വെടി നിർത്തൽ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രതി ശബരിമല അയ്യപ്പ ദർശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ശബരിമലയിൽ സുരക്ഷ കർശനമാക്കും. ഇത് രണ്ടാമത്തെ രാഷ്ട്രപതിയാണ് ശബരിമല സന്ദർശനം നടത്തുന്നത്. 1973 ഏപ്രിൽ 10 ന് അന്നത്തെ രാഷ്ട്പ്രതിയായിരുന്ന വി വി ഗിരി ശബരിമലയിൽ ദർശനം നടത്തിയിരുന്നു.