by Midhun HP News | May 13, 2025 | Latest News, കേരളം
കണ്ണൂര്‍: അവശനിലയില്‍ കണ്ട, അപൂര്‍വ്വമായി കണ്ടുവരുന്ന വെള്ള വയറന്‍ കടല്‍ പരുന്തിനെ ചികിത്സ നല്‍കി രക്ഷിച്ച് കണ്ണൂര്‍ ജില്ലാ വെറ്ററിനറി ആശുപത്രി. ജില്ലാ വെറ്റിനറി മെഡിക്കല്‍ ഓഫീസര്‍ ഡോ. പത്മരാജനാണ് പരുന്തിനെ ചികിത്സിച്ചത്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷം പരുന്തിനെ തനത് ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടും.
അതീവ വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ഈ ഇനത്തില്‍പ്പെട്ട പരുന്തിനെ കഴിഞ്ഞ ദിവസം തലശേരി ഉസന്‍ മൊട്ടയിലെ ഒരു വീട്ടില്‍ നിന്നും പക്ഷിമൃഗസ്‌നേഹികളുടെ സംഘടനയായ മാര്‍ക്ക് പ്രവര്‍ത്തകരാണ് രക്ഷിച്ചത്. മാര്‍ക്ക് പ്രവര്‍ത്തകര്‍ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച കടല്‍ പരുന്തിന് വലത്തെ ചിറകിന് പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സ നല്‍കിയത്. ഉയരം കൂടിയ മരങ്ങളില്‍ കൂട്ടുകൂടുന്ന പക്ഷിയാണിത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം കണ്ടുവരുന്നതാണ് വെള്ള വയറന്‍ പരുന്തുകള്‍.
ഹലീറ്റുസ് ലെകൊഗെസര്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവയെ മുന്‍കാലങ്ങളില്‍ ധാരാളമായി കണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ റെഡ് ലിസ്റ്റില്‍പ്പെട്ട വംശനാശം നേരിടുന്ന പക്ഷിയാണിത്. മാഹി മുതല്‍ ഗോവന്‍ തീരങ്ങള്‍ വരെയാണ് മുന്‍ കാലങ്ങളില്‍ വെള്ളവയറന്‍ പരുന്തുകളെ കണ്ടു വന്നിരുന്നത്. എന്നാല്‍ നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രം വിരലില്‍ എണ്ണാവുന്നത്രയും പക്ഷികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ പറഞ്ഞു. ഉയരമുള്ള മരങ്ങളില്‍ കൂടുകൂട്ടി താമസിക്കുന്ന ഇവയുടെ പ്രധാന ആഹാരം കടല്‍ പാമ്പുകളും കടല്‍ ആമകളുമാണ്. മറ്റു പരുന്തുകളെ അപേക്ഷിച്ച് പറക്കുമ്പോള്‍ പൂര്‍ണമായും വെള്ളനിറത്തിലാണ് ഇവയെ ദൃശ്യമാവുക. വയറും ചിറകിന്റെ ഉള്‍വശവും പൂര്‍ണമായും വെള്ളനിറത്തിലാണ്. ഉസന്‍ മൊട്ടയിലെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്ക് പ്രവര്‍ത്തകര്‍ സംരക്ഷണമേറ്റെടുത്തത്.
by Midhun HP News | May 13, 2025 | Latest News, കേരളം
ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. കരാമയില്‍ ഈമാസം ആദ്യമായിരുന്നു സംഭവം.
അബുദാബിയിലെ ആശുപത്രി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായതെന്നാണ് വിവരം. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് പ്രതി പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെയാണ് ആനിമോളും ഈ യുവാവും പരിചയത്തിലായതെന്നും ആനിമോളെ യുഎഇയില്‍ എത്തിച്ചത് ഇയാളാണെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ഒന്നരവര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ ആനിമോള്‍ ക്രെഡിറ്റ് സെയില്‍സ് സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു. കൊലപാതകം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം ആനിമോളെ കാണാന്‍ പ്രതി അബുദാബിയില്‍ നിന്ന് ദുബായില്‍ എത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം താമസസ്ഥലത്ത് കണ്ടെത്തുന്നത്. ഇവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും തര്‍ക്കവും കൊലപാതകത്തിലേക്ക് നയിച്ചിരിക്കാം എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. കൊലപാതകത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നാണ് വിവരം. മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആനിമോളുടെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
by Midhun HP News | May 13, 2025 | Latest News, കേരളം
കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്.
ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ ബിരുദഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത് എംജി സര്‍വകലാശാലയാണ്. ആറാം സെമസ്റ്റര്‍ വിജയശതമാനം 76.70 ആണ്. ഒന്‍പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന കഴിഞ്ഞ ഏഴാംതീയതി അവസാനിച്ചു.
ഒന്‍പതാം തീയതിയാണ് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകള്‍ പൂര്‍ത്തിയായത്.കൃത്യമായ ആസൂത്രണവും ചിട്ടയായ പ്രവര്‍ത്തനവുമാണ് റെക്കോഡ് വേഗത്തില്‍ ഫലപ്രഖ്യാപനം നടത്താന്‍ സഹായകമായതെന്ന് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോജി അലക്‌സ് പറഞ്ഞു.
2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലാം ദിവസവും 2024-ല്‍ പത്താംദിവസവും സര്‍വകലാശാല അവസാനവര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും അവധിദിവസങ്ങളില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചാണ് ഈ കാലയളവ് വീണ്ടും മെച്ചപ്പെടുത്തിയത്. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാംസെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാംദിവസം പ്രസിദ്ധീകരിച്ചിരുന്നു.ആറാംസെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പുനടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാഫലങ്ങള്‍കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് പ്രസിദ്ധീകരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത് അറിയിച്ചു.
മൂല്യനിര്‍ണയം ചിട്ടയോടെ പൂര്‍ത്തീകരിച്ച അധ്യാപകര്‍, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവര്‍, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍, ഐ.ടി, പരീക്ഷാ വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു.പരീക്ഷാഫലം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ (www.mgu.ac.in) ലഭിക്കും.
മന്ത്രി ആര്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷ പൂര്‍ത്തിയായി, തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വ്വകലാശാല മാതൃക കാട്ടിയിരിക്കുകയാണ്.
ഈ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് മെയ് 12ന് സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം അവസാന സെമസ്റ്റര്‍ ഫലം ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കുന്ന സര്‍വ്വകലാശാലയായും എം.ജി മാറിയിരിക്കുന്നു. അഭിമാനകരമായ മികവ്.
ഒമ്പത് കേന്ദ്രങ്ങളിലായി നടന്ന മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് ഒന്നര ലക്ഷത്തോളം ഉത്തരക്കടലാസുകളുടെ പരിശോധന പൂര്‍ത്തിയാക്കിയത്. മെയ് ഏഴിന് മൂല്യനിര്‍ണ്ണയം അവസാനിച്ചു. മെയ് ഒമ്പതിന് അവസാന സെമസ്റ്റര്‍ വൈവ വോസി പരീക്ഷകളും പൂര്‍ത്തിയാക്കി. ആറാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് തൊട്ടു മുന്‍പു നടന്ന അനുബന്ധ സപ്ലിമെന്ററി പരീക്ഷാ ഫലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രമായ ഫലമാണ് ഇപ്പോള്‍ സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃത്യമായ ആസൂത്രണം, ചിട്ടയായ പ്രവര്‍ത്തനം – റെക്കോര്‍ഡ് വേഗത്തിലുള്ള ഫലപ്രഖ്യാപനത്തിലേക്ക് എത്തിച്ചത് ഇവ രണ്ടുമാണെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അനുകരണീയമായ മാതൃക.
2023ല്‍ പരീക്ഷ കഴിഞ്ഞ് പതിനാലും ദിവസവും 2024ല്‍ പത്താം ദിവസവും സര്‍വ്വകലാശാല അവസാന വര്‍ഷ ബിരുദഫലം പ്രസിദ്ധീകരിച്ചിരുന്നു. നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം മൂന്നാം ദിവസം പ്രസിദ്ധീകരിച്ചും എം ജി സര്‍വ്വകലാശാല, ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രപരിഷ്‌കരണ സംരംഭങ്ങളില്‍ തോളോടുതോള്‍ നിന്നിരുന്നു.
മൂല്യനിര്‍ണ്ണയ ജോലികള്‍ ചിട്ടയായി പൂര്‍ത്തിയാക്കിയ അധ്യാപകരെ, ക്യാമ്പുകള്‍ക്ക് മേല്‍നോട്ടം വഹിച്ചവരെ, ജീവനക്കാരെ, ഏകോപനച്ചുമതല നിര്‍വഹിച്ച സിന്‍ഡിക്കേറ്റ് അംഗങ്ങളെ, സര്‍വ്വകലാശാലാ നേതൃത്വത്തെയാകെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനുമോദനങ്ങള്‍ അറിയിക്കട്ടെ.
ഏവര്‍ക്കും സ്‌നേഹാശ്ലേഷം.
by Midhun HP News | May 13, 2025 | Latest News, കേരളം
കൊച്ചി: 1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?
കൊച്ചി കായലില്‍ പാകിസ്ഥാന്‍ ബോംബ് ഇട്ടത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്ന് പ്രസാധകന്‍ സിഐസിസി ജയചന്ദ്രന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പലരും അതിന് മറുപടി നല്‍കി. ചിലര്‍ സംഭവം നടന്നതായാണ് പറയുന്നത്. മറ്റ് ചിലര്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
എന്നാല്‍ 1965ല്‍ കൊച്ചിയില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ പൊതു രേഖകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ”അന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ചിലപ്പോള്‍ ഒരു ബോംബ് ആയിരുന്നില്ലായിരിക്കാം. അതിന് പിന്നില്‍ പാകിസ്ഥാനും ആയിരിക്കില്ല. പക്ഷേ, അന്നത്തെ പരിഭ്രാന്തി, ഉച്ചത്തിലുള്ള സൈറണുകള്‍, നഗരത്തിലുടനീളം പായുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍…”, ഇതെല്ലാം ജയചന്ദ്രന്‍ ഓര്‍മിക്കുന്നു.
നാവിക കമാന്‍ഡ്, കൊച്ചി തുറമുഖം, പഴയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായ വില്ലിങ്ടണ്‍ ദ്വീപിലെ ഒരു ചതുപ്പില്‍ ഒരു പ്രൊജക്ടൈല്‍ പതിച്ചുവെന്നാണ് ഊഹാപോഹങ്ങളുളള്ളത്. ഈ ബോംബ് കഥ പലര്‍ക്കിടയിലും പ്രചരിച്ചുവെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ വീണ്ടും ഈ നിഗൂഢ ബോംബ് കഥ ചര്‍ച്ചയായിരിക്കുകയാണ്. അക്കാലത്തെ ആയുധങ്ങളുടെ പരിമിതി, പാകിസ്ഥാനും കൊച്ചിയും തമ്മിലുളള ദൂരം, ചരിത്ര രേഖകളുടെ അഭാവം എന്നിവയും ബോംബ് കഥയെ സാധൂകരിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു.
എഴുത്തുകാരന്‍ പ്രൊഫ. എം കെ സാനുവും ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു ബോംബ് വീണതായും അത് പൊട്ടിത്തെറിക്കാതെ നിര്‍വീര്യമായിപ്പോയെന്നും താന്‍ കേട്ടിട്ടുള്ളതായും സാനു മാഷും പറയുന്നു. എന്നാല്‍, അത് കേട്ട് കേള്‍വി മാത്രമാണെന്നും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.
1965 ല്‍ പാകിസ്ഥാന്‍ ബോംബും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയില്‍ ഒരു ജാപ്പനീസ് ബോംബും വീണതായി കഥകളുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് പറയുന്നു. എന്നാല്‍ രണ്ടിനും യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കൊച്ചി മേയറും ഇന്റാക്(ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ച് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ്) സംസ്ഥാന കണ്‍വീനറുമായ കെ സോഹന്‍ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെ, ”അത് ശരിക്കും ഭയാനകമായ ദിവസങ്ങളായിരുന്നു. ദാരിദ്ര്യത്തില്‍ വലഞ്ഞിരുന്ന കാലം. അന്ന് വില്ലിങ്ടണ്‍ ഐലന്റ് പ്രധാനപ്പെട്ട സ്ഥലമായിരുന്നു. ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ധാന്യങ്ങളും തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. തുടരെത്തുടരെ വൈദ്യുതി മുടങ്ങിയിരുന്നു. സൈറണുകള്‍ കേള്‍ക്കാമായിരുന്നു. വില്ലിങ്ടണ്‍ ഐലന്റില്‍ ബോംബ് വീണെന്നാണ് എല്ലാവരും കേള്‍ക്കുന്ന വാര്‍ത്ത. എല്ലാവരും ഭയന്നു. പല കുടുംബങ്ങളും പലായനം ചെയ്യാന്‍ തീരുമാനിച്ചു. പലരും പായ്ക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഓടി”, അദ്ദേഹം പറയുന്നു. എന്നാല്‍ അതൊരു ഭയം മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഒരു സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. അതിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറയുന്നു.
by Midhun HP News | May 13, 2025 | Latest News, കേരളം
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ കേഡല്‍ ജിന്‍സന്‍ രാജയോട് എഡിജിപി ബി സന്ധ്യ വീട്ടുമുറ്റത്തെ മൂന്ന് പൂക്കളുടെ പേര് ചോദിച്ചപ്പോള്‍ നല്‍കിയത് വിചിത്രമായ മറുപടി. ‘ലില്ലി, ലില്ലി, ലില്ലി…’എന്നായിരുന്നു ജിന്‍സണ്‍ മറുപടി നല്‍കിയത്.
വീടുമായി എത്രമാത്രം ബന്ധമുണ്ടെന്ന് അറിയാനായിരുന്നു ചോദ്യം. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ തെച്ചി, ചെമ്പരത്തി, റോസ അടക്കം നിരവധി ചെടികളുണ്ടായിരുന്നു.
അറസ്റ്റിനുശേഷം വിശദ ചോദ്യം ചെയ്യലിന് വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് വീട്ടുമുറ്റത്തെ അഞ്ച് പൂക്കളുടെ പേര് ചോദിച്ചത്. ഉത്തരം കിട്ടാതായതോടെ മൂന്ന് പൂക്കളുടെയെങ്കിലും പേര് പറയാന്‍ ആവശ്യപ്പെട്ടത്. അല്‍പ്പനേരത്തെ ആലോചനയ്ക്കുശേഷമാണ് മൂന്നുതവണ ലില്ലി ആവര്‍ത്തിച്ചത്.
കഴിക്കുന്ന ആഹാരത്തെക്കുറിച്ച് ചോദിച്ചപ്പോഴും അല്‍പ്പ നേരം ആലോചിച്ചു. അതിന് ശേഷമാണ് മറുപടി നല്‍കിയത്.’ചിക്കന്‍ ബര്‍ഗര്‍’. അച്ഛനും അമ്മയുമൊക്കെ കഞ്ഞിയും ദോശയുമൊക്കെ കഴിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താണ് കേഡല്‍ ചിക്കന്‍ ബര്‍ഗര്‍ കഴിച്ചിരുന്നത്. വീട്ടുകാരുമായി ഒരുമിച്ചിരുന്ന് ഇയാള്‍ ആഹാരം കഴിക്കാറുണ്ടായിരുന്നില്ല. വീട്ടുകാരുമായി സംസാരിച്ചിരുന്നത് ഫോണ്‍ മെസേജിലൂടെയായിരുന്നു.
by Midhun HP News | May 13, 2025 | Latest News, കേരളം
ബെംഗലൂരു: കന്നഡ, തുളു നടനും കന്നഡ ടിവി ഷോ കോമഡി ഖിലാഡിഗലു 3 വിജയിയുമായ രാകേഷ് പൂജാരി തിങ്കളാഴ്ച അർദ്ധരാത്രി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഉഡുപ്പി ജില്ലയിൽ ഒരു മെഹന്തി ചടങ്ങിനിടെയാണ് 33 കാരനായ നടന് ദാരുണമായ മരണം സംഭവിച്ചത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച രാത്രി വൈകിയാണ് രാകേഷ് കുഴഞ്ഞുവീണ് മരിച്ചത്. ഇദ്ദേഹം പങ്കെടുത്ത മെഹന്തി ചടങ്ങിൽ നിന്നുള്ള ഒരു സ്റ്റോറി നടൻ തന്റെ ഇൻസ്റ്റാഗ്രാമിൽ മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പങ്കിട്ടിരുന്നു. ഒപ്പം സഹോദരിക്ക് ജന്മദിനാശംസയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിലെ ഈ രണ്ട് അവസാന സ്റ്റോറികളും വൈറലായി പിന്നീട്. ഡെക്കാൻ ഹെറാൾഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച് മിയാറിൽ തന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു രാകേഷ്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹം കുഴഞ്ഞുവീണു. കുഴഞ്ഞുവീണ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രഥമികമായ വിലയിരുത്തല്‍. കര്‍ക്കല ടൗണ്‍ പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സിനിമ ടിവി രംഗത്തെ പലരും നടന്‍റെ പെട്ടെന്നുള്ള വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ഋഷഭ് ഷെട്ടിയുടെ കാന്താര: ചാപ്റ്റർ 1 ൽ അഭിനയിച്ചു വരുകയാണ് രാകേഷ്. മെഹന്തി ചടങ്ങിലേക്ക് പോകുന്നതിന് മുമ്പ് മെയ് 11 ന് ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടന്‍. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗം പൂർണ്ണമായും ചിത്രീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. രാകേഷ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടായിരുന്നു.
2020 കോമഡി ഖിലാഡിഗലു 3 ഷോയിൽ വിജയിച്ചതോടെ രാകേഷ് കർണാടകയിൽ പ്രശസ്തനായത്. 2014-ൽ കടലേ ബാജിൽ എന്ന തുളു റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് നടൻ അറിയപ്പെട്ടത്. അമ്മേർ പോലീസ്, ഉമിൽ തുടങ്ങിയ ചില കന്നഡ, തുളു ചിത്രങ്ങളിലും രാകേഷ് അഭിനയിച്ചു. കർണാടക ആസ്ഥാനമായുള്ള വിവിധ റിയാലിറ്റി ഷോകളിലും രാകേഷ് പങ്കെടുത്തു കൂടാതെ നാടക മേഖലയിലും സജീവമായിരുന്നു.
Recent Comments